ഉയരുന്ന അസമത്വം

Published: Nov 25, 2021, 10:37 PM IST
സമൂഹത്തിന്റെ താഴേത്തട്ടിൽ തൊഴിലില്ലായ്മ രൂക്ഷമായിരിക്കുകയാണ്. ഇനി തൊഴിലുള്ളവരുടെ കാര്യമെടുത്താൽപോലും അവരുടെ വരുമാനം വൻതോതിൽ കുറഞ്ഞു
editorial

കോവിഡ് മഹാമാരിയുടെ താണ്ഡവം തുടങ്ങി ഏതാണ്ട് രണ്ടുവർഷം പിന്നിടുമ്പോൾ ലോകം അഭിമുഖീകരിക്കുന്നത് ചരിത്രത്തിലെ ഏറ്റവുംവലിയ സാമ്പത്തിക  അസമത്വത്തെയാണ്. പട്ടിണിപ്പാവങ്ങൾ കൂടുതൽ ദരിദ്രരായിമാറുമ്പോൾ  ശതകോടീശ്വരന്മാരുടെ സമ്പത്ത് വൻതോതിൽ പെരുകുകയാണ്. ഒരുവശത്ത് ദരിദ്രരുടെ എണ്ണംകൂടുമ്പോൾ മറുവശത്ത് ശതകോടീശ്വരന്മാരുടെ എണ്ണവും ഉയരുന്നു. ഇന്ത്യ അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്‌. ഈവർഷം ആഗോള സാമ്പത്തികവളർച്ച  ആറുശതമാനത്തിനടുത്തായിരിക്കുമെന്നാണ് അന്താരാഷ്ട്ര നാണയനിധിയുടെ വിലയിരുത്തൽ. സാമ്പത്തികപ്രതിസന്ധി കഴിഞ്ഞുള്ള കാലയളവ് എടുത്താൽ ഇത് ഭേദപ്പെട്ട വളർച്ചയാണ്. സമൂഹത്തിന്റെ താഴെത്തട്ടിൽ തൊഴിലില്ലായ്മ രൂക്ഷമായിരിക്കുകയാണ്. ഇനി തൊഴിലുള്ളവരുടെ കാര്യമെടുത്താൽപോലും അവരുടെ വരുമാനം വൻതോതിൽ കുറഞ്ഞു. രൂക്ഷമായി ഉയരുന്ന വിലക്കയറ്റമാണ് മറ്റൊരു വെല്ലുവിളി. വരുമാനം കുറയുകയുംചെയ്തു, ചെലവ് താങ്ങാനാകാത്ത നിലയിലേക്ക് ഉയരുകയുംചെയ്യുന്നു. ഇന്ത്യയിലാകട്ടെ നോട്ട്‌ അസാധുവാക്കലിൽ തുടങ്ങി ഇങ്ങോട്ടുള്ള പീഡാനുഭവങ്ങളിൽ മധ്യവർഗവും സാധാരണക്കാരും ഞെരിഞ്ഞമർന്നു. 

സമ്പന്നരാജ്യങ്ങളിൽപോലും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ സ്ഥിതി ദയനീയമാണ്. യു.എസ്. തൊഴിൽവകുപ്പിന്റെ കണക്കുപ്രകാരം ഇക്കഴിഞ്ഞ ഓഗസ്റ്റിൽമാത്രം 43 ലക്ഷം തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുകയോ സ്വയം ഉപേക്ഷിക്കുകയോ ചെയ്തിട്ടുണ്ട്. അതിനിടെ, ചിപ്പുകൾ ഉൾപ്പെടെയുള്ള അസംസ്കൃതവസ്തുക്കളുടെ ദൗർലഭ്യം കാര്യങ്ങൾ കൂടുതൽ ദുഷ്കരമാക്കുകയാണ്. നിത്യോപയോഗസാധനങ്ങൾമുതൽ കാറുകളുടെയും ഗൃഹോപകരണങ്ങളുടെയുംവരെ ഉത്പാദനം ഇതുമൂലം താറുമാറായി. ക്രൂഡോയിൽ വിലവർധന, ഊർജപ്രതിസന്ധി, കണ്ടെയ്‌നർ ക്ഷാമം, തുറമുഖങ്ങളിലെ കാലതാമസം എന്നിവയാണ് മറ്റുവെല്ലുവിളികൾ. ഇതിന്റെയെല്ലാം ഫലം വൻതോതിലുള്ള വിലക്കയറ്റമായിരിക്കും. ഇത്, തിരിച്ചടിയുണ്ടാക്കുന്നത് പാവപ്പെട്ടവർക്കുതന്നെ.
ലോകത്തെ ശതകോടീശ്വരന്മാരുടെ സമ്പത്തിൽ 2020 മാർച്ച് 28മുതലുള്ള ഒരു വർഷക്കാലയളവിൽ 4.35 ലക്ഷം കോടി ഡോളറിന്റെ വർധനയാണുണ്ടായത്. ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തികശക്തിയായ ഇന്ത്യയുടെ ദേശീയവരുമാനമായ 2.5 ലക്ഷം കോടി ഡോളറിനെക്കാൾ ഏറെക്കൂടുതലാണിത്. ലോകത്തിലെ ഏറ്റവുംവലിയ സമ്പന്നനും ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണിന്റെ സ്ഥാപകനുമായ ജെഫ് ബെസോസിന്റെ കമ്പനിയിലെ ഓഹരിമൂല്യം 8600 കോടി ഡോളറാണ് കുതിച്ചുയർന്നത്. 87 ശതമാനമാണ് വളർച്ച. 

ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ സമ്പത്തിലും വലിയ വളർച്ചയുണ്ടായിട്ടുണ്ട്. ഇന്ത്യക്കാരിൽ ഏറ്റവുംസമ്പന്നനും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ മുകേഷ് അംബാനിയുടെ സമ്പത്ത് കോവിഡ് കാലയളവിൽ ഇരട്ടിയിലേറെയായി ഉയർന്ന് 9500 കോടി ഡോളറിലെത്തി. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെ സമ്പത്ത് 8300 കോടി ഡോളറിന് മുകളിലെത്തി. 2020 മാർച്ചിലെ ലോക്ഡൗണിനുശേഷം നാൽപ്പതിലേറെ പേരാണ് ഇന്ത്യയിൽനിന്ന് ശതകോടീശ്വരപ്പട്ടികയിലേക്ക് കയറിയത്. മരുന്നുനിർമാണം, ഇ-കൊമേഴ്‌സ്, ടെലികോം പോലുള്ള മേഖലകളിലെ കമ്പനികൾ വൻതോതിലാണ് സമ്പത്ത്‌ ഉയർത്തിയത്.കോവിഡിന്റെ തുടക്കത്തിൽ തകർന്നടിഞ്ഞ ഓഹരിവിപണികൾ പെട്ടെന്ന് തിരിച്ചുകയറുകയും റെക്കോഡ് ഉയരത്തിലെത്തുകയും ചെയ്തതാണ് ഇത്തരത്തിൽ സമ്പത്ത് വർധിക്കാനിടയാക്കിയത്. ഉയർന്നവരുമാനക്കാരായ ചെറുപ്പക്കാർക്ക് കോവിഡ് നിയന്ത്രണങ്ങൾ കാരണം വീട്ടിലിരുന്നു ജോലിചെയ്യാൻ അവസരമുണ്ടായതോടെ ജീവിതച്ചെലവ് കുറഞ്ഞിരുന്നു. ഇതോടെയുണ്ടായ അധികധനം ഓഹരിവിപണിയിലേക്ക് ഒഴുക്കിയതാണ് ശതകോടീശ്വരന്മാർക്ക് നേട്ടമായത്. യു.എസ്. പോലുള്ള സാമ്പത്തികശക്തികൾ പ്രതിസന്ധിയിൽനിന്ന് കരകയറാൻ ഉത്തേജനപാക്കേജുകളിലൂടെ വൻതോതിൽ പണമൊഴുക്കിയതും വിപണിക്ക് അനുകൂലമായി.

നിലവിലെ അനുകൂലസാഹചര്യം കണക്കിലെടുത്ത് കൂടുതൽ നിക്ഷേപം നടത്താൻ ശതകോടീശ്വരന്മാർ തയ്യാറായാൽ അത് തൊഴിലവസരങ്ങൾ വർധിപ്പിക്കുകയും വീണ്ടും സമ്പദ്ഘടനയിൽ ചലനമുണ്ടാക്കുകയുംചെയ്യും. എന്നാൽ, കോവിഡ് കാലത്ത് ഓഹരിവില കൂടിയതുവഴിയുണ്ടാക്കിയ നേട്ടം നിക്ഷേപിക്കാതിരുന്നാൽ അത് സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം വീണ്ടും ഉയർത്തും. എന്നാൽ, നോട്ട്‌ അസാധുവാക്കലും വിലക്കയറ്റവും കോവിഡും കാരണം വരുമാനവും തൊഴിലും നഷ്ടമായ ഇന്ത്യയിലെ സാധാരണക്കാരുടെ ഭാവി ഒരു ചോദ്യചിഹ്നമായി തുടരുകയാണ്. ഇതിന് ഉത്തരം പറയേണ്ടതും പരിഹാരമുണ്ടാക്കേണ്ടതും ഭരണാധികാരികളും അവരുടെ നയങ്ങളുമാണ്.

 

Subscribe on Youtube Subscribe Subscribe on Telegram Subscribe
Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.