പെരുമഴ തരുന്ന പാഠങ്ങൾ

Published: Oct 16, 2021, 08:06 PM IST
കാലാവസ്ഥയുമായി ബന്ധപ്പെട്ട ബഹുമുഖ ദുരന്തമേഖലയായി തിരിച്ചറിയപ്പെട്ട ഭൂഭാഗമാണ് കേരളം. എന്നാൽ, ഉയർന്ന ചിന്താശേഷിയുള്ള ജനതയെന്നനിലയിൽ പരിഹാരമാർഗം കണ്ടെത്താനും ഐക്യത്തോടെ അത് നടപ്പാക്കാനും സാധിച്ചാൽ സുരക്ഷ ഉറപ്പാണ്
editorial

ദുരന്തമേഘങ്ങൾ കേരളത്തിനുമേൽ സദാ തൂങ്ങിനിൽക്കുകയും ഇടയ്ക്കിടെ മേഘവിസ്ഫോടനങ്ങളിലൂടെ ഉഗ്രപ്രഹരമേൽപ്പിച്ചുകൊണ്ടിരിക്കുകയുമാണ്. ദുരന്തനിവാരണവകുപ്പ് ചുവപ്പുകാർഡുകളുയർത്തി ജാഗ്രതയ്ക്ക് ആഹ്വാനംചെയ്തതാണെങ്കിലും അക്ഷരാർഥത്തിൽ മിന്നൽപ്രളയമാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. മൂന്നുവർഷംമുമ്പ് ഉണ്ടായതിനുസമാനമായ രീതിയിലാണ് തെക്കൻ കേരളത്തിലും മധ്യകേരളത്തിലും പേമാരി പെയ്തിറങ്ങിയത്. കാലാവസ്ഥാവ്യതിയാനത്തിന്റെ തിക്തഫലങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കയാണ് കേരളമിപ്പോൾ. പരിസ്ഥിതിപാഠങ്ങളെ അവഗണിച്ച്‌ നമുക്കിനി മുന്നോട്ടുപോകാനാവില്ല.

2018-ലും 2019-ലും പ്രളയമുണ്ടായത് തീവ്രമഴക്കാലമായി പണ്ടുമുതലേ അനുഭവമുള്ള ഓഗസ്റ്റിലാണ്. അസാധാരണമാംവിധം ദൈർഘ്യമേറിയതും അതിസാന്ദ്രവുമായ മഴയും ഉരുൾപൊട്ടലുകളുമാണ് അന്ന്‌ ദിവസങ്ങൾനീണ്ട പ്രളയത്തിനിടയാക്കിയത്. എന്നാൽ, സാധാരണയായി മഴക്കാലം തീരാറുള്ള കന്നിയുടെ അവസാനമാണ് ഒറ്റദിവസത്തെ അത്യുഗ്രവും അനുസ്യൂതവുമായ പ്രളയപ്പെയ്ത്തുണ്ടായത്. കാലാവസ്ഥാമാറ്റം എല്ലാ കണ്ടെത്തലുകളെയും നിഗമനങ്ങളെയും  പുറകോട്ടുതള്ളുകയാണ്. 

    ശനിയാഴ്ചത്തെ പെരുമഴയും വ്യാപകമായി മണ്ണിടിച്ചിലുണ്ടാക്കി. ഉരുൾപൊട്ടലാണ് കേരളത്തിൽ ഏറ്റവും വലിയ ദുരന്തങ്ങൾ സൃഷ്ടിക്കുന്നതെന്ന് ദുരന്തനിവാരണവകുപ്പ് മുമ്പേതന്നെ വ്യക്തമാക്കിയതാണ്. കഴിഞ്ഞ രണ്ടുപ്രളയകാലങ്ങളിൽ പെട്ടിമുടിയിലും കവളപ്പാറയിലുമുണ്ടായ ഉരുൾപൊട്ടലും കൂട്ടമരണവും നാശനഷ്ടവും ഓർമിപ്പിക്കുന്ന തരത്തിലാണ് ഇത്തവണ കോട്ടയം ചോലത്തടം കൂട്ടിക്കൽ വില്ലേജിലെ പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടിയുണ്ടായ ദുരന്തം. ഉരുൾപൊട്ടലിൽ ഒഴുകിപ്പോയ 14 പേരിൽ നാലുപേരുടെ മൃതദേഹമാണ് കണ്ടെടുത്തത്. കാലാവസ്ഥ മോശമായതിനാലും വഴികളില്ലാതായതിനാലും രക്ഷാപ്രവർത്തനം പ്രയാസകരമാണെന്നാണ് റിപ്പോർട്ട്. തൊടുപുഴയിൽ ഓടിക്കൊണ്ടിരിക്കെയാണ് കാർ ഒഴുക്കിൽപ്പെട്ട് രണ്ടുപേർ മരിച്ചത്. പൂഞ്ഞാറിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി. ബസ് പകുതിയിലേറെ ഉയരത്തിൽ വെള്ളത്തിൽപ്പെട്ടുണ്ടായ ദുരന്തമുഖത്തുനിന്ന് യാത്രക്കാരെയെല്ലാം നാട്ടുകാർ അതിസാഹസികമായാണ്  രക്ഷപ്പെടുത്തിയത്. ഒട്ടേറെ പാലങ്ങളും റോഡുകളും തകരുകയും ഒഴുകിപ്പോവുകയും ആയിരക്കണക്കിന്  ഹെക്ടറിലെ കൃഷി നശിക്കുകയുംചെയ്തു. പേമാരി ഇപ്പോഴും തുടർന്നുകൊണ്ടിരിക്കയാണ്. ഉരുൾപൊട്ടലിലും പ്രളയത്തിലും ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കുന്നതിനുള്ള പ്രവർത്തനത്തിന് ദേശീയ ദുരന്തനിവാരണസേനയെ ആറുജില്ലകളിൽ വിന്യസിച്ചതിനുപുറമേ രക്ഷാദൗത്യത്തിന് സൈന്യത്തിന്റെ സേവനവും തേടിയിരിക്കയാണ്. 

വെള്ളപ്പൊക്കദുരന്തങ്ങൾ മുമ്പും ഉണ്ടാകാറുള്ളതാണെങ്കിലും അത് ദിവസങ്ങളോളം തോരാമഴ പെയ്തതിന്റെ ഫലമായുള്ളതായിരുന്നു. ഒറ്റദിവസം ഏതാനും മണിക്കൂർ മഴ പെയ്യുമ്പോഴേക്കും മലമുകളിലെ റോഡുകൾപോലും പുഴയായിത്തീരുന്ന പ്രതിഭാസമാണിപ്പോൾ ഉണ്ടാകുന്നത്. 2018-ലെ ദുരന്തത്തിന്റെ സാഹചര്യത്തിൽ അതേവരെ പാരിസ്ഥിതിക സാക്ഷരതയില്ലാതിരുന്നവർപോലും ഞെട്ടിയുണർന്ന പ്രതീതിയുണ്ടായിരുന്നു. പരക്കെ മണ്ണിടിച്ചിൽ എന്തുകൊണ്ട് എന്ന ചോദ്യമുണ്ടായി. ഒറ്റമഴയിൽ വെള്ളപ്പൊക്കം എന്തുകൊണ്ടെന്ന ചോദ്യത്തിന്, സമൂഹം കണ്ണാടിനോക്കണമെന്ന അഭിപ്രായം പോലും അന്നുയർന്നതാണ്. ഭൂവിനിമയത്തിന്റെ കാര്യത്തിൽ ശരിയായി  നയം ആവിഷ്കരിക്കാൻ കഴിയാതെ പോവുക, ഭാഗികമായി അങ്ങനെയൊരു നയം പ്രഖ്യാപിച്ചാൽത്തന്നെ പല താത്‌പര്യങ്ങളിൽ ഉടക്കി പിൻവാങ്ങുന്ന നിർലജ്ജമായ അവസ്ഥ. കൊടുംചൂടിൽനിന്ന് നമ്മെ രക്ഷിക്കുകയും ദാഹജലം ചുരത്തുകയും ഭക്ഷ്യസമൃദ്ധിയുണ്ടാക്കുകയും ചെയ്യുന്ന പശ്ചിമഘട്ടത്തെ അതിചൂഷണംചെയ്ത്, ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്ന വെളിച്ചം കാണിക്കാൻ ശ്രമിച്ച മനീഷിയെ അപഹസിക്കുകയാണ് ഔദ്യോഗികമായിപ്പോലും ചെയ്തത്. കാലാവസ്ഥാവ്യതിയാനം ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ്. കാലാവസ്ഥയുമായി ബന്ധപ്പെട്ട ബഹുമുഖ ദുരന്തമേഖലയായി തിരിച്ചറിയപ്പെട്ട ഭൂഭാഗമാണ് കേരളം. എന്നാൽ, ഉയർന്ന ചിന്താശേഷിയുള്ള ജനതയെന്നനിലയിൽ പരിഹാരമാർഗം കണ്ടെത്താനും ഐക്യത്തോടെ അത് നടപ്പാക്കാനും സാധിച്ചാൽ സുരക്ഷ ഉറപ്പാണ്. 

 

Subscribe on Youtube Subscribe Subscribe on Telegram Subscribe
Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.