തേങ്ങസംഭരണം പച്ചപിടിക്കാൻ | മുഖപ്രസംഗം | Podcast

Published: Jan 14, 2022, 10:40 PM IST
പച്ചത്തേങ്ങ സംഭരണത്തിലൂടെ സർക്കാരും കൃഷിമന്ത്രിയും ലക്ഷ്യമിട്ടത് വിലയിടിവ് തടയാനും ഇതിലൂടെ നാളികേര കർഷകരെ രക്ഷിക്കാനുമാണ്. സംഭരണം തുടങ്ങിയിട്ടും ഇത് സാധിക്കാതെ വരുന്നത് സംവിധാനങ്ങളിലെ പിഴവ് കാരണമാണ്. തിരുത്തലുകൾക്ക് വേഗംകൂട്ടാൻ മന്ത്രിതന്നെ മുന്നിട്ടിറങ്ങുമെന്ന് പ്രത്യാശിക്കാം
editorial

സ്തുത്യർഹമായിരുന്നു നാളികേര വിലയിടിവ് തടയാൻ കൃഷിവകുപ്പ് തുടക്കത്തിൽ കാണിച്ച ശുഷ്കാന്തി. വിലയിടിവ് സംബന്ധിച്ച വാർത്തകൾ പുറത്തുവന്നയുടൻ കൃഷിമന്ത്രിതന്നെ നേരിട്ട് ഉന്നതതലയോഗം വിളിച്ച് പച്ചത്തേങ്ങ സംഭരിക്കാൻ തീരുമാനിച്ചു. തീരുമാനം നീണ്ടുപോയില്ല. കൃത്യം ആറാംദിവസം അഞ്ച് സംഭരണകേന്ദ്രങ്ങൾ തുറന്നു. പത്തുദിവസമായിട്ടും പക്ഷേ, സംഭരണം പച്ചപിടിച്ചിട്ടില്ല. ഇതുവരെ സംഭരിക്കാനായത് തുച്ഛമായ തേങ്ങമാത്രം. വിപണിയിൽ കിലോയ്ക്ക് 28-30 രൂപയുള്ള പച്ചത്തേങ്ങയ്ക്ക് 32 രൂപ സർക്കാർ നൽകുമെന്ന് പറഞ്ഞിട്ടും സംഭരണകേന്ദ്രങ്ങളിലേക്ക് തേങ്ങ എത്താത്തതിന്റെ കാരണം കണ്ടെത്തി, തടസ്സങ്ങൾ നീക്കിയേ മതിയാകൂ. കേരളത്തിലെ എല്ലാ ജില്ലകളിലും സാമാന്യം നല്ലതോതിൽ നാളികേര കൃഷിയുണ്ട്. കോഴിക്കോട്, മലപ്പുറം, കണ്ണൂർ, തിരുവനന്തപുരം, തൃശ്ശൂർ, കാസർകോട്, പാലക്കാട്, കൊല്ലം,  തുടങ്ങിയ ജില്ലകളാണ് കൃഷിയിൽ മുന്നിൽനിൽക്കുന്നത്. നാളികേര സംഭരണത്തിന്റെ കാര്യം നോക്കിയാൽ എല്ലാ ജില്ലകളിലും സംഭരണകേന്ദ്രങ്ങൾ ഇല്ലെന്നു കാണാം. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽമാത്രമേ സംഭരണമുള്ളൂ. അതും ഓരോ കേന്ദ്രങ്ങളിൽ.   

ഈ രീതി തുടർന്നാൽ എങ്ങനെയാണ് നാളികേര സംഭരണം താഴേത്തട്ടിലെത്തുക. ഒരു ജില്ലയിൽ ഒരിടത്തുമാത്രം സംഭരണകേന്ദ്രം തുടങ്ങിയാൽ അതിന്റെ അഞ്ചോ പത്തോ കിലോമീറ്റർ പരിധിയിലുള്ള കർഷകർമാത്രമാണ് തേങ്ങയുമായി എത്തുക. വണ്ടിക്കൂലികൂടി നോക്കിയാൽ ചിലപ്പോൾ നഷ്ടവുമാകും. സംഭരണം തുടക്കത്തിൽത്തന്നെ അവതാളത്തിലാകാനുള്ള പ്രധാനകാരണം ഇതുതന്നെ. ഇത് പരിഹരിച്ചുകൊണ്ട് പഞ്ചായത്ത് തലങ്ങളിലെങ്കിലും സംഭരണകേന്ദ്രങ്ങൾ തുടങ്ങാനുള്ള നടപടികൾ ദ്രുതഗതിയിൽ ഉണ്ടായേ തീരൂ. മുമ്പും തേങ്ങയ്ക്ക് വിലയിടിഞ്ഞപ്പോൾ നാടിന്റെ മുക്കിലും മൂലയിലും കൃഷിവകുപ്പ് മുഖേന പച്ചത്തേങ്ങ സംഭരിച്ച ചരിത്രം നമുക്കുണ്ട്. സഹകരണസ്ഥാപനങ്ങളും ഇതിനായി മുന്നിൽനിന്നു.സഹകരണമേഖല കാർഷികമേഖലയിൽ സജീവമായി ഇടപെടുന്ന കാലമാണിത്. നാളികേരരംഗത്ത് മാത്രമായി കേരളത്തിൽ 29 ഉത്പാദക കമ്പനികളുണ്ട്. ഇവയ്ക്കുകീഴിൽ  7230 നാളികേര ഉത്‌പാദകസംഘങ്ങളും 465 നാളികേര ഫെഡറേഷനുകളുമുണ്ട്.  6.91 ലക്ഷം കർഷകരും ഇതിന്റെ ഭാഗമാണ്. ഇത്രയും ബൃഹത്തായ ശൃംഖല നാളികേരമേഖലയിൽത്തന്നെ ഉള്ളപ്പോൾ സംഭരണകേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് എന്താണ് തടസ്സം. കൃഷിവകുപ്പും കേരഫെഡും നാളികേര ഉത്പാദക കമ്പനികളുടെയും മറ്റും  യോഗം വിളിച്ചിരുന്നു. ഒട്ടേറെ കമ്പനികൾ സംഭരണത്തിന് സന്നദ്ധതയും അറിയിച്ചു. തുടർനടപടികളാണ് വേഗത്തിലാക്കേണ്ടത്. സംഭരണം സംബന്ധിച്ച മാർഗനിർദേശങ്ങൾ ഉടൻ പുറത്തിറക്കി ഫണ്ടുൾപ്പെടെ അനുവദിക്കണം. തേങ്ങ വിറ്റശേഷം പണത്തിനായി കാത്തിരിക്കുന്ന സാഹചര്യം ഉണ്ടാകരുത്. ഫണ്ട് വൈകിച്ച് കമ്പനികളെയും ദുരിതത്തിലാക്കരുത്.

സംഭരണകേന്ദ്രങ്ങളിൽ തേങ്ങ എത്തിക്കണമെങ്കിൽ കർഷകർ ആദ്യം കൃഷിഓഫീസറിൽനിന്ന് സാക്ഷ്യപത്രം വാങ്ങണം. നാളികേര കർഷകനാണെന്നും ഇത്ര തേങ്ങ ഉത്പാദനമുണ്ടെന്നും തെളിയിക്കാനാണിത്. ഇടനിലക്കാർ നുഴഞ്ഞുകയറി സംഭരണത്തിന്റെ നേട്ടം കൊയ്യുന്നത് തടയാൻ ഇത് അനിവാര്യമാണ്. പക്ഷേ, സാക്ഷ്യപത്രം കൊടുക്കുന്നത് വൈകിപ്പിച്ചുകൂടാ. അപേക്ഷ കിട്ടി ദ്രുതഗതിയിൽത്തന്നെ സാക്ഷ്യപത്രം നൽകാനുള്ള സംവിധാനം കൃഷിഓഫീസുകളിൽ ഉണ്ടാകണം. ഇതിനാവശ്യമായ ക്രമീകരണങ്ങൾ കൃഷിവകുപ്പ് ഏർപ്പെടുത്തിയേ തീരൂ. പച്ചത്തേങ്ങ സംഭരണത്തിലൂടെ സർക്കാരും കൃഷിമന്ത്രിയും ലക്ഷ്യമിട്ടത് വിലയിടിവ് തടയാനും ഇതിലൂടെ നാളികേര കർഷകരെ രക്ഷിക്കാനുമാണ്. സംഭരണം തുടങ്ങിയിട്ടും ഇത് സാധിക്കാതെ വരുന്നത് സംവിധാനങ്ങളിലെ പിഴവ് കാരണമാണ്. തിരുത്തലുകൾക്ക് വേഗംകൂട്ടാൻ മന്ത്രിതന്നെ മുന്നിട്ടിറങ്ങുമെന്ന് പ്രത്യാശിക്കാം.

Subscribe on Youtube Subscribe Subscribe on Telegram Subscribe
Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.