അമിത് ഷാ ജമ്മുകശ്മീരിലെത്തുമ്പോൾ

Published: Oct 24, 2021, 11:13 PM IST
ജമ്മുകശ്മീരിന്റെ സംസ്ഥാനപദവി പുനഃസ്ഥാപിക്കണമെന്നത് അവിടത്തെ പ്രാദേശികകക്ഷികൾ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാര്യമാണ്. അതാണ് തിരഞ്ഞെടുപ്പുകഴിഞ്ഞ് പരിഗണിക്കുമെന്ന് അമിത് ഷാ പറഞ്ഞത്. പക്ഷേ, ജമ്മുകശ്മീർ തിരഞ്ഞെടുപ്പ് എന്നുനടക്കുമെന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല
editorial

ജമ്മുകശ്മീരിലെ സമാധാനത്തിന്‌ ഭംഗം നേരിട്ടുകൊണ്ടിരിക്കുന്ന സമയത്താണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവിടെ മൂന്നുദിവസത്തെ സന്ദർശനത്തിനെത്തിയത്. സുരക്ഷാസാഹചര്യം വിലയിരുത്തുക എന്നതിനൊപ്പം ജനങ്ങളിൽ ആത്മവിശ്വാസമുണ്ടാക്കുക എന്ന ലക്ഷ്യവും ഈ വേളയിലെ സന്ദർശനത്തിനുണ്ട് എന്നുവേണം കരുതാൻ. പഞ്ചായത്തുതലത്തിൽ പ്രവർത്തിക്കുന്ന യുവജനക്ലബ്ബിലെ പ്രതിനിധികളുമായി അദ്ദേഹം നടത്തിയ കൂടിക്കാഴ്ചയിൽ പറഞ്ഞ കാര്യങ്ങളിൽനിന്ന് വ്യക്തമാകുന്നത് ഇതാണ്. ജമ്മുകശ്മീരിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന പരിഷ്കാരങ്ങളെയും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെയും ന്യായീകരിക്കുകയുംചെയ്തു അദ്ദേഹം. 2019 ഓഗസ്റ്റ് അഞ്ചിന് ജമ്മുകശ്മീരിന്റെ പ്രത്യേകപദവി കേന്ദ്രസർക്കാർ നീക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കുകയും ചെയ്തശേഷം ആദ്യമായാണ് ആഭ്യന്തരമന്ത്രി ഇവിടെയെത്തുന്നത്. മണ്ഡലപുനഃക്രമീകരണം പൂർത്തിയായി തിരഞ്ഞെടുപ്പ് നടന്നശേഷം ജമ്മുകശ്മീരിന്റെ സംസ്ഥാനപദവി പുനഃസ്ഥാപിക്കുമെന്ന വാഗ്ദാനം അദ്ദേഹം ആവർത്തിച്ചു.

ജമ്മുകശ്മീരിലെ സുരക്ഷാസാഹചര്യം വളരെയധികം വഷളായ മാസമാണ് ഒക്ടോബർ. കുടിയേറ്റത്തൊഴിലാളികളുൾപ്പെടെ അവിടത്തെ ന്യൂനപക്ഷവിഭാഗത്തിൽപ്പെട്ട 11 സാധാരണക്കാരാണ് രണ്ടാഴ്ചയ്ക്കിടെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഭീകരതയെ നിഷ്കാസനംചെയ്ത സ്ഥലമെന്ന് ഒരുകൊല്ലംമുമ്പ് പ്രഖ്യാപിക്കപ്പെട്ട ശ്രീനഗറിലായിരുന്നു ഈ ആക്രമണങ്ങളിലേറെയും. പാകിസ്താൻ അതിർത്തിയിലുള്ള പൂഞ്ച്-രജൗറി മേഖലയിലാകട്ടെ സമീപകാലത്തെ ഏറ്റവും വലിയ ഭീകരവേട്ടയിലാണ് സൈന്യം. ഈ തിരച്ചിലിനിടെയുണ്ടായ രണ്ട് ഏറ്റുമുട്ടലുകളിലായി രണ്ട് ഓഫീസർമാരുൾപ്പെടെ ഒമ്പതു സൈനികരെയാണ് ഇന്ത്യക്ക്‌ നഷ്ടമായത്. എങ്കിലും കശ്മീരിൽ ഭീകരതയും കല്ലേറുകളും കുറഞ്ഞുവെന്നാണ് ആഭ്യന്തരമന്ത്രി പറഞ്ഞത്. ജമ്മുകശ്മീരിന്റെ സമാധാനം നശിപ്പിക്കാൻ ശ്രമിക്കുന്നവരെ ഉരുക്കുമുഷ്ടിയാൽ നേരിടുമെന്ന ഉറപ്പുംനൽകി. ശനിയാഴ്ച ശ്രീനഗറിലെ വിമാനത്താവളത്തിൽ ഇറങ്ങിയശേഷം ഷാ ആദ്യം സന്ദർശിച്ചത്, ജൂണിൽ ഭീകരർ വധിച്ച പോലീസ് ഓഫീസർ പർവേസ് അഹമ്മദിന്റെ കുടുംബത്തെയാണ്. അതിനുശേഷം രാജ്ഭവനിലെത്തി ഉന്നത പോലീസ്, സേനാ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സുരക്ഷാസ്ഥിതി വിലയിരുത്തി. കശ്മീരിന്റെ വികസനത്തിനായി കേന്ദ്രസർക്കാർ നിശ്ചയിച്ചതും നടപ്പാക്കുന്നതുമായ പദ്ധതികൾ അക്കമിട്ടുനിരത്തി. ശ്രീനഗറിൽനിന്ന് നേരിട്ട് ഷാർജയിലേക്കുള്ള വിമാനസർവീസ് അദ്ദേഹം വെർച്വലായി ഫ്ലാഗ് ഓഫ് ചെയ്തു.

ജമ്മുകശ്മീരിന്റെ സംസ്ഥാനപദവി പുനഃസ്ഥാപിക്കണമെന്നത് അവിടത്തെ പ്രാദേശികകക്ഷികൾ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാര്യമാണ്. അതാണ് തിരഞ്ഞെടുപ്പുകഴിഞ്ഞ് പരിഗണിക്കുമെന്ന് അമിത് ഷാ പറഞ്ഞത്. പക്ഷേ, ജമ്മുകശ്മീർ തിരഞ്ഞെടുപ്പ് എന്നുനടക്കുമെന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. ഓഗസ്റ്റ് 15-ന് ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിൽ തിരഞ്ഞെടുപ്പ് നേരത്തേ നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വാഗ്ദാനംചെയ്തിരുന്നു. അടുത്തവർഷം അഞ്ചുസംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾക്കൊപ്പം ഇതുമുണ്ടായേക്കും എന്ന ധാരണയാണ് അന്നുയർന്നത്‌. എന്നാൽ, മണ്ഡലപുനർനിർണയം എന്നുപൂർത്തിയാകുമെന്ന കാര്യം വ്യക്തമല്ല. 2020 മാർച്ചിൽ കേന്ദ്രസർക്കാർ നിയമിച്ച കമ്മിഷൻ ഇതിനുള്ള നടപടികൾ എടുത്തുകൊണ്ടിരിക്കയാണ്. അതേസമയം, മണ്ഡലപുനർനിർണയം ജമ്മുകശ്മീരിലെ നിലവിലെ അധികാരസന്തുലത്തെ മാറ്റിമറിക്കുമെന്ന ആശങ്ക നാഷണൽ കോൺഫറൻസ് പോലുള്ള പാർട്ടികളുയർത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പിനെപ്പറ്റി സംസാരിക്കുമ്പോഴും ജമ്മുകശ്മീർ ഇപ്പോഴും ശാന്തമായിട്ടില്ല എന്ന കാര്യം മറക്കാനാവില്ല. സുരക്ഷിതമെന്ന അവകാശവാദങ്ങൾക്കിയിടയിലും അതിർത്തിവഴിയുള്ള നുഴഞ്ഞുകയറ്റങ്ങളും ഭീകരാക്രമണങ്ങളുമുണ്ടാകുന്നു. ജമ്മുകശ്മീരിലെ സമാധാനം തകർത്തുകൊണ്ടിരിക്കുന്ന ഭീകരസംഘടനകൾക്കുപുറമേ ‘ദ റെസിസ്റ്റൻസ് ഫ്രണ്ട്’ എന്നും ‘പീപ്പിൾ എഗെൻസ്റ്റ് ഫാസിസ്റ്റ് ഫോഴ്സസ്’ എന്നും പേരുള്ള സംഘടനകൾ പുതുതായി രംഗപ്രവേശംചെയ്തിരിക്കുന്നു. അഫ്ഗാനിസ്താന്റെ ഭരണാധികാരികളായുള്ള താലിബാന്റെ വരവ് കശ്മീരിന്റെ സ്വൈരം ഇനിയും കെടുത്തിയേക്കുമെന്ന ആശങ്ക കരസേനാമേധാവിതന്നെ പങ്കുവെച്ചിരിക്കുന്നു. ഈ സാഹചര്യത്തിൽ രാഷ്ട്രീയപ്രസ്താവനകളെക്കാൾ കാര്യക്ഷമമായ നടപടികളാണ് ആവശ്യം.

Subscribe on Youtube Subscribe Subscribe on Telegram Subscribe
Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.