ചേർത്തുപിടിക്കാം പ്രവാസിയെ

Published: Sep 27, 2021, 09:53 PM IST
പ്രവാസികളെ കോവിഡ് കാലം മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുന്നു. ദുരിതകാലത്ത് പ്രവാസികൾക്ക് സാന്ത്വനമേകേണ്ടത് നമ്മുടെ കടമയാണ്. ചേർത്തുപിടിക്കാം നമുക്കവരെ.
EDITORIAL

തിരിച്ചുവരവാണ് പ്രവാസത്തിന്റെ പ്രതീക്ഷ. ഉറ്റവരെയും ഉടയവരെയും വിട്ട് , സങ്കടഭാരവുംപേറി മറുനാട്ടിലേക്കുപോകുമ്പോൾ മനംനിറച്ചൊരു മടങ്ങിവരവാകും മനസ്സിൽ. എന്നാൽ, ഒട്ടും ആഗ്രഹിക്കാത്ത, ഉള്ളുപിടയ്ക്കുന്ന തിരിച്ചുവരവാണ് പ്രവാസികൾക്കിപ്പോൾ. കോവിഡ് കാല പ്രതിസന്ധിയിൽ തൊഴിലും ജീവിതവും നഷ്ടപ്പെട്ട്, സ്വപ്നങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ച് മടങ്ങിയെത്തിയ ലക്ഷക്കണക്കിനാളുകൾ നമ്മുടെ മുന്നിലെ നൊമ്പരക്കാഴ്ചകളാണ്. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായിരുന്ന പ്രവാസികളെ ഈ ദുരിതകാലത്ത് നാം ചേർത്തുപിടിക്കേണ്ടതുണ്ട്. അവരുടെ കഴിവും നൈപുണ്യവും ലോകപരിചയവും നാടിന്റെ പുരോഗതിക്കുവേണ്ടി ഉപയോഗിക്കേണ്ടതുണ്ട്. ‘ബാധ്യതയല്ല പ്രവാസി, സാധ്യതയാണ്’ എന്ന ശീർഷകത്തിൽ മാതൃഭൂമി കഴിഞ്ഞദിവസങ്ങളിൽ പ്രസിദ്ധീകരിച്ച അന്വേഷണപരമ്പര വിരൽചൂണ്ടുന്നതും അതാണ്.
പ്രവാസികളുടെ പ്രതിസന്ധി കേരളത്തിന് പുതിയ അനുഭവമല്ല. എഴുപതുകൾക്കുശേഷം ശക്തിപ്രാപിച്ച ഗൾഫ് കുടിയേറ്റത്തിനുശേഷം ഇത്തരം പല പ്രശ്നങ്ങളെയും നാം അഭിമുഖീകരിച്ചിട്ടുണ്ട്. ഗൾഫ്‌യുദ്ധകാലത്തും ആഗോളസാമ്പത്തിക പ്രതിസന്ധിയിലും പ്രവാസികളുടെ വൻതോതിലുള്ള മടങ്ങിവരവിന് നാം സാക്ഷ്യംവഹിച്ചു. 2013-ൽ സ്വദേശിവത്കരണം ശക്തിപ്രാപിച്ചപ്പോഴും പ്രവാസം പാതിവഴിയിലുപേക്ഷിച്ച് മടങ്ങേണ്ടിവന്നവരെ നാംകണ്ടു. അവരെയൊക്കെ ചേർത്തുപിടിക്കുന്ന നയമാണ് നാം സ്വീകരിച്ചതും.
 
കോവിഡ് സൃഷ്ടിച്ച അസാധാരണ അന്തരീക്ഷമാണ് ലോകമെങ്ങും. തൊഴിൽനഷ്ടപ്പെട്ട് വിദേശനാടുകളിൽനിന്ന്‌ തിരിച്ചുവന്നവർ കേരളത്തിന്റെ മനസ്സിലെ മുറിവാണ്. ആ മുറിവുണക്കേണ്ടതുണ്ട്. അതിന്‌ തൊലിപ്പുറത്തെ ചികിത്സമാത്രംപോരാ. ദീർഘവീക്ഷണത്തോടെയുള്ള ആസൂത്രണമാണ് പ്രധാനം.  പ്രവാസിക്ഷേമത്തിനായി േനാർക്ക എന്ന പ്രത്യേകവകുപ്പിനുതന്നെ രൂപംകൊടുത്ത് രാജ്യത്തിന് മാതൃകയായ സംസ്ഥാനമാണ് കേരളം. അതും കാൽനൂറ്റാണ്ടുമുമ്പ്. വായ്പയായും സഹായമായും സംരംഭമായും ആ തണൽ അനുഭവിച്ചറിഞ്ഞ പ്രവാസികളും ധാരാളം. പക്ഷേ, ദൈനംദിന പ്രശ്നങ്ങൾ കൈകാര്യംചെയ്യുന്നതിനപ്പുറത്തേ  ഭാവികൂടി മുന്നിൽക്കണ്ടുള്ള നടപടികൾ നോർക്കയുടെ ഭാഗത്തുനിന്നുണ്ടാകണം. പ്രവാസമവസാനിപ്പിച്ച് തിരിച്ചുവന്നവരെയും ഇനി വരാനിരിക്കുന്നവരെയും വിദേശത്തുപോകാൻ ആഗ്രഹിക്കുന്ന കൗമാരക്കാരെയും മുന്നിൽക്കണ്ടാകണം പദ്ധതികൾക്ക് രൂപംനൽകാൻ. മടങ്ങിയെത്തിയവരെ പുനരധിവസിപ്പിക്കാനും നടപടിവേണം. കോവിഡ് കാലത്ത് തിരിച്ചുവന്നവർക്ക് പുതുസംരംഭം തുടങ്ങാനുള്ള നോർക്കയുടെ പദ്ധതി (എൻ.ഡി.പി.ആർ.എം.) സ്വാഗതാർഹമാണ്. 20 മാസത്തിനിടെ 938 പേർക്ക് സംരംഭം തുടങ്ങാനായി, എന്നാൽ, സാങ്കേതിക നൂലാമാലകളും ഈടിനുവേണ്ടിയുള്ള ബാങ്കുകളുടെ കടുംപിടിത്തവും പല പ്രവാസികളെയും പിന്തിരിപ്പിക്കുന്ന സാഹചര്യമുണ്ട്. ഇതൊഴിവാക്കാൻ ബാങ്കുകളുമായി സർക്കാരും നോർക്കയും ചർച്ച നടത്തണം.
 
 വികസനപദ്ധതികളിൽ പ്രവാസികളുടെ അനുഭവപരിചയവും നൈപുണ്യവും ഉപയോഗപ്പെടുത്താൻ സർക്കാർ ശ്രദ്ധചെലുത്തേണ്ടതുണ്ട്. നാട്ടിലെത്തിയവർ ഏതൊക്കെ തൊഴിൽമേഖലകളിലുള്ളവരാണെന്ന് തിരിച്ചറിയുകയാണ് പദ്ധതികൾ രൂപപ്പെടുത്തുന്നതിൽ പ്രധാനം. പ്രവാസികളെക്കുറിച്ചുള്ള കൃത്യമായ കണക്ക് തയ്യാറാക്കാൻ കേന്ദ്രസർക്കാരോ സംസ്ഥാനസർക്കാരോ ഇതുവരെ ശ്രമിച്ചിട്ടില്ലെന്നത് ദൗർഭാഗ്യകരമാണ്. ജനസംഖ്യാ കണക്കെടുപ്പുപോലെ പ്രവാസികളെക്കുറിച്ചുള്ള വിശദമായ സർവേ നടത്താൻ സർക്കാർ തയ്യാറാകണം.
 
മടങ്ങിവന്നവരുടെ കാര്യംപോലെത്തന്നെ പ്രധാനമാണ് വിദേശത്തേക്കുപോകാനിരിക്കുന്നവരും. കുടിയേറ്റത്തിന്റെ തുടക്കഘട്ടങ്ങളിൽ വിദ്യാഭ്യാസമോ നൈപുണ്യമോ ആവശ്യമില്ലാത്ത തൊഴിലവസരങ്ങൾ വിദേശത്ത്‌ ധാരാളമുണ്ടായിരുന്നു. എന്നാൽ, മത്സരാധിഷ്ഠിതമായ പുതിയ കാലത്ത് ഈ സ്ഥിതി മാറി. തൊഴിൽനൈപുണ്യമില്ലാത്തവർക്ക് അവസരംകുറവാണ്. വിദേശരാജ്യങ്ങളിലെ തൊഴിലവസരങ്ങൾ മുൻകൂട്ടിക്കണ്ട് നൈപുണ്യപരിശീലനം നൽകുന്ന രീതി കാര്യക്ഷമമാക്കണം. ജപ്പാനിലേക്ക് വിദഗ്ധതൊഴിലാളികളെ പരിശീലിപ്പിച്ചയക്കാനുള്ള പദ്ധതി കേന്ദ്രസർക്കാരുമായി ചേർന്ന് നടപ്പാക്കാൻ നോർക്ക റൂട്‌സ് കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. ഇതുപോലെ വിദേശരാജ്യങ്ങളിലെ തൊഴിൽസാധ്യതകൾ ഉപയോഗപ്പെടുത്താനുള്ള ഇടപെടലുകൾ കാര്യക്ഷമമാക്കണം.
 
കേരളം പ്രതിസന്ധികളിലൂടെ കടന്നുപോയപ്പോഴെല്ലാം പ്രവാസികളുടെ ഇടപെടൽ നാം കണ്ടതാണ്. പ്രളയവും ഓഖിയും പോലുള്ള ദുരിതം നാം നേരിട്ടപ്പോൾ പ്രവാസികളുടെ സ്നേഹം പണമായി കടൽകടന്ന് ഒഴുകിയെത്തി. മണലാരണ്യത്തിൽ വിയർപ്പൊഴുക്കിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ചലഞ്ചുകളിലേക്കും ഒഴുകിയെത്തി. നാടിന്റെ ഓരോ സങ്കടത്തിലും  കാതങ്ങൾക്കപ്പുറത്തുനിന്ന് അവർ വേദനകൊണ്ടു. ആ പ്രവാസികളെ കോവിഡ് കാലം മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുന്നു. ദുരിതകാലത്ത് പ്രവാസികൾക്ക് സാന്ത്വനമേകേണ്ടത് നമ്മുടെ കടമയാണ്. ചേർത്തുപിടിക്കാം നമുക്കവരെ.
Subscribe on Youtube Subscribe Subscribe on Telegram Subscribe
Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.