നികുതിവർധന നീതിപൂർവമാകണം

Published: Oct 13, 2021, 10:33 PM IST
വസ്ത്രവ്യാപാരമേഖലയ്ക്ക് വിനയാകുന്ന വിധത്തിലുള്ള നികുതി ഏകീകരണ നീക്കത്തെ എതിർക്കാൻ ജി.എസ്.ടി.കൗൺസിലിൽ അംഗമായ കേരള ധനമന്ത്രി തയ്യാറാകണം
editorial

കഴിഞ്ഞമാസം ലഖ്‌നൗവിൽ നടന്ന ജി.എസ്.ടി. കൗൺസിൽ യോഗത്തിന്റെ തീരുമാനപ്രകാരം നികുതി പരിഷ്കരണത്തിനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ്. തുണിത്തരങ്ങളുടെയും പാദരക്ഷകളുടെയും ചരക്ക്-സേവന നികുതി 12 ശതമാനത്തിലേക്ക് ഏകീകരിക്കുന്നതിനുള്ള നടപടികളാണ് തുടങ്ങിയിരിക്കുന്നത്. സ്വതേ മന്ദഗതിയിലായ ആ മേഖലയുടെ തകർച്ചയ്ക്ക് ഇത് വഴിയൊരുക്കുമെന്ന് പരക്കേ ആശങ്കയുണ്ട്. അസംസ്കൃത സാധനങ്ങളുടെയും ഉത്‌പന്നത്തിന്റെയും നികുതിയിലുള്ള വ്യത്യാസം പ്രായോഗികമായി  വിഷമമുണ്ടാക്കുന്നതിനാൽ ഏകീകരണം അനിവാര്യമാണെന്നാണ് ധനമന്ത്രി നിർമലാ സീതാരാമൻ വ്യക്തമാക്കിയത്. കൂടുതൽ വിശദമായ ചർച്ച നടത്തിയശേഷം ജനുവരി ഒന്നിന് പ്രാബല്യത്തിലാകുംവിധം അന്തിമതീരുമാനമുണ്ടാകുമെന്നാണ് ലഖ്‌നൗ യോഗത്തിനുശേഷം മന്ത്രി പറഞ്ഞത്. അതിന്റെ ഭാഗമായി ജി.എസ്.ടി. അധികൃതർ ചർച്ചകൾക്ക് തുടക്കംകുറിച്ചിരിക്കുകയാണ്.
നൂലിനും തുണിക്കും തുണിയിൽ മുക്കുന്ന ചായത്തിനും ചായം മുക്കുന്ന സേവനത്തിനും നിർമിതവസ്ത്രത്തിനും നിലവിൽ നികുതിഘടന ഒന്നല്ല. ചെരിപ്പിന്റെ കാര്യത്തിൽ തുകലിനും മറ്റ് അസംസ്കൃതവസ്തുക്കൾക്കും ചുമത്തുന്ന നികുതിയും ചെരിപ്പിന്റെ നികുതിയും തമ്മിൽ വ്യത്യാസമുണ്ട്. അസംസ്കൃതവസ്തുക്കൾക്ക് കൂടുതൽ നികുതിയും ഉത്‌പന്നങ്ങൾക്ക് കുറവുമാകുമ്പോൾ നികുതി കണക്കാക്കുന്നതിലും ഈടാക്കുന്നതിലും പ്രായോഗികപ്രശ്നമുണ്ടെന്നാണ് വിമർശനം. കൂടുതൽ നികുതി കൊടുത്ത് അസംസ്കൃതസാധനങ്ങൾ വാങ്ങി ഉത്‌പാദനം നടത്തി താരതമ്യേന കുറഞ്ഞ നികുതി ഈടാക്കി വിൽക്കുമ്പോൾ വ്യത്യാസംവരുന്ന തുക വ്യാപാരിക്ക് വകവെച്ചുകൊടുക്കുകയാണ്. ഇതിലും പ്രായോഗികമായി പ്രശ്നങ്ങളുണ്ടാകുന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം.

ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇപ്പോൾ ചർച്ചയിലുള്ള മാർഗം പക്ഷേ, സാധാരണക്കാരായ ഉപഭോക്താക്കൾക്കും ചെറുകിട കച്ചവടക്കാർക്കും ആഘാതമേൽപ്പിച്ചുകൊണ്ടാകുന്നതിന് എന്താണ് ന്യായീകരണം. ആയിരംരൂപയിൽ താഴെ വിലയുള്ള വസ്ത്രത്തിന് ഇപ്പോൾ അഞ്ചുശതമാനമാണ് ജി.എസ്.ടി. ആയിരത്തിൽ കൂടിയാൽ 12 ശതമാനവും. തുണിക്കും നിർമിതവസ്ത്രങ്ങൾക്കും നികുതി ഏകീകരണമെന്നാൽ, 12 ശതമാനത്തിലേക്ക് ഉയർത്തുക എന്നതാണ് ഇപ്പോഴത്തെ നിർദേശമെന്നാണ് പുറത്തുവന്നുകൊണ്ടിരിക്കുന്ന വിവരം. പാദരക്ഷകളുടെ കാര്യത്തിലും ഏകീകരണം എന്നതുകൊണ്ട് ലക്ഷ്യമാക്കുന്നത് ഉയർന്ന നികുതി പിരിക്കലാണ്. ജി.എസ്.ടി. കൗൺസിൽ യോഗം നടന്നതിന്റെ അടുത്തദിവസംതന്നെ ക്ലോത്ത് മർച്ചന്റ്‌സ് ഓഫ് ഇന്ത്യ സർക്കാർ നീക്കത്തിൽ പ്രതിഷേധം അറിയിക്കുകയുണ്ടായി. രാജ്യത്തെ ഉത്‌പാദന-വിപണന മേഖല തകർച്ച നേരിടുകയാണെന്നും നികുതി വർധനകൂടിയുണ്ടായാൽ കരകയറാനേ പറ്റാത്ത അവസ്ഥയിലാകുമെന്നുമാണ് സംഘടന വ്യക്തമാക്കിയത്. വസ്‌ത്രോത്‌പാദനം പകുതിയോളമായി കുറഞ്ഞു. 20 ശതമാനത്തിലേറെ തൊഴിലാളികൾക്ക് ഇതിനകംതന്നെ ജോലി നഷ്ടപ്പെട്ടു. അതെല്ലാം പരിഗണിച്ച് വസ്‌ത്രോത്‌പാദന-വിപണന മേഖലയിൽ ചരക്ക്-സേവന നികുതി അഞ്ചു ശതമാനമായി നിജപ്പെടുത്തുകയാണ് വേണ്ടതെന്നാണ് വ്യാപാരി സംഘടന ആവശ്യപ്പെട്ടത്.

തുണിത്തരങ്ങളുടെയും നിർമിതവസ്ത്രങ്ങളുടെയും ചെരിപ്പിന്റെയും നികുതി ഏകീകരണം ഏറ്റവും കുറഞ്ഞനിരക്കിൽ, അതായത് അഞ്ച് ശതമാനത്തിൽ ആകണമെന്ന് കേരളവും നിർദേശം മുന്നോട്ടുവെക്കേണ്ടതാണ്‌. കോവിഡ് വ്യാപനംകാരണം  വ്യവസായ-വാണിജ്യ മേഖലയിലുണ്ടായ തകർച്ച, ക്രയശേഷിയിലുണ്ടായ കുറവ് എന്നിവ പരിഗണിക്കപ്പെടണം.  പതിനായിരക്കണക്കിനാളുകൾ, ഭൂരിഭാഗവും വനിതകൾ ജോലിചെയ്യുന്ന മേഖലയാണ് വസ്ത്രവിപണനം. കോവിഡ് മഹാമാരി കാരണം അവരിൽ ആയിരക്കണക്കിന് തൊഴിലാളികൾക്ക് പണി നഷ്ടപ്പെട്ടു. വിൽപ്പന കുറവായതിനാൽ വസ്ത്രാലയങ്ങൾ തകർച്ചയിലായി. അതിനെക്കാളെല്ലാം വലിയ ഭീഷണിയുയർത്തുകയാണ് ചില്ലറ വിൽപ്പനമേഖലയിലെ കുത്തകകളുടെ കടന്നുകയറ്റവും അവർക്ക് മേധാവിത്വമുള്ള ഓൺലൈൻ വാണിജ്യവും. വസ്ത്രവ്യാപാരമേഖലയ്ക്ക്  വിനയാകുന്ന വിധത്തിലുള്ള നികുതി ഏകീകരണ നീക്കത്തെ എതിർക്കാൻ ജി.എസ്.ടി.കൗൺസിലിൽ അംഗമായ കേരള ധനമന്ത്രി തയ്യാറാകണം. 

Subscribe on Youtube Subscribe Subscribe on Telegram Subscribe
Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.