കോഴിക്കോട് വിമാനത്താവളം: വികസനം യാഥാർഥ്യമാവണം

Published: Oct 19, 2021, 09:45 PM IST
ഭൂമി ഏറ്റെടുത്തു കൈമാറുന്നതോടെ വിമാനത്താവള വികസനത്തിന് സ്ഥലദൗർലഭ്യംവഴിമുടക്കിനിൽക്കുന്ന അവസ്ഥ മാറും. എന്നാൽ, വികസനവിഷയത്തിൽ ആദ്യപടി മാത്രമാണ് സ്ഥലം ഏറ്റെടുക്കുകയെന്നത്
editorial

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തിനായി 248.75 ഏക്കർ ഭൂമി ഏറ്റെടുക്കുമെന്ന്  ഇതുസംബന്ധിച്ചു ചേർന്ന യോഗം അസന്ദിഗ്ധമായി പ്രഖ്യാപിച്ചത് സ്വാഗതാർഹമാണ്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം,  പൊതുമരാമത്ത്-കായിക മന്ത്രിമാരുടെ സാന്നിധ്യത്തിൽനടന്ന യോഗത്തിൽ  ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. വിമാനത്താവളത്തിന്റെ വികസനത്തിന് പ്രധാനതടസ്സം അധികമായി ഭൂമിയേറ്റെടുക്കുന്ന കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള അനവധാനതയാണെന്ന് ആരോപണമുയർന്നിരുന്നു. അത്തരം ആശങ്കകളെ വൈകിയാണെങ്കിലും  ഇല്ലാതാക്കുന്നതാണ് യോഗത്തിന്റെ പ്രഖ്യാപനം. ഭൂമി ഏറ്റെടുത്തു കൈമാറുന്നതോടെ വിമാനത്താവള വികസനത്തിന് സ്ഥലദൗർലഭ്യം വഴിമുടക്കിനിൽക്കുന്ന അവസ്ഥ മാറും. എന്നാൽ, വികസനവിഷയത്തിൽ ആദ്യപടി മാത്രമാണ് സ്ഥലം ഏറ്റെടുക്കുകയെന്നത്. ഇക്കാര്യത്തിൽ ഇനിയും ഏറെദൂരം സഞ്ചരിക്കേണ്ടതുണ്ട്. ഭൂമി വിട്ടുകൊടുക്കുന്നകാര്യത്തിൽ നാട്ടുകാരുടെ നിലപാട് നിർണായകമാണ്. പള്ളിക്കൽ, നെടിയിരുപ്പ്  പഞ്ചായത്തുകളിൽനിന്നുള്ള ഭൂമിയാണ് വികസനത്തിനായി ഏറ്റെടുക്കുക. 

 മാസ്റ്റർ പ്ളാൻ ഇല്ല എന്നതായിരുന്നു തുടക്കംമുതൽ കോഴിക്കോട് വിമാനത്താവളം നേരിട്ട പ്രതിസന്ധി.  സമഗ്രമായ ആസൂത്രണം നടന്നിരുന്നെങ്കിൽ  വളരെ ചുരുങ്ങിയനിരക്കിൽ ആദ്യഘട്ടത്തിൽതന്നെ ഒറ്റത്തവണ ഏറ്റെടുത്ത ഭൂമി വികസനത്തിന് മതിയാവുമായിരുന്നു. 6000 അടി റൺവേയുമായാണ് വിമാനത്താവളം പ്രവർത്തിച്ചുതുടങ്ങിയത്. റൺവേ വികസനത്തിന് മാത്രമായി രണ്ടുതവണ സ്ഥലം ഏറ്റെടുത്തു. അങ്ങനെയാണ് 9000 അടി നീളമുള്ള റൺവേ എന്ന നിലവിലെ സ്ഥിതിയിലെത്തിയത്. സമുദ്രനിരപ്പിൽനിന്ന് 101 മീറ്റർ ഉയരത്തിലാണ് നിലവിൽ വിമാനത്താവളം സ്ഥിതിചെയ്യുന്നത്. ചുറ്റുമുള്ള കുന്നുകൾക്ക് 35- 40 മീറ്റർ ഉയരമുണ്ട്.  വിമാനത്താവളം നിലവിലുള്ളതിനെക്കാൾ പത്തുമീറ്ററെങ്കിലും താഴ്ത്തിയാണ് മണ്ണിട്ടുനികത്തിയിരുന്നതെങ്കിൽ ഇന്ന് റൺവേ വികസനത്തിനായി സ്ഥലംനികത്താൻ ഇത്രയധികം മണ്ണ് ആവശ്യമാകുമായിരുന്നില്ലെന്നു ചൂണ്ടിക്കാണിക്കുന്ന വിദഗ്ധരുണ്ട്. റൺവേ നീളം കൂട്ടുന്നതിന്  30 മുതൽ 50 വരെ ദശലക്ഷം ക്യുബിക്‌ മീറ്റർ മണ്ണുവേണമെന്നാണ് വിദഗ്ധസംഘം അഭിപ്രായപ്പെടുന്നത്. ഇതിന് 7000 കോടി രൂപ ചെലവുവരും. ഇത്രയും തുകകൊണ്ട് മൂന്നുവിമാനത്താവളങ്ങൾ വേറെ നിർമിക്കാമെന്ന് എയർപോർട്ട് അതോറിറ്റി ചെയർമാൻ ഒരിക്കൽ വ്യക്തമാക്കിയകാര്യം വിസ്മരിച്ചുകൂടാ. 

റൺവേ വികസനത്തിന് 96.5 ഏക്കർ, ടെർമിനൽ നിർമാണത്തിന് 137 ഏക്കർ, കാർ പാർക്കിങ്ങിന് 15.25 ഏക്കർ എന്നിങ്ങനെയാണ് പുതുതായി  248.75 ഏക്കർ ഭൂമി ഏറ്റെടുക്കുന്നത്.  റൺവേ നീളം കൂട്ടേണ്ടതില്ലെന്നും പുതിയ വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തണമെന്നുമുള്ള  കേന്ദ്രനിർദേശം  കഴിഞ്ഞദിവസം ചേർന്ന യോഗം തള്ളുകയുണ്ടായി. എന്നാൽ, അന്തിമമായി ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്രസർക്കാരാണ്. സ്വകാര്യവത്‌കരണത്തിനായി തിരഞ്ഞെടുത്ത വിമാനത്താവളങ്ങളുടെ പട്ടികയിൽ കോഴിക്കോടും പെടും. ലാഭം മാത്രം ലാക്കാക്കി പ്രവർത്തിക്കുന്ന സ്വകാര്യകമ്പനികൾ റൺവേ വികസനത്തിനായി ഇത്രയും ഭീമമായ തുക മുടക്കുമോ എന്നകാര്യത്തിൽ  ആദ്യമേതന്നെ വ്യക്തതവരുത്തേണ്ടതുണ്ട്.സ്ഥലം ഏറ്റെടുത്തുകൊടുക്കേണ്ടതും നഷ്ടപരിഹാരം നൽകേണ്ടതും സംസ്ഥാനസർക്കാരാണ്. സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി പരിഗണിക്കുമ്പോൾ ഇതെല്ലാം എത്രവേഗത്തിൽ നടക്കുമെന്ന ചോദ്യവുമുണ്ട്.  വലിയ വിമാനങ്ങൾ ഇറക്കുന്നതു സംബന്ധിച്ചുള്ളതാണ് നിലനിൽക്കുന്ന മറ്റൊരു ആശങ്ക. ഏറെ മുറവിളികൾക്കുശേഷമാണ് കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ ഇറങ്ങിത്തുടങ്ങിയത്. 2015-ൽ റൺവേ അറ്റകുറ്റപ്പണിയുടെപേരിൽ വലിയ വിമാനങ്ങൾ ഇറങ്ങുന്നത് തത്‌കാലം നിർത്തി. 2020-ൽ വിമാനാപകടം നടന്നതോടെ വലിയ വിമാനങ്ങളുടെ കാര്യത്തിൽ തീരുമാനം നീട്ടിവെച്ചു. വിമാനാപകടത്തിന്റെ റിപ്പോർട്ട്  പുറത്തുവന്നിട്ടും  ഇക്കാര്യത്തിൽ തീരുമാനമായില്ല.  അപകടത്തെ  വികസനം തടയാൻ  ആരൊക്കെയോ  മറയായി ഉപയോഗിക്കുകയാണോയെന്ന് സംശയിച്ചുപോയാൽ കുറ്റംപറയാൻ പറ്റില്ല.

പതിനെട്ടു വർഷമായി എയർപോർട്ട് അതോറിറ്റി വിമാനത്താവള വികസനത്തിനായി ഭൂമി ആവശ്യപ്പെട്ടുവരുകയായിരുന്നു. കേരളത്തിൽ മാറിമാറിവന്ന യു.ഡി.എഫ്., എൽ.ഡി.എഫ്. സർക്കാരുകൾ ഇക്കാര്യത്തിൽ കാണിച്ച അമാന്തം കണ്ടില്ലെന്നു നടിക്കാനാവില്ല. എം.കെ. രാഘവൻ എം.പി.യുടെ നേതൃത്വത്തിൽ തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം 94 ഏക്കർ ഭൂമി ഏറ്റെടുത്ത് കോഴിക്കോട് വിമാനത്താവള വികസനം സാധ്യമാക്കാം. നിലവിൽ ഉപയോഗപ്പെടുത്താതെകിടക്കുന്ന 19 ഏക്കറിനൊപ്പം  43 ഏക്കർകൂടി ഉപയോഗിച്ചാൽ 3400 മീറ്റർ റൺവേ യാഥാർഥ്യമാക്കാം. ആ റിപ്പോർട്ടിനെന്തുപറ്റിയെന്ന് ആരും ചോദ്യമുയർത്തുന്നില്ല. 

 

Subscribe on Youtube Subscribe Subscribe on Telegram Subscribe
Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.