അഭിമാനതാരങ്ങൾ ഇനിയും ഉദിക്കട്ടെ

Published: Sep 25, 2021, 08:29 PM IST
സിവിൽ സർവീസ് അക്കാദമി ജില്ലകളിൽ സുസജ്ജമാക്കിയാൽ കൂടുതൽപേർ സിവിൽസർവീസിൽ എത്തുന്നതിന് വഴിതുറക്കും. കേരളാ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് യാഥാർഥ്യമാവുകയാണ്. അതുകൂടി പരിഗണിച്ച് ജില്ലാതല സിവിൽസർവീസ് അക്കാദമികളുടെ പ്രവർത്തനം വിപുലപ്പെടുത്താനാവണം.
EDITORIAL

പൊതുവിദ്യാഭ്യാസത്തിൽ രാജ്യത്ത് ഒന്നാമതാണെങ്കിലും സിവിൽ സർവീസ്‌പോലുള്ള മത്സരപരീക്ഷകളിൽ കേരളീയർക്ക് മികവുപുലർത്താനാവുന്നില്ലെന്ന സ്ഥിതിയായിരുന്നു മുമ്പ്. അടുത്തകാലത്തായി അതിന് വലിയ മാറ്റംവന്നെന്നുമാത്രമല്ല, ആനുപാതികമായി മികച്ച പ്രാതിനിധ്യംലഭിക്കാൻ തുടങ്ങുകയും ചെയ്തു. കഴിഞ്ഞവർഷം ആദ്യത്തെ നൂറിൽ 10 പേർ കേരളീയരായിരുന്നു.  ഈ വർഷം ആദ്യത്തെ നൂറിൽ 11 റാങ്ക് മലയാളികൾക്കാണെന്നത് അഭിമാനകരമാണ്.  ആദ്യത്തെ നൂറിൽ സ്ഥാനംനേടിയ മലയാളികളായ 11 പേരിൽ ഒമ്പതും പെൺകുട്ടികളാണ്. ഉന്നതവിദ്യാഭ്യാസം നേടുന്നവരിലും ദേശീയതലത്തിലുള്ള മത്സരപരീക്ഷകളിലും പെൺകുട്ടികൾ  മുമ്പിലാണെന്നതും ഏറെ ആഹ്ലാദകരമാണ്.

    ഐ.എ.എസും ഐ.പി.എസും സാമ്പത്തികമായി ഔന്നത്യത്തിലുള്ള കുടുംബങ്ങളിലുള്ളവർക്കുമാത്രം പ്രാപ്യമായതാണെന്ന തോന്നലാണ് മുമ്പ് പൊതുവേയുണ്ടായിരുന്നത്. വൻനഗരങ്ങളിലെ ‘നക്ഷത്രവിദ്യാലയ’ങ്ങളിൽ വലിയ സൗകര്യങ്ങളോടെ പഠിക്കുന്നവർക്കുമാത്രം കടന്നെത്താവുന്നതാണെന്ന തോന്നൽ. ഇടത്തരക്കാരിലും ദരിദ്രവിഭാഗത്തിലുംനിന്ന് വല്ലപ്പോഴുംമാത്രമേ വിസ്മയംപോലെ ചിലർ തിരഞ്ഞെടുക്കപ്പെടാറുള്ളൂവെന്നും. എന്നാൽ, ഇപ്പോൾ ഇടത്തരക്കാരുടെയും ദരിദ്രരുടെയും കുടുംബങ്ങളിൽനിന്ന്‌ കുറെപ്പേർക്ക്, സുവർണതസ്തികകളായി കണക്കാക്കപ്പെടുന്ന സിവിൽ സർവീസുകളിൽ എത്താൻ സാധിക്കുന്നുണ്ട്. കേരളത്തിൽനിന്ന് ഈ വർഷം മികച്ച റാങ്ക് നേടിയവരിൽ വൻ നഗരങ്ങളിൽനിന്നുള്ളവരല്ല, സാധാരണവിദ്യാലയങ്ങളിൽ പഠിച്ച് മിടുക്കരായവരാണ്.

     രാഷ്ട്രീയനേതൃത്വമാണ് ഭരണത്തിന് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും നേതൃത്വം നൽകുന്നതെങ്കിലും ആസൂത്രണത്തിലും നിർവഹണത്തിലും നേതൃത്വം നൽകുന്നത് ഉദ്യോഗസ്ഥമേധാവികളാണ്. പൊതുഭരണവും മറ്റുവകുപ്പുകളുടെ ഭരണവും നടത്തുന്ന ഐ.എ.എസുകാർ, ക്രമസമാധാനപാലനത്തിന് നേതൃത്വംനൽകുന്ന, കുറ്റാന്വേഷണത്തിന് നേതൃത്വം നൽകുന്ന ഐ.പി.എസ്., വിദേശകാര്യം കൈകാര്യംചെയ്യുന്ന ഐ.എഫ്.എസ്. തുടങ്ങി 24 കേന്ദ്ര സർവീസുകളിലേക്കായി 761 പേരാണ് ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടത്. ഇതിൽ കേരളത്തിൽനിന്ന് നാല്പതിലേറെപ്പേരുണ്ട്.  ഇത്തവണത്തെ പട്ടികയിൽ 180 പേർ ഐ.എ.എസിനും 200 പേർ ഐ.പി.എസിനുമാണ് പരിഗണിക്കപ്പെടുക. എൻജിനിയറിങ്ങോ മെഡിസിനോ മികച്ചനിലയിൽ വിജയിച്ചശേഷം കഠിനപരിശ്രമത്തിലൂടെ സിവിൽസർവീസിലേക്ക്‌ എത്തിയവരാണ് പലരും. സിവിൽ സർവീസ് പരീക്ഷ  ഇംഗ്ലീഷിനുപുറമേ ഹിന്ദിയിലും എഴുതാമെന്ന പരിഷ്കാരം വന്നതോടെ എൺപതുകൾമുതൽ ഹിന്ദി സംസാരിക്കുന്ന മേഖലയ്ക്ക് ആനുപാതികമല്ലാതെ കൂടുതൽ പ്രാതിനിധ്യംകിട്ടുന്ന സ്ഥിതിയുണ്ടായിരുന്നു. എന്നാൽ, പിന്നീട് മലയാളമടക്കം എല്ലാ സംസ്ഥാനത്തെയും മാതൃഭാഷയിൽ പരീക്ഷയെഴുതാമെന്നും ആ ഭാഷ ഐച്ഛികവിഷയമാക്കാമെന്നുമുള്ള പരിഷ്കാരം വരുത്തി. അസന്തുലിതാവസ്ഥ ഇല്ലാതാക്കുന്നതിന് അത് സഹായകമായി.

     സംസ്ഥാനസർക്കാരിന്റെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സിവിൽ സർവീസ് അക്കാദമി കേരളത്തിലെ സിവിൽ സർവീസ് പരീക്ഷാർഥികൾക്ക് വലിയ അനുഗ്രഹമാണ്. അടുത്തകാലത്തായി ജില്ലാകേന്ദ്രങ്ങളിലും സിവിൽ സർവീസ് പരിശീലനത്തിന് സൗകര്യമേർപ്പെടുത്തിയിട്ടുണ്ടെങ്കിലും അത് കുറെക്കൂടി സമ്പുഷ്ടമാകേണ്ടതായുണ്ട്. സിവിൽ സർവീസ് അക്കാദമി ജില്ലകളിൽ സുസജ്ജമാക്കിയാൽ കൂടുതൽപേർസിവിൽസർവീസിൽ എത്തുന്നതിന് വഴിതുറക്കും. കേരളാ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് യാഥാർഥ്യമാവുകയാണ്. അതുകൂടി പരിഗണിച്ച് ജില്ലാതല സിവിൽസർവീസ് അക്കാദമികളുടെ പ്രവർത്തനം വിപുലപ്പെടുത്താനാവണം. സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ച എല്ലാവർക്കും അനുമോദനങ്ങൾ.

Subscribe on Youtube Subscribe Subscribe on Telegram Subscribe
Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.