ഗുണം ചോർന്നുപോയ പദ്ധതി

Published: Nov 28, 2021, 08:43 PM IST
വിദൂരകാലത്തെ സഹായപ്രഖ്യാപനമല്ല, ഇപ്പോൾത്തന്നെ തുടങ്ങുന്ന പിന്തുണയും പിൻബലവുമാണാവശ്യം. അനാഥരായ കുട്ടികളുടെ സംരക്ഷണത്തിനായി ഉപജീവന അലവൻസ് 18 വയസ്സുമുതൽ നൽകുമെന്ന് പറയുന്നത് പദ്ധതിയുടെ ഗുണം ചോർത്തിക്കളയുന്നതാണ്. ദീർഘകാല പുനരധിവാസ പദ്ധതിക്കു പുറമേ പ്രതിമാസ ഉപജീവന അലവൻസ് ഈ കുട്ടികൾക്ക് നൽകണം
editorial

കോവിഡ് മഹാമാരിയിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾ അനാഥരാകില്ലെന്ന് രാഷ്ട്രം ഉറപ്പുനൽകിയത് പരമോന്നത നീതിപീഠത്തിന്റെ തുടർച്ചയായ ഇടപെടലിനെത്തുടർന്നാണ്. കോവിഡിൽ മരിച്ചവരുടെ ആശ്രിതർക്ക് സാമ്പത്തികസഹായം ലഭ്യമാക്കിയത് സുപ്രീംകോടതിയുടെ നിരന്തരമായ ഇടപെടലിലൂടെത്തന്നെ. കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് സാമ്പത്തിക സഹായം നൽകുക സാധ്യമല്ലെന്നാണ് സർക്കാർ ആദ്യം സുപ്രീംകോടതിയെ അറിയിച്ചത്. പിന്നീട് സുപ്രീംകോടതി നിർബന്ധംപിടിച്ചതോടെ ദുരന്തനിവാരണ ഫണ്ടിൽനിന്ന് അരലക്ഷം രൂപവീതം നൽകാൻ സമ്മതിക്കുകയായിരുന്നു. മാതാപിതാക്കൾ കോവിഡ് ബാധിച്ച് മരിച്ചതിനാൽ അരക്ഷിതാവസ്ഥയിലായ കുട്ടികളെ സംരക്ഷിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദിതന്നെ മുൻകൈയെടുത്താണ് പദ്ധതി ആവഷ്കരിച്ചത്. അതിന്റെ പ്രഖ്യാപനം നടത്തുമ്പോൾ പ്രധാനമന്ത്രി പറഞ്ഞത്, കുട്ടികൾ രാഷ്ട്രത്തിന്റെ ഭാവിയെ പ്രതിനിധാനം ചെയ്യുന്നവരാണെന്നും അവരുടെ സംരക്ഷണത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്നും അതുവഴി കുട്ടികൾ കരുത്തുറ്റ പൗരരായി വളരുമെന്നുമാണ്. പക്ഷേ, പ്രഖ്യാപനത്തിലെ ദാർഢ്യവും സൗമനസ്യവും പദ്ധതി പ്രാബല്യത്തിലായപ്പോൾ ചോർന്നുപോയോ എന്ന സന്ദേഹമാണിപ്പോൾ ഉയർന്നുവരുന്നത്.

കോവിഡിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് 18 വയസ്സാകുമ്പോൾ പ്രതിമാസ അലവൻസും 23 വയസ്സാകുമ്പോൾ പത്തുലക്ഷം രൂപയും ഉറപ്പാക്കുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. സ്കൂളുകളിൽ പ്രവേശനം ലഭ്യമാക്കുന്നതിനുപുറമേ പഠനച്ചെലവ് സർക്കാർ വഹിക്കുമെന്നും പദ്ധതിയിൽ വിഭാവനംചെയ്തിട്ടുണ്ട്. പുനരധിവാസ സഹായധനമായി പറയുന്ന പത്തുലക്ഷംരൂപയോ ഉപജീവന അലവൻസിന്റെ രൂപത്തിലുള്ള പലിശയോ ഭൂരിഭാഗം കുട്ടികൾക്കും കിട്ടണമെങ്കിൽ പത്തോ പതിനഞ്ചോ കൊല്ലം കഴിയണം. കോവിഡിൽ അച്ഛനോ അമ്മയോ  മറ്റുരക്ഷിതാവോ നഷ്ടപ്പെട്ട ഒരു ലക്ഷത്തിലേറെ കുട്ടികൾ ഇന്ത്യയിലുണ്ട്. പൂർണമായും അനാഥരായ എണ്ണായിരത്തിലേറെപ്പേരും. ഈ കുട്ടികൾക്ക് അടച്ചുറപ്പുള്ള പാർപ്പിടമുണ്ടോ, അവർക്ക് അടുത്ത ബന്ധുവിന്റെ സംരക്ഷണസാധ്യതയുണ്ടോ, പ്രായപൂർത്തിയാകുന്നതുവരെ കഴിഞ്ഞുകൂടാൻ വകയുണ്ടോ എന്നെല്ലാമുള്ള വിവരങ്ങൾ സർക്കാരിന്റെ കൈയിലുണ്ടെന്നതിന് വ്യക്തതയില്ല. 23 വയസ്സാകുമ്പോൾ പത്തുലക്ഷം എന്നത് വലിയ സംഖ്യയേയല്ല, കൂടുതൽപ്പേരുടെ കാര്യത്തിലും. മാതാപിതാക്കളോ അവരിലൊരാളോ കോവിഡ് ബാധിച്ച് മരിച്ചതിന്റെ ആഘാതത്തിൽ കഴിയുന്ന കുട്ടികളാണിവർ. പ്രത്യേക പരിചരണം ആവശ്യമുള്ള അവർക്ക് ശരിയായ പുനരധിവാസം സാധ്യമാകണമെങ്കിൽ അടിയന്തരസഹായവും ഉപജീവന അലവൻസും നൽകേണ്ടതുണ്ട്. ദുരന്തനിവാരണ അതോറിറ്റി സമർപ്പിച്ചതും സുപ്രീംകോടതി അംഗീകരിച്ചതുമായ പാക്കേജിൽ സഹായധനം നൽകുന്നതിന്റെ മേൽനോട്ടച്ചുമതല എ.ഡി.എമ്മിന്റെ പദവിയുള്ള ഉദ്യോഗസ്ഥനാണ്. ഈ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ വിശദമായ പരിശോധനനടത്തി കുട്ടികൾ അനാഥരാകില്ലെന്നും അവർ അന്യതാബോധത്തിലാകില്ലെന്നും ഉറപ്പുവരുത്തുകയും വേണം. 

പാക്കേജ് പ്രഖ്യാപനത്തിൽ പ്രധാനമന്ത്രി ആമുഖമായി പറഞ്ഞതുപോലെ ആ കുട്ടികളുടെ രക്ഷാകർത്തൃത്വം പൂർണമായും രാഷ്ട്രത്തിൽ നിക്ഷിപ്തമാണെന്ന് അവർക്ക് അനുഭവവേദ്യമാകണം. കോവിഡ് ബാധിച്ച് രക്ഷിതാക്കൾ മരിച്ചതിന്റെ തീവ്രദുഃഖത്തിൽ കഴിയുന്ന എൺപതിലധികം കുട്ടികളാണ് കേരളത്തിലുള്ളത്. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പാക്കേജിനുപുറമേ സംസ്ഥാന സർക്കാർ മൂന്നുലക്ഷംരൂപ ഓരോ കുട്ടിയുടെയും പേരിൽ നിക്ഷേപിക്കുന്നുണ്ട്. ബി.പി.എൽ. പട്ടികയിലുൾപ്പെട്ട കുടുംബമാണെങ്കിൽ അടുത്ത മൂന്നുവർഷത്തേക്ക് പ്രതിമാസം 5000 രൂപ ഉപജീവന അലവൻസായി നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. വിദൂരകാലത്തെ സഹായപ്രഖ്യാപനമല്ല, ഇപ്പോൾത്തന്നെ തുടങ്ങുന്ന പിന്തുണയും പിൻബലവുമാണാവശ്യം. കോവിഡ് ബാധിച്ച് മരിച്ചവരിൽ ബി.പി.എൽ. വിഭാഗത്തിൽപ്പെട്ട ആശ്രിതർക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പ്രതിമാസ ഉപജീവന അലവൻസ് രാജ്യത്തിനാകെ മാതൃകയാണ്‌. മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിനായി ഉപജീവന അലവൻസ് 18 വയസ്സുമുതൽ നൽകുമെന്ന് പറയുന്നത് പദ്ധതിയുടെ ഗുണം ചോർത്തിക്കളയുന്നതാണ്. ദീർഘകാല പുനരധിവാസ പദ്ധതിക്കുപുറമേ ഈ സാമ്പത്തികവർഷാരംഭത്തിൽ തുടങ്ങുന്ന രീതിയിൽ പ്രതിമാസ ഉപജീവന അലവൻസ് ഈ കുട്ടികൾക്ക് നൽകണം. സംസ്ഥാനത്താകട്ടെ, ദാരിദ്ര്യരേഖയുടെ അതിർത്തി വളരെ നേരിയതാണെന്ന് തിരിച്ചറിഞ്ഞ് കുറേക്കൂടി ഉദാരമായി പദ്ധതി വിപുലപ്പെടുത്താനുമാവണം.

Subscribe on Youtube Subscribe Subscribe on Telegram Subscribe
Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.