മയക്കുമരുന്നുമാഫിയയുടെ വേരറക്കണം

Published: Sep 22, 2021, 10:24 PM IST
മയക്കുമരുന്നുകടത്ത് തടയുന്നതിൽ സേനാവിഭാഗങ്ങളും പോലീസും എക്സൈസും മറ്റ് സർക്കാർ ഏജൻസികളും നടത്തുന്ന ശ്രമങ്ങൾ വിജയിക്കണമെങ്കിൽ ബഹുജനസഹകരണം കൂടിയേതീരൂ. മയക്കുമരുന്ന് മാഫിയക്കെതിരേ ജനകീയജാഗ്രതയാണാവശ്യം
editorial

വർത്തമാനകാലത്തെ മുഖ്യ യുദ്ധോപകരണമായി മയക്കുമരുന്ന് മാറുകയാണ്. തലമുറകളെ അടിമകളാക്കി ലോകത്തിന്റെ ഭാവിയെത്തന്നെ നശിപ്പിക്കുന്ന ഭീകരശക്തിയായി മയക്കുമരുന്നുമാഫിയ വലയംതീർക്കുന്നു. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്ന് ചൊവ്വാഴ്ച മൂവായിരം കിലോഗ്രാം ഹെറോയിൻ പിടിച്ച സംഭവം രാജ്യത്തെ ഞെട്ടിച്ചു. മുന്ദ്രയിലെ തുറമുഖത്തുനിന്ന് ഹെറോയിന്റെ വൻശേഖരം പിടിയിലായി ഏതാനും മണിക്കൂറിനകം മുംബൈ വിമാനത്താവളത്തിലും  കരിപ്പൂർ വിമാനത്താവളത്തിലും ഹെറോയിൻകടത്ത് പിടിക്കാൻകഴിഞ്ഞു. വിദേശത്തുനിന്നെത്തിയ യാത്രക്കാരിയെ കാരിയറാക്കിയാണ് രണ്ടിടത്തും കിലോക്കണക്കിന് ഹെറോയിൻ എത്തിച്ചത്. കഴിഞ്ഞദിവസമാണ് ഉത്തരേന്ത്യയിൽനിന്ന് കേരളത്തിലേക്ക് കൊണ്ടുവരുകയായിരുന്ന രണ്ട് ക്വിന്റലോളം കഞ്ചാവ് എക്സൈസ് സംഘം പിടികൂടിയത്. അറബിക്കടലിൽ കഴിഞ്ഞ ഏപ്രിൽമാസം ഇന്ത്യൻ നാവികസേന നടത്തിയ തിരച്ചിലിൽ മൂവായിരം കോടി രൂപ വിലവരുന്ന മയക്കുമരുന്ന്‌ പിടികൂടിയിരുന്നു. ഇന്ത്യ, മാലദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങളിലേക്കെത്തിക്കാൻ അയച്ചതാണ് ഒരു കപ്പൽനിറച്ചുള്ള ഹെറോയിൻ എന്ന് അന്ന് അന്വേഷണത്തിൽ വ്യക്തമായതാണ്. അതിന്റെ തുടർച്ചയായി രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ മയക്കുമരുന്നുമാഫിയയുടെ കണ്ണികളായ ചിലരെ തുറുങ്കിലടയ്ക്കാൻ കഴിഞ്ഞു. എന്നാൽ, കരയിലൂടെയും കടലിലൂടെയും ആകാശത്തുകൂടിയും ഇടതടവില്ലാതെ മയക്കുമരുന്ന് എത്തിച്ചുകൊണ്ടിരിക്കയാണ്. അതിന്റെ ചെറിയൊരു ഭാഗംമാത്രമാണ് വിവിധ സൈനികവിഭാഗങ്ങളും പോലീസും എക്സൈസും റവന്യൂ ഇന്റലിജൻസ് അടക്കമുള്ള ഏജൻസികളും എത്രയെല്ലാം ശ്രമിച്ചിട്ടും പിടികൂടാനാവുന്നതെന്നുവേണം കരുതാൻ. അറിഞ്ഞുകൊണ്ട് കാരിയറാവുന്നവർക്കുപുറമേ കുറെയധികംപേരെ അറിയാതെ കാരിയറാക്കിമാറ്റാനും മയക്കുമരുന്ന് മാഫിയയ്ക്ക് കഴിയുന്നുണ്ട്. 

മുന്ദ്ര തുറമുഖത്തുനിന്ന് പിടിയിലായത് 21,000 കോടി രൂപ വിലവരുന്ന മൂവായിരം കിലോഗ്രാം ഹെറോയിനാണ്. ഇതിന്റെ ഉറവിടം അഫ്ഗാനിസ്താനാണെന്നത് കൂടുതൽ ആശങ്കയുളവാക്കുന്നു.  ഒന്നാം താലിബാൻ ഭരണകാലത്ത് മയക്കുമരുന്നിെന്റ ആസ്ഥാനമായി ആ രാജ്യം മാറിയിരുന്നു. ലോകവിപണിയിലെത്തുന്ന മയക്കുമരുന്നിന്റെ ഭീമഭാഗവും അഫ്ഗാനിൽനിന്നാണെന്ന് അക്കാലത്ത് പുറത്തുവന്ന വിവരമാണ്. സമാധാനത്തിന്റെയും നന്മയുടെയും ആധുനിക സംസ്കാരത്തിന്റെയും എതിർധ്രുവത്തിലുള്ള ശക്തിയായ താലിബാൻ അവരുടെ ആദ്യഭരണകാലത്തെന്നപോലെ മയക്കുമരുന്നുമാഫിയയെ പ്രോത്സാഹിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുമോ എന്ന ആശങ്കയാണ് ഇപ്പോഴുള്ളത്.  ഭീകരവാദത്തിനുള്ള പണം കണ്ടെത്തുന്നതിൽ മയക്കുമരുന്നു സമ്പദ്‌വ്യവ്യവസ്ഥയ്ക്ക്‌ നിർണായകസ്ഥാനമുണ്ട്.

മയക്കുമരുന്നുകടത്ത് തടയുന്നതിൽ സേനാവിഭാഗങ്ങളും പോലീസും എക്സൈസും മറ്റ് സർക്കാർ ഏജൻസികളും നടത്തുന്ന ശ്രമങ്ങൾ വിജയിക്കണമെങ്കിൽ ബഹുജനസഹകരണം കൂടിയേതീരൂ. മയക്കുമരുന്ന് മാഫിയക്കെതിരേ ജനകീയജാഗ്രതയാണാവശ്യം. അതേസമയം, മയക്കുമരുന്നുമാഫിയയെ തളയ്ക്കാൻ ഒരു രാജ്യത്തിനുമാത്രമായി സാധ്യമല്ല. ഐക്യരാഷ്ട്രസംഘടന ലോകസമാധാനത്തിനായി നടത്തുന്ന ശ്രമംപോലെത്തന്നെ മയക്കുമരുന്ന് ഉത്‌പാദനത്തിനും വിപണനത്തിനുമെതിരേ യോജിച്ച പരിശ്രമത്തിന് നേതൃത്വംനൽകേണ്ടതുണ്ട്. 

 

Subscribe on Youtube Subscribe Subscribe on Telegram Subscribe
Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.