കുട്ടികളോടുള്ള അനീതി തിരുത്തിയേ തീരൂ

Published: Oct 22, 2021, 10:57 PM IST
കഴിഞ്ഞ വർഷത്തേതിന്റെ മൂന്നിരട്ടി കുട്ടികൾ എസ്.എസ്.എൽ.സി.ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയെന്നത് വലിയ മഹിമയായി ഘോഷിച്ചവർക്ക്, മികച്ചവിജയം നേടിയവർക്കെല്ലാം തുടർപഠനത്തിന് സൗകര്യമുണ്ടോ എന്നുറപ്പാക്കാൻ ആകാതെപോയി
editorial

കേരളത്തിലെ ഹയർസെക്കൻഡറി പ്രവേശനം വലിയൊരു ചോദ്യചിഹ്നമായി നിൽക്കുകയാണ്. മുഴുവൻ എ പ്ലസ് കിട്ടിയ കുട്ടികൾക്കുപോലും ഇഷ്ടപ്പെട്ട സീറ്റുകിട്ടാത്ത സ്ഥിതി. പ്ലസ് ടു സീറ്റ് വിതരണത്തിലെ അശാസ്ത്രീയതയും അപര്യാപ്തതയും മറ്റൊരുവശത്ത്.  വലിയ മാനസിക സമ്മർദത്തിലാണ് കുട്ടികൾ.  ഇതുവരെയുള്ളതിൽ വെച്ചേറ്റവും വലിയ വിജയമാണ് എസ്.എസ്.എൽ.സി.ക്ക് ഇത്തവണയുണ്ടായത്. പൊതുവിദ്യാഭ്യാസ മേന്മയുടെ മികവടയാളമായി അതിനെ രേഖപ്പെടുത്താൻ അധികാരികളുൾപ്പെടെ എല്ലാവരും മത്സരിച്ചു.

മേനിനടിക്കലുകൾക്കും ഉത്കൃഷ്ടതാഘോഷണത്തിനുമപ്പുറം കാര്യത്തോടടുക്കുമ്പോൾ എത്ര അപ്രാപ്തമാണ് നമ്മുടെ സംവിധാനങ്ങൾ എന്നതിന് ഉത്തമനിദർശനമാകുന്നുണ്ട് ഇത്തവണത്തെ ഹയർസെക്കൻഡറി പ്രവേശന നടപടികൾ. കഴിഞ്ഞ വർഷത്തേതിന്റെ മൂന്നിരട്ടി കുട്ടികൾ എസ്.എസ്.എൽ.സി.ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയെന്നത് വലിയ മഹിമയായി ഘോഷിച്ചവർക്ക്, മികച്ചവിജയം നേടിയവർക്കെല്ലാം തുടർപഠനത്തിന് സൗകര്യമുണ്ടോ എന്നുറപ്പാക്കാൻ ആകാതെപോയി. അതിന്റെ ദുരന്തം നേരിടുന്ന വിദ്യാർഥികളുടെ വിലാപം അന്തരീക്ഷത്തിൽ അലയടിച്ചുകൊണ്ടിരിക്കുകയാണ്.

അശാസ്ത്രീയമായ ഗ്രേഡിങ് സമ്പ്രദായത്തിന്റെ ഇരകളാക്കപ്പെടുകയായിരുന്നു വിദ്യാർഥികൾ. 90 മുതൽ 100 വരെ ശതമാനം മാർക്കു നേടുന്നവരെ മുഴുവൻ എ പ്ലസ് എന്ന ഒറ്റ ഗ്രേഡിൽ പെടുത്തുകയും തുടർപഠനത്തിന് ആ ഗ്രേഡുതന്നെ മാനദണ്ഡമാക്കുകയും ചെയ്തിടത്തു തുടങ്ങുന്നു പിഴവുകൾ. മാർക്കല്ല, ഗ്രേഡാണ് നല്ലത് എന്നതിന് വിദ്യാർഥിസൗഹൃദപരമായ എത്രയോ ന്യായങ്ങൾ പറയാനുണ്ടാവും. എന്നാൽ, സാധാരണ ഉണ്ടാവുന്നതിന്റെ മൂന്നിരട്ടിയിലേറെ വിദ്യാർഥികൾ എ പ്ലസ് എന്ന ഏറ്റവും ഉയർന്ന ഗ്രേഡിലെത്തിയ അസാധാരണസാഹചര്യം ഈ വർഷമുണ്ടായി എന്നത് പരിഗണിക്കപ്പെട്ടില്ല. മാർക്ക് മാനദണ്ഡമാകാത്ത പ്രവേശനപ്രക്രിയയിൽ പിന്നെ എന്തായിരുന്നു യോഗ്യത? വിദ്യാർഥിയുടെ പേരിന്റെ ആദ്യക്ഷരവും ജനനത്തീയതിയും. സ്കൂളുകളിൽ കാര്യമായൊരു പ്രവർത്തനവും നടക്കാത്ത ഒരധ്യയനവർഷത്തിൽ ലിറ്റിൽ കൈറ്റ്‌സ്‌മുതൽ നീന്തൽവരെ പലതരം സർട്ടിഫിക്കറ്റുകളാണ് പിന്നൊരിനം. കോവിഡ് നിയന്ത്രണത്തിന്റെ നാളുകളിൽ നീന്തൽ സർട്ടിഫിക്കറ്റ് സംഘടിപ്പിക്കാനൊക്കെ വിദ്യാർഥികളും രക്ഷിതാക്കളും പെട്ട പാടെത്ര!

ഒടുവിൽ, പ്രവേശനത്തിന്റെ മുഖ്യഘട്ടം പിന്നിട്ടപ്പോൾ എ പ്ലസുകാരായ പതിനായിരത്തിലേറെ വിദ്യാർഥികൾ മെറിറ്റ് സീറ്റിനു പുറത്ത്. പത്തുവർഷത്തെ സ്കൂൾ ജീവിതത്തിൽ തങ്ങളെക്കാൾ മാർക്കു കുറഞ്ഞ കൂട്ടുകാർക്ക് പ്രവേശനം കിട്ടിയപ്പോൾ തങ്ങൾ പുറത്തായിപ്പോയതെങ്ങനെയെന്ന പകപ്പ് മാറിയിട്ടില്ല ഈ എ പ്ലസുകാർക്ക് ഇപ്പോഴും. സപ്ലിമെന്ററി അലോട്ട്‌മെന്റും കഴിഞ്ഞേ സ്കൂൾ മാറ്റത്തിന് അവസരമുള്ളൂ എന്നതിനാൽ ഇവർക്ക് ഇഷ്ടവിഷയത്തിൽ സീറ്റ് കിട്ടാനുള്ള സാധ്യത വീണ്ടും മങ്ങുകയാണ്. പ്ലസ് വൺ പ്രവേശനത്തിന് കോഴവാങ്ങുന്നവർക്ക് നിനച്ചിരിക്കാതെ ലോട്ടറിയടിച്ച സന്തോഷമാണിപ്പോൾ. സാധാരണത്തേതിന്റെ മൂന്നും നാലുമിരട്ടിയാണ് ഇക്കുറി കോഴയുടെ നിരക്ക്. ഈ സീറ്റുകളിൽ എ പ്ലസുകാരെത്തന്നെ കിട്ടുന്നതിന്റെ സന്തോഷം വേറെ. പ്രവേശനത്തിന് ഒരുലക്ഷം രൂപവരെയാണ് പലപേരിൽ പിടിച്ചുവാങ്ങുന്നത്. ഈ സ്ഥിതി സൃഷ്ടിച്ചത് സർക്കാരിന്റെ പിടിപ്പുകേടാണെന്നു പറയാതെവയ്യ.

മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് നേടിയവർക്കും കോഴ നൽകിയേ പ്ലസ് വൺ പ്രവേശനം ലഭിക്കൂ എന്ന സ്ഥിതി വിദ്യാഭ്യാസകേരളത്തിന് എത്രത്തോളം അപമാനകരമാണെന്ന് ബന്ധപ്പെട്ടവർ ഇപ്പോഴെങ്കിലും ആലോചിക്കണം. ഉന്നതപഠനത്തിനുള്ള അർഹത നിർണയിക്കാനല്ലെങ്കിൽ കൊട്ടിഘോഷിച്ച് ഏറെ പ്രയാസങ്ങൾ സഹിച്ച് എസ്.എസ്.എൽ.സി. പരീക്ഷ നടത്തിയതെന്തിന്? ഇത്രയേറെ വിദ്യാർഥികൾ എ പ്ലസ് ഗ്രേഡ് നേടിയപ്പോൾ വരാനിരിക്കുന്ന പ്രതിസന്ധിയെക്കുറിച്ച് മാധ്യമങ്ങളും അധ്യാപകസംഘടനകളുമൊക്കെ ആവശ്യത്തിലേറെ മുന്നറിയിപ്പു നൽകിയിരുന്നു. അതൊന്നും പക്ഷേ, പരിഗണിക്കപ്പെട്ടില്ല. ഇതോടൊപ്പം ശ്രദ്ധ ചെലുത്തേണ്ടതാണ് മലബാർ മേഖലയിൽ ആവശ്യത്തിന് ബാച്ചും സീറ്റുമില്ലാത്ത പ്രശ്നം. സാമ്പത്തികബാധ്യതയുടെ പേരിൽ ഈ വിദ്യാർഥികളുടെ അവസരം നിഷേധിക്കുന്നത് അനീതിയാണ്. മറ്റുള്ളിടത്തെ അധികബാച്ചുകൾ മാറ്റിയും ആവശ്യമുള്ളിടത്ത് താത്കാലികമായെങ്കിലും ബാച്ചുകൾ അനുവദിച്ചും പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മടിക്കരുത്.

Subscribe on Youtube Subscribe Subscribe on Telegram Subscribe
Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.