ഇനിവേണ്ടാ വേർതിരിവ്‌

Published: Dec 2, 2021, 10:51 PM IST
ആൺ, പെൺ സ്കൂളുകളെന്ന വേർതിരിവ് അവസാനിപ്പിക്കുന്നതിനുള്ള ആശയപരിസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെ മാതൃഭൂമി ആരംഭിച്ച സംവാദം കൂടുതൽ വിശാലമായ തലത്തിലേക്ക് വികസിച്ചു എന്നതിൽ ആഹ്ലാദവും അഭിമാനവുമുണ്ട്
editorial

ലിംഗനീതിയും ലിംഗസമത്വവും സർക്കാർതലത്തിലുൾപ്പെടെ ചർച്ചയും പ്രചാരണവിഷയവുമായ ഘട്ടത്തിലാണ് സംസ്ഥാനത്ത് 381 സ്കൂളുകൾ ആൺ-പെൺ വേർതിരിവിന്റെ മതിലുകെട്ടി  പ്രവർത്തിക്കുന്ന വാർത്ത മാതൃഭൂമി പ്രസിദ്ധീകരിച്ചത്. വളർച്ചയുടെയും വികാസത്തിന്റെയും വ്യക്തിത്വരൂപവത്കരണത്തിന്റെയും ഘട്ടമെന്നനിലയിൽ പ്രാധാന്യമുള്ള വിദ്യാലയകാലത്ത് കുട്ടികളുടെ മനസ്സിൽ വേർതിരിവിന്റെ പാഠങ്ങളാണ് ഇതുവഴി സന്നിവേശിപ്പിക്കുന്നത്. സംസ്ഥാനത്ത് 62 കോളേജും ഇത്തരത്തിൽ പ്രവർത്തിക്കുന്നുണ്ട്. പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനായി ഒരുകാലത്ത് ആരംഭിച്ച ആൺ-പെൺ സ്കൂളുകൾ അക്കാലത്തെ ശരിയായിരുന്നു. കേരളത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസപുരോഗതിയിൽ അത്തരം സ്കൂളുകൾനൽകിയ സംഭാവനകൾ അംഗീകരിച്ചുകൊണ്ടുതന്നെ പുതിയ കാലത്തിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ്‌ മുന്നോട്ടുപോകാൻ കഴിയണം.  പാഠപുസ്തകം, പാഠ്യപദ്ധതി, ബോധനസമ്പ്രദായങ്ങൾ, ക്ലാസ്‌മുറികൾ, അധ്യാപകസമീപനം, കളിസ്ഥലം, ജനാധിപത്യവേദികൾ തുടങ്ങി വിദ്യാഭ്യാസത്തിന്റെ  സർവമേഖലയിലും നിലനിൽക്കുന്ന ലിംഗവേർതിരിവുകളും വിവേചനങ്ങളും അഭിസംബോധന ചെയ്യപ്പെടണം.
തുല്യനീതിയും അവസരസമത്വവും ഉറപ്പുവരുത്തുന്നതിനായി കതിരിന്‌ വളം വെക്കുന്നതുപോലുള്ള പ്രചാരണപരിപാടികളാണ് പലപ്പോഴും സംഘടിപ്പിക്കുന്നത്. സമൂഹത്തിൽ സ്ത്രീയുടെയും പുരുഷന്റെയും ഇടംസംബന്ധിച്ച  വാർപ്പുമാതൃകകൾ പൊളിക്കുന്നരീതിയിലുള്ള സൂക്ഷ്മതലത്തിലുള്ള ഇടപെടലുകളാണാവശ്യം. ഇതിന്‌ തുടക്കംകുറിക്കേണ്ടത് ബോധവും വിവേകവുമുറയ്ക്കുന്ന വിദ്യാലയകാലത്താവണം.  പുരുഷനിൽ മേധാവിത്വബോധവും സ്ത്രീയിൽ വിധേയത്വമനോഭാവവും ഉറപ്പിക്കുന്ന കുടുംബ-സാമൂഹിക സംവിധാനത്തിൽ മാറ്റമുണ്ടാവണമെങ്കിൽ കുട്ടികളിൽനിന്ന് തുടങ്ങേണ്ടതുണ്ട്. തന്നെപ്പോലെ വ്യക്തിത്വമുണ്ട് തന്റെ സഹപാഠിക്കുമെന്ന ബോധ്യമാണ് പരസ്പരബഹുമാനത്തിലേക്ക് വളരുന്നത്. ഈ കുട്ടികൾ മുതിർന്നവരാവുന്ന വീടും സമൂഹവും പതുക്കെയെങ്കിലും മാറ്റം സ്വാംശീകരിക്കാതിരിക്കില്ല. ആൺ, പെൺ ദ്വന്ദ്വത്തിനുപുറത്തുള്ള ട്രാൻസ്ജൻഡർ സമൂഹത്തെക്കൂടി ഉൾക്കൊള്ളുന്നതാവണം വിദ്യാലയങ്ങൾ.  

 ആൺ, പെൺ സ്കൂളുകളെന്ന വേർതിരിവ് അവസാനിപ്പിക്കുന്നതിനുള്ള ആശയപരിസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെ മാതൃഭൂമി ആരംഭിച്ച  സംവാദം കൂടുതൽ  വിശാലമായ തലത്തിലേക്ക് വികസിച്ചു എന്നതിൽ ആഹ്ലാദവും അഭിമാനവുമുണ്ട്.  പൊതുവിദ്യാഭ്യാസമന്ത്രിയും ഉന്നതവിദ്യാഭ്യാസമന്ത്രിയും ഉൾപ്പെടെയുള്ളവരിൽനിന്നുണ്ടായ ക്രിയാത്മകപ്രതികരണങ്ങൾ സ്വാഗതംചെയ്യുന്നു. വിദ്യാലയങ്ങളിൽ ലിംഗനീതിയും ലിംഗാവബോധവും ഉറപ്പുവരുത്തുന്നതിനായുള്ള  എല്ലാ ശ്രമങ്ങളോടൊപ്പവും സർക്കാരുണ്ടാവുമെന്നാണ് ഇരുവരും ഉറപ്പുനൽകിയിട്ടുള്ളത്.

വിദ്യാഭ്യാസം ഉൾപ്പെടെയുള്ള വികസനസൂചികകളിൽ കേരളം ഒന്നാമത് നിൽക്കുമ്പോഴും സ്ത്രീകൾക്കും കുട്ടികൾക്കും ട്രാൻസ്ജൻഡർ സമൂഹത്തിനുമെതിരായ അതിക്രമങ്ങൾ ദിവസംതോറും പെരുകുകയാണെന്നത് ഗൗരവമുള്ളതാണ്. എല്ലാവിഭാഗം മനുഷ്യർക്കും സ്വതന്ത്രവും അന്തസ്സാർന്നതും ഭയരഹിതവുമായ ജീവിതം ഉറപ്പുവരുത്തുകയെന്നതാണ് പുരോഗമനസമൂഹത്തിന്റെ ലക്ഷണം. അത്തരത്തിൽ സമത്വപൂർണമായൊരു സമൂഹസൃഷ്ടിക്കായി വിദ്യാഭ്യാസത്തിന്റെ ഘടനയിലും ഉള്ളടക്കത്തിലും എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവരണമെന്നാണ് ഉത്തരവാദപ്പെട്ടവർ ആലോചിക്കേണ്ടത്.  പാഠ്യപദ്ധതി പരിഷ്കരിക്കുന്ന ഘട്ടത്തിൽ ഈ വിഷയങ്ങൾ അഭിമുഖീകരിക്കാനുള്ള സന്നദ്ധത സർക്കാർ പ്രഖ്യാപിച്ചത് പ്രശംസനീയമാണ്. അത്തരത്തിൽ തുല്യനീതിയും അവസരസമത്വവും ഉറപ്പുവരുത്തുന്ന  എല്ലാ ഉദ്യമങ്ങൾക്കും മാതൃഭൂമിയുടെ പിന്തുണ ഉറപ്പുനൽകുന്നു

 

Subscribe on Youtube Subscribe Subscribe on Telegram Subscribe
Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.