സ്‌കൂളുകൾ തുറക്കുമ്പോൾ

Published: Sep 19, 2021, 10:12 PM IST
editorial

സ്കൂൾ തുറക്കുകയെന്നാൽ നാടിനെ വീണ്ടും ചൈതന്യവത്താക്കുകയെന്നുകൂടിയാണർഥം. സ്കൂളുകളിലും കോളേജുകളിലുമായി അരക്കോടിയിലേറെ കുട്ടികൾ വീണ്ടും എത്തുമ്പോൾ നാടിന്റെതന്നെ വീർപ്പുമുട്ടലിനാണ് അറുതിയാകുന്നത്. കേരളപ്പിറവിദിനത്തിൽ ഒന്നുമുതൽ ഏഴുവരെയും 10, 12 ക്ലാസുകളും ബാക്കി ക്ളാസുകൾ നവംബർ പതിനഞ്ചോടുകൂടിയും ആരംഭിക്കാനാണ് കോവിഡ് അവലോകനയോഗത്തിൽ തീരുമാനമായത്. നവംബർ മധ്യത്തോടെ വിദ്യാലയങ്ങൾ സമ്പൂർണമായി, സാധാരണനിലയിൽ സക്രിയമാകുമെന്നത് നാടിനാകെ ഏറ്റവും ആഹ്ലാദകരമായ കാര്യമാണ്. ഒന്നരക്കൊല്ലമായി സ്കൂളുകളും കോളേജുകളും പ്രവർത്തിച്ചില്ലെങ്കിലും വിദ്യാഭ്യാസരംഗം പൂർണമായും നിശ്ചലമായിപ്പോയിട്ടില്ല. വീടുകൾ വിദ്യാലയമാവുകയും ഓൺലൈനായി അധ്യാപനവും അധ്യയനവും നടന്നുവരുകയുമാണ്. അങ്ങനെ കൂടുതൽ പഠനശേഷിയോടെയും സാധ്യതയോടെയുമാണ് വിദ്യാർഥികളും അധ്യാപകരും വീണ്ടും മുഖാമുഖമെത്തുന്നത്. കോവിഡ് ഭീഷണിയടക്കമുള്ള മഹാമാരി അകന്നിട്ടില്ലാത്ത ഇക്കാലത്ത് പോയ ഒന്നരക്കൊല്ലത്തെ അനുഭവം വലിയപാഠമാണ്, മറക്കാനാവാത്തതും മറന്നുകൂടാത്തതുമായ പാഠം. ഡിജിറ്റൽ വിഭജനത്താൽ പാർശ്വവത്കരിക്കപ്പെട്ടുപോയ കുട്ടികളുടെ അവസ്ഥയെപ്പറ്റി നാം ബോധവാന്മാരായേ മതിയാവൂ.

കോളേജുകളിലെയും സർവകലാശാലകളിലെയും പി.ജി. ക്ലാസുകളിലൊഴികെ സ്കൂൾ-കോളേജ് ക്ലാസുകളിൽ 50 കുട്ടികൾ വരെയുണ്ടാവാം. അത്രയും കുട്ടികൾക്ക് ഒരുമിച്ചിരുന്ന് പഠിക്കാനാകുന്ന തരത്തിൽ ഭീഷണി വിട്ടുപോയിട്ടില്ല. സ്കൂൾകുട്ടികളാരും വാക്സിനെടുത്തവരല്ല. അതുകൊണ്ട് ഏറെ ജാഗ്രതയോടെ വേണം ക്ലാസുകൾ തുടങ്ങുന്നതിനുള്ള ക്രമീകരണം നടത്താൻ. ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തുമ്പോൾ ജോലിഭാരം വർധിക്കുമെങ്കിലും അധ്യാപകർ സഹകരിക്കുമെന്നതിൽ സംശയമില്ല. വായുസഞ്ചാരം കൂടുതലുള്ള സ്ഥലങ്ങളിൽ ക്ലാസുകൾ നടത്താൻ സ്കൂൾ അധികൃതർ ശ്രദ്ധിക്കണം. ഓരോ ക്ലാസിനും വ്യത്യസ്ത സമയങ്ങളിൽ ഇടവേള നൽകുന്നതും അഭികാമ്യമാണ്. സ്കൂളിലെത്തുന്ന വിദ്യാർഥികൾ മുഖാവരണം, സാനിറ്റൈസർ എന്നിവ കൃത്യമായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും അതു ലഭ്യമാക്കാനും ശ്രദ്ധിക്കണം. ഓരോ നാലുമണിക്കൂർ കഴിയുമ്പോഴും കുട്ടികളോട് മുഖാവരണങ്ങൾ മാറ്റി ഉപയോഗിക്കാൻ നിർദേശിക്കുകയും വേണം. കുട്ടികൾക്കായി പ്രത്യേക മുഖാവരണം തയ്യാറാക്കി വിതരണം ചെയ്യുന്നതിനും സംവിധാനമുണ്ടാകണം. ഉപയോഗിച്ച മുഖാവരണങ്ങൾ ശേഖരിക്കാനും സംസ്കരിക്കാനുമുള്ള സൗകര്യങ്ങൾ ഒരുക്കണം. ഇക്കാര്യത്തിലൊക്കെ തദ്ദേശസ്ഥാപനങ്ങളുടെ സഹകരണം ആവശ്യമായിവരും. 

പ്ലസ് വൺ പ്രവേശനനടപടികളും മൂല്യനിർണയത്തിലെ മാനദണ്ഡങ്ങളും ഗ്രേഡിങ്ങിലെ പ്രശ്നങ്ങളും ഇപ്പോൾ നടക്കുന്ന പ്ലസ് വൺ പ്രവേശനത്തെ സങ്കീർണമാക്കിയിരിക്കുന്നു. ഇത് ഭാവിയിലെങ്കിലും അധികൃതരുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. വിവാദത്തിലും അനിശ്ചിതത്വത്തിലുമായിരുന്ന പ്ലസ് വൺ പരീക്ഷ സുപ്രീംകോടതി അനുമതിയുടെ പശ്ചാത്തലത്തിൽ ഈയാഴ്ച ആരംഭിക്കും. കോളേജുകളിൽ അവസാനവർഷ പരീക്ഷകൾ കോവിഡ് കാലത്തും വലിയ പ്രയാസമില്ലാതെതന്നെ നടത്താനായതിനാൽ ഒന്നാംവർഷ ബിരുദാനന്തരബിരുദ പ്രവേശനനടപടികൾ പുരോഗമിക്കുകയാണ്. പ്ലസ്ടു പരീക്ഷാഫലം നേരത്തേ വന്നതിനാൽ ഒന്നാംവർഷ ബിരുദ പ്രവേശനം ആരംഭിച്ചിരിക്കുകയുമാണ്. മെഡിക്കൽ, എൻജിനിയറിങ്, സർവകലാശാല, കോളേജ് അവസാനവർഷ ക്ലാസുകൾ ഒക്ടോബർ നാലിനുതന്നെ തുടങ്ങും. പൊതുവായി സ്കൂൾ-കോളേജ് വിദ്യാർഥികളുടെ യാത്രാപ്രശ്നത്തിന് എങ്ങനെ പരിഹാരം കാണുമെന്ന് അധികൃതർ ഇതേവരെ ഒന്നും പറഞ്ഞിട്ടില്ല.  പൊതുഗതാഗത സംവിധാനമുപയോഗിച്ച് യാത്രചെയ്യുന്നവരാണ് സ്കൂൾ-കോളേജ് വിദ്യാർഥികളിൽ ഭൂരിപക്ഷവും പൊതുഗതാഗതത്തെയാണ് ആശ്രയിക്കുന്നത്. വരുമാനക്കുറവുകാരണം കെ.എസ്.ആർ.ടി.സി.യുടെ പകുതിയോളം ഷെഡ്യൂളും സ്വകാര്യ ബസുകളിൽ പകുതിയിലേറെയും കട്ടപ്പുറത്താണ്. ഈ പ്രശ്നം പരിഹരിക്കുന്നതിന് സംസ്ഥാനതലത്തിലും പ്രാദേശികതലത്തിലും നടപടിയുണ്ടാകണം. സ്റ്റുഡന്റ് ട്രാവൽ ഫെസിലിറ്റി കമ്മിറ്റി കളക്ടറുടെ നേതൃത്വത്തിൽ ഉടനെ വിളിച്ചുചേർത്ത് മുന്നൊരുക്കം നടത്തണം. സ്കൂൾ പി.ടി.എ.യോഗം വിളിക്കുന്നതിനുപുറമേ ക്ലാസ് പി.ടി.എ. യോഗംകൂടി അടുത്തമാസ
മാദ്യം വിളിച്ചുചേർക്കുന്നത് ഗുണകരമാകും.

Subscribe on Youtube Subscribe Subscribe on Telegram Subscribe
Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.