-
ഒരുമിച്ചുനിൽക്കേണ്ട കൊറോണക്കാലത്തെങ്കിലും കൊലവിളികളുയരില്ല എന്ന് ആശിച്ചവരെ വിഡ്ഢികളാക്കിക്കൊണ്ട് പൂർവാധികം ശക്തമായും വ്യക്തമായും വിധ്വംസക മുദ്രാവാക്യം മുഴങ്ങുന്നു. കൊലവിളികൾക്ക് പ്രാസവും സംഗീതാത്മകതയുമുണ്ടെന്നത് അത് മുഴക്കുന്നവരുടെ ആഹ്ലാദത്തെയും അക്രമാസക്തിയെയുമാണ് തെളിയിക്കുന്നത്. പുതിയ അക്രമം നടത്തുമെന്നു മാത്രമല്ല, അക്രമത്തിലും കൊലയിലും ശേഷിയുണ്ടെന്ന് ബോധ്യപ്പെടുത്താൻ അക്കാര്യത്തിലുള്ള പാരമ്പര്യം ഓർമിപ്പിക്കുകയും ചെയ്യുന്നുവെന്നതാണ് കൂടുതൽ വിപത്കരം. കേരളത്തിൽ നടക്കുന്ന രാഷ്ട്രീയ അക്രമങ്ങൾ ഏകപക്ഷീയമല്ല. പ്രകോപനമുണ്ടാക്കുന്ന ചെറിയ സംഭവങ്ങളും അതിന്റെ തുടർച്ചയായ ഏറ്റുമുട്ടലും ആദ്യം. പിന്നീട് പകയായി, പതിയിരുന്നാക്രമണമായി. മറ്റെല്ലാറ്റിനുമെന്നപോലെ കായികമായ ആക്രമണത്തിനും പ്രത്യാക്രമണത്തിനും പകവീട്ടലിനും ലോക്ഡൗണായെന്നാണ് സമാധാനകാംക്ഷികൾ കരുതിയിട്ടുണ്ടാവുക. എന്നാൽ, കിട്ടാവുന്ന ആദ്യ അവസരങ്ങളിൽത്തന്നെ പഴയ ശൈലി പുറത്തെടുക്കുന്നതിൽ ആരും മോശമല്ലെന്നതാണ് കഴിഞ്ഞ രണ്ടുമൂന്നു ദിവസത്തെ അനുഭവം.
നിലമ്പൂർ മൂത്തേടത്ത് സംഘർഷമുണ്ടായതിന് ഉത്തരവാദി ഏതു വിഭാഗത്തിൽപ്പെട്ടവരാണെന്നതെല്ലാം പോലീസ് അന്വേഷിച്ച് കണ്ടെത്തേണ്ടതും കർശനനടപടിയെടുക്കേണ്ടതുമായ കാര്യമാണ്. അതിൽ ആരാണ് നേരസ്ഥർ എന്നതല്ല ഇവിടെ വിഷയം. തങ്ങൾക്കുനേരെ അക്രമമുണ്ടായാൽ അതിന് നിയമപരമായ മാർഗത്തിലൂടെ നീതിക്കുവേണ്ടി പ്രവർത്തിക്കുകയല്ലേ ഉത്തരവാദപ്പെട്ട ഒരു സംഘടന ചെയ്യേണ്ടത്. നേരെമറിച്ചുള്ള നടപടിയാണ് ഡി.വൈ.എഫ്.ഐ.യിൽനിന്നുണ്ടായത്. ഇങ്ങോട്ടാക്രമിച്ചാൽ പകരം കൊല നടത്താൻ മടിക്കില്ലെന്നും കണ്ണൂരിൽ തങ്ങളുടെ സംഘടനയിൽപ്പെട്ടവർ അരിയിൽ ഷുക്കൂർ എന്ന വിദ്യാർഥിയെ തടഞ്ഞുവെച്ച് വെട്ടിക്കൊന്നതുപോലെ കൊല്ലുമെന്നും കൊലക്കത്തി അറബിക്കടലിൽ എറിഞ്ഞിട്ടില്ലെന്നുമാണ് ഭീഷണി മുഴക്കിയത്. നിയമം കൈയിലെടുക്കുമെന്ന പരസ്യപ്രഖ്യാപനത്തിന് തുല്യമാണിത്. ഈ സംഭവത്തെ ബന്ധപ്പെട്ട സംഘടന ഉടൻതന്നെ തള്ളിപ്പറയുകയും ഭീഷണിപ്രകടനം നടത്തിയ നേതാക്കൾക്കെതിരേ സംഘടനാപരമായ നടപടിയെടുക്കുകയും ചെയ്തതും പോലീസ് അറസ്റ്റ് നടത്തിയതും ആശ്വാസകരമാണ്.
മലപ്പുറം മൂത്തേടത്തെ കൊലവിളിയെക്കാൾ ഗൗരവതരമാണ് കണ്ണൂർ ജില്ലയിലെ കണ്ണപുരത്തുണ്ടായ സംഭവം. പോലീസ് സ്റ്റേഷന് മുന്നിലാണ് കൊലവിളിയും കൈയാങ്കളിയും നടത്തിയത്. തങ്ങളുടെ പ്രവർത്തകന്റെ ബൈക്ക് കത്തിച്ചത് സി.പി.എം. പ്രവർത്തകരാണെന്നും അവരെ അറസ്റ്റ് ചെയ്യണമെന്നുമാവശ്യപ്പെട്ട് ധർണ നടത്താനെത്തിയവർ പോലീസിന്റെ നിർദേശങ്ങൾ പാലിക്കാതെ പന്തൽ കെട്ടാൻ ശ്രമിക്കുകയും സംഘർഷത്തിൽ കലാശിക്കുകയും ചെയ്തു. പോലീസ് ഇൻസ്പെക്ടർക്ക് അക്രമത്തിൽ പരിക്കേറ്റു. ഇവിടെ ബി.ജെ.പി. പ്രവർത്തകർ കൊലവിളിയാണ് നടത്തിയത്. സ്വന്തം പ്രവർത്തകരെ അടക്കിനിർത്തിയില്ലെങ്കിൽ നേതാക്കളെ വീട്ടിൽക്കയറി ആക്രമിക്കുമെന്നും വെട്ടിയരിഞ്ഞ് കാട്ടിലെറിയുമെന്നുമാണ് പോലീസ് സ്റ്റേഷന്റെ മുന്നിൽവെച്ച് വിളിച്ചുപറഞ്ഞത്. പാലക്കാട് അമ്പലപ്പാറയിൽ യു.ഡി.എഫ്. പ്രകടനത്തിൽ സി.പി.എമ്മിനെതിരേയും കൊലവിളി മുദ്രാവാക്യങ്ങൾ ഉയർന്നിരുന്നു.
നിലമ്പൂരിൽ അവിടത്തെ രാഷ്ട്രീയ എതിരാളികൾക്കെതിരേ സംസ്ഥാനം ഭരിക്കുന്ന മുന്നണിക്ക് നേതൃത്വം നൽകുന്ന പാർട്ടിയുടെ യുവജന സംഘടനയാണ് കൊലവിളി നടത്തിയത്. കണ്ണൂരിലെ കണ്ണപുരത്താവട്ടെ, കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ പ്രവർത്തകരും. കേരളരാഷ്ട്രീയത്തിലെ രോഗങ്ങൾ കോവിഡ്-19 മഹാമാരിയുടെ കാലത്തും തലപൊക്കാൻ ശ്രമിക്കുന്നുണ്ടെന്നതിന്റെ സൂചനയാണിത്. പോലീസ് നടപടിയെടുത്തതുകൊണ്ട് തീരുന്ന രോഗമല്ല ഇത്. കോവിഡ് രോഗം പകരാതിരിക്കാൻ പെരുമാറ്റച്ചട്ടം പാലിക്കുക മാത്രമാണ് പോംവഴി എന്നുപറയുന്നതുപോലെ രാഷ്ട്രീയപ്പാർട്ടികൾ സമാധാനത്തിന്റെ പെരുമാറ്റച്ചട്ടം പാലിക്കാൻ അണികളെയും പോഷക സംഘടനകളെയും പ്രേരിപ്പിച്ചേ പറ്റൂ. കോവിഡിന് മുമ്പുതന്നെ ഏതാനും മാസങ്ങളായി രാഷ്ട്രീയ അക്രമങ്ങൾ ഇല്ലാതെ ഏറക്കുറെ സമാധാനപരമായ അന്തരീക്ഷമായിരുന്നു സംസ്ഥാനത്ത്. രാഷ്ട്രീയപ്പാർട്ടികളുടെ സംസ്ഥാന നേതൃത്വത്തിന്റെ ആത്മാർഥ പരിശ്രമവും പോലീസിന്റെ ജാഗ്രതയുമാണതിന് കാരണം. ഏതാനും മാസമായി നിലനിൽക്കുന്ന സമാധാനാന്തരീക്ഷത്തിന് ഒരു ഭംഗവുമുണ്ടാകരുതെന്നും മഹാമാരിയെ പ്രതിരോധിക്കാൻ ഐക്യമാണ് വേണ്ടതെന്നുമാണ് പൊതുസമൂഹത്തിന്റെ താത്‌പര്യം. സംഭവിച്ചതെല്ലാം സംഭവിച്ചു, സമാധാനാന്തരീക്ഷം തകർക്കുന്ന വിധത്തിൽ ഇനി ഒന്നുമുണ്ടാകാതിരിക്കട്ടെ. അതിനുള്ള ഉത്തരവാദിത്വവും പക്വതയും എല്ലാവരുടെയും ചുമതലയാണ്.
മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..