രാജ്യസുരക്ഷ പ്രധാനം, സ്വകാര്യതയും

Published: Oct 27, 2021, 09:04 PM IST
പലതവണ അവസരം നൽകിയിട്ടും പെഗാസസിനെക്കുറിച്ച് വ്യക്തമായ മറുപടി നൽകാൻ കേന്ദ്രം തയ്യാറാവാത്തതുകൊണ്ടാണ് ഇങ്ങനെയൊരു ഉത്തരവിറക്കേണ്ടിവന്നതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത് സർക്കാരിന് ക്ഷീണമായി. വിദഗ്ധസമിതിയെവെക്കാൻ നിർബന്ധിതമായത് എന്തുകൊണ്ടാണെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്
editorial

സമീപകാലത്ത് നിയമരംഗത്തും അല്ലാതെയും ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെടുന്ന വിഷയമാണ് സ്വകാര്യത. പ്രശസ്തമായ ആധാർ കേസിൽ സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീംകോടതിയുടെ സുപ്രധാനവിധിയിൽ വ്യക്തമാക്കുകയും ചെയ്തു. അവിടെയും തീർന്നില്ല കാര്യങ്ങൾ. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും ഭരണകൂടത്തിന്റെ നിരീക്ഷണവും തുടർച്ചയായി വാർത്തകളിൽ നിറഞ്ഞു. അതിൽ ഏറ്റവും വ്യാപ്തിയുള്ള വിഷയമായിരുന്നു പെഗാസസ് എന്ന ഇസ്രയേലി ചാര സോഫ്റ്റ്‌വേർ ഉപയോഗിച്ച് ഭരണകൂടം സ്വന്തം പൗരരെ നിരീക്ഷിച്ചുവെന്ന ആരോപണം. പ്രതീക്ഷിച്ചതുപോലെത്തന്നെ വിഷയം പരമോന്നത നീതിപീഠത്തിനു മുന്നിലെത്തുകയും ചെയ്തു.

പൗരരെ നിരീക്ഷിച്ചതായ ആരോപണങ്ങളിൽ ഭരണകൂടം ഉന്നയിക്കുന്ന സ്ഥിരം വാദമാണ് രാജ്യസുരക്ഷ, രാജ്യതാത്പര്യം എന്നിവ. പെഗാസസ് കേസിലും അതുതന്നെ സംഭവിച്ചെങ്കിലും അതിനെ പൂർണമായും മുഖവിലയ്ക്കെടുക്കാൻ സുപ്രീംകോടതി തയ്യാറായില്ലെന്ന് വ്യക്തമാക്കുന്നതാണ് ബുധനാഴ്ചത്തെ ഉത്തരവ്. പെഗാസസ് ആരോപണം അന്വേഷിക്കാൻ തങ്ങൾ വിദഗ്ധസമിതിയെ വെക്കാമെന്നും അവർക്കുമുന്നിൽ മാത്രം വിവരങ്ങൾ വെളിപ്പെടുത്താമെന്നുമായിരുന്നു കേന്ദ്രനിലപാട്. വിദഗ്ധസമിതിയുടെ റിപ്പോർട്ട് സുപ്രീംകോടതിക്ക് പരിശോധിക്കാം. അല്ലാതെ ഒരു സോഫ്റ്റ്‌വേർ ഉപയോഗിച്ചിട്ടുണ്ടോ ഇല്ലയോ എന്നു പറയുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്ന് കേന്ദ്രം വാദിച്ചു. ഒരു രാജ്യവും അതു ചെയ്യാറില്ലെന്നും സർക്കാർ പറഞ്ഞു. എന്നാൽ, ഈ വാദം തള്ളിക്കൊണ്ടാണ് ഹർജിക്കാർ ആവശ്യപ്പെട്ടതുപോലെ സുപ്രീംകോടതിയുടെതന്നെ മേൽനോട്ടത്തിൽ വിദഗ്ധസമിതിയെ നിയോഗിച്ചത്.

കാനഡയിലെ ടൊറന്റോ യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട സിറ്റിസൻ ലാബ് 2018 സെപ്റ്റംബറിൽ പുറത്തുവിട്ട റിപ്പോർട്ടിൽ, ഇസ്രയേൽ കമ്പനിയായ എൻ.എസ്.ഒ. ഗ്രൂപ്പിന്റെ ചാരസോഫ്‌റ്റ്‌വേറായ പെഗാസസിനെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. നാൽപ്പത്തിയഞ്ച് രാജ്യങ്ങളിലെ വ്യക്തികൾ ഇതിന്റെ ഇരകളായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ റിപ്പോർട്ടിനെത്തുടർന്ന് ലോകവ്യാപകമായി വലിയ നടപടികളുണ്ടായി. ചില വിദേശരാജ്യങ്ങൾ ഇസ്രയേൽ സർക്കാരുമായി നയതന്ത്രതലത്തിൽ ബന്ധപ്പെട്ട് വസ്തുത അന്വേഷിച്ചു. മറ്റുചില രാജ്യങ്ങൾ സ്വന്തംനിലയ്ക്ക് അന്വേഷണം തുടങ്ങി. എന്നാൽ, നമ്മുടെ സർക്കാർ നടപടിയൊന്നും എടുത്തില്ല, അഥവാ എടുത്തകാര്യം അറിയിച്ചിട്ടില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

പട്ടികയിൽ ഫോൺ നമ്പർ ഉണ്ട് എന്നതുകൊണ്ട് അവ ചോർത്തപ്പെട്ടുവെന്ന് പറയാനാവില്ലെന്ന് ആംനസ്റ്റി തന്നെ വ്യക്തമാക്കുന്നുണ്ടെന്നാണ് സർക്കാർ വാദം. പലതവണ അവസരം നൽകിയിട്ടും പെഗാസസിനെക്കുറിച്ച് വ്യക്തമായ മറുപടി നൽകാൻ കേന്ദ്രം തയ്യാറാവാത്തതുകൊണ്ടാണ് ഇങ്ങനെയൊരു ഉത്തരവിറക്കേണ്ടിവന്നതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത് സർക്കാരിന് ക്ഷീണമായി. വിദഗ്ധസമിതിയെ വെക്കാൻ നിർബന്ധിതമായത് എന്തുകൊണ്ടാണെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

സ്വകാര്യതയ്ക്കും അഭിപ്രായസ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തെ ബാധിച്ചുവെന്ന ആരോപണം പരിശോധിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞു. മുഴുവൻ പൗരരെയും ബാധിക്കുന്ന വിഷയമാണിത്. വിഷയത്തിന്റെ ഗൗരവം വിദേശരാജ്യങ്ങളും അംഗീകരിച്ചതാണ്. കേന്ദ്രത്തിനോ സംസ്ഥാന സർക്കാരുകൾക്കോ ഇതിൽ പങ്കുണ്ടായേക്കാമെന്ന ആരോപണം നിലനിൽക്കുന്നതുകൊണ്ടാണ് സുപ്രീംകോടതിതന്നെ സ്വന്തംനിലയ്ക്ക് സമിതിയെവെച്ചത്. പെഗാസസ് ഉപയോഗിച്ചോയെന്നും ഉണ്ടെങ്കിൽ അതിന് ഇരകളായത് ആരെല്ലാമാണെന്നും മാത്രമല്ല സമിതി അന്വേഷിക്കേണ്ടതെന്ന് ഉത്തരവിൽ പറയുന്നു. വിശാലമായ ദൗത്യമാണ് സമിതിയെ ഏൽപ്പിച്ചിരിക്കുന്നത്. സൈബർ സുരക്ഷ, സ്വകാര്യത, നിരീക്ഷണം തുടങ്ങിയ വിഷയങ്ങളിൽ പുതിയ നിയമനിർമാണമോ ഭേദഗതിയോ ആവശ്യമാണോ എന്നുവരെ സമിതി ശുപാർശചെയ്യണമെന്ന് സുപ്രീംകോടതി പറഞ്ഞുവെച്ചതുവഴി എത്രമാത്രം ഗൗരവത്തിലാണ് ഈ വിഷയത്തെ പരമോന്നത നീതിപീഠം കാണുന്നതെന്ന് ബോധ്യമാകും.

 

Subscribe on Youtube Subscribe Subscribe on Telegram Subscribe
Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.