മാതൃമരണം കുറച്ചേ പറ്റൂ

Published: Dec 6, 2021, 10:45 PM IST
കേരളത്തിൽ മാതൃമരണ നിരക്ക്‌ കൂടുന്നത് ആശങ്കപ്പെടുത്തുന്നതാണ്. ഏതു മഹാമാരിയെയും പകർച്ചവ്യാധികളെയും നിയന്ത്രിച്ചുനിർത്താൻ കെട്ടുറപ്പുള്ള ആരോഗ്യസംവിധാനം നമുക്കുണ്ട്. കൂട്ടായ ശ്രമത്തിലൂടെ നമുക്കു നഷ്ടമായിക്കൊണ്ടിരിക്കുന്ന നേട്ടം തിരിച്ചുപിടിക്കാനാകട്ടെ
editorial

ചികിത്സാസൗകര്യങ്ങളിൽ രാജ്യത്ത്‌ മുൻപന്തിയിൽ നിൽക്കുന്ന കേരളത്തിൽ മാതൃമരണ നിരക്ക്‌ കൂടുന്നത് ആശങ്കപ്പെടുത്തുന്നതാണ്. ദേശീയ ആരോഗ്യദൗത്യം (എൻ.എച്ച്.എം.) പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ടിൽ കേരളത്തിലിത്‌ ലക്ഷത്തിൽ 66 ആണ്. ചില ഘട്ടങ്ങളിൽ അത്‌ 72 ​വരെയും ഉയർന്നു. രാജ്യത്ത് മാതൃമരണനിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന് കേരളം പേരെടുത്ത് രണ്ടുവർഷം തികയുംമുമ്പാണ് വർധനയെന്നത് ആരോഗ്യസംവിധാനങ്ങളിലെ ജാഗ്രതക്കുറവിലേക്കാണു വിരൽചൂണ്ടുന്നത്.  2019-ൽ ദേശീയ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ കേരളത്തിലെ മാതൃമരണനിരക്ക് 43 ആയിരുന്നു. അന്നു പലകോണുകളിൽനിന്ന് കേരളം അഭിനന്ദനം ഏറ്റുവാങ്ങി. ആ നേട്ടം നിലനിർത്താൻ കഴിഞ്ഞില്ലെന്നതു ഖേദകരമാണ്. 
മാതൃമരണനിരക്ക് ഉയരാൻ കോവിഡും കാരണമായിട്ടുണ്ടാകാമെങ്കിലും ആരോഗ്യസംവിധാനങ്ങൾ കൂടുതൽ ജാഗ്രതയോടെ പ്രവർത്തിച്ചിരുന്നെങ്കിൽ അതിനു തടയിടാൻ കഴിഞ്ഞേനേ. ഏപ്രിൽമുതൽ നവംബർവരെയുള്ള എട്ടുമാസത്തിനിടെ കേരളത്തിൽ 162 മാതൃമരണങ്ങളുണ്ടായതായി എൻ.എച്ച്.എം. റിപ്പോർട്ടിൽ പറയുന്നു. ജനസംഖ്യയിൽ മുന്നിൽനിൽക്കുന്ന മലപ്പുറത്തായിരുന്നു കൂടുതൽ മരണം- 32. പക്ഷേ, മരണനിരക്കു കൂടുതൽ ആലപ്പുഴയിലായിരുന്നു. ലക്ഷത്തിൽ 161. രാജ്യശരാശരിയെക്കാൾ കൂടുതലാണ് ആലപ്പുഴയിലെന്നതും അലോസരപ്പെടുത്തുന്നതാണ്. ഇതിനുള്ള കാരണങ്ങൾ പലതാണ്. ഗർഭം, പ്രസവം എന്നിവയിലെ സങ്കീർണതകളും അവ കൈകാര്യംചെയ്യുന്നതിൽ വരുന്ന പിഴവുകളുമാണ് ഒന്ന്. ഗർഭാവസ്ഥയുമായി ബന്ധമില്ലാത്ത മുൻപേയുള്ള രോഗങ്ങളും പുതുതായുണ്ടാകുന്ന രോഗങ്ങളുമാണ് മറ്റൊന്ന്. ഇവയെല്ലാം നേരത്തേ മനസ്സിലാക്കി വേണ്ടപരിചരണം നൽകിയാൽ മരണനിരക്ക് കുറയ്ക്കാനാകും. മഹാമാരികൾ ഒന്നിനുപിറകെ ഒന്നായി വരുന്ന ഇക്കാലത്ത് ഗർഭിണികളുടെയും നവജാതശിശുക്കളുടെയും ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണമെന്ന മുന്നറിയിപ്പുകൂടിയാണിത്. ഓരോ ഗർഭിണിക്കും നിർദിഷ്ട ഇടവേളകളിൽ പരിശോധനയും ചികിത്സയും ഉറപ്പാക്കാൻ കഴിയണം. ഗർഭകാലത്ത് എന്തെങ്കിലും സങ്കീർണതകളുണ്ടെങ്കിൽ കണ്ടെത്താൻ ഇതു സഹായിക്കും. അത്തരം പ്രവർത്തനങ്ങൾ സംസ്ഥാനത്തു നടക്കുന്നുണ്ടെങ്കിലും എവിടെയാണു പോരായ്മയെന്നു കണ്ടെത്തണം.

മാതൃ-ശിശു മരണനിരക്ക്‌ കുറച്ചുകൊണ്ടുവരാൻ ഒട്ടേറെ പദ്ധതികൾ കേന്ദ്രസർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്. ജനനി ശിശുസുരക്ഷ കാര്യക്രം (ജെ.എസ്.എസ്.കെ.), ജനനി സുരക്ഷ യോജന (ജെ.എസ്.വൈ.) എന്നിവയാണ് എടുത്തുപറയേണ്ടത്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യസംരക്ഷണത്തിനായുള്ള സൗജന്യ ചികിത്സാപദ്ധതിയാണ് ജെ.എസ്.എസ്.കെ. സർക്കാർ ആശുപത്രിയിൽ ചികിത്സതേടുന്ന എല്ലാ ഗർഭിണികൾക്കും 30 ദിവസം വരെയുള്ള നവജാതശിശുക്കൾക്കും ആവശ്യമായ ചികിത്സച്ചെലവ്, ലാബ് പരിശോധന, സൗജന്യമായി രക്തം, പ്രസവത്തിനായി വീട്ടിൽ നിന്ന്‌ ആശുപത്രിയിലേക്കും തിരിച്ചുമുള്ള സൗജന്യയാത്ര, സൗജന്യ ഭക്ഷണം എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമാണ്. മാതൃമരണനിരക്കു കുറയ്ക്കാനും വീടുകളിൽ നടക്കുന്ന പ്രസവങ്ങൾ കുറയ്ക്കാനും ലക്ഷ്യമിട്ടുള്ളതാണ് ജെ.എസ്.വൈ. പദ്ധതി. അത് ഇവിടെ വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. നഗരങ്ങളിൽ നടക്കുന്ന പ്രസവത്തിന് 600 രൂപയും ഗ്രാമങ്ങളിലേതിന് 700 രൂപയും ഈ പദ്ധതിപ്രകാരം സഹായം നൽകുന്നു. രാജ്യത്തെ ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ള ഒട്ടേറെ സ്ത്രീകൾക്ക് ഇതു പ്രയോജനംചെയ്തു. 

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2014-16ൽ രാജ്യത്തെ മാതൃമരണനിരക്ക് 130 ആയിരുന്നു. 2015-17ൽ 122 ആയി കുറഞ്ഞു. 2016-18ൽ 113 ആയും കുറഞ്ഞു. ഇക്കാലയളവിൽ യഥാക്രമം 46, 42, 43 എന്നിങ്ങനെയായിരുന്നു കേരളത്തിലെ നിരക്ക്. അസമിലായിരുന്നു അന്ന്‌ കൂടുതൽ. രണ്ടാമത് ഉത്തർപ്രദേശും. അസമിൽ 2016-18ൽ 215 ആയിരുന്നു. യു.പി.യിൽ 197-ഉം. 2030 ആകുമ്പോഴേക്കും മാതൃമരണ നിരക്ക് എഴുപതെങ്കിലുമായി കുറയ്ക്കണമെന്നാണ് ഐക്യരാഷ്ട്രസഭയുടെ നിർദേശം. കേരളം നേരത്തേത്തന്നെ ഈ നേട്ടം കൈവരിച്ചെന്നത് അഭിമാനകരമാണ്. പക്ഷേ, 2020 ആകുമ്പോഴേക്കും മാതൃമരണനിരക്ക് 30 ആക്കാനാണ് സംസ്ഥാനം ലക്ഷ്യമിട്ടിരുന്നത്. നിലവിലെ വർധന ഈ നേട്ടത്തിലേക്കുള്ള കാലദൈർഘ്യം കൂട്ടുമെന്ന കാര്യം ഉറപ്പാണ്. അതേസമയം, ഏതു മഹാമാരിയെയും പകർച്ചവ്യാധികളെയും നിയന്ത്രിച്ചുനിർത്താൻ കെട്ടുറപ്പുള്ള ആരോഗ്യസംവിധാനം നമുക്കുണ്ട്. ഒപ്പം മികവുറ്റ ആരോഗ്യപ്രവർത്തകരും. കൂട്ടായ ശ്രമത്തിലൂടെ നമുക്കു നഷ്ടമായിക്കൊണ്ടിരിക്കുന്ന നേട്ടം തിരിച്ചുപിടിക്കാനാകട്ടെ. 

Subscribe on Youtube Subscribe Subscribe on Telegram Subscribe
Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.