അടിമുടിയൊരു കലാകാരൻ

Published: Oct 11, 2021, 10:32 PM IST
അനിവാര്യനായ വിദൂഷകൻ അരങ്ങിൽ വന്ന്‌ അകാലത്തിൽ വിളിച്ചുകൊണ്ടുപോകുമ്പോൾ അനാഥമാവുന്നു എന്ന തോന്നൽ പ്രേക്ഷകനുണ്ടാവുന്നത് ഒരു കലാകാരൻ പരിപൂർണനായതിനാലാണ്
editorial

ജീവിതവേഷം അഴിച്ചുവെച്ച് മടങ്ങിപ്പോയിരിക്കുകയാണ് നെടുമുടി വേണു. മലയാള അഭിനയവേദി പെട്ടെന്നു ശുഷ്കമായിരിക്കുന്നു. യവനിക വീഴുംമുമ്പ് ആളൊഴിഞ്ഞ തട്ടകംപോലെ. കൊട്ടും പാട്ടും പകുതിയിൽ നിലച്ച ചൊൽക്കാഴ്ചപോലെ. മാറ്റംവെക്കാനില്ലാത്ത ഒരു പ്രതിഭയാണ് അകാലത്തിൽ കടന്നുപോയത്. പകരംവന്ന് കൊട്ടിപ്പാടി വേഷമിടാൻ പറ്റിയ ഒരാളെ ഇനിയും നാം കാത്തിരിക്കേണ്ടിയിരിക്കുന്നു. അതുല്യനായ അഭിനേതാവ് മാത്രമായിരുന്നില്ല അദ്ദേഹം. മലയാണ്മയുടെ തിളങ്ങുന്ന ബിംബങ്ങളിലൊന്നായിരുന്നു.പ്രത്യേകമൊരിഷ്ടം മലയാളിക്ക് നെടുമുടി വേണുവിനോട് എന്നുമുണ്ടായിരുന്നു. നാം എവിടെയും എപ്പോഴും കാണുന്ന മുഖമാണ് അതെന്നതാവാം കാരണം. തൊട്ടയൽപ്പക്കത്ത്, ഓഫീസ് വരാന്തയിൽ, സ്കൂൾമുറ്റത്ത്, അമ്പലപ്പറമ്പിൽ, അന്തിച്ചന്തയിൽ, ഓട്ടോയിൽ, ഇടവകപള്ളിയിൽ, തറവാട്ടുതൊടിയിൽ, കഥകളിസദസ്സിൽ.. നമുക്കേറെ പരിചയമുള്ള ഒരാൾ. ആ തന്മയീഭാവമാണ് നെടുമുടിയെ ആസ്വാദകരുടെ മനസ്സിൽ കുടിയിരുത്തിയത്. മലയാളിയുടെ വ്യത്യസ്തമായ ശീലങ്ങൾക്ക് ഇത്രയും ഭാവംപകർന്ന മറ്റൊരഭിനേതാവ് ചുരുക്കമാണ്. വേഷപ്പകർച്ചകളെ  ആഘോഷമാക്കിയ നടൻ. പതുങ്ങുന്ന വില്ലനായും ശൃംഗാരലോലനായ വിടനായും കാല്പനിക കാമുകനായും വാത്സല്യംവിതറുന്ന അപ്പൂപ്പനായും ഗൗരവക്കാരനായ  അച്ഛനായും കുസൃതിക്കാരൻ ചങ്ങാതിയായും വീമ്പടിക്കുന്ന വീട്ടുകാരനായും എത്രയെത്ര വേഷങ്ങളിൽ താമസ-സാത്വികപ്പകർച്ചകൾ  തന്മയത്തത്തോടെ അദ്ദേഹം സന്നിവേശിപ്പിച്ചു. ഏതു വൈവിധ്യവും ഫലിപ്പിക്കാൻ പാകത്തിലുള്ള, പ്രാപ്തിയുള്ള അഭിനേതാവ്.

താളമറിഞ്ഞ കലാകാരനായിരുന്നു അദ്ദേഹം. ജീവിതത്തിന്റെയും കലയുടെയും. കണ്ടുവളർന്ന, പഠിച്ചു പ്രയോഗിച്ച വായ്ത്താരികളും വായനയും പിറന്നനാടായ കുട്ടനാടിലലിഞ്ഞ നതോന്നതയും ആ താളബോധമുറപ്പിച്ചുകാണണം. കാവാലത്തിന്റെ  കൂട്ടുകെട്ടിൽ കവിതയും ചൊൽക്കാഴ്ചകളും അതിനെ ഇമ്പമുള്ളതാക്കി. നാടകങ്ങൾ ആ താളക്ഷമതയെ കൂടുതൽ സൂക്ഷ്മമാക്കി. അരങ്ങ് സമ്മാനിച്ച കൈമെയ് തഴക്കവും ശൈലീരൂപവത്‌കരണവും സിനിമയ്ക്കാണ് മുതൽക്കൂട്ടായത്. നാടകാഭിനയത്തിന്റെ വടിവുകളിൽനിന്ന് സിനിമയുടെ രസതന്ത്രത്തിലേക്ക് അനായാസമായി കൂടുമാറാൻ വേണുവിനായതും ഹൃദയതാളംപോലെ പിഴയ്ക്കാത്ത ഈ താളമിടിപ്പിനാലാണ്. അവനവൻ കടമ്പയിലെ ശൈലീകൃതമായ അഭിനയത്തിൽനിന്ന് തകരയിലെ ചെല്ലപ്പനാശാരിയുടെ സ്വാഭാവികതയിലേക്കുള്ള ഇഴചേർച്ചയിൽ നാം കാണുന്നത് യഥാർഥ നടനെയാണ്. നാടകച്ചുവയൊട്ടുമില്ലാത്ത നട്ടുവൻ.അമ്പതാണ്ടിന്റെ ആ അഭിനയജീവിതം സാർഥകമായിരുന്നു. പ്രതിഭാധനരായ സംവിധായകർക്കൊപ്പം പ്രവർത്തിച്ചു. അഭിനേതാക്കൾക്കൊപ്പം മാറ്റുരച്ചു. ആസ്വാദകഹൃദയത്തിൽ സ്ഥാനംപിടിച്ചു. കലാകേരളത്തിന്റെ ബഹുമാനം ഏറ്റുവാങ്ങി. അനിവാര്യനായ വിദൂഷകൻ അരങ്ങിൽ വന്ന്‌ അകാലത്തിൽ വിളിച്ചുകൊണ്ടുപോകുമ്പോൾ അനാഥമാവുന്നു എന്ന തോന്നൽ പ്രേക്ഷകനുണ്ടാവുന്നത് ഒരു കലാകാരൻ പരിപൂർണനായതിനാലാണ്. നെടുമുടി വേണു എന്ന മഹാനായ കലാകാരന് ഹൃദയാഭിവാദ്യം.

Subscribe on Youtube Subscribe Subscribe on Telegram Subscribe
Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.