കുട്ടികളുടെ യാത്രാസൗകര്യം ഉറപ്പാക്കണം

Published: Oct 25, 2021, 10:05 PM IST
യാത്രാസൗകര്യമൊരുക്കുന്ന കാര്യത്തിൽ പ്രായോഗികമായ നടപടികൾ സ്വീകരിക്കുന്നില്ലെങ്കിൽ സ്കൂൾതുറക്കലെന്നത് ചടങ്ങുമാത്രമാവും. പരമാവധി കുട്ടികളെ സ്കൂൾ അന്തരീക്ഷത്തിലേക്ക് തിരികെ കൊണ്ടുവരുകയെന്ന ലക്ഷ്യത്തോടെ തന്നെയാവണം വരുംനാളുകളിലെടുക്കുന്ന ഓരോ തീരുമാനവും
editorial

മഹാമാരിയുടെ ഇടവേളയ്ക്കുശേഷം സ്കൂളുകൾ തുറക്കുമ്പോൾ വലിയ തയ്യാറെടുപ്പുകളാണ് വിവിധതലങ്ങളിൽ നടന്നുവരുന്നത്. 27-നകം ഈ നടപടികൾ പൂർത്തിയാക്കണമെന്നാണ് വിദ്യാഭ്യാസമന്ത്രി അധികൃതർക്കു നൽകിയ നിർദേശം. കുട്ടികളെ രോഗബാധയിൽനിന്ന് സംരക്ഷിക്കാൻ സാധ്യമായ നടപടികളൊക്കെയും വിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തിൽ സ്വീകരിച്ചുവരുന്നുണ്ട്. അതേസമയം,  മാർഗനിർദേശങ്ങളിൽ ചിലതൊക്കെ പ്രായോഗികമായി എത്രകണ്ട് വിജയിക്കും എന്നകാര്യത്തിൽ സംശയമുണ്ട്.

സ്കൂളിലെത്താൻ കുട്ടികൾ അത്യുത്സാഹം കാണിക്കുമ്പോഴും യാത്രാസൗകര്യം ഉറപ്പുവരുത്താൻ കഴിയാത്തതിൽ അധ്യാപകരും രക്ഷിതാക്കളും ആശങ്കയിലാണ്. സ്കൂൾ ബസുകളിലും കോൺട്രാക്ട് കാര്യേജുകളിലും ഓട്ടോകളിലും പരമാവധി കയറ്റാവുന്ന കുട്ടികളുടെ എണ്ണത്തിൽ വരുത്തിയ നിയന്ത്രണമാണ് പ്രശ്നമാവുന്നത്. ബസുകളിൽ ഒരു സീറ്റിൽ ഒരു കുട്ടി എന്ന നിബന്ധന വരുമ്പോൾ ഒരേ റൂട്ടിൽത്തന്നെ പലതവണ സർവീസ് നടത്തേണ്ടിവരും. നേരത്തേതന്നെ സ്കൂൾബസുകളുടെ നടത്തിപ്പ് വലിയ സാമ്പത്തികബാധ്യതയാണ്. ഡ്രൈവറുടെയും സഹായിയുടെയും വേതനത്തിനു പുറമേ അടിക്കടിയുള്ള ഡീസൽ വിലവർധനകൂടി പരിഗണിക്കുമ്പോൾ ബസ് സർവീസ് നടത്തിക്കൊണ്ടുപോവാനാവില്ലെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. പല സ്കൂൾ ബസുകളും കട്ടപ്പുറത്താണ്. ഇവ നന്നാക്കി ഫിറ്റ്‌നസ് ലഭിച്ചാലേ ഓടിക്കാനാകൂ. ഇക്കാര്യത്തിൽ പ്രായോഗികമായ സമീപനമാണ് സർക്കാർ സ്വീകരിക്കേണ്ടത്.

കുട്ടികൾ യാത്രയ്ക്കായി ആശ്രയിക്കുന്ന ഓട്ടോകളുടെ കാര്യത്തിലും ഇതേ സ്ഥിതിയാണ്. രണ്ടു കുട്ടികളെ മാത്രമേ ഒരുസമയം കയറ്റാവൂ എന്നതിനാൽ വലിയ നഷ്ടം സഹിക്കേണ്ടിവരുമെന്നാണ് ഡ്രൈവർമാർ പറയുന്നത്. അഞ്ചു കുട്ടികൾക്കാണ് അനുമതിയെങ്കിലും ഏഴും എട്ടും കുട്ടികളെവരെ സാധാരണ കയറ്റാറുണ്ട്. രണ്ടു കുട്ടികളെ മാത്രംകയറ്റി ഓടാനാവില്ലെന്നാണ് രക്ഷിതാക്കൾ അന്വേഷിക്കുമ്പോൾ ഡ്രൈവർമാർ നൽകുന്ന മറുപടി. വലിയ കൂലി നൽകാനുള്ള സാമ്പത്തിക സാഹചര്യമില്ലാത്ത ഭൂരിപക്ഷം രക്ഷിതാക്കളും ഇനി എന്തു ചെയ്യണമെന്നറിയാതെ പ്രയാസപ്പെടുകയാണ്. ആയിരക്കണക്കിന് ഓട്ടോക്കാരുടെ വരുമാനമേഖലയാണിത്. അടച്ചുപൂട്ടൽക്കാലമുണ്ടാക്കിയ സാമ്പത്തിക പരാധീനതകൾക്കു നടുവിലാണ് ഓട്ടോമേഖല. അവരുടെ പ്രതീക്ഷകൾക്കുകൂടിയാണ് ഈ തീരുമാനം തിരിച്ചടിയായത്.

 സ്വന്തമായി വാഹനമുള്ള ജോലിക്കാർക്കും കുട്ടികളെ സ്കൂളിൽ വിടാൻ ബുദ്ധിമുട്ടാണ്. ഉച്ചവരെയേ ക്ലാസുകളുള്ളൂ എന്നതിനാൽ കുട്ടികളെ തിരികെ വീട്ടിലെത്തിക്കാൻ മാർഗമില്ലാതാവും. കെ.എസ്.ആർ.ടി.സി. പ്രത്യേകസർവീസ് നടത്താൻ തയ്യാറാണെന്ന് അറിയിച്ചപ്പോൾ സംസ്ഥാനത്താകെ 1500-ഓളം സ്കൂളുകൾ അപേക്ഷ നൽകിയിരുന്നു. എന്നാൽ, കുറഞ്ഞ ദിവസവാടക 6000 രൂപ വരുമെന്ന വാർത്ത വന്നതോടെ ഈ സ്കൂളുകളെല്ലാം പിന്മാറിയിരിക്കുകയാണ്. ഫലത്തിൽ നവംബർ ഒന്നിന് തുറന്നാലും ബഹുഭൂരിപക്ഷം കുട്ടികൾക്കും സ്കൂളിലെത്താൻ കഴിയില്ല.
  ലോകം കോവിഡിനൊപ്പം ജീവിച്ചുതുടങ്ങിയ സാഹചര്യത്തിൽ സ്കൂളുകൾ ഇനിയും അടച്ചിടാനാവില്ലെന്നത് തർക്കമില്ലാത്ത കാര്യമാണ്. ഒന്നരവർഷത്തോളംനീണ്ട അക്കാദമികവിടവ് കുട്ടികളുടെ മാനസിക, ശാരീരിക വികാസത്തിൽ ഏറെ പരിക്കേൽപ്പിച്ചിട്ടുണ്ടാവുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് ഒന്നുമുതൽ ഏഴുവരെയുള്ള ക്ലാസുകളും 10, 12 ക്ലാസുകളും ആരംഭിക്കാനുള്ള തീരുമാനം സ്വാഗതാർഹമാണ്. കേരളത്തിലെ കുട്ടികളിലെ കോവിഡ് പ്രതിരോധശേഷി ദേശീയ ശരാശരിയെക്കാൾ കൂടുതലാണെന്നത് അനുകൂല ഘടകമാണ്. സ്കൂളിൽ നേരിട്ടെത്താൻ താത്പര്യമില്ലാത്ത കുട്ടികൾക്ക് നിലവിലുള്ള ഓൺലൈൻ ക്ലാസ് പ്രയോജനപ്പെടുത്താനും സൗകര്യമുണ്ട്. അതേസമയം, സന്നദ്ധരായ കുട്ടികൾക്കുപോലും ക്ലാസുകളിലെത്താൻ കഴിയില്ലെന്ന കാര്യം ഇനിയും അധികൃതരുടെ ശ്രദ്ധയിലെത്തിയിട്ടില്ലെന്നാണ് മനസ്സിലാക്കുന്നത്. യാത്രാസൗകര്യമൊരുക്കുന്ന കാര്യത്തിൽ പ്രായോഗികമായ നടപടികൾ സ്വീകരിക്കുന്നില്ലെങ്കിൽ സ്കൂൾതുറക്കലെന്നത് ചടങ്ങുമാത്രമാവും. പരമാവധി കുട്ടികളെ സ്കൂൾ അന്തരീക്ഷത്തിലേക്ക് തിരികെ
ക്കൊണ്ടുവരുകയെന്ന ലക്ഷ്യത്തോടെ തന്നെയാവണം വരുംനാളുകളിലെടുക്കുന്ന ഓരോ തീരുമാനവും.

Subscribe on Youtube Subscribe Subscribe on Telegram Subscribe
Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.