എന്നുമാറും ഈ പ്രാകൃതശീലങ്ങൾ

Published: Sep 24, 2021, 10:18 PM IST
വിലക്കിയിട്ടും ആവർത്തിക്കുന്ന ദൂഷ്യങ്ങളാണ്‌ അമാന്യമായ പോലീസ്‌ ​െപരുമാറ്റവും നോക്കുകൂലിയും. ശാസ്ത്രീയ പരിശീലനവും കർശന ശിക്ഷയുമാണ്‌ ഇതവസാനിപ്പിക്കാനുള്ള മാർഗം
editorial

റൺ വിത്ത് ഡി.ജി.പി. എന്ന പരിപാടി ഡി.ജി.പി. അനിൽകാന്തിനെ ഏറെ ശ്രദ്ധേയനാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം 13 കിലോമീറ്ററാണ് നിർത്താതെ അദ്ദേഹം ഓടിയത്. നിശ്ചയദാർഢ്യത്തിന്റെ പ്രകടനംകൂടിയാവുന്ന ആ ഓട്ടം ഒരു സന്ദേശമാണ്. കേരള പോലീസ് ഉയർത്തിപ്പിടിക്കുന്ന ലക്ഷ്യത്തിലേക്ക് പോലീസ് സേനയാകെ എത്താൻ ശ്രമിക്കണമെന്ന സന്ദേശം. എന്നാൽ, അതേദിവസമാണ് എത്ര പറഞ്ഞിട്ടും പോലീസ് പഠിക്കുന്നില്ലെന്ന്, നന്നാവുന്നില്ലെന്ന് കേരള ഹൈക്കോടതി ശക്തമായ ആക്ഷേപമുയർത്തിയത്. ആ വിമർശനം അറിഞ്ഞതുകൊണ്ടാവാം ഡി.ജി.പി. പറഞ്ഞു, പോലീസിന്റെ പെരുമാറ്റം നന്നാക്കാൻ പ്രത്യേക പരിശീലനം നൽകുന്ന കാര്യം പരിഗണനയിലാണെന്ന്. നാല്പതിനായിരത്തിലധികം പേരുള്ള വലിയ സേനയാണ് പോലീസ്. പഴയകാലത്തെ അപേക്ഷിച്ച് ബഹുഭൂരിപക്ഷം പോലീസുകാരും സേവനതത്‌പരരായാണ് ഇക്കാലത്ത് പ്രവർത്തിക്കുന്നതെന്നത് തർക്കമില്ലാത്ത കാര്യമാണ്. ജനമൈത്രി പോലീസ് സംവിധാനം സ്ഥാപിതമായതോടെ ജനങ്ങളുമായി നല്ലബന്ധം അവർ സ്ഥാപിക്കുന്നുമുണ്ട്. അഗതികൾക്ക് എല്ലാദിവസവും സൗജന്യഭക്ഷണം നൽകുന്ന, മത്സരപരീക്ഷകളിൽ വിജയിക്കാൻ പരിശീലനം നൽകുന്ന, പൊതുവായനശാലകൾ നടത്തുന്ന പോലീസ് സ്റ്റേഷനുകൾവരെ പലേടത്തുമുണ്ട്. 

എന്നാൽ, പൊതുജനത്തോട് മാന്യമായി പെരുമാറണമെന്നും എടാ, എടീ വിളി വേണ്ടെന്നും അടക്കമുള്ള പെരുമാറ്റച്ചട്ടം ഡി.ജി.പി.യടക്കമുള്ള മേധാവികൾ എത്രതന്നെ കർശനമായി നിർദേശിച്ചാലും അധികസ്ഥലത്തും നടപ്പാകുന്നില്ലെന്നതാണ് പ്രശ്നം. താരതമ്യേന വളരെ കുറച്ചുപേർ മാത്രമാവും മോശം പെരുമാറ്റക്കാർ. പക്ഷേ, സേനയ്ക്കാകെയാണതിന്റെ പേരുദോഷം.  കൊളോണിയൽ മർദകഭരണകൂടത്തിന്റെ  അടിച്ചമർത്തൽ ഉപാധിയല്ല ആധുനിക കാലത്തെ പോലീസ് എന്ന് ഇനിയും തിരിച്ചറിഞ്ഞില്ലെങ്കിൽ നമ്മുടെ പരിശീലനം അശാസ്ത്രീയമാണെന്നു കരുതേണ്ടിയിരിക്കുന്നു.
തിരുവനന്തപുരത്ത് കഞ്ചാവ് പിടിച്ച സംഭവവുമായി ബന്ധപ്പെട്ട് ഈയിടെ വന്ന വാർത്ത അമ്പരപ്പുളവാക്കുന്നതാണ്. ജില്ലാ ആന്റി നർകോട്ടിക് സ്പെഷ്യൽ ആക്‌ഷൻ ഫോഴ്‌സ് (ഡാൻസാഫ്) കഞ്ചാവ് പിടിച്ച് വാർത്തയാക്കിയത് സ്വയം കഞ്ചാവ് കൊണ്ടുവെച്ചാണെന്നാണ് സംശയമുയർന്നത്‌. ഇത് പോലീസിന്റേതന്നെ രഹസ്യാന്വേഷണവിഭാഗത്തിന്റെ റിപ്പോർട്ടാണെന്നാണ് വാർത്ത. ആന്ധ്രയിൽനിന്നും മറ്റും കഞ്ചാവ് കൊണ്ടുവന്ന് നിശ്ചിതസ്ഥലത്തുവെച്ച് പിന്നീട് ആക്‌ഷനിലൂടെ കണ്ടെത്തൽ. പിടിച്ചെടുത്ത ഹാൻസ് പുറത്തുവിറ്റതായുള്ള വാർത്തവന്നതും ദിവസങ്ങൾക്കുമുമ്പാണ്.
സർക്കാർ ആശുപത്രിയിലെ ഒരു ഡോക്ടർ തന്നോട് മോശമായി പെരുമാറിയ പോലീസുദ്യോഗസ്ഥനെതിരേ പരാതി നൽകിയിട്ടും അന്വേഷിക്കാനോ നടപടിയെടുക്കാനോ പോലീസ് തയ്യാറാകാത്തതാണ് വ്യാഴാഴ്ച ഹൈക്കോടതിയുടെ ശക്തമായ പരാമർശത്തിനിടയാക്കിയത്. ഡി.ജി.പി. പരിഗണനയിലുണ്ടെന്നു പറഞ്ഞ പരിശീലനം-പെരുമാറ്റ പരിശീലനം അനിവാര്യമാണെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്‌. കേരള പോലീസ് രാജ്യത്തെ ഏറ്റവും സംസ്കാരസമ്പന്നമായ പോലീസ് സേനയാണെന്ന പ്രൗഢി നിലനിർത്താനാവണം. തെറ്റായ പെരുമാറ്റത്തിന് കർശനമായ ശിക്ഷ, മാതൃകാപരമായ ശിക്ഷയുണ്ടാകുമെന്ന് ഉറപ്പാക്കാൻ സർക്കാർ തയ്യാറാകണം.

നോക്കുകൂലി ഒരു പരിഷ്കൃതസമൂഹത്തിൽ ഒരുകാരണവശാലും വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി അടുത്തകാലത്തായി പലതവണ മുന്നറിയിപ്പു നൽകിയതാണ്. കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള സാധനങ്ങൾ ഇറക്കുന്നതിനുതന്നെ നോക്കുകൂലി ആവശ്യപ്പെട്ട് അക്രമം നടത്തിയ സംഭവങ്ങൾ നാം കണ്ടു. നോക്കുകൂലി തടയുമെന്ന് സർക്കാർ കോടതിയിൽ ഉറപ്പുനൽകിയിട്ടും നോക്കുകൂലിക്കുവേണ്ടിയുള്ള അതിക്രമം പലേടത്തും പതിവാകുന്നു. തിരുവനന്തപുരം പോത്തൻകോട്ട് വീടുപണി നടക്കുന്ന സ്ഥലത്ത് നോക്കുകൂലി ചോദിച്ച് കരാറുകാരനെയും തൊഴിലാളികളെയും മർദിച്ച സംഭവമുണ്ടായത് അടുത്തദിവസമാണ്. സർക്കാർ ശക്തമായ നടപടിയെടുക്കുമെന്ന് ആവർത്തിച്ചുപറയുമ്പോഴും അത്യന്തം ഹീനമായ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നു. ഇക്കാര്യത്തിൽ മുഖംനോക്കാതെ നടപടിയുണ്ടാവുമെന്ന് ഉറപ്പാക്കിയില്ലെങ്കിൽ നിക്ഷേപസൗഹൃദ അന്തരീക്ഷമില്ലെന്ന പഴിയും പ്രത്യാഘാതവുംകൂടിയുണ്ടാവും.

Subscribe on Youtube Subscribe Subscribe on Telegram Subscribe
Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.