മരുന്നുകൾക്ക് പരിശോധനവേണം

Published: Sep 20, 2021, 10:39 PM IST
മനുഷ്യജീവനെ ബാധിക്കുന്ന കാര്യമാണിതെന്നതിനാൽ ഡ്രഗ് കൺട്രോൾ വിഭാഗത്തിന്റെ ന്യൂനതകൾ പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടേണ്ടതുണ്ട്
editorial

ഇന്ത്യയിലെ അലോപ്പതി മരുന്നുകളുടെ ഏറ്റവും വലിയ വിപണികളിലൊന്നാണ് കേരളം. രാജ്യത്തെ ജനസംഖ്യയുടെ മൂന്നുശതമാനമേ കേരളത്തിലുള്ളൂവെങ്കിലും പലകാരണങ്ങളാൽ ആ തോതിലല്ല മരുന്നുപയോഗം.  മാസത്തിൽ ചുരുങ്ങിയത് ആയിരം കോടി രൂപയുടെയെങ്കിലും അലോപ്പതിമരുന്നുകൾ കേരളത്തിൽ വിപണനം ചെയ്യുന്നുണ്ട്. കാൽലക്ഷത്തോളം മരുന്നുവിൽപ്പനശാലകളും ഇവിടെയുണ്ട്. ഏറ്റവും സൂക്ഷ്മമായ നിരീക്ഷണം ഈ മേഖലയിൽ ആവശ്യമാണെങ്കിലും പരിശോധനസംവിധാനം വളരെ പരിമിതമാണെന്നാണ് സംസ്ഥാന ഡ്രഗ് കൺട്രോളർ സർക്കാരിന് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. ഡ്രഗ് കൺട്രോൾ സംവിധാനം കാൽനൂറ്റാണ്ടിനിടയിൽ അല്പംപോലും മുമ്പോട്ടുപോയിട്ടില്ലെന്നാണ് റിപ്പോർട്ടിൽനിന്ന് വ്യക്തമാകുന്നത്.     സംസ്ഥാനത്ത് ആകെ 47 ഡ്രഗ് ഇൻസ്പെക്ടർമാർ മാത്രമാണുള്ളതെന്നത് പരിതാപകരംതന്നെയാണ്. വിപണിയിലുള്ള രണ്ടരലക്ഷത്തോളം ബാച്ച് മരുന്നുകൾ മുഴുവൻ പരിശോധിക്കാനാവില്ലെങ്കിലും അത് ആവശ്യമല്ലെങ്കിലും കൂടുതൽ സാംപിൾ പരിശോധന അനിവാര്യമാണ്. സംശയമുള്ളതും പരാതിയുള്ളതുമായ മരുന്നുകളുടെ സാംപിൾ പരിശോധന, കാലാവധിതീരാറായ ബാച്ചുകളുടെ ഗുണനിലവാരപരിശോധന നടത്തുന്നതിനുള്ള സാംപിൾ പരിശോധന എന്നിവയെല്ലാം ഒഴിവാക്കാനാവില്ല. എന്നാൽ, ആകെയുള്ള 47 ഇൻസ്പെക്ടർമാരെക്കൊണ്ട് മാസത്തിൽ എണ്ണൂറോളം സാംപിൾ എടുക്കാനേ സാധിക്കുകയുള്ളൂ എന്നതാണവസ്ഥ. സംസ്ഥാനത്ത് നാലാമതൊരു മരുന്നുപരിശോധന ലബോറട്ടറികൂടി ആരംഭിക്കാൻ നടപടി പുരോഗമിക്കുകയാണ്. സാംപിളെടുക്കുന്നതിനും മരുന്നുകടകൾ പരിശോധിക്കുന്നതിനും ആവശ്യത്തിന് ഡ്രഗ് ഇൻസ്പെക്ടർമാരും അനലിസ്റ്റുകളും ഇല്ലെങ്കിൽ ലബോറട്ടറികൾ കൂടുതലുണ്ടായതുകൊണ്ട് പ്രയോജനമില്ല. 

    മരുന്നുപയോഗത്തിലും ഫാർമസികളുടെ എണ്ണത്തിലുമെല്ലാം മുമ്പിലാണെങ്കിലും മരുന്നുത്‌പാദനത്തിൽ വളരെ പിറകിലാണ് കേരളം. മരുന്നുനിർമാണശാലകളുടേതന്നെ ഭാഗമായി പ്രവർത്തിക്കുന്ന ഡ്രഗ് കൺട്രോൾ സംവിധാനമാണ് ഗുണനിലവാരപരിശോധനനടത്തി, അംഗീകാരം നൽകി മരുന്നുകൾ വിപണിയിലേക്കെത്തിക്കുന്നത്. പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും മരുന്നുത്‌പാദനം കുടിൽവ്യവസായത്തിന്റെ നിലവാരത്തിലാണെന്ന അന്വേഷണറിപ്പോർട്ടുകൾ മുമ്പ് പുറത്തുവന്നിട്ടുള്ളതാണ്. ശരിയായ പരിശോധനസംവിധാനത്തിലൂടെയല്ലാതെയും ധാരാളം മരുന്നുകൾ വിപണിയിലെത്തുന്നുണ്ട്. ലേബൽ ശരിയല്ലാത്തത്, കമ്പനിയുടെ വിലാസം വ്യക്തമല്ലാത്തത് എന്നിങ്ങനെ ഒട്ടേറെ ക്രമക്കേടുകൾ പലതവണയായി കണ്ടെത്തിയിരുന്നു. വ്യാജമരുന്നുകൾ വിപണിയിലെത്തുന്നുണ്ടെന്നത് വസ്തുതയാണ്. സംസ്ഥാനത്ത് പല ജില്ലകളിലും മരുന്നുപരിശോധനസംവിധാനം നാമമാത്രമാണ്. ജില്ലാ ഓഫീസറോ ഓഫീസിൽ വാഹനമോ ഇല്ലാത്ത അവസ്ഥ പല ജില്ലകളിലുമുണ്ട്. മനുഷ്യജീവനെ ബാധിക്കുന്ന കാര്യമാണിതെന്നതിനാൽ ഡ്രഗ് കൺട്രോൾ വിഭാഗത്തിന്റെ ന്യൂനതകൾ പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടേണ്ടതുണ്ട്. 

    ഏറ്റവും വലിയ മരുന്നുവിപണിയാണ്‌ ഇവിടെയുള്ളതെങ്കിലും മരുന്നുത്‌പാദനശാലകൾ എന്തുകൊണ്ടുണ്ടാകുന്നില്ല എന്ന പ്രശ്നവും സർക്കാരിന്റെ പരിഗണനയിൽവരണം. സംസ്ഥാനസർക്കാർ ഉടമസ്ഥതയിൽ ആലപ്പുഴയിലുള്ള കെ.എസ്.ഡി.പി. കഴിഞ്ഞ ഏതാനും വർഷത്തിനിടയിൽ വലിയ മുന്നേറ്റമുണ്ടാക്കി, നഷ്ടം നികത്തി നല്ല ലാഭത്തിലായി എന്നത് സംസ്ഥാനത്ത് ഫാർമസ്യൂട്ടിക്കൽ വ്യവസായസംരംഭങ്ങൾ തുടങ്ങുന്നതിന് പ്രോത്സാഹനമാകേണ്ടതാണ്. മൂന്നുവർഷംമുമ്പ് ഡോ. ബി. ഇഖ്ബാൽ ചെയർമാനും ഡോ. കെ.പി. അരവിന്ദൻ കൺവീനറുമായി സംസ്ഥാനസർക്കാർ നിയോഗിച്ച സമിതി നൽകിയ ശുപാർശയിൽ പ്രധാനം ഫാർമ പാർക്ക് സ്ഥാപിക്കണമെന്നതാണ്. സംസ്ഥാനസർക്കാർ സംരംഭമായിത്തന്നെ ഫാർമ പാർക്ക് ഒരുക്കുകയും അവിടെ പൊതുമേഖലയ്ക്കും സ്വകാര്യമേഖലയ്ക്കും ഒരുപോലെ അവസരംനൽകി മരുന്നുനിർമാണശാലകൾ തുടങ്ങുകയും ചെയ്യുന്നതിന് ഇനി അല്പംപോലും വൈകിക്കൂടാ.  സർക്കാർ നിരീക്ഷണത്തിലും കേന്ദ്രീകൃതമായ ഗുണനിലവാരപരിശോധനയോടെയും മരുന്നുകൾ വിപണിയിലെത്തിക്കാനാകുമെന്നതാണ് പ്രധാനം. 

Subscribe on Youtube Subscribe Subscribe on Telegram Subscribe
Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.