നേർക്കാഴ്ചയുടെ പുരസ്‌കാരങ്ങൾ

Published: Oct 17, 2021, 09:53 PM IST
മാറുന്ന മലയാളസിനിമയെ കൃത്യമായി അടയാളപ്പെടുത്തുന്നു എന്നതാണ് ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന്റെ സവിശേഷത. കലാമൂല്യത്തോടൊപ്പം പുരോഗമന നിലപാടുകളും അംഗീകരിക്കപ്പെട്ടു. സ്ത്രീപക്ഷ പ്രമേയങ്ങൾക്കു നൽകിയ പരിഗണന വർത്തമാന കാലത്തോടുള്ള ജൂറിയുടെ പ്രതിബദ്ധതകൂടിയാണ്
editorial

മാറുന്ന മലയാളസിനിമയെ കൃത്യമായി അടയാളപ്പെടുത്തുന്നു എന്നതാണ് ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന്റെ സവിശേഷത. മഹാമാരിക്കാലമായിട്ടും 80 സിനിമയാണ് ജൂറിക്കു മുന്നിലെത്തിയത്. ഇതിൽ 38-ഉം നവാഗതസംവിധായകരുടേതാണ്. പ്രമേയത്തിലും നായക-നായിക സങ്കല്പത്തിലുമെല്ലാം മലയാളസിനിമയിൽ ഒരു പതിറ്റാണ്ടോളമായി സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളാണ് ഇതു സാധ്യമാക്കിയത് എന്നതിൽ തർക്കമില്ല. എല്ലാ മേഖലയിലുമുണ്ടായ തലമുറമാറ്റം മലയാളസിനിമയ്ക്ക് പുതിയ ഉണർവും പ്രതീക്ഷയും നൽകുന്നുണ്ട്.  കോടികളുടെ ബജറ്റോ താരമൂല്യമുള്ള നായകരോ ഇല്ലെങ്കിലും സിനിമ വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ട് പുതുതലമുറ സിനിമാപ്രവർത്തകർക്ക്. താരങ്ങളെയല്ല, കഥാപാത്രങ്ങളും അവയുടെ പ്രസക്തിയുമാണ് പരിഗണിച്ചതെന്ന ജൂറി അധ്യക്ഷ സുഹാസിനിയുടെ പ്രസ്താവനയിൽ ഈ മാറ്റം പ്രതിഫലിക്കുന്നുണ്ട്. 

സിനിമ സാധാരണ മനുഷ്യരിലേക്കും കഥാപാത്രങ്ങളിലേക്കും ഇറങ്ങിയതോടെ പിന്നണിയിലായിരുന്ന ഒട്ടേറെ നടീനടന്മാർക്ക് അവസരവും അംഗീകാരവും കിട്ടിത്തുടങ്ങി. ചെറുബജറ്റുകളിലും സിനിമ സാധ്യമായതോടെ കാമ്പും കലാമൂല്യവുമുള്ള പ്രമേയങ്ങളുമായി കഥാകൃത്തുക്കളും സംവിധായകരും ധൈര്യപൂർവം മുന്നോട്ടുവരുന്നു. നായകന്റെ നിഴലിൽനിന്ന് മോചിപ്പിക്കപ്പെട്ട നടിമാർക്ക് ശക്തമായ സാന്നിധ്യം അറിയിക്കാൻ അവസരം ലഭിക്കുന്നു. സിനിമയുടെ നിർമിതിയിലും ആസ്വാദനരീതിയിലുമുള്ള പുതിയ സമീപനത്തിന്റെ തുടർച്ച പുരസ്കാരപ്രഖ്യാപനത്തിലും വായിച്ചെടുക്കാം. കണ്ടു പഴകിയ മുഖങ്ങൾക്കു പകരം ഒട്ടേറെ നവാഗതർ വ്യത്യസ്ത വിഭാഗങ്ങളിൽ പരിഗണിക്കപ്പെട്ടു എന്നത് ഈ രംഗത്തേക്കു കടന്നുവരുന്ന യുവത്വത്തിന്‌ ആത്മവിശ്വാസം പകരുകതന്നെ ചെയ്യും. 33 വർഷത്തോളമായി അഭിനയ രംഗത്തുണ്ടായിട്ടും പിന്നണിയിൽ മാത്രം നിൽക്കേണ്ടിവന്ന സുധീഷിനെപ്പോലുള്ളവരും അംഗീകരിക്കപ്പെട്ടിരിക്കുന്നു. മുൻവിധികളില്ലാതെ അവാർഡിനെ സമീപിക്കാൻ ജൂറി കാണിച്ച സന്നദ്ധത അഭിനന്ദനമർഹിക്കുന്നു. കലാമൂല്യത്തോടൊപ്പം പുരോഗമന നിലപാടുകളും അംഗീകരിക്കപ്പെട്ടു. സ്ത്രീപക്ഷ പ്രമേയങ്ങൾക്കു നൽകിയ പരിഗണന വർത്തമാന കാലത്തോടുള്ള ജൂറിയുടെ പ്രതിബദ്ധതകൂടിയാണ്. ഹിംസാത്മകമല്ലാത്ത, നിശ്ശബ്ദമായ ആൺകോയ്മകളുടെ നിർദയമായ അധികാരപ്രയോഗങ്ങളെ അതിസൂക്ഷ്മവും ശക്തവുമായി അവതരിപ്പിച്ചു എന്നാണ് ‘ഗ്രേറ്റ്‌ ഇന്ത്യൻ കിച്ച’നെ മികച്ച സിനിമയായി പ്രഖ്യാപിച്ചുകൊണ്ട് ജൂറി അഭിപ്രായപ്പെട്ടത്. മികച്ച രണ്ടാമത്തെ ചിത്രമായ ‘തിങ്കളാഴ്ച നിശ്ചയം’ കുടുംബം എന്ന സാമൂഹിക സ്ഥാപനത്തിന്റെ ജനാധിപത്യവത്കരണത്തിനുവേണ്ടി ശക്തമായി വാദിക്കുന്ന സിനിമയാണ്. മികച്ച കഥയ്ക്കുള്ള പുരസ്കാര(സെന്ന ഹെഗ്‌ഡെ)വും ഈ സിനിമയ്ക്കു തന്നെയാണ്. അന്ന ബെന്നിനും ശ്രീരേഖയ്ക്കും കരുത്തുറ്റ കഥാപാത്രങ്ങളെ നൽകി ‘കപ്പേള’യും ‘വെയിലും’ സിനിമ നായികയുടേതു കൂടിയാക്കി. മികച്ച നവാഗത സംവിധായകനായി മുഹമ്മദ്‌ മുസ്തഫയ്ക്ക് പുരസ്കാരം ലഭിച്ചത് ‘കപ്പേള’യിലൂടെയാണ്.

വസ്ത്രാലങ്കാരത്തിനു ധന്യ ബാലകൃഷ്ണൻ, നളിനി ജമീല എന്നിവർക്കുള്ള അംഗീകാരം ഈ രംഗത്ത് സ്ത്രീകളുടെ കടന്നുവരവിനു പ്രചോദനമാവും. ട്രാൻസ്ജെൻഡർ, സ്ത്രീ വിഭാഗത്തിന് പ്രത്യേകമായി പുരസ്കാരം ഏർപ്പെടുത്തിയത്‌ സ്വാഗതാർഹമാണ്‌. ഗായിക നാഞ്ചിയമ്മ പുരസ്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടതും മികച്ചസന്ദേശം നൽകുന്നു. ഓൺലൈൻ പ്ലാറ്റ്ഫോമെന്ന വിശാലമായ ആകാശത്തു കുഞ്ഞുചിറകുകളിൽ ഉയരെപ്പറക്കാൻ പുതുതലമുറ പ്രാപ്തിനേടിക്കഴിഞ്ഞു. പുതിയ പരീക്ഷണങ്ങൾ, വിജയങ്ങൾ അവരെ കാത്തിരിക്കുന്നു. മുന്നോട്ടുകുതിക്കാൻ ഊർജവും ആത്മവിശ്വാസവും നൽകുന്നതാവട്ടെ ഓരോ പുരസ്കാരപ്രഖ്യാപനവും.

Subscribe on Youtube Subscribe Subscribe on Telegram Subscribe
Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.