കടലോരത്തെ കൈപിടിച്ചുയർത്തണം

Published: Oct 16, 2021, 01:31 AM IST
ഏറ്റവും താഴ്‌ന്ന സാമൂഹിക-സാമ്പത്തിക ജീവിതനിലവാരത്തിലാണ്‌ തീരദേശ സമൂഹം. ഇവരുടെ ജീവിതം മെച്ചപ്പെടുത്താൻ വിവിധ ഏജൻസികൾ ഒത്തുചേർന്ന്‌ പ്രവർത്തിക്കണം. ഇതിന്‌ സർവോപരി വേണ്ടത്‌ രാഷ്ട്രീയ ഇച്ഛാശക്തിതന്നെ
editorial

കേരളത്തിലെ തീരദേശ മത്സ്യത്തൊഴിലാളികളും കുടുംബങ്ങളും പലവിധ പ്രതിസന്ധികളിൽ പെട്ടുഴലുകയാണ്‌. ആ ദുരിതജീവിതത്തെപ്പറ്റി മാതൃഭൂമി പ്രസിദ്ധീകരിച്ച ‘അടങ്ങാത്ത തിര, ഒടുങ്ങാത്ത ദുരിതം’ അവരുടെ ജീവിതസാക്ഷ്യമാണ്‌. പ്രകൃത്യാലുണ്ടാവുന്നതും മനുഷ്യനിർമിതവുമായ ദുരന്തങ്ങൾ ആ മനുഷ്യരുടെ അതിജീവനം ദുഷ്കരമാക്കുന്നു. തീരത്ത്‌ മീൻ കുറയുന്നു, തീരശോഷണവും കടലേറ്റവും ഏറിവരുന്നു, ഇന്ധന വിലവർധനയിൽ മത്സ്യാനുബന്ധ ഉത്‌പാദന മേഖല തളരുന്നു, ട്രോളർ ബോട്ടുകൾ തീരത്തെത്തി മീൻകോരുന്നു, ഏറിവരുന്ന കാലാവസ്ഥാ മുന്നറിയിപ്പുകൾ കടൽയാത്രയ്ക്ക്‌ തടയിടുന്നു, കടലപകടങ്ങളിൽ യഥാസമയം രക്ഷാസഹായം കിട്ടാതെ ദുരന്തങ്ങളുണ്ടാകുന്നു, പുനരധിവാസ-തീരപരിപാലന-വിനോദസഞ്ചാര പദ്ധതികളിൽ എതിർപ്പുകളുയരുന്നു, ഇങ്ങനെ വെല്ലുവിളികൾ ഒട്ടേറെ. ജീവിക്കാൻ കടംവാങ്ങിയും ഇടനിലക്കാർക്കിടയിൽപ്പെട്ടും അവർ കെണിയിലാവുന്നു. അവഗണനയും പുച്ഛവും ഏറ്റുവാങ്ങേണ്ടിവരുന്നു. സർക്കാർ ഏജൻസികളെയും പദ്ധതികളെയും കുറിച്ചുള്ള പരിജ്ഞാനക്കുറവ്‌ അവരെ ദുർബലരാക്കുന്നു. ഏറ്റവും താഴ്‌ന്ന സാമൂഹിക-സാമ്പത്തിക ജീവിതനിലവാരത്തിലാണ്‌ കേരളീയർക്ക്‌ പോഷകസമ്പുഷ്ടമായ മീൻ ലഭ്യമാക്കുന്ന ഈ തൊഴിലാളിസമൂഹം. നടപ്പു നിയമസഭാസമ്മേളനത്തിൽ രമേശ്‌ ചെന്നിത്തല മാതൃഭൂമി പരമ്പര പരാമർശിച്ച്‌ വിഷയത്തിന്റെ ഗൗരവം സഭയുടെ ശ്രദ്ധയിൽപ്പെടുത്തുകയുണ്ടായി.

കേരളത്തിൽ മത്സ്യത്തൊഴിലാളി മേഖലയുമായി ബന്ധപ്പെട്ട ഏക സർക്കാർവകുപ്പായ മത്സ്യബന്ധനവകുപ്പ്‌ (ഫിഷറീസ്‌) വിവിധ ഏജൻസികളിലൂടെ വിഭവസംരക്ഷണം, തൊഴിലാളി സുരക്ഷ, ക്ഷേമം, സുസ്ഥിര മത്സ്യബന്ധനം എന്നിവ ഉറപ്പുവരുത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും അവ കൃത്യമായി നടപ്പാവുന്നില്ലെന്നുവേണം പറയാൻ. മത്സ്യഫെഡ്‌, മത്സ്യബോർഡ്‌ എന്നിവയിലെല്ലാം രാഷ്ട്രീയ അതിപ്രസരമാണെന്നും തൊഴിലാളികൾക്കുവേണ്ട ഗുണം ലഭിക്കുന്നില്ലെന്നും വ്യാപക പരാതിയുണ്ട്‌. സർക്കാർ പദ്ധതികൾ യഥാർഥ ഗുണഭോക്താവിലെത്താതെ പോകുന്നത്‌ സൂക്ഷ്മമായി പരിശോധിക്കേണ്ട ആവശ്യകതയിലേക്ക്‌ വിരൽചൂണ്ടുന്നു. ജലസേചനം, തുറമുഖവികസനം തുടങ്ങിയ അനുബന്ധ മന്ത്രിതല വകുപ്പുകളും ഒട്ടേറെ കോർപ്പറേഷനുകളും തമ്മിലുള്ള ഏകോപനമില്ലായ്മയും തൊഴിലാളികളുടെ സ്ഥിതി കഷ്ടത്തിലാക്കുന്നു. വിവിധ കാലങ്ങളിലെ കേന്ദ്ര-സംസ്ഥാന നയങ്ങൾ യഥാർഥ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ സഹായിക്കുന്നവയല്ല. ഏതുകാലത്തും ഏതു സർക്കാരും വൻകിടക്കാർക്കൊപ്പം നിൽക്കുന്നെന്ന ആരോപണങ്ങൾക്ക്‌ കുറവൊന്നുമില്ല. സഹായ പദ്ധതികളെക്കുറിച്ചും അവയുടെ സാങ്കേതിക നൂലാമാലകളെക്കുറിച്ചും ഫലപ്രദമായ അവബോധം തൊഴിലാളികൾക്ക്‌ നൽകാൻ രാഷ്ട്രീയ, സന്നദ്ധ, സാമൂഹിക സംഘടനകൾക്കും കഴിയുന്നില്ലെന്നുവേണം കരുതാൻ.

സർക്കാർ നിയോഗിച്ച ഏജൻസിയും രാഷ്ട്രീയ,  സന്നദ്ധ സംഘടനകളും ദുരിതശമനത്തിന്‌ ക്രിയാത്മക നിർദേശങ്ങൾ മുന്നോട്ടുവെക്കുന്നുണ്ട്‌. സാമൂഹിക, സാമ്പത്തികനില പഠിക്കാൻ കമ്മിഷനെ നിയമിക്കുക, മേഖലയിൽ ദീർഘകാല ചലനാത്മകപഠനം നടത്തുക, പദ്ധതികൾ നടപ്പാക്കുന്നതിൽ പ്രാദേശിക സാമുദായ-സാമൂഹിക സംഘടനകളുടെ പങ്കാളിത്തം ഉറപ്പാക്കുക, ഇന്ധനത്തിന്‌ പ്രത്യേക സബ്‌സിഡി നൽകുക, പുനരധിവാസ പദ്ധതിക്ക്‌ തുക വർധിപ്പിക്കുക, തീരത്തിനടുത്തുതന്നെ പുനരധിവസിപ്പിക്കുക, മീൻപിടിത്തത്തിന്‌ പോകാനാവാത്ത ദിവസങ്ങളിൽ സാമ്പത്തികസഹായം നൽകുക, പട്ടികജാതിയിലോ വർഗത്തിലോ ഉൾപ്പെടുത്തുക, ചെറുമീൻവേട്ട രാജ്യദ്രോഹക്കുറ്റമാക്കുക, ആനുകൂല്യങ്ങൾ യഥാർഥ മത്സ്യത്തൊഴിലാളികൾക്കെന്ന്‌ ഉറപ്പുവരുത്താൻ സർക്കാർ സംവിധാനമുണ്ടാകുക, മത്സ്യവിതരണവും സംഭരണവും സർക്കാർ നിയന്ത്രണത്തിലാക്കുക, തീരപരിപാലന പദ്ധതി, വിനോദസഞ്ചാര പദ്ധതി എന്നിവ​യിലെ ആശങ്ക പരിഹരിക്കുക, 2020 വരെയുള്ള വായ്പകൾക്ക്‌ കടാശ്വാസം അനുവദിക്കുക, സമുദ്രമത്സ്യങ്ങൾക്ക്‌ താങ്ങുവില ഉറപ്പുവരുത്തുക, പ്രത്യേക സ്കൂളുകൾ സ്ഥാപിച്ച്‌ വിദ്യാഭ്യാസനിലവാരം മെച്ചപ്പെടുത്തുക എന്നീ ആവശ്യങ്ങളാണ്‌ പഠനങ്ങളും റിപ്പോർട്ടുകളും ചൂണ്ടിക്കാണിക്കുന്നത്‌. ഇവയൊക്കെ നടപ്പിൽവരുത്താൻ മത്സ്യത്തൊഴിലാളികളെ വിശ്വാസത്തിലെടുത്ത്‌ വിവിധ ഏജൻസികൾ ഒത്തുചേർന്ന്‌ പ്രവർത്തിക്കണം. ഇതിന്‌ സർവോപരി വേണ്ടത്‌ രാഷ്ട്രീയ ഇച്ഛാശക്തിതന്നെ.

Subscribe on Youtube Subscribe Subscribe on Telegram Subscribe
Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.