ഏഴുസ്വരങ്ങളെ തഴുകിവന്ന ജാലം

Published: Nov 26, 2021, 10:13 PM IST
ബിച്ചു തിരുമലയുടെ വിയോഗം അക്ഷരലോകത്തിനും ഗാനശാഖയ്ക്കും തീരാനഷ്ടമാണ്. മലയാളിയുടെ മനസ്സിന്റെ നീലാകാശത്ത് ആ പേര് നക്ഷത്രദീപമായി എന്നും തിളങ്ങിനിൽക്കും. ആ നിത്യസ്മരണകൾക്കുമുന്നിൽ ആദരാഞ്ജലി
editorial

മാനവഹൃദയത്തിന്റെ സ്പന്ദനമറിഞ്ഞ ഗാനരചയിതാവായിരുന്നു ബിച്ചു തിരുമല. സിനിമ എന്ന ഭൂമികയിൽ ഓരോരുത്തർക്കും ഓരോ കാലമുണ്ടെന്ന്‌ പറയാറുണ്ട്, സംവിധായകനും നടനും ഗാനരചയിതാവിനും സംഗീതസംവിധായകർക്കുമെല്ലാം. പി. ഭാസ്കരനും വയലാർ രാമവർമയും ശ്രീകുമാരൻ തമ്പിയുമെല്ലാം ജ്വലിച്ചുനിന്ന എഴുപതുകളിൽ തുടങ്ങി എൺപതുകളിലും തൊണ്ണൂറുകളിലും തിളങ്ങിനിന്ന ഗാനരചനാജീവിതമാണ് ബിച്ചു തിരുമല എന്ന ശിവശങ്കരൻനായരുടേത്. മലയാളികൾ ഇന്നും നെഞ്ചേറ്റുന്ന ഒരുപിടി ഹിറ്റ് ഗാനങ്ങളുടെ ശില്പി. ഭക്തിയും പ്രണയവും വിരഹവേദനകളും  ആഘോഷവും ഹാസ്യവുമെല്ലാം സന്ദർഭോചിതമായി സന്നിവേശിപ്പിച്ച കവി.  സംഗീതഭംഗിയുള്ള വാക്കുകളും ഈണത്തിനുചേരുന്ന ശബ്ദവിന്യാസവുംകൊണ്ട് മലയാളികളുടെ ചുണ്ടിലെ നിത്യസാന്നിധ്യമായി മാറിയ പ്രതിഭ. 

യൂസഫലി കേച്ചേരിയും ഭരണിക്കാവ് ശിവകുമാറും പൂവച്ചൽ ഖാദറുമെല്ലാം വ്യത്യസ്തമായ ശൈലികളുമായി കൂടെയുണ്ടായിരുന്നു. അവർക്കൊപ്പം ബിച്ചുവും സ്വന്തമായൊരിടം നേടി. ഏതുതരം പാട്ടും വഴങ്ങുന്ന രചനാശൈലി. ‘ഏഴുസ്വരങ്ങളും...’ എഴുതിയ  വിരലുകൾതന്നെയാണ് ‘പാവാട വേണം...’ എന്നും എഴുതിയത്. ആനയും അമ്പാരിയുമില്ലാത്ത ദേവാലയമാണ് മാനവഹൃദയം എന്ന് വിഷാദതത്ത്വചിന്തയിലാഴാനും ‘പടകാളി ചണ്ഡിച്ചങ്കിരി’ എന്ന്‌ പടതുള്ളാനും ബിച്ചുവിനുമാത്രമേ കഴിയൂ. എല്ലാം വൻപ്രിയതനേടിയ പാട്ടുകൾ. നീലജലാശയത്തിലും രാകേന്ദുകിരണങ്ങളും ആസ്വാദകനെ മറ്റൊരുതലത്തിലേക്കും കൂട്ടിക്കൊണ്ടുപോയി. മാമാങ്കം പലകുറി കൊണ്ടാടിയ നിളയുടെ തീരങ്ങളിലൂടെ കേൾവിക്കാരെ നടത്തി. സന്ദർഭം ആവശ്യപ്പെടുന്ന ഏതുതരം ഗാനങ്ങളും വഴങ്ങുന്നിടത്തായിരുന്നു ബിച്ചു സിനിമാലോകത്തിന്റെ പ്രിയപ്പെട്ടവനായത്; ആസ്വാദകരുടെ ഇഷ്ടരചയിതാവായത്. അന്നത്തെ ഹിറ്റ്‌മേക്കർമാരെല്ലാം ഈ തൂലികയ്ക്കുവേണ്ടി കാത്തിരുന്നു.
പത്താംക്ലാസിൽ പഠിക്കുമ്പോൾ സഹോദരി സുശീലാദേവിക്കുവേണ്ടി എഴുതിയ ‘ചന്തമെഴുന്നൊരു പൂവേ...’ എന്ന പാട്ടിലൂടെയാണ് ഗാനരചന തുടങ്ങുന്നത്. പിന്നീട് ആകാശവാണിയിലെ ലളിതഗാനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു. എം. കൃഷ്ണൻനായരുടെ സംവിധാനസഹായിയായി സിനിമാജീവിതം ആരംഭിച്ചു. ഭജഗോവിന്ദം എന്ന സിനിമയിലൂടെ ചലച്ചിത്രഗാന രംഗത്തെത്തി.

ചിത്രം പുറത്തിറങ്ങിയില്ലെങ്കിലും ആ പാട്ട് ഹിറ്റായതോടെ ഗാനരചനയായി ഇഷ്ടതട്ടകം. ‘ബ്രാഹ്മമുഹൂർത്തത്തിൽ പ്രാണസഖീ പല്ലവി പാടിയ നേരം...’ എന്ന  ആ പാട്ടിലൂടെ വിജയരചനയുടെ കൂട്ടുകെട്ടിലേക്ക് ഈ പേരും എഴുതിച്ചേർക്കപ്പെട്ടു. പിന്നീട് മൂന്നുപതിറ്റാണ്ട് നിറഞ്ഞുനിന്ന സാന്നിധ്യം. അതിനിടയിൽ പിന്നണിപാടിയും സംഗീതസംവിധാനം നിർവഹിച്ചും ആ മേഖലയിലും സാന്നിധ്യമറിയിച്ചു. ബാബുരാജ് മുതൽ ഇങ്ങോട്ടുള്ള മിക്ക സംഗീതസംവിധായകർക്കൊപ്പവും പ്രവർത്തിച്ചു. ഏറ്റവും കൂടുതൽ പാട്ടുകൾക്ക് ഈണംനൽകിയത് ശ്യാമായിരുന്നു; ഏറ്റവും കൂടുതൽ സഹകരിച്ച സംവിധായകൻ ഐ.വി. ശശിയും. എ.ടി.ഉമ്മർ, ജെറി അമൽദേവ്, രവീന്ദ്രൻ കൂട്ടുകെട്ടുകളെല്ലാം ഹിറ്റായി. അവളുടെ രാവുകൾ എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾ ബിച്ചുവിനെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചു.

സംഗീതവിസ്മയമായ എ.ആർ. റഹ്‌മാൻ മലയാളത്തിൽ സംഗീതസംവിധാനം നിർവഹിച്ച ഒരേയൊരു ചിത്രം ‘യോദ്ധ’യ്ക്ക് പാട്ടെഴുതിയതും ബിച്ചുവാണ്. മികച്ച ഗാനരചനയ്ക്കുള്ള സംസ്ഥാനപുരസ്കാരവും നേടി. മഞ്ഞിൽവിരിഞ്ഞ പൂക്കൾ,ചെറുപ്പത്തിൽത്തന്നെ മനസ്സിൽ പതിഞ്ഞ കവിതകൾ. പരന്നവായനയിലൂടെ,  നിരീക്ഷണത്തിലൂടെ മനസ്സിൽ പതിയുന്ന പദങ്ങളും ബിംബങ്ങളും-അവയെ സംഗീതത്തിന്റെ അകമ്പടിയോടെ വിളക്കിച്ചേർക്കുന്ന രചനാതന്ത്രമായിരുന്നു അദ്ദേഹത്തിന്റേത്. വരികൾ കിട്ടാതെ ഉഴറിനിന്നപ്പോൾ മൂളിവന്ന കൊതുകിൽനിന്ന്‌ ‘ഒറ്റക്കമ്പിനാദം...’ ജനിച്ചതും പണ്ടെങ്ങോ കണ്ട പഴന്തമിഴ് എന്ന ഹോട്ടൽ ബോർഡിൽ നിന്ന്‌ ‘പഴന്തമിഴ് പാട്ടിഴയും ശ്രുതി...’യിൽ ജനിച്ചതുമെല്ലാം അദ്ദേഹംതന്നെ പറഞ്ഞിട്ടുണ്ട്. ആ പാട്ടിലെ ‘മണിച്ചിത്രത്താഴ്’ എന്ന പ്രയോഗം ചിത്രത്തിന്റെ പേരായതും നാം കേട്ടതാണ്. ബിച്ചു തിരുമലയുടെ  വിയോഗം അക്ഷരലോകത്തിനും ഗാനശാഖയ്ക്കും തീരാനഷ്ടമാണ്. മലയാളിയുടെ മനസ്സിന്റെ നീലാകാശത്ത് ആ പേര് നക്ഷത്രദീപമായി എന്നും തിളങ്ങിനിൽക്കും. ആ നിത്യസ്മരണകൾക്കുമുന്നിൽ ആദരാഞ്ജലി.

Subscribe on Youtube Subscribe Subscribe on Telegram Subscribe
Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.