ഇന്ധനവില യുക്തിസഹമാവണം

Published: Sep 18, 2021, 01:16 AM IST
പെട്രോൾ-ഡീസൽ നികുതിഘടനയിൽ തത്‌സ്ഥിതി തുടരാൻ സമവായ തീരുമാനത്തിലെത്തിയ കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാരുടെ യോഗം വിലക്കയറ്റത്തിന്റെ നേർക്ക് നോക്കാതെ മുഖംതിരിക്കുകയാണ് ചെയ്തത്
editorial

രണ്ടുവർഷത്തിനുശേഷം ആദ്യമായി ഓഫ്‌ലൈനായി ജി.എസ്.ടി. കൗൺസിൽ ചേർന്നപ്പോൾ ഉയർന്ന മുഖ്യചോദ്യം പെട്രോളിന്റെയും ഡീസലിന്റെയും നികുതി ജി.എസ്.ടി.യിലേക്ക് മാറ്റി അതിന്റെ വില യുക്തിസഹമാക്കാൻ തയ്യാറാകുമോ എന്നതാണ്. കേരളമടക്കമുള്ള സംസ്ഥാനങ്ങളാണ് അതിന് എതിരുനിൽക്കുന്നതെന്ന ആക്ഷേപമാണ് ചില കോണുകളിൽനിന്ന് ഉയർന്നിരുന്നതെങ്കിലും കേന്ദ്രസർക്കാരും കേരളത്തിനുപുറമേ മറ്റു സംസ്ഥാനങ്ങളും ഏറക്കുറെ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടത് എണ്ണയിൽ തത്‌കാലം ജി.എസ്.ടി. വേണ്ടെന്നാണ്. പ്രത്യക്ഷനികുതിയെക്കാളധികം പരോക്ഷനികുതി ചുമത്തി ഭരണത്തിന്റെ നിത്യനിദാനത്തിനും വികസനപ്രവർത്തനത്തിനും ഫണ്ട് കണ്ടെത്തുന്ന നാടാണ് നമ്മുടേത്. ഒരു വാഹനമോടുമ്പോൾ, ഒരു ട്രാക്റ്റർ പ്രവർത്തിക്കുമ്പോൾ ഒരുലിറ്റർ പെട്രോൾ ഇന്ധനമായുപയോഗിച്ചാൽ 33 രൂപയാണ് കേന്ദ്രസർക്കാരിന്റെ ചെലവിലേക്കായി പിടിക്കുന്നത്. ഡീസലിന് 31.80 രൂപയും. പെട്രോളിന് സംസ്ഥാനത്തിന്റെ ചെലവിലേക്ക് 26 രൂപയിലധികവും പിടിക്കുന്നു. 30.8 ശതമാനം വാണിജ്യനികുതിയും സെസ്സുകളായി ഒരുരൂപ 20 പൈസയും സംസ്ഥാനത്തിന്റെ വക. ഏഴു വർഷംകൊണ്ട് മൂന്ന് മടങ്ങിലേറെയായാണ് പെട്രോളിന്റെ സെസ്സ് കേന്ദ്രസർക്കാർ വർധിപ്പിച്ചത്. കേന്ദ്ര സർക്കാർ എത്ര വർധിപ്പിക്കുന്നുവോ അതിനനുസൃതമായി വാണിജ്യനികുതി വരുമാനം കൂടുന്നുവെന്നത് സംസ്ഥാന ഖജനാവിന്റെ നേട്ടം. പെട്രോളും ഡീസലും ജി.എസ്.ടി.യുടെ പരിധിയിൽവന്നതുകൊണ്ടുമാത്രം വില കുറയില്ലെന്നാണ് സംസ്ഥാന ധനമന്ത്രി അഭിപ്രായപ്പെട്ടത്. കാരണം,  പ്രത്യേക തീരുവയായും സെസ്സുകളുമായാണ് കേന്ദ്രം പെട്രോൾ-ഡീസൽ നികുതി പിരിക്കുന്നത്. ജി.എസ്.ടി. പോലെ സംസ്ഥാനങ്ങൾക്ക് വീതിക്കുന്ന എക്സൈസ് തീരുവ പെട്രോളിന് 1.40-ഉം ഡീസലിന് 1.80-ഉം മാത്രമാണ്. കേന്ദ്രം ചുമത്തുന്ന ബാക്കിഭാരം അധികസെസ്സുകളുടെ രൂപത്തിലുള്ളതാണ്. കേന്ദ്രവും സംസ്ഥാനവും വീതിച്ചെടുക്കുന്ന ജി.എസ്.ടി.യിലേക്ക് മാറുകയാണെങ്കിൽ കൂടിയാൽ 28 ശതമാനം നികുതിയാണ് വരുക. റോഡ് നികുതി ഉൾപ്പെടെ വേറെയും നികുതി ചുമത്തിയാലും ഇപ്പോഴത്തെ വിലയിൽ 30 ശതമാനമെങ്കിലും കുറയ്ക്കാൻ കഴിയുമെന്ന് വ്യക്തമാക്കപ്പെട്ടിട്ടുള്ളതാണ്. 

പെട്രോൾ-ഡീസൽ നികുതിഘടനയിൽ തത്‌സ്ഥിതി തുടരാൻ സമവായ തീരുമാനത്തിലെത്തിയ കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാരുടെ യോഗം വിലക്കയറ്റത്തിന്റെ നേർക്ക് നോക്കാതെ മുഖംതിരിക്കുകയാണ് ചെയ്തത്. പെട്രോൾ-ഡീസൽ വിലവർധനയാണ് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും സേവനരംഗത്തെ ചെലവേറുന്നതിനും പ്രധാന കാരണം. ജി.എസ്.ടി.യുടെ കാര്യത്തിൽ മറിച്ചൊരു തീരുമാനം വരുന്നതുവരെ കേന്ദ്രം അധിക സെസ്സുകൾ പരമാവധി കുറയ്ക്കാനും വാണിജ്യനികുതിയിൽ കുറവുവരുത്താൻ സംസ്ഥാനവും തയ്യാറാകേണ്ടതുണ്ട്.
വാണിജ്യനികുതി ചരക്ക്-സേവന നികുതിയായി ഏകീകൃതമായപ്പോൾ സംസ്ഥാനങ്ങൾക്ക് വരുമാനത്തിൽ വലിയ നഷ്ടമാണുണ്ടായത്. നഷ്ടം നികത്തുന്നതിന് കേന്ദ്രസർക്കാർ നൽകുന്ന ആശ്വാസനിധി മുൻനിശ്ചയപ്രകാരം ഇനി എട്ടോ ഒമ്പതോ മാസം മാത്രമാണ് കിട്ടുക. അഞ്ചുവർഷത്തേക്കുകൂടി നഷ്ടപരിഹാര ഗ്രാന്റ് നൽകണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യത്തോട് കേന്ദ്ര ധനമന്ത്രി അനുകൂലനിലപാടല്ല സ്വീകരിച്ചത്. നഷ്ടപരിഹാരം നൽകുന്നതിന് ഏർപ്പെടുത്തിയ സെസ്സുകൾ 2022 ജൂലായ്ക്കു ശേഷവും തുടരുമെങ്കിലും സംസ്ഥാനങ്ങൾക്ക് നൽകാനാവില്ല, കാരണം, ഇതേവരെ നഷ്ടപരിഹാരം നൽകിയത് വരുമാനമുണ്ടായിട്ടല്ല, കടം വാങ്ങിയിട്ടാണെന്നും കടക്കെണിയോളമായെന്നുമാണ്‌ കേന്ദ്രത്തിന്റെ ആവലാതി. കോവിഡ് കാലത്ത് വലിയ വരുമാനനഷ്ടമുണ്ടായ കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് തുടർന്നും നഷ്ടപരിഹാരത്തുക ലഭിക്കാൻ സമ്മർദം തുടരേണ്ടതുണ്ട്. 

അർബുദചികിത്സയ്ക്കുള്ള മരുന്നുകൾക്കും മറ്റും നികുതിയിൽ ഇളവ് നൽകാനുള്ള തീരുമാനം സ്വാഗതാർഹമാണ്. അടുത്തകാലത്തായി വലിയ വാർത്തയായതാണ് മസ്‌കുലർ അട്രോഫിക്കുള്ള മരുന്ന് 16 കോടി രൂപ ചെലവിൽ വിദേശത്തുനിന്ന് കൊണ്ടുവരേണ്ട പ്രശ്നം. ആ മരുന്നിന്റെ നികുതി ഒഴിവാക്കാൻ തീരുമാനിച്ചതും വലിയ ആശ്വാസമാണ്. വെളിച്ചെണ്ണയുടെ നികുതി കൂട്ടാനുള്ള നീക്കം കേരളത്തിന്റെ ശക്തമായ എതിർപ്പുകാരണം തത്‌കാലം ഉപേക്ഷിക്കപ്പെട്ടു. ചെരിപ്പ്, കടലാസുകൊണ്ടുള്ള പാക്കിങ് ഉത്‌പന്നങ്ങൾ തുടങ്ങിയവയുടെയും മറ്റും നികുതി വർധിപ്പിക്കുന്നത് പ​ക്ഷേ അധികഭാരമാകും. 

Subscribe on Youtube Subscribe Subscribe on Telegram Subscribe
Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.