ലോകം കേൾക്കുന്നു രണ്ട് പെൺശബ്ദങ്ങൾ

Published: Dec 4, 2021, 10:10 PM IST
ലോകം കൂടുതൽക്കൂടുതൽ സ്ത്രീകളുടേതാവുന്നു. സ്ത്രീകൾ കൂടുതൽക്കൂടുതൽ ലോകം കീഴടക്കുന്നു. പ്രതീക്ഷകളും അവസരങ്ങളും പഴയതുപോലെ വീൺവാക്കുകളല്ല. എല്ലാം സത്യം
editorial

 

ലോകം വിളിക്കുമ്പോൾ കേരളം വിളികേൾക്കുന്നത് ഇത് ആദ്യമായല്ല. എന്നാൽ, ഇത്തവണ സ്ഫുടവും അഭിമാനപൂരിതവുമായ രണ്ടു പെൺശബ്ദങ്ങൾ നമ്മുടെ നാടിന്റെ ഭാഷയിൽ ലോകത്തോട് സംസാരിക്കുന്നു. അവരുടെ ഉയർച്ചകളിൽ നമ്മുടെ ശിരസ്സുമുയരുന്നു. അന്താരാഷ്ട്ര നാണയനിധിയുടെ (ഇന്റർനാഷണൽ മോണിറ്ററി ഫണ്ട്) ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരി ഗീതാ ഗോപിനാഥും വേൾഡ് അത്‌ലറ്റിക്സ് ‘വുമൺ ഓഫ് ദ ഇയർ’ പുരസ്കാരത്തിനർഹയായ അഞ്ജു ബോബി ജോർജുമാണ് ഒരേദിവസം രാജ്യത്തിന്റേ കൊടിയടയാളങ്ങളായി മാറിയത്.ലോകപ്രശസ്ത സാന്പത്തികശാസ്ത്രജ്ഞയെന്ന വിലാസമാണ് ഗീതാ ഗോപിനാഥിന്റേത്. എന്നാൽ, അച്ഛനമ്മമാർ കണ്ണൂർ സ്വദേശികൾ. ഡൽഹിയിലെ ലേഡി ശ്രീറാം കോളേജും ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സും വാഷിങ്ടൺ സർവകലാശാലയും പഠനക്കളരിയാക്കിയ ഗീതയുടെ വേരുകളിൽ കണ്ണൂരിന്റെ മിടിപ്പ്‌ ഇപ്പോഴുമുണ്ടാവും. അതേ നാട്ടുകാരനായ പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയായപ്പോൾ സാന്പത്തിക ഉപദേഷ്ടാവാക്കിയത് അന്ന് ഹാർവാഡ് സർവകലാശാലയിൽ സാന്പത്തികശാസ്ത്രത്തിൽ പ്രൊഫസറായിരുന്ന ഗീതയെയാണ്. പിന്നീട്, 190 അംഗരാജ്യങ്ങളുള്ള ഐ.എം.എഫിൽ ചീഫ് ഇക്കണോമിസ്റ്റ്‌ ആയി എത്തിയപ്പോഴും ഗീതാ ഗോപിനാഫ് എന്ന പേര് കേരളവും ഇന്ത്യയും അഭിമാനത്തോടെ ഉരുവിട്ടു. ക്ലേശകരമായ കോവിഡ് കാലത്ത് ഐ.എം.എഫിനെ അവർ വൈറസിനെതിരായി മുന കൂർപ്പിച്ചുനിർത്തി. ലോകരാജ്യങ്ങളിൽനിന്ന് പിരിച്ചെടുത്ത വൻ തുകകൊണ്ട് ദരിദ്രരാജ്യങ്ങൾക്ക് വാക്സിൻ വിതരണം ചെയ്യുന്ന ദൗത്യം അവർ അധ്യക്ഷയായ സമിതി ഏറ്റെടുത്തു. ഐ.എം.എഫിനുപുറമേ ലോകാരോഗ്യ സംഘടനയും ലോകബാങ്കും ലോക വാണിജ്യസംഘടനയുമായിരുന്നു ആ സമിതിയിലെ കൂട്ടാളികൾ. അത്തരമൊരു ദൗത്യത്തിൽ, അതിസന്പന്നരുടെയും അതിദരിദ്രരുടെയും അതിസാധാരണക്കാരുടെയും പശ്ചാത്തലമുള്ള ഇന്ത്യയെന്ന ജന്മനാടിന്റെ യാഥാർഥ്യങ്ങൾ അവരെ പലതരത്തിൽ പ്രചോദിപ്പിച്ചിട്ടുണ്ടാവാം.

ഐ.എം.എഫ്. മാനേജിങ് ഡയറക്ടർ ക്രിസ്റ്റലീന ജോർജിയേവ പറഞ്ഞ വാക്കുകളാണ് ഗീതയുടെ സ്ഥാനലബ്ധിയെ ഏറ്റവും ഭംഗിയായി കുറിക്കുന്നത്: ‘‘യഥാസമയം, അനുയോജ്യയായ വ്യക്തി.’’
അതേദിവസം, അതേ ആവേശത്തിൽ കേരളത്തെക്കുറിച്ച് പറയാൻ നമുക്കുമുന്നിൽ ഒരു പേരുകൂടി; അഞ്ജു ബോബി ജോർജ്. കായികക്കരുത്തിന്റെ പെൺമലയാളനാട്ടിൽനിന്ന് അത്‌ലറ്റിക്സിലെ പരമോന്നത സംഘടനയായ വേൾഡ് അത്‌ലറ്റിക്സിന്റെ ‘വുമൺ ഓഫ് ദ ഇയർ’ ആയി ഉയർന്നിരിക്കുന്നു അഞ്ജു. അവരുടെ കാലുകളിൽനിന്ന് കുതിച്ചുചാടിയ ഊർജത്തിൽ 2003-ൽ ഇന്ത്യ ലോക അത്‌ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ ആദ്യമായൊരു മെഡൽ നേടിയത് നമ്മൾ മറന്നിട്ടില്ല. അഞ്ജുവിന്റെ മാത്രം പേരെഴുതിവെച്ച ലോക അത്‌ലറ്റിക് വിജയങ്ങൾക്ക് അതിനുശേഷവും ഇന്ത്യ ആഹ്ളാദത്തോടെ സാക്ഷിയായി. പദ്‌മശ്രീയും ഖേൽരത്നയും അർജുനയും അവർക്കു രാജ്യംനൽകിയ പല ബഹുമതികളുടെ പേരുകൾമാത്രം. എല്ലാത്തിനും അർഥം ഒന്നുതന്നെ, ‘രാജ്യം നിങ്ങളെ ആദരിക്കുന്നു.’ 

ലോങ്ജമ്പിലെന്നപോലെ ജീവിതക്കുതിപ്പിലും ഒരിക്കലും പിന്നോട്ടുപോയിട്ടില്ല അഞ്ജു. കായികരംഗത്തുനിന്നും വിരമിച്ചിട്ടും വിരമിച്ചില്ല അവർ. പുതുനാന്പുകൾക്ക് വെള്ളവും വളവും നൽകാൻ അവർ വിശ്രമകാലത്തിന് അവധികൊടുത്തു. അഞ്ജു ബോബി ജോർജ് അക്കാദമി അതിന്റെ ട്രാക്ക് കണ്ടെത്തിത്തുടങ്ങിയിരിക്കുന്നു. അക്കാദമിയിലെ ശൈലി സിങ് അണ്ടർ-20 ലോകചാന്പ്യൻഷിപ്പിൽ ലോങ്ജമ്പിൽ വെള്ളിനേടി. പെൺകുതിപ്പുകളുടെ പിന്നിലും മുന്നിലും നിൽക്കുന്നതിന്റെ പേരിൽക്കൂടിയാണ് അഞ്ജുവിനെത്തേടി പുരസ്കാരമെത്തിയത്. പുരസ്കാരലബ്ധിക്കുശേഷം പെൺകുട്ടികളറിയാൻ അവർ മാധ്യമങ്ങളോട് പറഞ്ഞത് അതുതന്നെയാണ്: ‘‘സർവം മറന്ന് അധ്വാനിക്കുക, ആരും നിങ്ങളെ തടയില്ല. ലോകം മാറിക്കഴിഞ്ഞു.’’ ലോകം കൂടുതൽക്കൂടുതൽ സ്ത്രീകളുടേതാവുന്നു. സ്ത്രീകൾ കൂടുതൽക്കൂടുതൽ ലോകത്തെ കീഴടക്കുന്നു. പ്രതീക്ഷകളും അവസരങ്ങളും പഴയതുപോലെ വീൺവാക്കുകളല്ല. എല്ലാം സത്യം. ആ സത്യത്തിന്റെ പ്രതീകങ്ങളായി രണ്ടുസ്ത്രീകൾ, രണ്ടു വിശ്വമലയാളികൾ നമ്മുടെ മുന്നിൽനിൽക്കുന്നു. വിവേചനങ്ങളെക്കുറിച്ചല്ല, അവർ പറയുന്നത് വിജയങ്ങളെക്കുറിച്ചാണ്. അവർ ആകാശമളക്കുന്നത് സ്വന്തം ചിറകുകൾകൊണ്ടും. അതേ ആകാശത്തേക്കു പറക്കാനാണ് പുതുതലമുറ ചിറകുവിരിക്കേണ്ടത്‌.  

Subscribe on Youtube Subscribe Subscribe on Telegram Subscribe
Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.