ചുവപ്പുനാടയഴിക്കാൻ വയനാടൻ മാതൃക

Published: Dec 5, 2021, 10:32 PM IST
ഫയലുകളിലെ ചുവപ്പുനാടകളഴിക്കാനുള്ള ഏറ്റവും ഫലപ്രദമായ സംവിധാനമാണ് വയനാട് നടപ്പാക്കിയത്. മറ്റ് 13 ജില്ലകളും വകുപ്പുകളും എത്രയും വേഗം ഇ-ഓഫീസിലേക്കുമാറാൻ തയ്യാറാവണം
editorial

വില്ലേജ് ഓഫീസുകൾ മുതൽ കളക്ടറേറ്റ് വരെയുള്ള റവന്യൂ ഓഫീസുകളിലെ ഫയൽനീക്കം പൂർണമായി ഇ-ഓഫീസ് വഴിയാക്കിയ രാജ്യത്തെ ആദ്യജില്ലയെന്ന അഭിമാനകരമായ നേട്ടമാണ് വയനാട് സ്വന്തമാക്കിയിരിക്കുന്നത്. റവന്യൂവകുപ്പിലെ അപേക്ഷകളുടെ തത്‌സ്ഥിതിയറിയാൻ വയനാട്ടുകാർക്കിനി ഓഫീസുകൾ കയറിയിറങ്ങേണ്ടാ. ഒരു ഉദ്യോഗസ്ഥനുമുന്നിലും മണിക്കൂറുകൾ കാത്തുനിൽക്കേണ്ടാ, താണുകേണപേക്ഷിക്കേണ്ടാ. ഒറ്റക്ലിക്കിൽ ഫയൽ എവിടെയുണ്ടെന്നറിയാം. കളക്ടറേറ്റിൽ പ്രവർത്തിച്ചിരുന്ന ഡി.സി.സ്യൂട്ട് എന്ന സോഫ്റ്റ്‌വേർ പൊതുജനങ്ങൾക്കുകൂടി പരിശോധിക്കാവുന്ന തരത്തിൽ രൂപകല്പന ചെയ്താണ് ഇ- സംവിധാനത്തിലേക്കുമാറിയത്. ഫയൽനീക്കത്തിൽ സുതാര്യതവരുന്നതോടെ നടപടികളിൽ കാലതാമസമൊഴിവാക്കാനും ഒരുപരിധിവരെ അഴിമതിയും കൈക്കൂലിയും ഇല്ലാതാക്കാനും കഴിയും. ജീവനക്കാരുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനൊപ്പം ജോലിഭാരം കുറയ്ക്കുന്നതിനും സംവിധാനം സഹായിക്കും. ഓരോ ഫയലിലുമുണ്ടായ പുരോഗതി മേലുദ്യോഗസ്ഥർക്ക് നിരീക്ഷിക്കാനാവുമെന്നതിനാൽ ഇനി ഫയലുകളിൽ അടയിരിക്കാൻ ജീവനക്കാർക്കാവില്ല.

2015-ഓടെ ഇ-ഓഫീസ് സംവിധാനത്തിലേക്കു മാറിത്തുടങ്ങിയ വയനാട് ഇപ്പോൾ അതിന്റെ പൂർത്തീകരണത്തിലേക്കെത്തിയത് ജില്ലാഭരണകൂടത്തിന്റെയും ജീവനക്കാരുടെയും ആത്മാർഥ പരിശ്രമത്തിന്റെ ഫലമായാണ്. ജില്ലയിലെ മൂന്നു താലൂക്ക് ഓഫീസുകളെയും 49 വില്ലേജ് ഓഫീസുകളെയും കളക്ടറേറ്റ്, സബ് കളക്ടർ ഓഫീസ് എന്നിവയെയുമാണ് ഇ-ഓഫീസ് സോഫ്റ്റ് വേറിലൂടെ ബന്ധിപ്പിച്ചിട്ടുള്ളത്. പോർട്ടലിൽ നമ്പർ നൽകിയാൽ ഫയലിന്റെ മുഴുവൻ നീക്കങ്ങളും അറിയാൻ കഴിയും. എല്ലാ രേഖകളും ഡിജിറ്റലായി സൂക്ഷിക്കുന്നതിനാൽ ഫയൽ നഷ്ടപ്പെടുമെന്ന വേവലാതിയും വേണ്ടാ. ഫയൽ എത്രദിവസം കൈവശംവെച്ചുവെന്ന വിവരം അപേക്ഷകന് പരിശോധിക്കാമെന്നിരിക്കേ പൊതുജന ഓഡിറ്റിങ് സംവിധാനമാണ് ഇതുവഴി നിലവിൽവരുന്നത്. വ്യക്തിപരമായ താത്പര്യങ്ങളും രാഷ്ട്രീയ-ഭരണ ഇടപെടലുകളുമെല്ലാം ഫയലുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് തടസ്സമാവുന്നുവെന്നത് നിഷേധിക്കാനാവാത്ത സത്യമാണ്. സർക്കാർ ഓഫീസുകൾ മുൻകാലങ്ങളെ അപേക്ഷിച്ച് കാര്യക്ഷമമായിട്ടുണ്ടെന്നത് സമ്മതിക്കുമ്പോൾത്തന്നെ പലതവണ മുട്ടിയിട്ടും തുറക്കാത്തവാതിലുകൾ ഇപ്പോഴുമുണ്ടെന്നതാണ് യാഥാർഥ്യം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സംസ്ഥാനസമ്മേളനത്തിൽ പങ്കെടുത്ത് കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗം സർക്കാർ ഓഫീസുകളിൽ തുടരുന്ന ചുവപ്പുനാടകളെക്കുറിച്ചുള്ള അനുഭവബോധ്യങ്ങളാണ്. ജനങ്ങൾ ഓഫീസുകളിൽവരുന്നത് അവരുടെ അവകാശം നേടാനാണ്, വ്യക്തിപരമായ ഔദാര്യത്തിനില്ല. നാടിനെ സേവിക്കാനാണ്, വരുന്നവരെ വിഷമിപ്പിക്കാനല്ല ഇരിക്കുന്നതെന്ന ചിന്ത വേണമെന്നാണ് അദ്ദേഹം ജീവനക്കാരെ ഓർമിപ്പിച്ചത്. സംസ്ഥാനത്തിന്റെ പൊതുസ്വഭാവത്തിന് ചേരാത്ത കടുത്ത ദുഷ്പ്രവണത വ്യാപകമാണെന്നും മുഖ്യമന്ത്രി തുറന്നുപറഞ്ഞു. പ്രാദേശിക രാഷ്ട്രീയതാത്‌പര്യത്തിന്റെയും മറ്റുംപേരിൽ ഫയലുകൾ തീർപ്പാക്കാതെ കാത്തുകെട്ടിക്കിടക്കുന്ന സ്ഥിതി, പല തദ്ദേശസ്ഥാപനങ്ങളിലുമുണ്ട്. പൊതുജനങ്ങൾ വിവിധ ആവശ്യങ്ങൾക്കായി ദൈനംദിനം കയറിയിറങ്ങുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അടിയന്തരമായി പൂർണമായും ഓൺലൈൻസംവിധാനങ്ങളിലേക്കു മാറണം.

നിലവിൽ സെക്രട്ടേറിയറ്റിൽ ഇത്തരത്തിലുള്ള വിപുലമായ സംവിധാനമുണ്ട്. പൊതുമരാമത്ത് പ്രവൃത്തികളുടെ സമയബന്ധിത പൂർത്തീകരണത്തിന് ഈ മാസംമുതൽ ഇ-ഓഫീസ് സംവിധാനം കൊണ്ടുവരുമെന്ന വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം പ്രവൃത്തികളുടെ കാലതാമസത്തിന്റെയും അഴിമതിയുടെയും പേരിൽ ഏറെ പഴികേൾക്കേണ്ടിവരുന്ന വകുപ്പിനെ ശുദ്ധീകരിക്കുമെന്നു പ്രതീക്ഷിക്കാം. പ്രവൃത്തികൾ പൊതുജനങ്ങൾക്ക് ഓഡിറ്റ് ചെയ്യാനുള്ള സംവിധാനത്തിനും പൊതുമരാമത്ത് വകുപ്പ് തുടക്കം കുറിച്ചിട്ടുണ്ട്. പാലാരിവട്ടം പാലങ്ങൾ ആവർത്തിക്കാതിരിക്കാൻ ഈ ശ്രമങ്ങൾ പ്രയോജനം ചെയ്യുമെന്ന് കരുതാം.  ഫയലുകളിലെ ചുവപ്പുനാടകളഴിക്കാനുള്ള ഏറ്റവും ഫലപ്രദമായ സംവിധാനമാണ് വയനാട് നടപ്പാക്കിയത്. മറ്റ് 13 ജില്ലകളും വകുപ്പുകളും എത്രയും വേഗം ഇ-ഓഫീസിലേക്കുമാറാൻ തയ്യാറാവണം. രാജ്യത്തിനുതന്നെ മാതൃകയായി വയനാടിനെ മാറ്റിത്തീർത്ത ജില്ലാഭരണകൂടത്തിനും ജീവനക്കാർക്കും അഭിനന്ദനങ്ങൾ.

Subscribe on Youtube Subscribe Subscribe on Telegram Subscribe
Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.