ദുരന്തങ്ങളിൽനിന്ന് എന്തു പഠിച്ചു

Published: Oct 18, 2021, 08:34 PM IST
ലോകമാകെ ആഗോളതാപനത്തെക്കുറിച്ച് ചർച്ചചെയ്യുമ്പോൾ കേരളം അതിന്റെ പ്രത്യാഘാത വലയത്തിലാണ് എന്ന ബോധ്യം ഇനിയെങ്കിലും വേണം. അമാന്തിച്ചുനിൽക്കാൻ നേരമില്ലെന്ന തിരിച്ചറിവോടെ ബഹുമുഖരക്ഷാ മാർഗങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കാൻ തയ്യാറായേ പറ്റൂ
editorial

കേരളമാകെ പരിസ്ഥിതിലോലപ്രദേശമാണെന്ന് ഒാരോ പ്രകൃതിദുരന്തവും കൂടുതൽക്കൂടുതൽ വെളിപ്പെടുത്തുകയാണ്. ഒരുദിവസം മഴ നിർത്താതെ കനത്തു പെയ്താൽ സ്തംഭിക്കുന്ന പ്രദേശമായി നാം മാറുകയാണ്. പതിവില്ലാത്ത വിധം അറബിക്കടലിൽ വായുമർദങ്ങൾ ഉണ്ടാകുന്നു. കടലേറ്റവും മലയിടിച്ചിലും പതിവാകുന്നു. വരുന്നതും വരാനിരിക്കുന്നതുമായ പ്രകൃതിദുരന്തങ്ങളെ നേരിടാൻ നമുക്ക്‌ ഒരു ബൃഹദ്പദ്ധതിയും ഇല്ല  എന്നതാണ് വാസ്തവം. പരിസ്ഥിതിയും ഭൂവിനിയോഗവും വികസന പരിപ്രേക്ഷ്യവും സാങ്കേതികതയും ഒത്തുചേരുന്ന ഒരു വിശാല കാഴ്ചപ്പാടിലേക്ക് നാം ഇനിയും എത്തിയിട്ടില്ല. കഴിഞ്ഞ പാഠങ്ങളിൽനിന്ന് നാം എന്തുപഠിച്ചു എന്നു ചോദിച്ചാൽ നിരാശയാവും ഫലം. സുനാമിക്കുശേഷം ഒരു വ്യാഴവട്ടം കഴിഞ്ഞ് ഓഖി വന്നു. പിന്നെ തിരിഞ്ഞുനോക്കാൻ പറ്റാത്തവിധം തുടർച്ചയായ ദുരന്തവർഷമാണ് കേരളത്തിനുമേൽ പതിച്ചത്. ശനിയാഴ്ച ഒറ്റദിവസത്തെ പേമാരിയെ തുടർന്നുണ്ടായ പ്രളയവും ഉരുൾപൊട്ടലും മുപ്പതോളം മനുഷ്യ ജീവൻ കവർന്നു, ആയിരക്കണക്കിനാളുകളുടെ ജീവനം തകർത്തു. ഒട്ടേറെ ഇടങ്ങളിൽ ഭൂമിയെ കീഴ്‌മേൽ മറിച്ചിരിക്കുകയാണ്. മധ്യ-തെക്കൻ കേരളത്തെ ആശങ്കയിലാഴ്ത്തി പ്രളയജലപ്രവാഹം തുടർന്നുകൊണ്ടിരിക്കുകയാണ്, ക്രമാതീതമായി നിറഞ്ഞുകൊണ്ടിരിക്കുന്ന ജലസംഭരണികൾ തുറക്കാതിരിക്കാനാവില്ലെന്നതും ഭീഷണമായ സാഹചര്യമാണുണ്ടാക്കുന്നത്. 

ദുരിതങ്ങളും പ്രശ്നങ്ങളുമുണ്ടാകുമ്പോൾ അത് ഒരു അനുഭവപാഠമാവുകയും അതിജീവനമാർഗം തുറക്കാനുള്ള ശ്രമത്തിന് തുടക്കമാവുകയും ചെയ്യാറുണ്ട്. കാലാവസ്ഥാ വ്യതിയാനം കാരണം ദുരന്തങ്ങൾ വാർഷികമായി ആവർത്തിക്കുമ്പോഴും നമുക്കുമുമ്പിൽ ശാസ്ത്രീയമായ പോംവഴികൾ തെളിഞ്ഞുവരുന്നില്ല. പ്രവചനങ്ങൾക്കപ്പുറമാണെങ്കിലും ഉപഗ്രഹ സഹായത്തോടെയുള്ള കാലാവസ്ഥാ മുന്നറിയിപ്പുകൾ എന്തു കൊണ്ട് നമുക്ക്‌ ഫലപ്രദമായി വിനിയോഗിക്കാൻ കഴിയുന്നില്ല എന്നതാണ് ചോദ്യം.  പൊടുന്നനെ ഒരു പ്രശ്നമുണ്ടായാൽ എന്തു മുൻകരുതലാണ് ദുരന്തനിവാരണ വകുപ്പ് പ്രായോഗികമായി  ചെയ്യുന്നത്. പ്രശ്നബാധിത പ്രദേശങ്ങളിൽ മണിക്കൂറുകൾ കഴിഞ്ഞെത്തുന്നതിൽ എന്തു കാര്യമാണുള്ളത്.  ആളും അർഥവും സാങ്കേതികതയും വിദഗ്ധരും ഇല്ലാത്തതാണോ പ്രശ്നം. ഒാരോ തദ്ദേശഭരണസ്ഥാപനവും സ്വന്തമായ ദുരന്തനിവാരണ പദ്ധതികൾ രൂപപ്പെടുത്താനായി ഉണ്ടാക്കിയ ജൈവപരിപാലന സമിതികളെ നിഷ്‌ക്രിയമാക്കിയതിനു പിന്നിൽ ആരാണ് എന്ന ചോദ്യം ഈ സന്ദർഭത്തിൽ ഉയരേണ്ടതുണ്ട്.

ഭൂമിശാസ്ത്രപരമായി കേരളത്തിനോട് സാമ്യമുള്ളതും പ്രളയാനുഭവങ്ങൾ ഏറെയുള്ളതുമായ നെതർലൻഡിൽ അവിടത്തെ അതിജീവനത്തിന്റെ വഴികളറിയാൻ മുഖ്യമന്ത്രിയും ഉന്നതോദ്യോഗസ്ഥരും പോവുകയുണ്ടായി. പ്രളയജലത്തെ ജലാശയങ്ങളിൽത്തന്നെ ഉൾക്കൊള്ളിക്കുന്നതിനും അടിയന്തരമായി സംഭരണികൾ സൃഷ്ടിക്കുന്നതിനുമെല്ലാം ഉതകുന്ന ചില പദ്ധതികളെക്കുറിച്ച് അന്ന് പറഞ്ഞിരുന്നു. നിർമാണമേഖലയിലെ തെറ്റായ ആസൂത്രണരീതി മാറ്റി നെതർലൻഡിനെ മാതൃകയാക്കുമെന്നും പ്രസ്താവനയുണ്ടായി. പക്ഷേ, പതിവുപോലെ ഒന്നും സംഭവിച്ചില്ലെന്നുമാത്രം. പരിസ്ഥിതിസംരക്ഷണത്തിന്റെ കാര്യത്തിൽ ഇത്രയും ഉദാസീനമായ പെരുമാറ്റം മറ്റെവിടെയുമുണ്ടാവില്ല. പരിസ്ഥിതിക്ക് ഒരു വകുപ്പുണ്ടായിട്ടുതന്നെ അധികകാലമായില്ല. അത് സ്വതന്ത്രമായ ഒരു വകുപ്പാക്കി മാറ്റുകയും പ്രത്യേകം ഒരു മന്ത്രിയെ നിയോഗിക്കേണ്ടതുമാണെന്ന അഭിപ്രായം ഇതേവരെ പരിഗണിക്കപ്പെട്ടില്ല. 

ഉരുൾ സാധ്യതകളുള്ള  സ്ഥലങ്ങളെപ്പറ്റി പ്രത്യേകം പഠിച്ച്, പ്രതികൂല കാലാവസ്ഥ വരുമ്പോൾ  ജനങ്ങളെ മാറ്റിപ്പാർപ്പിക്കുമെന്നും പ്രത്യേകം ദുരന്തനിവാരണ സംഘത്തെ സജ്ജമാക്കി നിർത്തുമെന്നുമുള്ള വാഗ്‌ധോരണികളൊക്കെ പ്രളയകാലത്ത്‌ കേട്ടിരുന്നു. അതിന്റെ അവസ്ഥ ഇന്നെന്താണ്. ദേശീയതലത്തിലും സംസ്ഥാന-ജില്ലാതലംവരെയും ദുരന്തനിവാരണ അതോറിറ്റികളുണ്ട്. പെട്ടെന്നുണ്ടാകുന്ന അപകടങ്ങൾ നേരിടാൻ ഓരോ ജില്ലയിലും ടാസ്ക്‌ഫോഴ്‌സുകളുണ്ടെന്നാണ് വെപ്പ്. പക്ഷേ, വിഭാവനംചെയ്തതുപോലെ വിപുലമായും കാര്യക്ഷമമായും ആ സംവിധാനം പ്രവർത്തനക്ഷമമല്ലെന്നാണ് വ്യക്തമായത്. 12 കൊല്ലം മുമ്പ് തേക്കടിയിൽ ബോട്ട് ദുരന്തമുണ്ടായപ്പോൾ രക്ഷാപ്രവർത്തനത്തിന് അവിടെ എത്തിച്ചേരാൻ വൈകിയത് വലിയ പ്രശ്നമായിരുന്നു. അപകടസ്ഥലത്ത് അതിവേഗമെത്തുന്നതിനുള്ള സംവിധാനവും ദ്രുതകർമസേനയുമുണ്ടാക്കണമെന്ന് അന്ന് സർക്കാർ തീരുമാനിച്ചതുമാണ്. 2018-ലെ പ്രളയാനന്തരവും ആ തീരുമാനം പുതുക്കി. പക്ഷേ, അക്കാര്യത്തിൽ മുന്നോട്ടുപോകാനായിട്ടില്ലെന്നതാണ് ശനിയാഴ്ച ഉരുൾപൊട്ടലുണ്ടായ സ്ഥലത്തെ അനുഭവം. ലോകമാകെ ആഗോളതാപനത്തെക്കുറിച്ച് ചർച്ചചെയ്യുമ്പോൾ കേരളം അതിന്റെ പ്രത്യാഘാത വലയത്തിലാണ് എന്ന ബോധ്യം ഇനിയെങ്കിലും വേണം. അമാന്തിച്ചുനിൽക്കാൻ നേരമില്ലെന്ന തിരിച്ചറിവോടെ ബഹുമുഖരക്ഷാ മാർഗങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കാൻ തയ്യാറായേ പറ്റൂ.

 

 

Subscribe on Youtube Subscribe Subscribe on Telegram Subscribe
Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.