കുഞ്ഞ് വളരട്ടെ, അമ്മയുടെ ചൂടേറ്റ്

Published: Oct 23, 2021, 07:50 PM IST
പെറ്റമ്മയെ തിരികെനൽകണമെന്ന കുഞ്ഞിന്റെ മനുഷ്യാവകാശത്തിനൊപ്പമാണ് സർക്കാരും അതിന്റെ സംവിധാനങ്ങളും ഇപ്പോൾ നിലയുറപ്പിക്കേണ്ടത്. അത് എത്രയും വേഗം സാധ്യമാക്കുകയെന്നതാണ് നീതി. വൈകിയാണെങ്കിലും സർക്കാർ വിഷയത്തിൽ ഇടപെട്ടത് സ്വാഗതാർഹമാണ്
editorial

പ്രസവിച്ച കുഞ്ഞിനെ തിരികെക്കിട്ടണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരമ്മയുടെ അസാധാരണസമരത്തിന് കേരളമിപ്പോൾ സാക്ഷ്യംവഹിച്ചു. മാസങ്ങൾനീണ്ട പരാതികൾക്കും നിവേദനങ്ങൾക്കുമൊടുവിൽ നീതിതേടി ആ അമ്മയ്ക്ക് നിരാഹാരസമരവുമായി സെക്രട്ടേറിയറ്റ്‌പടിക്കൽ എത്തേണ്ടിവന്നു. കുടുംബവിഷയം എന്നതിലുപരി ഭരണകൂടവും രാഷ്ട്രീയസംവിധാനങ്ങളുമൊക്കെ മറുപടിപറയാൻ ബാധ്യസ്ഥമായ നിലയിലേക്ക് വിഷയം വളർന്നിരിക്കയാണ്. ദത്തുനടപടി നിർത്തിവെക്കാനുള്ള സർക്കാർ നിർദേശത്തോടെ പ്രശ്നപരിഹാരത്തിനുള്ള സാധ്യത തെളിഞ്ഞതിൽ ആശ്വസിക്കാം.

പ്രസവിച്ച് മൂന്നാംദിവസം തന്റെ കുഞ്ഞിനെ മാതാപിതാക്കൾ തട്ടിയെടുത്ത്‌ നാടുകടത്തിയെന്നാണ് യുവതിയുടെ പരാതി. ഇതിനുപിന്നിൽ പലതലത്തിലുമുള്ള ഗൂഢാലോചന നടന്നതായുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. കുഞ്ഞിനെ തന്റെ സമ്മതമില്ലാതെയും തെറ്റിദ്ധരിപ്പിച്ചുമാണ് കൊണ്ടുപോയതെന്ന യുവതിയുടെ പരാതി നിലനിൽക്കേത്തന്നെയാണ് ദത്തുനടപടികൾ പുരോഗമിച്ചത്.  തിടുക്കപ്പെട്ട നടപടികളും ദൂരെദേശത്തുള്ള കുടുംബത്തിന് ദത്തുനൽകിയതുമെല്ലാം യുവതിയുടെ ആരോപണം ശരിവെക്കുന്നു.കുഞ്ഞിനെ കാണാനില്ലെന്നുപറഞ്ഞ്‌  പരാതിനൽകിയപ്പോൾ എഫ്.ഐ.ആർ. തയ്യാറാക്കാനോ മൊഴി രേഖപ്പെടുത്താനോ  പോലീസ് തയ്യാറായില്ലെന്നാണ് യുവതി പറയുന്നത്. കുട്ടികളെ പരിപാലിക്കാനും സംരക്ഷിക്കാനും ഉത്തരവാദപ്പെട്ട ശിശുക്ഷേമസമിതിയുടെ ജനറൽസെക്രട്ടറിയെയും അവർ നേരിട്ടുകണ്ടിരുന്നു. മറ്റെല്ലാ താത്പര്യങ്ങളും മാറ്റിവെച്ച് കുഞ്ഞിന്റെ അവകാശം സംരക്ഷിക്കേണ്ട സ്ഥാപനത്തിന്റെ ഭാഗത്തുനിന്ന് അതിഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിട്ടുള്ളത്. പെറ്റമ്മ കുഞ്ഞിനെത്തേടിവന്ന സാഹചര്യത്തിൽ അമ്മയുടെ മുലപ്പാൽ കുടിച്ചുവളരാനുള്ള, ജീവിക്കാനുള്ള കുഞ്ഞിന്റെ മൗലികാവകാശവും മനുഷ്യാവകാശവുമാണ് നിഷേധിക്കപ്പെട്ടത്. പരാതി നിലനിൽക്കേയാണ് ദത്തുനൽകലിന്‌ ചുമതലയുള്ള ചൈൽഡ് വെൽഫയർ കമ്മിറ്റി   തിടുക്കപ്പെട്ട് ദത്തുനടപടികൾ പൂർത്തിയാക്കാൻ ശ്രമിച്ചത്. യുവതി പരാതിപ്പെടുമ്പോൾ ആന്ധ്രയിലുള്ള ദമ്പതിമാർക്ക്‌ താത്കാലികദത്തുമാത്രമായിരുന്നു നൽകിയിരുന്നത്. കുഞ്ഞിന്റെ ഡി. എൻ.എ. പരിശോധന ആവശ്യപ്പെട്ട് യുവതി സമീപിച്ചതോടെയാണ് സ്ഥിരദത്തിനുള്ള നടപടികൾ വേഗത്തിലാക്കിയത് എന്നും പറയുന്നു.

അന്വേഷിച്ചിട്ടും കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താനായില്ലെന്നാണ് ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി ഈ ഘട്ടത്തിൽ കോടതിയിൽകൊടുത്ത സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടുള്ളത്. സങ്കുചിതതാത്പര്യങ്ങൾ മുൻനിർത്തി ഒരമ്മയോടും കുഞ്ഞിനോടും കാണിച്ച കണ്ണില്ലാത്ത ക്രൂരതയ്ക്ക് സമിതി ഭാരവാഹികൾക്കെതിരേ സർക്കാർ നിയമനടപടി സ്വീകരിക്കണം. ഇവരെ തത്‌സ്ഥാനത്തുനിന്ന് മാറ്റിനിർത്തിയുള്ള അന്വേഷണവും വേണം. വിഷയത്തിൽ ഇടതുപുരോഗമനപ്രസ്ഥാനങ്ങൾ സ്വീകരിച്ച നിലപാടും ചർച്ചചെയ്യേണ്ടതുണ്ട്. പ്രായപൂർത്തിയായ ഒരാളുടെ സ്വയംതിരഞ്ഞെടുപ്പിനെ അംഗീകരിക്കാനും പിന്തുണയ്ക്കാനുമുള്ള ആർജവത്തിലേക്ക് രാഷ്ട്രീയപ്പാർട്ടികളും സമൂഹവും മാറേണ്ടതുണ്ട്. പാർട്ടിനേതൃത്വത്തിൽനിന്ന് നീതികിട്ടുമെന്ന പ്രതീക്ഷ അവസാനിച്ചതോടെയാണ് അവർക്ക് മാധ്യമങ്ങളെ കാണേണ്ടിവന്നത്.  യുവതിയെ സഹായിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന ചില വനിതാനേതാക്കളുടെ തുറന്നുപറച്ചിൽ, വലിയ രാഷ്ട്രീയ ഇടപെടൽ വിഷയത്തിലുണ്ടായി എന്നതിലേക്ക് വിരൽചൂണ്ടുന്നു.  

ശിശുക്ഷേമസമിതിയുടെയും ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെയും പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യവും പക്ഷപാതരഹിതവും രാഷ്ട്രീയമുക്തവുമാവണമെന്നാണ് ഈ സംഭവം വെളിവാക്കുന്നത്. ഉന്നതനീതിബോധംമാത്രമാവണം തീർപ്പുകളുടെ മാനദണ്ഡം. ഈ സ്ഥാപനങ്ങൾ സത്യത്തിനും ധാർമികതയ്ക്കുമൊപ്പം  നിലയുറപ്പിക്കാത്തതിന്റെ പേരിൽ രണ്ട് അമ്മമാർക്കാണിപ്പോൾ കണ്ണീരൊഴുക്കേണ്ടിവന്നത്. ദത്തെടുത്ത അമ്മയ്ക്കും വേദനയോടെയേ കുഞ്ഞിനെ തിരിച്ചുനൽകാനാവൂ. ദത്തുനൽകിയ കുഞ്ഞിനെ തിരികെക്കിട്ടുന്നതിനുള്ള നിയമപരമായ പ്രയാസങ്ങളും അവശേഷിക്കുന്നുണ്ട്.  പെറ്റമ്മയെ തിരികെ കിട്ടണമെന്ന കുഞ്ഞിന്റെ മനുഷ്യാവകാശത്തിനൊപ്പമാണ് സർക്കാരും അതിന്റെ സംവിധാനങ്ങളും ഇപ്പോൾ നിലയുറപ്പിക്കേണ്ടത്. അത് എത്രയും വേഗം സാധ്യമാക്കുകയെന്നതാണ് നീതി. വൈകിയാണെങ്കിലും സർക്കാർ വിഷയത്തിൽ ഇടപെട്ടത്  സ്വാഗതാർഹമാണ്.  

Subscribe on Youtube Subscribe Subscribe on Telegram Subscribe
Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.