മെസ്സി എന്ന അദ്‌ഭുതം

Published: Nov 30, 2021, 10:12 PM IST
editorial

ലയണൽ മെസ്സി! ഒരുപക്ഷേ, ഈ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ അറിയുകയും വിളിക്കുകയും ലാളിക്കുകയും ചെയ്യുന്ന പേര്. പ്രായത്തിന്റെയോ രാജ്യത്തിന്റെയോ ഭൂഖണ്ഡങ്ങളുടെയോ വ്യത്യാസമില്ലാതെ ലോകം തിരിച്ചറിയുന്ന ഫുട്‌ബോൾ താരം. ഫുട്‌ബോൾ ലോകത്തെ ഏറ്റവും മികച്ച കളിക്കാരിലൊരാളായ അർജന്റീനയുടെ ലയണൽ മെസ്സിയെ ഏഴാം തവണയും ബാലൺദ്യോർ പുരസ്കാരം തേടിയെത്തുമ്പോൾ കാലാതിവർത്തിയായ ആ പ്രതിഭ ഒരിക്കൽക്കൂടി അംഗീകരിക്കപ്പെടുന്നു. ഏഴുതവണ ഈ പുരസ്കാരം നേടിയ മറ്റൊരാളില്ല, മെസ്സി അതുല്യൻ.

ഫ്രഞ്ച് ഫുട്‌ബോൾ മാസികയായ ഫ്രാൻസ് ഫുട്‌ബോൾ നൽകുന്ന ബാലൺദ്യോർ പുരസ്‌കാരം തിങ്കളാഴ്ച രാത്രി പാരീസിലാണ് പ്രഖ്യാപിച്ചത്. ഫുട്‌ബോൾ ലോകം ഈ പുരസ്‌കാരത്തിന് വലിയ മൂല്യംകല്പിക്കുന്നു. അന്താരാഷ്ട്ര ഫുട്‌ബോൾ സംഘടനയായ ഫിഫയും ഫ്രാൻസ് ഫുട്‌ബോൾ മാസികയും ഒത്തുചേർന്ന് കുറച്ചുകാലം ഫിഫ ബാലൺദ്യോർ എന്ന പേരിൽ ഈ പുരസ്കാരം നൽകിയിരുന്നു. 2016 മുതൽ വീണ്ടും ബാലൺദ്യോർ മാത്രമായി.

2009, 2010, 11, 12, 15, 19 വർഷങ്ങളിലും മെസ്സി ബാലൺദ്യോർ നേടിയിരുന്നു. ഇതിനിടെ അഞ്ചുവട്ടം (2008, 2013, 2014, 2016, 2017) രണ്ടാംസ്ഥാനവും നേടി. കോവിഡ് കാരണം 2020-ൽ പുരസ്‌കാരം നൽകിയിരുന്നില്ല. ചുരുക്കിപ്പറഞ്ഞാൽ ഒരു ദശകത്തിലേറെയായി ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോൾ താരത്തിനുള്ള പുരസ്കാരപ്പട്ടികയിൽ ഒന്നാമനോ രണ്ടാമനോ ആയി മെസ്സിയുണ്ട്. അഞ്ചുവട്ടം കിരീടം നേടിയ പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ മെസ്സിയുടെ തൊട്ടുപിറകിലുണ്ട്.

ലോകത്തെ ഏറ്റവും മികച്ച 30 താരങ്ങളുടെ ചുരുക്കപ്പട്ടികയുണ്ടാക്കി അതിൽനിന്ന് 180 ഫുട്‌ബോൾ ജേണലിസ്റ്റുകളും ദേശീയ ഫുട്‌ബോൾ ടീമിന്റെ കോച്ചുമാരും ക്യാപ്റ്റന്മാരും വോട്ടുചെയ്താണ് ബാലൺദ്യോർ ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. ഇക്കുറി പോളണ്ട് താരം റോബർട്ട് ലെവൻഡോവ്‌സ്‌കി രണ്ടാംസ്ഥാനം നേടി. മെസ്സിക്ക് 613 പോയന്റും ലെവൻഡോവ്‌സ്‌കിക്ക് 580 പോയന്റുമുണ്ട്. സ്പാനിഷ് താരം അലക്‌സിയ പുട്ടെല്ലാസ് മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം നേടി.

2003 മുതൽ 2021 വരെ സ്പാനിഷ് ക്ലബ്ബായ ബാഴ്‌സലോണയ്ക്കുവേണ്ടി കളിച്ച ലയണൽ മെസ്സി ക്ലബ്ബിനുവേണ്ടി 35 കിരീടങ്ങൾ നേടി. സ്പാനിഷ് ലീഗായ ലാ ലിഗയിലെ പത്തു കിരീടങ്ങളും നാല് യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും ഇതിലുണ്ട്. തന്റെ പതിമ്മൂന്നാം വയസ്സിൽ ബാഴ്‌സലോണ ജൂനിയർ ടീമിലെത്തിയ മെസ്സി നീണ്ടകാലം ക്ലബ്ബിൽ ചെലവഴിച്ചു. ബാഴ്‌സലോണ വിടുന്നതിനെപ്പറ്റി ആലോചിക്കുന്നില്ലെന്നുപോലും പറഞ്ഞു. പക്ഷേ, കഴിഞ്ഞ സീസൺ കഴിഞ്ഞപ്പോൾ ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജി.യിലേക്കുമാറി.
ഇത്രയൊക്കെയാണെങ്കിലും പ്രധാനപ്പെട്ട അന്താരാഷ്ട്ര കിരീടം ജയിക്കാനായില്ലെന്ന കുറവ്, അർജന്റീനാ ക്യാപ്റ്റൻ കൂടിയായ മെസ്സിയെ ബാധിച്ചിരുന്നു. കഴിഞ്ഞ ജൂലായിൽ കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനെ തോൽപ്പിച്ച് അർജന്റീന കിരീടം നേടിയതോടെ അന്താരാഷ്ട്ര കിരീടം നേടിയില്ലെന്ന പോരായ്മയും മെസ്സി മായ്ച്ചുകളഞ്ഞു. ആ കിരീടവിജയം ഇക്കുറി മെസ്സിക്ക് ബാലൺദ്യോർ നേടിക്കൊടുക്കുന്നതിൽ പ്രധാനമായി. പുരസ്കാരകാലയളവിൽ ക്ലബ്ബിനും രാജ്യത്തിനുമായി മെസ്സി 40 ഗോളുകൾ നേടി. രാജ്യത്തിനുവേണ്ടിയോ ക്ലബ്ബിനുവേണ്ടിയോ ആകട്ടെ, മൈതാനത്ത് ഇന്ദ്രജാലക്കാരനാണ് മെസ്സി. 34 വയസ്സായെങ്കിലും കളിക്കാനിറങ്ങിയാൽ നീക്കങ്ങൾക്കെല്ലാം യൗവനോർജം.

‘‘രണ്ടുവർഷംമുമ്പ്, കരിയറിലെ അവസാനഘട്ടത്തിലേക്ക് കടക്കുകയാണെന്ന് ഞാൻ കരുതിയിരുന്നു. ഇപ്പോൾ മറ്റൊരു ബാലൺദ്യോർ പുരസ്‌കാരം എന്നെ തേടിയെത്തി. വലിയ സന്തോഷം’’ -തിങ്കളാഴ്ച രാത്രി പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് മെസ്സി പറഞ്ഞു.  അടുത്തവർഷം ഖത്തറിൽ മറ്റൊരു ലോകകപ്പ് നടക്കാനിരിക്കുന്നു. ഫുട്‌ബോളിനെ കൂടുതൽ മനോഹരമാക്കാനുള്ള പ്രയത്നങ്ങൾക്ക് ഈ പുരസ്കാരവും ഒരു പ്രചോദനമാകട്ടെ.

Subscribe on Youtube Subscribe Subscribe on Telegram Subscribe
Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.