വാക്സിനേഷൻമടി കർശനനടപടി വേണം

Published: Nov 29, 2021, 09:31 PM IST
വാക്സിനെടുക്കാത്ത അധ്യാപകരും വിദ്യാലയ ജീവനക്കാരും വിദ്യാലയത്തിൽ വരുന്നില്ലെന്ന് ഉറപ്പാക്കണം. സർക്കാർ ഇക്കാര്യത്തിൽ മൃദുസമീപനം കൈക്കൊള്ളരുത്‌
editorial

സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളും പ്രവർത്തിക്കാൻ തുടങ്ങിയിട്ട് ഒരുമാസം പിന്നിടുകയാണ്. സ്കൂളുകളും കോളേജുകളും തുറന്നത് ആഴ്ചകളോളം നടത്തിയ മുന്നൊരുക്കത്തോടെയാണ്. എന്തൊക്കെയാവണം മുന്നൊരുക്കം എന്ന് കൃത്യമായി വിശദീകരിച്ചുകൊണ്ട് നിർദേശങ്ങൾ വിദ്യാഭ്യാസ വകുപ്പ് നൽകുകയുണ്ടായി. മാധ്യമങ്ങളാകട്ടെ നിരന്തരമായി അതിന് പ്രചാരണവും നൽകി. എന്നിട്ടും അധ്യാപകരും സ്കൂളുകളിലെ ജീവനക്കാരുമായ അയ്യായിരത്തിലേറെപ്പേർ ഇനിയും വാക്സിൻ എടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി ജനങ്ങളെ അറിയിച്ചിരിക്കുകയാണ്. ഒരുമാസം മുമ്പ് സ്കൂളുകൾ തുറക്കുന്ന സന്ദർഭത്തിലും ഇക്കാര്യം ഔദ്യോഗികമായി സൂചിപ്പിക്കുകയുണ്ടായി. വാക്സിനെടുക്കാത്ത അധ്യാപകർ സ്കൂളുകളിൽ എത്തരുതെന്നും രണ്ടാഴ്ച മാറിനിൽക്കുകയും അതിനിടയിൽ വാക്സിനെടുക്കുകയും വേണമെന്നും അറിയിച്ചിരുന്നു. വാക്സിനെടുക്കാത്ത അധ്യാപകരെ പ്രോത്സാഹിപ്പിക്കാനാവില്ലെന്നാണ് ഇപ്പോൾ മന്ത്രിയുടെ പ്രസ്താവന. ഇത്തരക്കാർക്കെതിരേ കർശനനടപടിയാണ് വേണ്ടത്. എന്തായാലും വാക്സിൻ എടുക്കാത്ത അധ്യാപകർക്കും ജീവനക്കാർക്കുമെതിരേ  നടപടിയുണ്ടാവുമെന്ന് സർക്കാർ മുന്നറിയിപ്പ്‌ നൽകിയിട്ടുണ്ട്‌. 
രാജ്യത്ത് വാക്സിനേഷനിൽ ഏറ്റവും മുമ്പിലെത്താൻ കേരളത്തിന് കഴിഞ്ഞത് നിരന്തരമായ ബോധവത്‌കരണംകൊണ്ടുകൂടിയാണ്. ബോധവത്‌കരണത്തിന് നേതൃത്വം നൽകുന്നതിൽ സ്വാഭാവികമായും അധ്യാപകർ വലിയ പങ്കുവഹിച്ചു. എന്നാൽ, ആ അധ്യാപകരുടെ കൂട്ടത്തിൽ ചിലർ വാക്സിനെടുക്കാൻ തയ്യാറായിട്ടില്ലെന്നത് ആശങ്കയുളവാക്കുന്ന കാര്യമാണ്. ശാരീരികമായ ഏതെങ്കിലും അസുഖവുമായി ബന്ധപ്പെട്ട് വൈദ്യോപദേശമനുസരിച്ചാണോ വാക്സിനെടുക്കാത്തതെന്ന് വിദ്യാഭ്യാസ വകുപ്പിലെ അധികൃതർ ഇതേവരെ വ്യക്തമാക്കിയിട്ടില്ല. സ്കൂളുകൾ തുറന്നിട്ട് ഒരുമാസം കഴിഞ്ഞിട്ടും ഇതുസംബന്ധമായ കൃത്യമായ കണക്കെടുപ്പോ, വിശദീകരണം തേടലോ നടന്നിട്ടില്ലെങ്കിൽ വകുപ്പ് ഉത്തരവാദിത്വം നിർവഹിച്ചില്ലെന്ന് പറയേണ്ടിവരും. കണക്കെടുപ്പ് നടന്നെങ്കിൽ എന്തുകൊണ്ട് വാക്സിനെടുത്തില്ലെന്ന കൃത്യമായ വിവരം ലഭ്യമാകേണ്ടതാണ്. വാശിയോടെ മനപ്പൂർവം മാറിനിൽക്കുന്നവരുണ്ടെങ്കിൽ അവരോട് അഭ്യർഥനാ സ്വരത്തിൽ വാക്സിനെടുക്കണമെന്ന് പറയേണ്ട കാര്യമില്ല. ഇത്തരക്കാർക്ക് തങ്ങളോടും സമൂഹത്തോടും ഉത്തരവാദിത്വമില്ല എന്നു മനസ്സിലാക്കേണ്ടി വരും.

മാസ്കും സാനിറ്റൈസറും ഉപയോഗിക്കുകയും സാമൂഹികാകലം പാലിക്കുകയും രണ്ട് ഡോസ് വാക്സിനെടുക്കുകയും ചെയ്യണമെന്നത് ലോകാരോഗ്യസംഘടനയുടെ കർശനനിർദേശമാണ്. എല്ലാ രാജ്യങ്ങളും അത് അംഗീകരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. അതിൽനിന്ന് ഒഴിഞ്ഞുനിൽക്കുകയോ അതിനെതിരേ പ്രചാരണം നടത്തുകയോ ചെയ്യുന്നത് രോഗം പരത്തുന്നതിന് തുല്യമാണ്. ലോകമാകെ കോവിഡ് മൂന്നാം തരംഗത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു. ദക്ഷിണാഫ്രിക്കയിൽ പൊട്ടിപ്പുറപ്പെട്ട ഒമിക്രോൺ വകഭേദം പത്തിലേറെ രാജ്യങ്ങളിലേക്കെത്തിക്കഴിഞ്ഞു. അതിജാഗ്രത ആവശ്യമുള്ള ഈ സന്ദർഭത്തിൽ വാക്സിനെടുക്കാതെ മാറിനിൽക്കുന്നത് കൂടുതൽ കാര്യങ്ങൾ അറിയാത്തവരാണെങ്കിൽ മനസ്സിലാക്കാം. എന്നാൽ, അങ്ങനെ മാറിനിൽക്കാനാവാത്ത, എപ്പോഴും കുട്ടികൾക്കിടയിൽ കഴിയാൻ ചുമതലപ്പെട്ട, ജ്ഞാനികളാണെന്ന് കരുതുന്നവർ വാക്സിനെടുക്കാതിരുന്നാൽ അതിനെ നിസ്സാരമായി കാണാനാവില്ല. കുട്ടികളെ ശാസ്ത്രീയ ചിന്തയിലേക്ക് നയിക്കേണ്ടവരും സമൂഹത്തെ ബോധവത്‌കരിക്കേണ്ടവരുമായ അധ്യാപകസമൂഹത്തിൽ കുറേപ്പേർ വാക്സിനെടുക്കാൻ തയ്യാറാകാതിരിക്കുന്നത് വെല്ലുവിളിയാണ്. 

വിദ്യാലയങ്ങളിൽ മുഴുവൻസമയ ക്ലാസ് തുടങ്ങാൻ പോവുകയാണ്. സർക്കാർ നിർദേശിച്ച മുന്നൊരുക്കങ്ങളെല്ലാം യഥാവിധി നടപ്പായിട്ടുണ്ടാകുമെന്ന വിശ്വാസത്തോടെയാണ് രക്ഷിതാക്കൾ കുട്ടികളെ അയക്കുന്നത്. അതുകൊണ്ട് സർക്കാർ ഇക്കാര്യത്തിൽ മൃദുസമീപനം കൈക്കൊള്ളരുത്‌. വാക്സിനെടുക്കാത്ത അധ്യാപകരും വിദ്യാലയ ജീവനക്കാരും വിദ്യാലയത്തിൽ വരുന്നില്ലെന്ന് ഉറപ്പാക്കണം. 

 

Subscribe on Youtube Subscribe Subscribe on Telegram Subscribe
Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.