ഭീകരതയുടെ വേരറുക്കണം

Published: Oct 12, 2021, 08:54 PM IST
കൂടിവരുന്ന വെല്ലുവിളി നേരിടാൻ അതിർത്തിയിൽ കൂടുതൽ ജാഗ്രത പുലർത്തുകയും പഴുതില്ലാത്ത പ്രതിരോധമുയർത്തുകയും വേണം. രാജ്യത്തിന്റെ അതിർത്തിയും അഭിമാനവും കാക്കാൻ ജീവൻ ബലിയർപ്പിച്ച ധീരസൈനികരുടെ വീരസ്മരണയ്ക്കുമുമ്പിൽ ആദരാഞ്ജലികളർപ്പിക്കുന്നു
editorial

രാജ്യത്തെ കാക്കുന്ന അഞ്ചുസൈനികർകൂടി ജമ്മുകശ്മീരിൽ വീരമൃത്യു വരിച്ചിരിക്കയാണ്. അതിർത്തികടന്നെത്തി രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകർക്കാൻ, കൂട്ടക്കൊല നടത്താൻ  പതിയിരുന്ന കൊടുംഭീകരരെ അമർച്ചചെയ്യാൻ ശ്രമിക്കുന്നതിനിടയിലാണ് മലയാളിയായ വൈശാഖ് അടക്കമുള്ള അഞ്ച് ധീരസൈനികരെ നമുക്ക് നഷ്ടപ്പെട്ടത്. തിങ്കളാഴ്ച 24 മണിക്കൂറിനുള്ളിൽമാത്രം ഭീകരരുമായി നാല് ഏറ്റുമുട്ടലാണ് പൂഞ്ച് മേഖലയിലുംമറ്റുമായി ഉണ്ടായത്.  അഫ്ഗാനിസ്താനെ താലിബാൻ കൈയടക്കിയതോടെ മേഖലയിലാകെ ഭീകരാക്രമണത്തിന്റെ തീവ്രത കൂടിക്കൊണ്ടിരിക്കുന്നതിന്റെ സൂചനയാണിത്. ഏതാനും ദിവസംമുമ്പാണ് ശ്രീനഗറിലെ ഒരു ഹയർ സെക്കൻഡറി  സ്കൂളിൽ കടന്നുകയറി പ്രിൻസിപ്പലിനെയും മറ്റൊരധ്യാപകനെയും ഭീകരർ വെടിവെച്ചുകൊന്നത്. അതിനും മുമ്പ്‌ ശ്രീനഗറിലെത്തന്നെ ലാൽബസാറിലും ബന്ദിപ്പോരയിലുമായി ഒരു ഫാർമസിയുടമയെയടക്കം മൂന്നുപേർ കൊലചെയ്യപ്പെട്ടു. ഓഗസ്റ്റ് മധ്യത്തിലാണ് ശ്രീനഗറിലെ കുൽഗാമിൽ ബി.ജെ.പി.യുടെ കിസാൻ മോർച്ച നേതാവിനെയും പത്നിയെയും വെടിവെച്ചുകൊന്നത്.

കുൽഗാമിൽത്തന്നെ ജമ്മുകശ്മീർ ആപ്നി പാർട്ടി എന്ന സംഘടനയുടെ നേതാവായ ഗുലാം ഹസ്സൻ ലോണിനെയും ഭീകരർ വധിച്ചത് ആഴ്ചകൾക്കുമുമ്പാണ്. അഫ്ഗാനിസ്താനിൽ താലിബാൻ അധികാരംപിടിച്ചശേഷം കശ്മീരിൽ ഇടവേളയില്ലാതെ ഭീകരാക്രമണം നടക്കുകയാെണന്നാണ് ഈ സംഭവങ്ങളിൽനിന്ന് വ്യക്തമാകുന്നത്. നിരായുധരായ സാധാരണക്കാരെ കൊലപ്പെടുത്തി സമൂഹത്തിലും ന്യൂനപക്ഷങ്ങൾക്കിടയിലും ഭീതിസൃഷ്ടിക്കാനുള്ള പുതിയ തന്ത്രമാണ് ഭീകരരുടേത്.

അതിർത്തിയിലെ പ്രത്യേകസാഹചര്യം മുതലെടുക്കാൻ ഇന്ത്യയുടെ ശത്രുക്കൾ തക്കംപാർത്തുനിൽക്കുകയാണ്. അതിശൈത്യത്തിന്റെ പടിവാതിൽക്കലുള്ള അതിർത്തിമേഖലയിലേക്ക് പരമാവധി ഭീകരർക്ക് നുഴഞ്ഞുകയറാൻ സൗകര്യമൊരുക്കിക്കൊടുക്കുകയാണ് പാക് സൈന്യം എന്നുവേണം പുതിയ സാഹചര്യത്തിൽ അനുമാനിക്കാൻ. ഇന്ത്യയും ചൈനയും തമ്മിലുള്ള തർക്കം പരിഹരിക്കപ്പെടാതെ നിൽക്കുന്നതും ഒരവസരമായി അവർ ഉപയോഗപ്പെടുത്തുന്നു. അതിർത്തിയിൽ സൈനികസാന്നിധ്യവും അടിസ്ഥാനസൗകര്യങ്ങളും വൻതോതിൽ വർധിപ്പിച്ച് പ്രകോപനമുണ്ടാക്കിക്കൊണ്ടിരിക്കയാണ് ചൈന. ഇന്ത്യൻ സൈനികമേധാവികളും ചൈനീസ് സേനാമേധാവികളും തമ്മിൽ നടന്ന 13-ാമത് ചർച്ചയും ചൈനയുടെ കടുംപിടിത്തംകാരണം അലസിയിരിക്കയാണ്. ഇത്തരം സാഹചര്യത്തിലാണ് പാക് പിന്തുണയുള്ള ഭീകരർ ജമ്മുകശ്മീരിൽ അശാന്തി പടർത്തുന്നതെന്നത്‌ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 

ഭീകരതയെ ഉപയോഗിക്കാൻ ശ്രമിക്കുന്ന രാജ്യങ്ങൾക്കും അത് ആഭ്യന്തരഭീഷണിയാവുമെന്ന്‌ ഐക്യരാഷ്ട്രസഭയുടെ 76-ാം സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ചൂണ്ടിക്കാട്ടിയതാണ്. ഭസ്മാസുരന് വരംകിട്ടിയാലെന്നപോലെ വരംകൊടുക്കുന്നവരുടെ തലയിലും കൈവെക്കുമെന്ന ബോധംവേണമെന്നാണ് പ്രധാനമന്ത്രി ഓർമിപ്പിച്ചത്. എന്നാൽ, ഭീകരരെ പ്രോത്സാഹിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നത് തുടരുകയാണ് പാക് ഭരണകൂടം. ഭീകരരെ കടത്തിവിട്ട് അശാന്തി പടർത്തുന്നതിനുപുറമേ ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്തുന്നതിനുള്ള ശ്രമവും ഇടക്കാലത്തുണ്ടായി. വിഭജനകാലംമുതൽ തുടങ്ങിയതാണ് ഭീകരരെ ഉപയോഗിച്ചുകൊണ്ടുള്ള നുഴഞ്ഞുകയറ്റവും ആക്രമണവുമെങ്കിലും അഫ്ഗാനിസ്താനിലെ താലിബാൻ മേധാവിത്വത്തോടെ അതിന് പുതിയ രൂപഭാവങ്ങളുണ്ടായിട്ടുണ്ട്. ഇന്ത്യയെ അസ്ഥിരപ്പെടുത്താനും ഒപ്പം വർഗീയവൈരം സൃഷ്ടിക്കാനുമാണ് ശ്രമം. 

അഫ്ഗാനിസ്താനെ തീവ്രവാദത്തിന്റെ കേന്ദ്രമായി ഉപയോഗപ്പെടുത്താൻ അനുവദിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഐക്യരാഷ്ട്രസഭയിൽ മുന്നറിയിപ്പുനൽകിയതാണ്. എന്നാൽ, നിർഭാഗ്യവശാൽ രാജ്യാന്തര ഭീകരപ്രവർത്തനത്തിന്റെതന്നെ ഭാഗമായ മയക്കുമരുന്നുകടത്തിന്റെ ഏറ്റവും വലിയ കേന്ദ്രമെന്ന സ്ഥാനം പുതിയ സാഹചര്യത്തിൽ ഒന്നുകൂടി ഉറപ്പിക്കുകയാണ് ആ രാജ്യം. കൂടിവരുന്ന വെല്ലുവിളി നേരിടാൻ അതിർത്തിയിൽ കൂടുതൽ ജാഗ്രതപുലർത്തുകയും പഴുതില്ലാത്ത പ്രതിരോധമുയർത്തുകയും വേണം. രാജ്യത്തിന്റെ അതിർത്തിയും അഭിമാനവും കാക്കാൻ ജീവൻ ബലിയർപ്പിച്ച ധീരസൈനികരുടെ വീരസ്മരണയ്ക്കുമുമ്പിൽ ആദരാഞ്ജലികളർപ്പിക്കുന്നു. 

 

Subscribe on Youtube Subscribe Subscribe on Telegram Subscribe
Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.