സഹകരണം ശക്തമാക്കിയ മൂന്നുദിനം

Published: Sep 26, 2021, 09:14 PM IST
ഇൻഡോ-പസഫിക് മേഖലയിലെ സഹകരണം തുടരാനാണ് മോദിയുടെയും ബൈഡന്റെയും തീരുമാനം. ചൈനയുടെ വിപുലീകരണം ഇന്ത്യയുടെ അതിർത്തിക്കുള്ളിലേക്കും വ്യാപിച്ച പശ്ചാത്തലത്തിലാണ് സഹകരണം ദൃഢപ്പെടുത്താനുള്ള തീരുമാനമെത്തിയിരിക്കുന്നത്
editorial

മൂന്നുദിവസത്തെ യു.എസ്. സന്ദർശനത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങിയെത്തിയിരിക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകളിൽപ്പറഞ്ഞാൽ ‘ഫലവത്തായ ഉഭയകക്ഷി, ബഹുകക്ഷി ഇടപെടലുകളാണ്’ ഈ മൂന്നുദിവസത്തിൽ നടന്നത്. യു.എസ്. പ്രസിഡന്റായശേഷം ജോ ബൈഡനും നരേന്ദ്രമോദിയും നേരിൽക്കണ്ടുള്ള ആദ്യ ചർച്ചയും ഇക്കൂട്ടത്തിൽ നടന്നു. ഇന്ത്യൻ വംശജയായ യു.എസ്. വൈസ് പ്രസിഡന്റ് കമലാ ഹാരിസുമായും സെമികണ്ടക്ടർമുതൽ സൗരോർജം വരെയുള്ള രംഗങ്ങളിൽ പ്രവർത്തിക്കുന്ന അഞ്ചു പ്രമുഖ കമ്പനികളുടെ മേധാവികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ ജനാധിപത്യത്തിന്റെ മഹാത്മ്യത്തിലൂന്നി ഐക്യരാഷ്ട്രസഭയുടെ പൊതുസഭാ സമ്മേളനത്തിൽ പ്രസംഗിക്കുകയും ക്വാഡ് രാഷ്ട്രത്തലവന്മാരുടെ കൂട്ടായ്മയിൽ പങ്കെടുക്കുകയും ചെയ്തു. ഇന്ത്യയും ഓസ്‌ട്രേലിയയും ജപ്പാനും അമേരിക്കയും ചേർന്ന് ക്വാഡ് രൂപവത്കരിച്ചശേഷം ആദ്യമായാണ് ഈ രാഷ്ട്രങ്ങളുടെ നേതാക്കളെല്ലാം നേരിൽ ഒത്തുകൂടുന്നത് എന്ന പ്രത്യേകതയുമുണ്ടായിരുന്നു. വലിയ കരാറുകളോ വൻ പ്രഖ്യാപനങ്ങളോ ഉണ്ടായില്ലെങ്കിലും ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ നിലപാടുകളും ചൈനയുടെ സമഗ്രാധിപത്യസ്വഭാവത്തോടുള്ള അപ്രിയവും ഉയർത്തിക്കാട്ടാൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനായി. 

മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമൊത്തു വേദിപങ്കിട്ട ‘ഹൗഡി മോദി’ സമ്മേളനത്തിനുശേഷം പ്രധാനമന്ത്രി നടത്തുന്ന ആദ്യ യു.എസ്. സന്ദർശനമായിരുന്നു ഇത്. ജോ ബൈഡനും കമലാ ഹാരിസുമായുള്ള മോദിയുടെ ചർച്ചകളിൽ ഉയർന്നുനിന്നത് ജനാധിപത്യം ശക്തിപ്പെടുത്തേണ്ടതിന്റെയും മനുഷ്യാവകാശം മാനിക്കേണ്ടതിന്റെയും ആവശ്യകതയായിരുന്നു. അഫ്ഗാനിസ്താനിലെ താലിബാൻ സർക്കാർ ദക്ഷിണേഷ്യക്കു മാത്രമല്ല, ലോകം മുഴുവനും ഭീഷണിയാകാതിരിക്കാൻ കരുതലെടുക്കണമെന്ന കാര്യത്തിലും ഇരുരാഷ്ട്രത്തലവന്മാർക്കും ഒരേശബ്ദമായിരുന്നു. ഒരിക്കൽ താലിബാൻ അഫ്ഗാനിസ്താൻ ഭരിച്ചപ്പോൾ അതിർത്തികൾക്കപ്പുറത്തേക്കു പടർന്ന ഭീകരതയുടെ ദുരിതം ഏറ്റവുമനുഭവിച്ച രാജ്യങ്ങളാണ് ഇന്ത്യയും യു.എസുമെന്നതാണ് ഈ പാരസ്പര്യത്തിന്റെ കാരണം. യു.
എൻ. രക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിനും ആണവ വിതരണ സഖ്യത്തിലെ അംഗത്വത്തിനുമുള്ള യു.എസിന്റെ പിന്തുണ ആവർത്തിച്ചിരിക്കുകയാണ് ബൈഡൻ. മുമ്പും ഇക്കാര്യങ്ങളിൽ യു.എസ്. വാഗ്ദാനം നൽകിയിട്ടുണ്ടെങ്കിലും ഇന്ത്യയുടെ അംഗത്വവിഷയം അനിശ്ചിതമായിത്തുടരുകയാണ്. രണ്ടിടത്തെയും സാന്നിധ്യമായ ചൈനയുടെ എതിർപ്പിനെ മറികടന്ന് വാഗ്‌ദാനം സാധിച്ചെടുക്കാൻ യു.എസിനു കഴിയുമോ എന്നതാണു ചോദ്യം. 

യു.എൻ. പൊതുസഭയുടെ എഴുപത്തിയാറാം സമ്മേളനത്തെ അഭിസംബോധനചെയ്ത വേളയിൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ മഹത്ത്വം ഉയർത്തിക്കാട്ടുന്നതിനൊപ്പം പാകിസ്താനെയും ചൈനയെയും പേരെടുത്തു പരാമർശിക്കാതെ വിമർശിക്കുകയും ചെയ്തു പ്രധാനമന്ത്രി. ഭീകരതയെ രാഷ്ട്രീയ ആയുധമാക്കുന്ന രാജ്യങ്ങൾ അത് അവർക്കുതന്നെ ഭീഷണിയാണെന്നു മനസ്സിലാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. സ്വതന്ത്രവും തുറന്നതുമായ ഇൻഡോ-പസഫിക് മേഖലയ്ക്കായി ചട്ടത്തിൽ അധിഷ്ഠിതമായ ലോകക്രമം ശക്തിപ്പെടുത്താൻ അന്താരാഷ്ട്രസമൂഹം ഒരുമിച്ചു ശബ്ദിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. കാലാവസ്ഥാവ്യതിയാനം നിയന്ത്രിക്കാനും കോവിഡിനെ നേരിടാനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധതയും അദ്ദേഹം ലോകത്തെ അറിയിച്ചു. 

ഇൻഡോ-പസഫിക് മേഖലയിലെ സഹകരണം തുടരാനാണ് മോദിയുടെയും ബൈഡന്റെയും തീരുമാനം. ചൈനയുടെ വിപുലീകരണം ഇന്ത്യയുടെ അതിർത്തിക്കുള്ളിലേക്കും വ്യാപിച്ച പശ്ചാത്തലത്തിലാണ് സഹകരണം ദൃഢപ്പെടുത്താനുള്ള തീരുമാനമെത്തിയിരിക്കുന്നത്. ചൈന ഉയർത്തുന്ന സുരക്ഷാഭീഷണിക്കപ്പുറം സാമ്പത്തികമായി നേടുന്ന വളർച്ചയും യു.
എസിനെ ആകുലപ്പെടുത്തുന്നുണ്ട്. ട്രംപ് സർക്കാരിന്റെ കാലത്ത് തിടംവെച്ച വ്യാപാരയുദ്ധവും വൈരവും കെടാതെ നിൽക്കുകയാണ്. തയ്‌വാനോടും ഹോങ്‌ കോങ്ങിനോടും ചൈന പുലർത്തുന്ന അധീശത്വമനോഭാവവും ജനാധിപത്യത്തോടും മനുഷ്യാവകാശങ്ങളോടും പുലർത്തുന്ന അവമതിപ്പും യു.എസിന്റെ ശക്തമായ മുന്നറിയിപ്പുകൾക്കു കാരണമായിട്ടുണ്ട്. ചൈനയെ നേരിടുകയെന്ന ഉദ്ദേശ്യത്തോടെയാണ് ‘ക്വാഡ്’ ഉണ്ടാക്കിയതുതന്നെ. അതിലെ അംഗങ്ങളായ ഇന്ത്യയെയും ജപ്പാനെയും ഒഴിവാക്കി ഓസ്‌ട്രേലിയയും അമേരിക്കയും ബ്രിട്ടനുമായിച്ചേർന്ന് ‘ഓകസ്’ എന്ന മറ്റൊരു സഖ്യം ഈ മാസം രൂപവത്കരിച്ചിട്ടുണ്ട്. ‘ഓകസി’ന്റെ രൂപവത്കരണശേഷമുള്ള ക്വാഡ് രാഷ്ട്രത്തലവന്മാരുടെ ഒത്തുകൂടൽ പസഫിക് മേഖലയ്ക്കും അപ്പുറത്തേക്കും വ്യാപിക്കുന്ന ചൈനയുടെ സ്വാധീനത്തെ നിയന്ത്രിക്കാനുള്ള ശ്രമം പൂർവാധികം ശക്തമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഏഷ്യയിലും യൂറോപ്പിലും ആഫ്രിക്കയിലും അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിച്ചു മുന്നേറുന്ന ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിനു ബദലായുള്ള ക്വാഡ് അടിസ്ഥാന സൗകര്യവികസന പങ്കാളിത്തത്തിനും തുടക്കം കുറിച്ചിരിക്കുകയാണ്. സഖ്യങ്ങൾ രാഷ്ട്രങ്ങളെ വളർത്തുമെന്നതിൽ തർക്കമില്ല. പക്ഷേ, അവ ചേരികളായി മാറാൻ അനുവദിക്കരുത്. അത് അനഭിലഷണീയമായ കിടമത്സരങ്ങൾക്കിടയാക്കും എന്നതാണ് ചരിത്രം നൽകുന്ന പാഠം.

Subscribe on Youtube Subscribe Subscribe on Telegram Subscribe
Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.