ഒമിക്രോൺ: അതിജാഗ്രത വേണം

Published: Nov 27, 2021, 09:30 PM IST
editorial

ജാഗ്രതയും വാക്സിനേഷനുംകൊണ്ട്  മഹാമാരിയെ പ്രതിരോധിച്ച് അത്യാപത്തില്ലാതെ മുന്നോട്ടുപോകാനാകുമെന്ന ആശ്വാസത്തിലായിരുന്നു ലോകം. എന്നാൽ, 20 മാസംമുമ്പ് കൊറോണ എന്ന് കേൾക്കുമ്പോൾ ഉണ്ടായതുപോലുള്ള നടുക്കം വീണ്ടുമുണ്ടാക്കുകയാണ് ഒമിക്രോൺ എന്ന വകഭേദം. ചൈനയിലെ വുഹാൻ പ്രവിശ്യയിൽ കൊറോണ വൈറസിന്റെ വ്യാപനമുണ്ടായി ആഴ്ചകൾ കഴിഞ്ഞാണ് അത് കടലും കരയും കടന്ന് പടർന്നത്. എന്നാൽ, കൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോൺ ഒറ്റയടിക്ക് പല രാജ്യത്തും എത്തിയിരിക്കയാണ്. ദക്ഷിണാഫ്രിക്കയിൽ നൂറോളം പേർക്ക് ബാധിച്ച ഈ വൈറസ് ബോട്‌സ്വാനയിലും ബെൽജിയത്തിലും ഹോങ്കോങ്ങിലും ജർമനിയിലും മാത്രമല്ല കോവിഡ് പ്രതിരോധത്തിൽ ഒന്നാംസ്ഥാനത്തുള്ള ഇസ്രയേലിൽവരെ കടന്നെത്തി ഭീഷണിയുയർത്തുകയാണ്.  ദക്ഷിണാഫ്രിക്കയിൽനിന്ന്‌ നെതർലൻഡ്‌സിലെത്തിയ 61 പേർക്ക് ഒമിക്രോൺ ബാധിച്ചതായി കണ്ടെത്തി. 

2020 മാർച്ച് പകുതിയോടെ ലോകത്തുണ്ടായ അമ്പരപ്പിനെ ഓർമിപ്പിക്കുന്ന തരത്തിലാണ് വാർത്തകൾ വന്നുകൊണ്ടിരിക്കുന്നത്. ഇതിനകം 26 കോടി മനുഷ്യരെ ബാധിക്കുകയും 52 ലക്ഷം ജീവനെടുക്കുകയുംചെയ്ത മഹാമാരി അതിന്റെ വ്യാപനശേഷി കുറഞ്ഞെന്ന്‌ തോന്നിക്കുന്നതിനിടയിൽ വീണ്ടും ഉഗ്രരൂപം പ്രാപിക്കുകയാണ്. ഇന്ത്യയിൽ ഏറ്റവും ദുരിതവും ദുരന്തവുമുണ്ടാക്കിയ രണ്ടാംതരംഗം ഡെൽറ്റ വകഭേദത്തിന്റെ ഫലമായിട്ടായിരുന്നു. എന്നാൽ, അതിന്റെ പതിന്മടങ്ങ് പ്രഹരശേഷിയുള്ള വകഭേദമായ കൊറോണയാണ് ഇപ്പോൾ വ്യാപനം തുടങ്ങിയിട്ടുള്ളത്. എല്ലാ രാജ്യത്തെയും ഭരണകൂടങ്ങളെ ഇത് അസ്വസ്ഥമാക്കിയിട്ടുണ്ട്. വിമാനത്താവളങ്ങളിൽ അതിജാഗ്രതയ്ക്കുള്ള സംവിധാനം ഏർപ്പെടുത്തുകയും രോഗബാധയുള്ള രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാനസർവീസ് റദ്ദാക്കുകയും ചെയ്യുകയാണ്. ഡിസംബർ 15-ഓടെ അന്താരാഷ്ട്ര വിമാനസർവീസ് കോവിഡ് പൂർവകാലത്തേതുപോലെയാക്കാൻ തീരുമാനിച്ചതായിരുന്നു. എന്നാൽ, പ്രധാനമന്ത്രി ശനിയാഴ്ച വിളിച്ചുചേർത്ത ഉന്നതതലയോഗം ഇൗ തീരുമാനം പുനപ്പരിശോധിക്കാൻ നിർദേശം നൽകിയിരിക്കയാണ്. വാക്സിനേഷൻ ഇന്ത്യയിൽ ഇപ്പോഴും മെല്ലെപ്പോക്കാണ്. രണ്ടുഡോസും എടുത്തവരുടെ എണ്ണം 43.5 കോടി മാത്രമാണ്. രണ്ടാം ഡോസ് വാക്സിൻ നൽകുന്നത് ത്വരപ്പെടുത്തണമെന്ന് പ്രധാനമന്ത്രി കർശനനിർദേശം നൽകിയിട്ടുണ്ട്.  ഒമിക്രോൺ ബാധയുണ്ടായിട്ടുള്ളവരിൽ മിക്കവരും കോവിഡ് വാക്സിനെടുത്തവരാണ്. വാക്സിനെടുത്തവർക്ക് കോവിഡ് വരില്ലെന്നുറപ്പില്ല. എന്നാൽ, വാക്സിനെടുത്തവരിൽ കോവിഡ് വ്യാപനവും രോഗതീവ്രതയും മരണനിരക്കും വളരെ കുറവാണെന്നും തെളിഞ്ഞതാണ്. കേരളത്തിൽ 18-നുമേൽ പ്രായമുള്ളവരിൽ 90 ശതമാനത്തിലേറെയും ഒന്നാംഡോസ്‌ വാക്സിനെടുത്തവരാണ്. എന്നാൽ, ഒന്നാംഡോസ്‌ വാക്സിനെടുത്തവരിൽ മൂന്നിലൊന്നിലേറെപ്പേരും രണ്ടാംഡോസ്‌ വാക്സിനെടുക്കാൻ ബാക്കിയാണ്. 18 വയസ്സ് കഴിഞ്ഞവരുടെ വാക്സിനേഷൻ വേഗത്തിൽ പൂർത്തിയാക്കാൻ നടപടിയെടുക്കണം. ഇക്കാര്യത്തിൽ സന്നദ്ധപ്രവർത്തകരുടെ സഹകരണവും പ്രധാനമാണ്. 18 വയസ്സിൽ താഴെയുള്ളവർക്ക് വാക്സിൻ നൽകുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ അടിയന്തരമായി തീരുമാനമെടുക്കേണ്ടതുമുണ്ട്. 

കോവിഡ് വ്യാപനത്തിൽ ചെറിയ കുറവുവന്നതോടെ കോവിഡ് ബ്രിഗേഡ് പിരിച്ചുവിട്ട് വൊളന്റിയർമാരെ ഒഴിവാക്കുന്നതടക്കമുള്ള നടപടികളാണ് ഔദ്യോഗികമായി സ്വീകരിച്ചത്. അടച്ചിടൽ പൂർണമായും പിൻവലിച്ചത് എല്ലാവരുടെയും ആവശ്യപ്രകാരമാണ്. വിദ്യാലയങ്ങളും സിനിമാശാലകളും തുറന്നതും പൊതുഗതാഗതം പൂർണതോതിൽ പുനരാരംഭിച്ചതും ജീവിതം സാധാരണനിലയിലാകാൻ സഹായകമായിട്ടുണ്ട്. എന്നാൽ, ഔദ്യോഗികമായും പൊതുസമൂഹത്തിന്റെ ഭാഗത്തുനിന്നും വ്യക്തികളുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ട ജാഗ്രത ഇല്ലാതായിട്ടുണ്ട്. കോവിഡ് പെരുമാറ്റച്ചട്ടം പാലിക്കുന്നതിലെ ലാഘവത്വം ആപത്കരമാണെന്ന് ഒമിക്രോൺ ഭീഷണി ഒരിക്കൽക്കൂടി ഓർമിപ്പിക്കുകയാണ്.

അതേസമയം, ഒമിക്രോൺബാധ കണ്ടെത്തിയതോടെ അതിർത്തിനിയന്ത്രണം അടക്കമുള്ള നടപടികളിലേക്ക് എടുത്തുചാടുന്നത് കൂടുതൽ പ്രശ്നങ്ങളുണ്ടാക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യോജിച്ച പ്രവർത്തനത്തിലൂടെ രോഗവ്യാപനത്തെ പ്രതിരോധിക്കുകയാണാവശ്യം. ആദ്യഘട്ടത്തിലേതുപോലുള്ള അടച്ചിടൽ ഇനി അപ്രായോഗികമാണ്. വിമാനത്താവളങ്ങളിലെ പരിശോധന കർശനവും സൂക്ഷ്മവുമാക്കി പുതിയ വൈറസ് പ്രവേശനം തടയാൻ നടപടിയുണ്ടാകണം.

 

Subscribe on Youtube Subscribe Subscribe on Telegram Subscribe
Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.