ഹോട്ടൽ, തിയേറ്റർ മേഖലകളെ രക്ഷിക്കണം

Published: Sep 23, 2021, 10:16 PM IST
​ഹോട്ടൽ, തിയേറ്റർ മേഖലകൾ കടുത്ത പ്രതിസന്ധിയാണ്‌ നേരിടുന്നത്‌. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുതന്നെ ഹോട്ടലുകളും തിയേറ്ററുകളും ഓഡിറ്റോറിയങ്ങളും തുറന്നു പ്രവർത്തിപ്പിക്കാൻ സർക്കാർ തയ്യാറാവണം
editorial

ഏതു മേഖലയിലായാലും അടച്ചിടൽ ഇനി പ്രായോഗികമല്ലെന്ന പൊതു അഭിപ്രായം രൂപപ്പെട്ടിട്ടുണ്ട്. കോളേജുകളും സ്കൂളുകളും തുറക്കാനുള്ള തീരുമാനം ആഹ്ളാദത്തോടെയും പ്രതീക്ഷയോടെയുമാണ് സ്വീകരിക്കപ്പെട്ടത്. 18 വയസ്സിനു മുകളിലുള്ളവരുടെ വാക്സിനേഷൻ പ്രതീക്ഷിച്ചതിലും വേഗത്തിൽ പുരോഗമിക്കുന്നു. രണ്ടരക്കോടിയോളം പേർക്ക് ഒന്നാം ഡോസും ഒരു കോടിയോളം പേർക്ക് രണ്ടു ഡോസും നൽകിക്കഴിഞ്ഞു. ഏതാനും ആഴ്ചകൾകൊണ്ട് സമ്പൂർണ വാക്സിനേഷൻ ലക്ഷ്യം കൈവരിക്കാനാകും. ഫുട്‌ബോൾ ടർഫുകളും മറ്റു മൈതാനങ്ങളും സജീവമായിത്തുടങ്ങി. ജി.വി. രാജ സ്കൂളിലേക്കുള്ള സെലക്‌ഷന്റെ ഭാഗമായി എല്ലാ ജില്ലയിലും നടന്ന കായികമത്സരത്തിൽ മുൻവർഷത്തെക്കാൾ പങ്കാളിത്തമുണ്ടായി. സർവകലാശാലകൾ അത്‌ലറ്റിക് മീറ്റുകൾ നടത്താൻ തുടങ്ങി. വാണിജ്യ-വ്യവസായ മേഖലയ്ക്കൊപ്പം വിനോദമേഖലകളും തുറക്കാൻ തുടങ്ങിയത് നാട്ടിൽ വലിയ ഉന്മേഷമുണ്ടാക്കിത്തുടങ്ങിയിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധ ഇപ്പോഴും കേരളത്തിലാണ്. എന്നാൽ, അടച്ചിടൽ ഇനി അസാധ്യമാണെന്നും നിയന്ത്രണങ്ങളോടെയുള്ള തുറന്നിടൽ മാത്രമാണ് ഇനി കരണീയമെന്നുമുള്ള പൊതുബോധം സംജാതമായിരിക്കുകയാണ്.
എന്നാൽ, കേരളത്തിലെ ഹോട്ടലുടമകൾ ബുധനാഴ്ച സെക്രട്ടേറിയറ്റ് പടിക്കൽ ഉപവസിക്കുകയും കളക്ടറേറ്റുകൾക്കുമുമ്പിൽ സത്യാഗ്രഹം നടത്തുകയും ചെയ്യുന്ന സ്ഥിതിയുണ്ടായി. ഹോട്ടലുകളിൽ ഇരുന്നു ഭക്ഷണം കഴിക്കാനുള്ള അനുമതി ഇനിയും നൽകാത്തത് അനീതിയാണെന്ന്‌ ഹോട്ടലുടമകൾ പറയുന്നു. ആയിരക്കണക്കിന് സംരംഭകരും പതിനായിരക്കണക്കിന് തൊഴിലാളികളുമുള്ള വലിയൊരു തൊഴിൽമേഖലയാണ് ഹോട്ടലുകളും റെേസ്റ്റാറന്റുകളും. പാർസലായി ഭക്ഷണം നൽകാൻ മാത്രമാണ് ഇപ്പോൾ അനുമതിയുള്ളത്. പാർസൽ സംവിധാനംകൊണ്ട് പിടിച്ചുനിൽക്കാൻ കഴിയാത്തതിനാൽ ഓരോ പ്രദേശത്തെയും ഒട്ടേറെ ഹോട്ടലുകൾ താത്‌കാലികമായോ എന്നന്നേക്കുമായോ അടച്ചിടുന്ന സ്ഥിതിവന്നു. ബാങ്ക് വായ്പയെടുത്തും സ്വകാര്യ പണമിടപാടുകാരിൽനിന്ന് വായ്പവാങ്ങിയുമൊക്കെ നടത്തിപ്പോന്ന വ്യാപാരം മുടങ്ങിയതിനാൽ വലിയ തകർച്ചയിൽത്തന്നെയാണ് ഈ മേഖല.  കോവിഡിന്റെ ഒന്നാം വ്യാപനത്തിന് കുറവുണ്ടായപ്പോൾ ഹോട്ടലുകളിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ നിയന്ത്രണങ്ങളോടെ അനുമതിനൽകിയിരുന്നു. ഒരു മേശയിൽ നാലുപേർക്ക് ഭക്ഷണം വിളമ്പുന്നതിനു പകരം രണ്ടുപേർക്ക് ഭക്ഷണം വിളമ്പുന്നതിനുള്ള അനുമതിയാണ്‌ അന്ന് നൽകിയത്. അത്തരത്തിൽ ക്രമീകരണം നിർദേശിച്ചുകൊണ്ടാണെങ്കിലും ഹോട്ടലുകൾ പൂർണമായി തുറക്കാൻ അനുമതി ഇനിയും വൈകരുത്. 

ഒന്നാം കോവിഡ് വ്യാപനത്തിന് ശമനമുണ്ടായശേഷം ഏതാനും മാസം ഭാഗികമായി പ്രവർത്തിച്ച സിനിമാ ടാക്കീസുകൾ പൂർണമായി അടച്ചിട്ടിട്ട് അഞ്ചുമാസമാകാറായി. നൂറ്റമ്പതോളം സിനിമകൾ റിലീസ് കാത്തുകിടക്കുകയാണ്. ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലൂടെ ഏതാനും സിനിമകൾ റിലീസ് ചെയ്തത് പുതിയ സാധ്യത തുറന്നതായി പറയുന്നുണ്ടെങ്കിലും ആ സാധ്യത സിനിമാമേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ അന്നംമുടക്കുകയാണെന്നോർക്കണം. ചില്ലറവിൽപ്പന മേഖലയിലെ വിദേശനിക്ഷേപത്തിനെതിരേ രാജ്യവ്യാപകമായി പ്രതിഷേധമുയർന്നപ്പോൾ  അതിനെ നേരിട്ടത് പുതിയ അത്യാധുനിക സാധ്യതയെന്ന അവകാശവാദത്തോടെയാണ്. നമ്മുടെ നാട്ടിലെ വ്യാപാരമേഖലയെ ഇപ്പോൾ അതെങ്ങനെയാണ് ബാധിക്കുന്നതെന്ന് അനുഭവത്തിലുണ്ടല്ലോ. തിയേറ്ററുകൾ അടയുമ്പോൾ ആയിരക്കണക്കിന് തൊഴിലാളികൾക്കാണ് ജോലിയില്ലാതാകുന്നത്. തിയേറ്ററുകളിലിരുന്ന് സിനിമകാണുമ്പോഴുള്ള സാമൂഹികാനുഭവമല്ല വീടിനകത്തിരുന്ന് സിനിമ കാണുമ്പോഴുള്ളത്. 18 മുതൽ 28 ശതമാനംവരെ  ജി.എസ്.ടി.യും ഏഴരമുതൽ പത്തു ശതമാനംവരെ മുനിസിപ്പൽ നികുതിയും സിനിമയിൽനിന്ന് പൊതുഖജനാവിലെത്തുന്നതാണ്. സിനിമ ടാക്കീസുകളിൽ റിലീസ് ചെയ്യാതിരിക്കുമ്പോൾ ഫലത്തിൽ സിനിമാവ്യവസായം തകർച്ചയിലാകും.

അതുകൊണ്ട് സിനിമാ ടാക്കീസുകൾ നിയന്ത്രണങ്ങളോടെ തുറക്കുന്നകാര്യം അടിയന്തരമായി പരിഗണിക്കണം. ടാക്കീസുകൾ തുറക്കുന്നില്ലെങ്കിലും വൈദ്യുതി ഫിക്സഡ് ചാർജിന്റെ 50 ശതമാനം ആദ്യത്തെ മൂന്നുമാസം  ഈടാക്കി. തുടർന്നുള്ള മൂന്നുമാസത്തെ മുഴുവൻ ഫിക്സഡ് ചാർജും അടയ്ക്കണമെന്ന് വൈദ്യുതിബോഡ് നോട്ടീസ് അയച്ചുകൊണ്ടിരിക്കുകയാണ്. തിയേറ്ററുടമകൾ എവിടെനിന്നെടുത്താണ് ഫിക്സഡ്‌ ചാർജ് അടയ്ക്കുക. പൂട്ടിക്കിടന്നകാലത്തെ വൈദ്യുതി ഫിക്സഡ്‌ ചാർജ് കുടിശ്ശിക 18 ഗഡുക്കളായി അടയ്ക്കുന്നതിന് 18 ശതമാനം പലിശയും വേണമെന്ന് നിർബന്ധിക്കുന്നത് ക്രൂരതയാണെന്ന തിയേറ്ററുടമകളുടെ പരാതിയിൽ കഴമ്പുണ്ട്. ഇക്കാര്യത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് വീണ്ടുവിചാരമുണ്ടാകണം. തിയേറ്ററുകൾ തുറക്കുന്നകാര്യം സിനിമാ മേഖലയിലെ സംഘടനകളുമായി ചർച്ചചെയ്ത് തീരുമാനിക്കണം. അതുപോലെ കേരളത്തിലങ്ങോളമിങ്ങോളം അടഞ്ഞുകിടക്കുന്ന ഓഡിറ്റോറിയങ്ങൾ കാണാം. നടത്തിപ്പുചെലവും വൈദ്യുതിബില്ലും അറ്റകുറ്റപ്പണിയും കാരണം ബുദ്ധിമുട്ടിലായ നടത്തിപ്പുകാരുടെ കാര്യവും സർക്കാർ ഓർക്കണം.

Subscribe on Youtube Subscribe Subscribe on Telegram Subscribe
Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.