ലളിതമാക്കാം അപേക്ഷകൾ വേഗമാക്കാം നടപടികൾ

Published: Oct 10, 2021, 09:15 PM IST
സേവനാവകാശത്തിന്റെ അന്തസ്സത്ത കാക്കുംവിധം വിവിധ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിലുള്ള ചിട്ടവട്ടങ്ങൾ ലളിതമാക്കിക്കൊണ്ട് കേരളസർക്കാർ ഇറക്കിയ ഉത്തരവ്‌ ഏറെ ആശ്വാസംനൽകുന്നതാണ്‌. സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ ഇനി എസ്.എസ്.എൽ.സി. ബുക്കോ സ്കൂൾ രേഖയോ മതിയാവും എന്നുള്ള മാറ്റം സ്വാഗതാർഹമാണ്‌
editorial

സേവനാവകാശത്തിന്റെ അന്തസ്സത്ത കാക്കുംവിധം കേരളസർക്കാർ വിവിധ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിലുള്ള ചിട്ടവട്ടങ്ങൾ ലളിതമാക്കിക്കൊണ്ട് ഉത്തരവിറക്കിയിരിക്കുകയാണ്. ഓഫീസുകൾ കയറിയിറങ്ങി വിയർപ്പുവറ്റിയ സാമാന്യ ജനങ്ങൾക്ക് ഏറെ ആശ്വാസംനൽകുന്ന ജനോപകാരപ്രദമായ നടപടിയാണിത്. ജാതിസർട്ടിഫിക്കറ്റും മറ്റും ലഭിക്കാൻ സങ്കീർണമായ നടപടിക്രമങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്ന സ്ഥാനത്ത് ഇനി എസ്.എസ്.എൽ.സി. ബുക്കോ സ്കൂൾ രേഖയോ മതിയാവും എന്നുള്ള മാറ്റം ഏറെ ആശ്വാസമാണ്. എല്ലാം ബന്ധിപ്പിക്കുന്ന അധാർ എന്ന പൗരരേഖ നിലവിലുള്ള ഇക്കാലത്ത് അനാവശ്യമായ നൂലാമാലകൾ സൃഷ്ടിക്കുന്ന സമ്പ്രദായം മുമ്പേ ഇല്ലാതാക്കേണ്ടതായിരുന്നു.

സർക്കാർ ഓഫീസുകളിൽനിന്ന് ലഭിക്കേണ്ട സേവനങ്ങൾ ഇത്രദിവസത്തിനകം നൽകിയിരിക്കണം എന്നനുശാസിക്കുന്ന നിയമം പ്രാബല്യത്തിലായി ഒമ്പതുകൊല്ലം കഴിഞ്ഞാണ് ഈ ഉത്തരവ് നിലവിൽവന്നിരിക്കുന്നത്. 2006 സർക്കാർ കാലത്ത് നടപ്പാക്കാൻ തുടങ്ങിയ പൗരാവകാശ രേഖയുടെയും 2011 സർക്കാർ കാലത്ത് പ്രാബല്യത്തിലായ സേവനാവകാശനിയമത്തിന്റെയും പ്രതീക്ഷിതഫലം പൂർണതോതിൽ യാഥാർഥ്യമായിരുന്നില്ല. ഭരണപരിഷ്കാര കമ്മിഷനുകൾ നൽകുന്ന റിപ്പോർട്ടുകൾ നടപ്പാക്കുന്നതിൽ സർക്കാരുകൾ താത്‌പര്യമെടുക്കാറില്ല. അപേക്ഷകരായ ജനങ്ങളെ അകലെ നിർത്തുകയും അന്യവത്‌കരിക്കുകയും ചെയ്യുന്നതിലൂടെ സ്വാതന്ത്ര്യപൂർവകാലത്ത് ഉണ്ടായിരുന്നതുപോലുള്ള മേധാവിത്വം നിലനിർത്താമെന്ന ബ്യൂറോക്രസിയുടെ നിഗൂഢതാത്‌പര്യം അതിനു പിന്നിലുള്ളതായി ആക്ഷേപമുയരാറുണ്ട്. വിവരസാങ്കേതികവിദ്യയുടെ ഉപയോഗം ഭരണത്തിൽ സാർവത്രികവും നിർബന്ധിതവുമായിക്കഴിഞ്ഞിട്ടും സേവനത്തിലും നടപടിക്രമങ്ങളിലും അതിന്റെ വേഗം പൂർണമായും ദൃശ്യമായിട്ടില്ല. ഒരു സർട്ടിഫിക്കറ്റിന് ഒന്നിലേറെ ഓഫീസുകളിൽ പലതവണ കയറിയിറങ്ങേണ്ട അവസ്ഥയാണ് മിക്കപ്പോഴും. റേഷൻ കാർഡിൽ പേരു ചേർക്കാനും ജാതിസർട്ടിഫിക്കറ്റും വരുമാന സർട്ടിഫിക്കറ്റും താമസക്കാരനെന്ന സർട്ടിഫിക്കറ്റുമെല്ലാം ലഭിക്കാൻ കാലതാമസമുണ്ടാവുക, നൽകുന്ന സർട്ടിഫിക്കറ്റ് അപേക്ഷയിൽ എന്താവശ്യമാണോ കാണിച്ചത് അതിനു മാത്രം ഉപയോഗിക്കുന്നതിനായി പരിമിതപ്പെടുത്തൽ തുടങ്ങി ഒട്ടേറെ പ്രശ്നങ്ങളാണുള്ളത്. ചില ഓഫീസുകളിലെങ്കിലും  കൈക്കൂലിയും കൊടുക്കേണ്ടിവരുന്നു. ഇതിനെല്ലാം പരിഹാരമാകുമെന്നു പ്രതീക്ഷിക്കാവുന്ന സമഗ്രമായ ഒരു മാർഗരേഖയും ഉത്തരവുമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

വിവിധ സർട്ടിഫിക്കറ്റുകൾക്കായി അലയേണ്ടതില്ലെന്നതാണ് അടിസ്ഥാനപരമായ കാര്യം. സാധാരണക്കാർക്ക് പൂരിപ്പിക്കാൻ പ്രയാസമുള്ള തരത്തിൽ സങ്കീർണമായ അപേക്ഷാഫോറത്തിന്റെ രൂപമാറ്റവും പ്രധാനമാണ്. ഒറ്റപ്പേജിൽ തീരുന്ന അപേക്ഷാഫോറമാണ് ഇനിയുണ്ടാവുക. അപേക്ഷാ ഫീസ് ഒഴിവാക്കും. അപേക്ഷയോടൊപ്പം നൽകേണ്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സ്വയം സാക്ഷ്യപ്പെടുത്താം. ഗസറ്റഡ് ഓഫീസറെക്കൊണ്ടോ ഫീസ് കൊടുത്ത് നോട്ടറിയെക്കൊണ്ടോ സാക്ഷ്യപ്പെടുത്താതെ സ്വയം സാക്ഷ്യപ്പെടുത്താമെന്നത് ഏറെ സഹായകമാകും. ഇത്തരം ഇളവുകൾ ദുരുപയോഗപ്പെടുത്താനുള്ള പഴുത് ഇല്ലാതാക്കുകയും വേണം. ഒരാവശ്യത്തിന് ലഭിക്കുന്ന സർട്ടിഫിക്കറ്റ് മറ്റാവശ്യങ്ങൾക്കും ഉപയോഗിക്കാമെന്നും റേഷൻ കാർഡും വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുമടക്കമുള്ളവ റെസിഡന്റ്, നേറ്റിവിറ്റി, കമ്യൂണിറ്റി സർട്ടിഫിക്കറ്റുകളായും ഉപയോഗിക്കാം എന്നുമടക്കം അപേക്ഷകർക്ക് ഏറെ സഹായകമായ മാറ്റങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അതിനെക്കാളെല്ലാം പ്രധാനം ഓൺലൈനായോ നേരിട്ടോ അപേക്ഷ ലഭിച്ചാൽ അഞ്ചുദിവസത്തിനകം അതിൽ തീരുമാനമെടുത്തിരിക്കണമെന്നതാണ്. 2006 കാലത്ത് പൗരാവകാശ രേഖ ഓഫീസുകളിൽ പ്രദർശിപ്പിക്കാൻ തുടങ്ങിയ കാലത്തും ഈ ഉറപ്പു നൽകിയതാണ്. കൈകാര്യംചെയ്യുന്ന ഉദ്യോഗസ്ഥന് അവധിയാണെന്നു പറഞ്ഞും മറ്റെന്തെങ്കിലും സാങ്കേതികപ്രശ്നം പറഞ്ഞും പലതവണ നടത്തിക്കുന്നുവെന്ന പരാതി പരക്കേയുള്ളതാണ്. അപേക്ഷകളുമായെത്തുന്നവരിൽ ഏറെയും അന്നന്ന് പണിയെടുത്ത് ജീവിക്കുന്നവരാണ്, വീണ്ടും വീണ്ടും നടത്തിച്ചാൽ അവരുടെ ഉപജീവനമാർഗമാണടയുന്നത്. ഒരപേക്ഷയുടെമേൽ തങ്ങളുടെ ഭാഗത്തുനിന്നുള്ള ഉദാസീനതയോ നിഷേധാത്മകസമീപനമോ ഒരു കുടുംബത്തിന്റെ പ്രതീക്ഷയാണ് തകർക്കുകയെന്ന ബോധം ഉദ്യോഗസ്ഥർക്ക് ഉണ്ടാകുന്നില്ലെങ്കിൽ ചട്ടങ്ങളിലെ പരിഷ്കാരം ഏട്ടിലെ പശുവായി മാറും. അല്പദിവസം മുമ്പാണ് സംസ്ഥാനത്ത് വാതിൽപ്പടി സേവനം പദ്ധതി ആരംഭിച്ചത്. പുറത്തേക്കു യാത്രചെയ്യാൻ കഴിയാത്തവർക്ക് സർക്കാരിൽനിന്നുള്ള ആനുകൂല്യങ്ങളും സാമൂഹികക്ഷേമപെൻഷനും അവശ്യമരുന്നുകളുമെല്ലാം വീട്ടിലെത്തിച്ചു കൊടുക്കുന്നതിനുള്ള സംവിധാനം. കോവിഡ്‌ ഒന്നാം വ്യാപനകാലത്ത് അവശ്യസാധനങ്ങളും മരുന്നും വീട്ടിലെത്തിച്ചു കൊടുക്കുന്നതടക്കമുള്ള സേവനങ്ങൾ സാമൂഹികമായി ഏറ്റെടുക്കുന്നതിന് തുടക്കം കുറിക്കുകയുണ്ടായി. അതിന്റെ തുടർച്ചയാണിത്. അപേക്ഷകളും അതിന്മേലുള്ള നടപടിയും ലളിതവും വേഗത്തിലും ജനസൗഹൃദപരവുമാക്കുന്നതിന് സർക്കാർ ആവിഷ്കരിച്ച പദ്ധതി വിജയിപ്പിക്കാൻ സർക്കാർജീവനക്കാർ പ്രതിജ്ഞാബദ്ധരാവണം.

Subscribe on Youtube Subscribe Subscribe on Telegram Subscribe
Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.