സഹകരണപ്രസ്ഥാനങ്ങൾക്ക്‌ വിലങ്ങിടരുത്‌

Published: Nov 23, 2021, 10:25 PM IST
ഒറ്റപ്പെട്ട പിഴവുകളും ക്രമക്കേടും മറ്റും ചൂണ്ടിക്കാട്ടി ഒരു മഹദ്പ്രസ്ഥാനത്തെ താഴ്ത്തിക്കെട്ടാൻ ശ്രമിച്ചാൽ എല്ലാ പൊതുസ്ഥാപനത്തിനും അത് ബാധകമാകുമെന്നോർക്കണം
editorial

ഗ്രാമസ്വരാജ് എന്ന ലക്ഷ്യം തുടക്കത്തിലേ ഉയർത്തിപ്പിടിക്കുന്ന രാജ്യത്ത് ഗ്രാമീണ സാമ്പത്തികപ്രവർത്തനത്തിന്റെ നട്ടെല്ലുതന്നെയാണ് സഹകരണപ്രസ്ഥാനം. മറ്റു മിക്ക സംസ്ഥാനങ്ങളെക്കാളും കേരളത്തിൽ ഗ്രാമവികസനം സാധ്യമായതും മാനവവികസനസൂചികയിൽ കേരളം മുന്നിലെത്തിയതും ഉയർന്ന ബാങ്കിങ് സാന്ദ്രതകൊണ്ടുകൂടിയാണ്. പ്രാഥമിക കാർഷിക സഹകരണസംഘങ്ങളാണ് ഏത് ഉൾനാട്ടിലും ബാങ്കിങ് സേവനം എത്തിച്ചത്. അത്തരത്തിൽ ഉദാത്തമായ സ്ഥാനം കൈവരിച്ച പ്രാഥമിക സഹകരണമേഖലയെ പലവിധേന വരിഞ്ഞുമുറുക്കുന്ന സമീപനം കേന്ദ്രസർക്കാർ നയത്തിന്റെ ഫലമായി അടുത്തകാലത്ത് ശക്തമായിട്ടുണ്ട്. അതിൽ ഏറ്റവും ഒടുവിലത്തേതാണ് റിസർവ് ബാങ്ക്, നിക്ഷേപകർക്ക് മുന്നറിയിപ്പെന്ന നിലയിൽ കഴിഞ്ഞദിവസം നൽകിയ നിർദേശം. 2020 സെപ്റ്റംബർ 29-ന് പ്രാബല്യത്തിൽവന്ന ബാങ്കിങ് നിയന്ത്രണനിയമ ഭേദഗതി ഓർമിപ്പിച്ചുകൊണ്ട് പ്രാഥമിക കാർഷിക സഹകരണസംഘങ്ങൾ ബാങ്ക് എന്ന പേരുപയോഗിക്കുകയോ ബാങ്കിങ് പ്രവർത്തനം നടത്തുകയോ ചെയ്യരുതെന്ന നിയമം ലംഘിക്കുന്നതായാണ് റിസർവ് ബാങ്ക് പറയുന്നത്. ദീർഘകാലമായുള്ള തർക്കത്തിന്റെയും വിവാദത്തിന്റെയും തുടർച്ചയാണിത്. വോട്ടവകാശമുള്ള അംഗങ്ങളിൽനിന്നല്ലാതെ നോമിനൽ, അസോസിയേറ്റ് അംഗങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിക്കരുതെന്ന വിലക്ക് രാജ്യത്തെ, പ്രത്യേകിച്ച് കേരളത്തിലെ സഹകരണമേഖലയെ തകർക്കാൻ ലക്ഷ്യമിട്ടാണെന്നു പറയേണ്ടിവരും. സഹകരണസംഘങ്ങൾ ബാ­ങ്കിങ് പ്രവർത്തനം നടത്തരുതെന്നും നോമിനൽ-അസോസിയേറ്റ് അംഗങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിക്കരുതെന്നും  വന്നാൽ ഗ്രാമീണസമ്പദ്ഘടന പാടേ തകരുകയാവും ഫലം. സഹകരണമേഖലയിൽ വരേണ്ട നിക്ഷേപം സ്വകാര്യബാങ്കുകളിലേക്കും മറ്റും വഴിമാറിയാൽ സഹകരണസംഘങ്ങൾക്ക് സാധാരണക്കാർക്ക് വായ്പ നൽകാനാവില്ല. 

സംസ്ഥാനത്തെ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളെ ക്ഷീണിപ്പിക്കാൻ ആദായനികുതി വകുപ്പ് സ്വീകരിച്ച നടപടികളും അതിനായി സഹകരണ നിയമത്തിന് നൽകിയ തെറ്റായ വ്യാഖ്യാനവും ഈ വർഷം ജനുവരിയിൽ സുപ്രീംകോടതി നിരാകരിച്ചതാണ്. സഹകരണം സംസ്ഥാന അധികാരത്തിൽ വരുന്ന വിഷയമാണ്. സംസ്ഥാന നിയമസഭ പാസാക്കിയ സഹകരണ നിയമപ്രകാരം സഹകരണ രജിസ്ട്രാറാണ് സംഘങ്ങൾക്ക് അംഗീകാരം നൽകുന്നത്. അതിലെ അംഗത്വത്തിന്റെ കാര്യത്തിൽ ആ നിയമമാണ് അന്തിമം. സഹകരണ സംഘങ്ങൾ നോമിനൽ മെമ്പർമാർക്ക് നൽകിയ വായ്പയും ആദായനികുതി ചട്ടത്തിലെ 80 p(2)  അനുച്ഛേദപ്രകാരം ഇളവിന് അർഹമാണ് എന്ന് സുപ്രീംകോടതി വ്യക്തമാക്കിയതാണ്. അംഗങ്ങളല്ലാത്തവർക്കും വായ്പയും നിക്ഷേപവും അനുവദിക്കുന്ന കേരള സഹകരണ ചട്ടം എടുത്തുകാട്ടി അംഗീകരിച്ചാണ് ജസ്റ്റിസുമാരായ രോഹിങ്ടൺ നരിമാനും നവീൻ സിൻഹയും കെ.എം. ജോസഫുമടങ്ങിയ ബെഞ്ച് വിധിപറഞ്ഞത്. സുപ്രധാനമായ ആ വിധിയുടെ താത്‌പര്യത്തിന് കടകവിരുദ്ധമാണ് റിസർവ് ബാങ്ക് നൽകുന്ന മുന്നറിയിപ്പുകൾ.

1700-ഓളം പ്രാഥമിക വായ്പസംഘങ്ങളടക്കം പതിനയ്യായിരത്തിലധികം സഹകരണസംഘങ്ങൾ പ്രവർത്തിക്കുന്ന സംസ്ഥാനത്ത് കരുവന്നൂർ സഹകരണബാങ്കുപോലുള്ള പുഴുക്കുത്തുകൾ ചിലതുണ്ട്‌. രാഷ്ട്രീയ അതിപ്രസരംകൊണ്ടുള്ള പേരുദോഷവുമുണ്ട്. എന്നാൽ, അതിനെല്ലാമുള്ള തിരുത്തൽസംവിധാനവും സുശക്തമാണ്. സഹകരണബാങ്കുകളിൽ മാത്രമല്ല, വാണിജ്യബാങ്കുകളിലും കുംഭകോണം നടക്കുന്നതിന്റെ തെളിവായിരുന്നില്ലേ പഞ്ചാബ് നാഷണൽ ബാങ്കിൽ നടന്ന പന്തീരായിരത്തോളം കോടിയുടെ തട്ടിപ്പ്. ഒറ്റപ്പെട്ട പിഴവുകളും ക്രമക്കേടും മറ്റും ചൂണ്ടിക്കാട്ടി ഒരു മഹദ്പ്രസ്ഥാനത്തെ താഴ്ത്തിക്കെട്ടാൻ ശ്രമിച്ചാൽ എല്ലാ പൊതുസ്ഥാപനങ്ങൾക്കും അത് ബാധകമാകുമെന്നോർക്കണം. 

Subscribe on Youtube Subscribe Subscribe on Telegram Subscribe
Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.