വിഷമരുന്നിന്റെ വേരറക്കണം | മുഖപ്രസംഗം | Podcast

Published: Jan 12, 2022, 09:10 PM IST
സർക്കാരും പൊതുസമൂഹവും ഒരുകൈയായി നിന്നാൽമാത്രമേ മയക്കുമരുന്നിന്റെ ഒഴുക്ക് തടയാൻ സാധിക്കൂ. ജനകീയ കൂട്ടായ്മയിലൂടെവേണം ഈ പ്രശ്നത്തിന് പരിഹാരംകാണാൻ. നാട്ടിലും വീട്ടിലും വിദ്യാലയങ്ങളിലും പൊതു ഇടങ്ങളിലും കാവലാളായി മാറാൻ ഈ സർക്കാർ-ജനകീയ കൂട്ടുകെട്ടിന് കഴിയണം

കേരളത്തിന്റെ നാഡിഞരമ്പിലൂടെ അതിവേഗം പടരുകയാണ് വിഷലഹരി. യുവതലമുറയുടെ ഇഷ്ടങ്ങൾ ചൂഷണംചെയ്ത് മയക്കുമരുന്നെന്ന മഹാവിപത്ത് സമൂഹത്തിൽ വേരുറപ്പിച്ചിരിക്കയാണ്. സിന്തറ്റിക് ലഹരികളായ എം.ഡി.എം.എ.യും എൽ.എസ്.ഡി.യും രാജ്യത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് നമ്മുടെ കൊച്ചുകേരളം. സാമൂഹികമാധ്യമങ്ങളിലൂടെയും റേവ് പാർട്ടികളിലൂടെയും അവ അതിവേഗം പടരുന്നു. മാതൃഭൂമി പ്രസിദ്ധീകരിച്ച ‘മയങ്ങി മരിക്കുന്ന കേരളം’ എന്ന അന്വേഷണപരമ്പര, കേരളത്തിൽ ആഴത്തിൽ വേരുറപ്പിച്ച ഈ വിപത്തിലേക്കുള്ള വെളിച്ചംവീശലാണ്.
ശതകോടികൾ ഒഴുകുന്ന മേഖലയാണ് മയക്കുമരുന്നുവിപണി. നമ്മുടെ യൗവനം മാത്രമല്ല, ബാല്യകൗമാരങ്ങൾപോലും മയക്കുമരുന്ന് മാഫിയയുടെ വിരൽത്തുമ്പിലാണ്. കലാലയങ്ങളിൽമുതൽ നാട്ടിൻപുറങ്ങളിലെ ഇടവഴികളിൽവരെ ആ നീരാളിക്കൈകളെത്തുന്നു. ആഘോഷങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ലഹരിയെന്ന മനോഭാവത്തിലേക്ക് വലിയൊരു വിഭാഗം മാറിക്കഴിഞ്ഞു. ലഹരിയുടെ ചുവടുപിടിച്ചാണ് നാട്ടിൽ പല അക്രമസംഭവങ്ങളും അരങ്ങേറുന്നതെന്നതാണ് നമ്മുടെ  അനുഭവം.

സംസ്ഥാനത്ത് കഴിഞ്ഞ ഒരുവർഷംമാത്രം ആറുകിലോഗ്രാമിലേറെ എം.ഡി.എം.എ.യാണ് എക്സൈസ് സംഘം പിടിച്ചത്. ഒരുനുള്ളുകൊണ്ട് എന്നന്നേക്കുമായി അടിമയാക്കാൻ കെൽപ്പുള്ള മാരകമയക്കുമരുന്ന്. കഞ്ചാവാകട്ടെ പിടികൂടിയത് 5300 കിലോഗ്രാമോളവും. ലഹരിയുടെ ഉന്മാദത്തിൽ ഒരു രാത്രി കൊഴിഞ്ഞുവീഴുമ്പോൾ പലയിടത്തും പൊടിപൊടിക്കുന്നത് ലക്ഷങ്ങളുടെ ഇടപാടുകളാണ്. സാമൂഹികമാധ്യമങ്ങളിലൂടെ സംഘടിപ്പിക്കുന്ന മയക്കുമരുന്ന് പാർട്ടികൾ വ്യാപകമാകുന്നത് ഇതിനുതെളിവാണ്. ക്രിമിനലുകളും ഗുണ്ടാസംഘങ്ങളും മയക്കുമരുന്ന് മാഫിയകളും ഇതിനായി കൈകോർക്കുന്നു. ടി.പി. വധക്കേസ്‌പ്രതി ഉൾപ്പെടെയുള്ള സംഘത്തെ വയനാട്ടിലെ റിസോർട്ടിൽ ലഹരിപ്പാർട്ടിക്കിടെ പിടികൂടിയത് ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. പിടിക്കപ്പെടുന്നതിലും എത്രയോ മടങ്ങ് നമ്മുടെ വിപണിയിലെത്തിയിട്ടുണ്ടാകും. നമ്മുടെ കുട്ടികളെ, ചെറുപ്പക്കാരെ അടിമകളാക്കിയിട്ടുണ്ടാകും. അതിന്റെ വ്യാപ്തി തിരിച്ചറിഞ്ഞ്‌ ചെറുക്കാൻ പ്രാപ്തിയില്ലാത്തവിധം തളരുകയാണ് നമ്മുടെ നാട്. ഈ ഭീഷണിയെ മറികടക്കാനുള്ള ആസൂത്രണമോ ഇച്ഛാശക്തിയോ പ്രകടിപ്പിക്കാത്ത സർക്കാരുകളാണ് ഈ വിഷയത്തിലെ മുഖ്യപ്രതി. കൺമുന്നിൽ ലഹരി ആസക്തി പടരുമ്പോൾ കണ്ണടച്ചുനടക്കുന്ന പൊതുസമൂഹത്തിനും ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ല.

ശരീരത്തെ കാർന്നുതിന്നുന്ന അർബുദംപോലെയാണ് സമൂഹത്തിൽ പടർന്നുപിടിച്ച മയക്കുമരുന്ന് ആസക്തി. ഉറവിടം കണ്ടെത്തുകയാണ് പ്രധാനം. പലതട്ടിലുള്ള ചികിത്സയുണ്ടെങ്കിൽ മാത്രമേ വേരോടെ പിഴുതെറിയാനാകൂ. ചടങ്ങുപോലെ നടത്തുന്ന ബോധവത്കരണവും കൗൺസലിങ്ങുമല്ല അതിനാവശ്യം. സർക്കാരിന്റെ ദീർഘവീക്ഷണത്തോടെയുള്ള ഇടപെടലുകളാണ്‌. സുവ്യക്തമായ ഒരു മയക്കുമരുന്നുനയം കൊണ്ടുവരണം. അതനുസരിച്ച് പദ്ധതികൾ രൂപപ്പെടുത്തുകയും കൃത്യമായി നടപ്പാക്കുന്നെന്ന് ഉറപ്പാക്കുകയുംവേണം. എക്സൈസിന്റെ പരിമിതമായ ആൾബലംകൊണ്ടും ആയുധബലംകൊണ്ടുംമാത്രം ഈ വിപത്തിനെ നേരിടാനാവില്ല. വിമുക്തി മിഷന്റെ നേതൃത്വത്തിൽ, മയക്കുമരുന്ന് വ്യാപനം ചെറുക്കാൻ നടപ്പാക്കുന്ന പദ്ധതികൾ സ്വാഗതാർഹംതന്നെ. എന്നാൽ, അതുകൊണ്ടുമാത്രം ചെറുക്കാനാവുന്നതല്ല ഈ വിപത്തെന്നാണ് നമ്മുടെ മുന്നിലുള്ള അനുഭവം.
സർക്കാരും പൊതുസമൂഹവും ഒരുകൈയായി നിന്നാൽമാത്രമേ മയക്കുമരുന്നിന്റെ ഒഴുക്ക് തടയാൻ സാധിക്കൂ. ജനകീയ കൂട്ടായ്മയിലൂടെവേണം ഈ പ്രശ്നത്തിന് പരിഹാരംകാണാൻ. നാട്ടിലും വീട്ടിലും വിദ്യാലയങ്ങളിലും പൊതു ഇടങ്ങളിലും കാവലാളായി മാറാൻ ഈ സർക്കാർ-ജനകീയ കൂട്ടുകെട്ടിന് കഴിയണം. വിദ്യാർഥി-യുവജന സംഘടനകളുടെ പ്രാതിനിധ്യം ഉറപ്പാക്കണം. വിദ്യാലയങ്ങളിൽ കൗൺസലർമാരുടെയും ലഹരിവിരുദ്ധ ക്ലബ്ബുകളുടെയും പ്രവർത്തനങ്ങൾ കുറച്ചുകൂടി കാര്യക്ഷമമാക്കണം. ഇങ്ങനെയൊരു സംവിധാനം കുറ്റമറ്റ രീതിയിൽ നടപ്പാകുന്നുണ്ടെന്ന് സർക്കാർ ഉറപ്പിക്കണം. ഓർക്കുക, ലഹരി കാർന്നുതിന്നുന്നത് നമ്മുടെ ബാല്യകൗമാരങ്ങളെമാത്രമല്ല, കേരളത്തിന്റെ ഭാവികൂടിയാണ്. നല്ല നാളേക്കായി ഈ വിപത്തിനെ ഇന്നേ ചെറുത്തുതോൽപ്പിക്കേണ്ടതുണ്ട്.

Subscribe on Youtube Subscribe Subscribe on Telegram Subscribe
Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.