മുല്ലപ്പെരിയാറിൽ സമവായം വേണം

Published: Oct 26, 2021, 10:40 PM IST
ചർച്ചകളിലൂടെ ഇരു സംസ്ഥാനത്തെയും ജനങ്ങൾക്ക് ആശ്വാസമാവുന്ന തീരുമാനം ഉണ്ടാകുമെന്ന് പ്രത്യാശിക്കാം
editorial

മുല്ലപ്പെരിയാർ അണക്കെട്ട് വീണ്ടും ചർച്ചകളിൽ സജീവമാകുകയാണ്. യുെെണറ്റഡ് നേഷൻസ് യൂണിവേഴ്‌സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ എൻവയോൺമെന്റ് ആൻഡ് ഹെൽത്തിന്റെ, ‘പഴക്കമേറിയ ജലസംഭരണികൾ, ഉയർന്നുവരുന്ന ഭീഷണികൾ’ എന്ന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണിത്. കേരളത്തെ ഉലയ്ക്കുന്ന അതിവർഷവും അണകളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതും  അതിന് ഗൗരവംനൽകി. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട്‌ വേണമെന്ന്‌ കേരള ഗവർണർ പ്രസ്താവിച്ചത് പ്രശ്നത്തിന് ഔദ്യോഗികമാനം കൊണ്ടുവന്നു. അണക്കെട്ടിന്റെ സുരക്ഷയുടെ കാര്യത്തിൽ തെറ്റിദ്ധാരണജനകമായ വാർത്തകൾ പരത്തിയാൽ നടപടി സ്വീകരിക്കുമെന്ന്‌  മുഖ്യമന്ത്രി മുന്നറിയിപ്പുനൽകിയിട്ടുണ്ട്. എന്തായാലും മുല്ലപ്പെരിയാർ ഉന്നതതലസമിതിയോഗത്തിൽ ജലനിരപ്പ്‌ 137അടിയായി നിലനിർത്തണമെന്ന്‌ കേരളം ആവശ്യപ്പെട്ടിട്ടുണ്ട്‌. 142അടി എന്നാണ്‌ തമിഴ്‌നാടിന്റെ ആവശ്യം.

136 അടിയും കടന്ന് മുല്ലപ്പെരിയാറിലെ ജലനിരപ്പിനൊപ്പം ആശങ്കയും ഉയരുമ്പോൾ അതു കണ്ടില്ലെന്നുനടിക്കാൻ ഒരു ജനതയ്ക്കും ഭരണകൂടത്തിനും സാധിക്കില്ല. മുല്ലപ്പെരിയാറിലെ ഇപ്പോഴത്തെ ജലനിരപ്പ് ആശങ്കയുണ്ടാക്കുന്നതാണെന്ന് സുപ്രീംകോടതിയും വിലയിരുത്തിയിട്ടുണ്ട്. അണക്കെട്ടുസംബന്ധിച്ച കാര്യങ്ങൾ നിരീക്ഷിക്കാൻ ചുമതലപ്പെടുത്തിയിട്ടുള്ള മേൽനോട്ടസമിതിയോട് ഇതുസംബന്ധിച്ച് ഉടൻ തീരുമാനമെടുക്കാൻ കോടതി ആവശ്യപ്പെട്ടിരിക്കയാണ്. കേരളത്തിന്റെ ആശങ്കയും അണക്കെട്ടിന്റെ അപകടസാധ്യതയും കണക്കിലെടുത്ത് തീരുമാനമറിയിക്കാനാണ് സമിതിയോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. 1895 ഫെബ്രുവരിയിൽ പണിതീർത്തതാണ് മുല്ലപ്പെരിയാർ അണക്കെട്ട്. അന്നത്തെ നിർമാണ സാങ്കേതികവിദ്യയുടെ മേന്മകൊണ്ടാണ് അണക്കെട്ട് ഇപ്പോഴും വലിയ സമ്മർദം താങ്ങിനിൽക്കുന്നത്. പക്ഷേ, അത് എന്നുവരെയെന്ന ചോദ്യമാണ് കുറെനാൾമുമ്പ് തുടങ്ങിയ ആശങ്കയുടെ അടിസ്ഥാനം. അണക്കെട്ടിന്റെ സുരക്ഷിതത്വം പരിശോധിച്ച വിദഗ്ധസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജലനിരപ്പുയർത്താമെന്ന് കോടതി വിധിച്ചത്. അതേസമയം, പല വിദഗ്ധ ഏജൻസികളുടെയും കണ്ടെത്തലുകളെ അവഗണിച്ചാണ് ഈ തീരുമാനത്തിലെത്തിയതെന്ന കാര്യവും നാം ഓർക്കേണ്ടതുണ്ട്.  

125 വർഷംമുമ്പത്തെ അണക്കെട്ടുനിർമാണ സാധനങ്ങളും അറിവും സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് ഈ അണക്കെട്ട് നിർമിച്ചിട്ടുള്ളത്. ഇപ്പോൾ നാം കാണുന്ന അണക്കെട്ട് ഒരൊറ്റ നിർമിതിയല്ല. പലകാലത്ത്, പലതരം വസ്തുക്കൾകൊണ്ട്, ബലപ്പെടുത്തിയതാണത്. ഇന്നത്തെ അണക്കെട്ടുകൾക്ക് കൊടുക്കുന്നപോലുള്ള എക്സ്പാൻഷൻ ജോയന്റുകളൊന്നും ഇതിനില്ല. മുഴുവൻ ഒറ്റ ബ്ലോക്കാണ്. അണക്കെട്ടിന്റെ മുന്നിൽ, ജലാശയത്തെ തൊട്ടിരിക്കുന്ന ഭാഗത്ത്, സുർക്കിയും ചുണ്ണാമ്പും ചേർത്തുണ്ടാക്കിയ ചാന്ത് ഉപയോഗിച്ചുള്ള റബിൾ മേസൺറിയാണ്. സിമന്റല്ല. അതിന്‌ തൊട്ടുപിന്നിൽ ചുണ്ണാമ്പും സുർക്കിയും കല്ലും ചേർത്തുള്ള കോൺക്രീറ്റ്. അതിനുപിന്നിൽ വീണ്ടും സുർക്കിയും ചുണ്ണാമ്പും ചേർത്തുണ്ടാക്കിയ ചാന്ത് ഉപയോഗിച്ചുള്ള റബിൾ മേസൺറി. അതിനുശേഷം ഗ്രൗട്ട്ചെയ്ത് അടയ്ക്കാത്ത നേരിയ വിടവ്. അതിനുപിന്നിൽ പുതിയ കോൺക്രീറ്റ്. ഇവ തമ്മിൽ ചേരില്ല. അതാണ് സുരക്ഷിതമല്ലെന്നുപറയുന്നതിന്റെ പ്രധാന കാരണം.

മുല്ലപ്പെരിയാർ വെള്ളംകൊണ്ട് തമിഴ്‌നാട് അഞ്ചുജില്ലകളിലെ തരിശിടങ്ങളെ കൃഷിയിടങ്ങളാക്കി. വെള്ളത്തിന്റെ വില കേരളീയരെക്കാൾ അറിയുന്നവരാണ് തമിഴ്‌നാട്ടുകാർ. മുല്ലപ്പെരിയാർ അവർക്ക് വലിയ വൈകാരിക പ്രശ്നമാവുന്നതും അതുകൊണ്ടാണ്. പുതിയ അണക്കെട്ട് നിർമിച്ചാലും അവർക്ക് ആവശ്യമുള്ള വെള്ളം കൊടുക്കാമെന്ന് കേരളം എന്നും സമ്മതിച്ചിട്ടുള്ളതാണ്. അത് സുപ്രീംകോടതിയെയും ബോധ്യപ്പെടുത്തിയിരുന്നു. എന്നാൽ, പുതിയ അണക്കെട്ടുവന്നാൽ പുതിയ കരാറുണ്ടാകുമെന്നും അത് തങ്ങൾക്ക് ദോഷകരമാവുമെന്നും തമിഴ്‌നാട് ഭയക്കുന്നു. അണക്കെട്ടിന്മേലുള്ള നിയന്ത്രണം പൂർണമായും നഷ്ടപ്പെടുമെന്ന ആശങ്കയും അവർക്കുണ്ട്.  ഒടുവിലത്തെ വിധിക്കുശേഷം സുപ്രീംകോടതി നിയോഗിച്ച മേൽനോട്ടസമിതി വേണ്ടതരത്തിലല്ല ഇടപെടലുകൾ നടത്തുന്നതെന്ന ആക്ഷേപം കേരളത്തിനുണ്ട്. ഇതിനിടയിലാണ് തുടർച്ചയായ മഴ കേരളത്തെ പ്രശ്നത്തിലാക്കുന്നത്. മുല്ലപ്പെരിയാറിനെ സംബന്ധിച്ച കെട്ടുകഥകൾകൊണ്ട് സാമൂഹിക മാധ്യമങ്ങളിലൂടെ ചിലർ ഭീതിപരത്തുകയും ചെയ്യുന്നു. എന്തായാലും അണക്കെട്ടിന്റെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്ക കേരളത്തിന്റെ തലവേദനയാണ്. അതു പരിഹരിക്കാൻ അനുകൂലമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. തമിഴ്‌നാട് സർക്കാരുമായി കേരളത്തിന് ഇപ്പോൾ നല്ല ബന്ധമുണ്ട്. പുതിയ അണക്കെട്ടാണ് കേരളത്തിനുവേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിട്ടുണ്ട്. ചർച്ചകളിലൂടെ ഇരു സംസ്ഥാനത്തെയും ജനങ്ങൾക്ക് ആശ്വാസമാവുന്ന തീരുമാനം ഉണ്ടാകുമെന്ന് പ്രത്യാശിക്കാം. ചർച്ചയിൽ പ്രതീക്ഷയുണ്ടെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞിട്ടുള്ളത്; ആ പ്രതീക്ഷയാണ് ജനങ്ങൾക്കും. 

Subscribe on Youtube Subscribe Subscribe on Telegram Subscribe
Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.