ഭാരതത്തിന്റെ ഐൻസ്റ്റൈൻ

Published: Sep 18, 2021, 01:17 AM IST
ഗൗരവമായ ശാസ്ത്രഗവേഷണത്തിന് ഇന്ത്യക്ക് പുറത്തുപോകണമെന്ന പൊതുധാരണയെ തകർക്കുകയായിരുന്നു താണു പദ്മനാഭൻ
editorial

ഗണിതത്തിൽ ഉജ്ജ്വലമായ പാരമ്പര്യമുണ്ട് കേരളത്തിന്. ‘കരണപദ്ധതി’ രചിച്ച പുതുമന ചോമാതിരി, ‘ദൃഗ്ഗണിതം’കൊണ്ട് വിസ്മയിപ്പിച്ച വടശ്ശേരി പരമേശ്വരൻ, പൈയുടെ കൃത്യമായ മൂല്യമളന്ന സംഗമഗ്രാമ മാധവൻ, പൈ ഒരു അഭിന്നസംഖ്യയാണെന്ന് 13-ാം നൂറ്റാണ്ടിലേ സ്ഥിരീകരിച്ച നീലകണ്ഠസോമയാജി. അങ്ങനെ സമ്പന്നമാണ് ആ ഗണിതപ്രതിഭാശ്രേണി. അതിന്റെ ഇങ്ങേയറ്റത്ത് ജ്വലിച്ചുനിന്ന താരമായിരുന്നു താണു പദ്മനാഭൻ. ‘ഭാരതത്തിന്റെ ഐൻസ്റ്റൈൻ’ എന്ന അംഗീകാരത്തിന് അർഹനായിരുന്നു, കേരളം ലോകത്തിനുനൽകിയ ഈ അദ്‌ഭുത ഗണിതപ്രതിഭ. 2007-ൽ രാഷ്ട്രം അദ്ദേഹത്തിന് പദ്‌മശ്രീ നൽകി ആദരിച്ചു.

1957 മാർച്ച് 10-ന് തിരുവനന്തപുരത്ത് താണു അയ്യരുടെയും ലക്ഷ്മിയുടെയും മകനായി ജനിച്ച താണു പദ്മനാഭന് ഗണിതാഭിമുഖ്യം പാരമ്പര്യമായിത്തന്നെ ലഭിച്ചതാണ്. പിതാവും ബന്ധുക്കളുമെല്ലാം ഗണിതത്തോട് അതിതാത്പര്യം പ്രകടിപ്പിച്ചവരായിരുന്നു. സർക്കാർ സ്കൂളുകളിലും കോളേജുകളിലുമൊക്കെയാണ് താണു പഠിച്ചത്. പ്രീഡിഗ്രി കാലത്ത് ‘ഫെയ്ൻമാൻ ലക്‌ചേഴ്‌സ് ഓൺ ഫിസിക്‌സ്’ വായിച്ചതോടെ ശുദ്ധഗണിതത്തിൽനിന്ന് താത്പര്യം സൈദ്ധാന്തിക ഭൗതികത്തിലേക്ക് വഴുതി. തിരുവനന്തപുരം സയൻസ് സൊസൈറ്റി താണുവിലെ ഭൗതികശാസ്ത്ര കുതുകിയെ ഉത്തേജിപ്പിച്ചു. അങ്ങനെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽനിന്ന്‌ ബി.എസ്‌സി. ഫിസിക്‌സ് സ്വർണമെഡലോടെ പാസായി. എം.എസ്‌സി.ക്ക് ഒന്നാം റാങ്കും നേടി. ബി.എസ്‌സി. അവസാനവർഷത്തിൽ അദ്ദേഹം തയ്യാറാക്കിയ ഒരു ഗവേഷണറിപ്പോർട്ട് ഇന്ത്യൻ അക്കാദമി ഓഫ് സയൻസിന്റെ  ‘ജേണൽ ഓഫ് ഫിസിക്‌സി’ൽ പ്രസിദ്ധീകരിച്ചു. ഗുരുത്വതരംഗങ്ങളായിരുന്നു വിഷയം. ബിരുദകാലത്ത് വായിച്ച ‘കോഴ്‌സ് ഓഫ് തിയററ്റിക്കൽ ഫിസ്‌ക്‌സ്’ ആണ് ഗ്രാവിറ്റി എന്ന ‘അദ്‌ഭുതശക്തി’യോട് അടങ്ങാത്ത അഭിനിവേശം ആ യുവാവിലുണ്ടാക്കിയത്.

ഗൗരവമായ ശാസ്ത്രഗവേഷണത്തിന് ഇന്ത്യക്ക് പുറത്തുപോകണമെന്ന പൊതുധാരണയെ തകർക്കുകയായിരുന്നു താണു പദ്മനാഭൻ. കേരളത്തിലെ സർക്കാർ സ്ഥാപനങ്ങളിൽ മാത്രം പഠിക്കുകയും രാജ്യത്തെ സ്ഥാപനങ്ങളിൽ പഠിപ്പിക്കുകയും ഗവേഷണം നടത്തുകയും ചെയ്ത് ലോകോത്തരമായ പ്രബന്ധങ്ങൾ അദ്ദേഹം രചിച്ചു. ഗ്രാവിറ്റി, സ്പേസ്-ടൈം, ശ്യാമോർജം തുടങ്ങിയ മേഖലകളിൽ ഐൻസ്റ്റൈന്റെ നിലപാടിന്റെയും കണ്ടെത്തലുകളുടെയും തുടർച്ചയും വിശദീകരണങ്ങളുമായിരുന്നു താണു പദ്മനാഭന്റെ ഗവേഷണങ്ങൾ.  വൈചിത്ര്യമാർന്ന നിയമവ്യവസ്ഥയുള്ള ക്വാണ്ടം ലോകത്ത് ഗ്രാവിറ്റിയെ അവതരിപ്പിക്കുക എന്ന ഏറെ ശ്രമകരമായ ദൗത്യമാണ് അദ്ദേഹം ഏറ്റെടുത്തത്. സ്പേസ്-ടൈം രൂപപ്പെട്ടത് ഏതുതരം സൂക്ഷ്മഘടകങ്ങൾ കൊണ്ടാണെന്ന് അറിയാനുള്ള പഠനങ്ങളാണ് അദ്ദേഹവും സംഘവും നടത്തിയത്. പ്രാപഞ്ചിക സ്ഥിരാങ്കത്തിന്റെ മൂല്യം നിർണയിക്കുന്നതിൽ ഈ പഠനങ്ങൾ സഹായകമാവും. ഗ്രാവിറ്റിയുടെ വിഷയത്തിൽ ഐൻസ്റ്റൈൻ മനഃപൂർവമോ അല്ലാതെയോ വിട്ടുപോയ മൗനങ്ങളെ പൂരിപ്പിക്കുകയായിരുന്നു ഈ ഇന്ത്യൻ ശാസ്ത്രജ്ഞൻ.

അന്താരാഷ്ട്ര ജേണലുകളിൽ മുന്നൂറോളം ആധികാരിക പ്രബന്ധങ്ങളാണ് അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചത്. പത്ത് പഠനഗ്രന്ഥങ്ങളും രണ്ട് പോപ്പുലർ സയൻസ് ഗ്രന്ഥങ്ങളും രചിച്ചു. അമേരിക്കയിലെ ‘ഗ്രാവിറ്റി റിസർച്ച് ഫൗണ്ടേഷ’ന്റെ ആദ്യപുരസ്കാരം 2008-ൽ ലഭിക്കുന്നത് താണു പദ്മനാഭന്റെ പഠനത്തിനാണ്. ഒട്ടേറെ ദേശീയ-അന്തർദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2020-ൽ സ്റ്റാൻഫഡ് സർവകലാശാല നടത്തിയ പഠനത്തിൽ ലോകത്തെ മികച്ച 25 ശാസ്ത്രജ്ഞരിൽ പദ്മനാഭനും ഉൾപ്പെട്ടു. 2021-ലെ കേരള ശാസ്ത്രപുരസ്കാരവും അദ്ദേഹം നേടി.

ഭാര്യ വാസന്തിയും മകൾ ഹംസവാഹിനിയും ഭൗതികശാസ്ത്ര ഗവേഷകരാണ്. വാസന്തിയോടൊപ്പം ചേർന്നാണ് ‘ദ ഡോൺ ഓഫ് സയൻസ്’ എന്ന പോപ്പുലർ സയൻസ് ഗ്രന്ഥം താണു എഴുതുന്നത്. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ഏറ്റവും പുതിയ ലക്കത്തിൽ അദ്ദേഹത്തിന്റെ  അഭിമുഖമുണ്ടായിരുന്നു. അതിൽ  അദ്ദേഹം പറഞ്ഞത്, ‘അടുത്ത തലമുറയ്ക്ക് പ്രചോദനമേകാൻ സാധിച്ച ശാസ്ത്രജ്ഞൻ എന്നനിലയ്ക്ക് അറിയപ്പെടാനാണ് തനിക്ക് ആഗ്രഹ’മെന്നായിരുന്നു. ഏതിലാണോ നിങ്ങൾക്ക് താത്പര്യം, അത് പിന്തുടരുക എന്നാണ് അദ്ദേഹം പുതുതലമുറയോട് ആവശ്യപ്പെട്ടത്. പൗരാണിക ശാസ്ത്രപാരമ്പര്യത്തിൽ അഭിരമിക്കുന്ന കേരളവും ഭാരതവും പുതിയ ശാസ്ത്രപ്രതിഭകൾക്ക് വിളനിലമാവുന്നില്ലെന്ന പരാതികൾക്കിടയിലാണ് താണു പദ്മനാഭന്റെ മടക്കം.

Subscribe on Youtube Subscribe Subscribe on Telegram Subscribe
Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.