പരിഷ്‌കരണ പദ്ധതികൾ രാജ്യപുരോഗതിക്കാവട്ടെ

Published: Sep 17, 2021, 01:24 AM IST
മറ്റെല്ലാ ടെലികോം കമ്പനികളെക്കാളും എത്രയോ മടങ്ങ് അടിസ്ഥാനസൗകര്യമുണ്ടായിട്ടും ബി.എസ്.എൻ.എലിന്റെയും എം.ടി.എൻ.എലിന്റെയും വളർച്ച ആന്തരികമായി മുരടിപ്പിക്കുകയാണെന്ന ആക്ഷേപം നിലനിൽക്കുന്നു
editorial

ജനറൽ ഇൻഷുറൻസ് മേഖലയിൽ സ്വകാര്യവത്‌കരണത്തിന് ബിൽ പാസാക്കിയതിനു പിറകെ ടെലികോം മേഖലയിൽ നൂറുശതമാനം വിദേശനിക്ഷേപത്തിന് അനുമതി നൽകാനുള്ള തീരുമാനമായിരിക്കുകയാണ്. ഇത് ഇന്ത്യൻ സാമ്പത്തികരംഗത്ത് ഘടനാപരമായിത്തന്നെ വലിയ മാറ്റത്തിനാണിടയാക്കുക. സമ്മിശ്ര സമ്പദ് വ്യവസ്ഥയെന്ന അടിസ്ഥാന സാമ്പത്തിക നയത്തിൽനിന്ന് അതിവേഗം മാറുകയാണെന്ന പ്രഖ്യാപനമാണ് ടെലികോം, വാഹന, ഡ്രോൺ മേഖലകളിലുള്ള പരിഷ്കാരതീരുമാനം. ടെലികോം മേഖലയിലെ മത്സരത്തിന്റെ ഗുണവും ദോഷവും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ വലിയ ചലനങ്ങളാണുണ്ടാക്കുന്നത്. വിവരസാങ്കേതികരംഗത്തെ കണ്ണഞ്ചിപ്പിക്കുന്ന പുരോഗതി ഈ രംഗത്തുണ്ടാക്കിയ കുതിച്ചുചാട്ടം മത്സരത്തെ ആരോഗ്യകരമല്ലാത്ത നിലയിലേക്ക് വളർത്തിയിട്ടുണ്ട്. ടെലികോം കമ്പനികളുടെ കടബാധ്യത അടുത്ത മാർച്ചാകുമ്പോഴേക്കും നാലേമുക്കാൽ ലക്ഷത്തോളം കോടി രൂപയിലേക്കെത്തുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. സാധ്യതകൾ ഉപയോഗപ്പെടുത്താനാവാതെ പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എൻ.എൽ. പീഡിതവ്യവസായത്തിന്റെ നിലവാരത്തിലേക്കാണെത്തിനിൽക്കുന്നത്. ജീവനക്കാരുടെ എണ്ണം ഗണ്യമായി കുറച്ചിട്ടും ഋണബാധ്യതയിൽ നേരിയ കുറവുമാത്രമേ ഉണ്ടായിട്ടുള്ളൂ. മറ്റെല്ലാ ടെലികോം കമ്പനികളെക്കാളും എത്രയോ മടങ്ങ് അടിസ്ഥാനസൗകര്യമുണ്ടായിട്ടും ബി.എസ്.എൻ.എലിന്റെയും എം.ടി.എൻ.എലിന്റെയും വളർച്ച ആന്തരികമായി മുരടിപ്പിക്കുകയാണെന്ന ആക്ഷേപം നിലനിൽക്കുന്നു.

കടബാധ്യതയിൽനിന്ന് പുറത്തുകടക്കാനാവാതെ നട്ടംതിരിയുന്ന സ്വകാര്യ ടെലികോം കമ്പനികളെ രക്ഷിക്കുന്നതിന് ഉദാരമായ സഹായമാണ് വ്യാഴാഴ്ച കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പുതിയ നയത്തിലുള്ളത്. എ.ജി.ആർ. ഇനത്തിൽ കമ്പനികൾ അടയ്ക്കാനുള്ള കുടിശ്ശികയ്ക്ക് നാലുവർഷത്തെ മൊറട്ടോറിയം അനുവദിച്ചത് അവയെ തകർച്ചയിൽനിന്ന് രക്ഷിക്കുമെന്നാണ് സർക്കാരിന്റെ അവകാശവാദം. മൊറട്ടോറിയം കാലാവധി കഴിഞ്ഞിട്ടും കുടിശ്ശിക നിലനിൽക്കുകയാണെങ്കിൽ അതു സർക്കാർ ഇക്വിറ്റിയാക്കിമാറ്റുകയാണ് ചെയ്യുക. സ്‌പെക്‌ട്രം ലേലത്തിന്റെ കാലാവധി 20-ൽനിന്ന്‌ 30 വർഷമാക്കിയതും പലിശനിരക്ക് കുറച്ചതും പിഴപ്പലിശ ഒഴിവാക്കിയതുമെല്ലാം കമ്പനികൾക്ക് താങ്ങായിമാറും. ഇത് സാമ്പത്തികരംഗത്ത് നല്ല ഫലമുണ്ടാക്കുമെങ്കിലും അനാരോഗ്യകരമായ മത്സരം നിയന്ത്രിക്കുന്നതിന് മാർഗനിർദേശമില്ലെന്ന ന്യൂനത നിലനിൽക്കുന്നു. 

ഒരുഭാഗത്ത് ഇന്ത്യൻ കമ്പനികൾക്ക് കടാശ്വാസം നൽകുമ്പോൾത്തന്നെ നൂറുശതമാനം വിദേശനിക്ഷേപം ഉദാരവ്യവസ്ഥയോടെ അനുവദിക്കുന്നത് വെല്ലുവിളിയുമാകും. ബി.എസ്.എൻ.എലിന്റെയും എം.ടി.എൻ.എലിന്റെയും അടിസ്ഥാനസൗകര്യങ്ങൾ വിദേശ-സ്വദേശ സ്വകാര്യ ടെലികോം കമ്പനികൾക്ക് തഴച്ചുവളരുന്നതിനായി വിട്ടുകൊടുക്കുകയുമാണ്. മത്സരാടിസ്ഥാനത്തിൽ പിടിച്ചുനിൽക്കാനും വളരാനും പൊതുമേഖലാസ്ഥാപനങ്ങൾക്കും അവസരം നൽകിക്കൊണ്ടാവണം സ്വകാര്യനിക്ഷേപം പ്രോത്സാഹിപ്പിക്കൽ. സ്‌പെക്‌ട്രം വില, ലൈസൻസ്ഡ്‌ ഫീസ് ഇനത്തിൽ കേന്ദ്രസർക്കാരിന് ലക്ഷക്കണക്കിന് കോടി രൂപ നൽകാനുള്ള കമ്പനികൾക്ക് ഉദാരമായ സഹായം നൽകുന്നതിനൊപ്പം ബി.എസ്.എൻ.എലിനെ പുനരുദ്ധരിക്കുന്നതിനുള്ള പാക്കേജുകൂടി കൃത്യമായി നടപ്പാക്കുന്നതിനുള്ള സന്നദ്ധതകൂടി വേണമായിരുന്നു. ഓൺലൈൻ പഠനം, ഓൺലൈൻ യോഗങ്ങൾ, വീട്ടിലിരുന്ന്‌ ജോലി എന്നീ സംവിധാനങ്ങൾ വ്യാപകവും ദീർഘകാലാടിസ്ഥാനത്തിലുമായിക്കഴിഞ്ഞതിനാൽ ടെലികോം ഉപഭോഗം വൻതോതിൽ വർധിച്ചിരിക്കുകയാണ്. കോവിഡ് കാലത്ത് വൻതോതിൽ വളർച്ചയും വരുമാനവർധനയുമുണ്ടായ ഒരേയൊരു മേഖലയാണ് ടെലികോം. ഇപ്പോൾ വരുത്തിയ പരിഷ്കാരം ഉപഭോക്താക്കൾക്ക് കൂടുതൽ ബാധ്യത വരുന്നതാകില്ലെന്ന് ഉറപ്പുവരുത്താൻ സർക്കാർ തയ്യാറാകണം. ആത്മനിർഭർ സ്വാസ്ഥ് ഭാരത് പദ്ധതിയുടെ ഭാഗമായി എല്ലാ ജില്ലകളിലും ആധുനിക പരിശോധനാ ലാബുകൾ സ്ഥാപിക്കാനുള്ള നീക്കം ആരോഗ്യരംഗത്ത്, പ്രത്യേകിച്ച്‌ ഉത്തരേന്ത്യയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കും. വെൽനസ് കേന്ദ്രങ്ങൾ, ഡിസീസ് ഡിഫൻസ് കൺട്രോൾ കേന്ദ്രങ്ങൾ, രോഗനിരീക്ഷണകേന്ദ്രങ്ങൾ, വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുകൾ, ഹെൽത്ത് എമർജൻസി ഓപ്പറേഷൻ കേന്ദ്രങ്ങൾ, മൊബൈൽ ആശുപത്രികൾ എന്നീ സംവിധാനങ്ങളും പദ്ധതിയുടെ ഭാഗമായുണ്ട്. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച ഈ പദ്ധതിക്ക് 64,000 കോടി രൂപയാണ്  കണക്കാക്കുന്നത്. വാഹനവ്യവസായമേഖലയിൽ കൂടുതൽ ഉണർവുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ 26,058 കോടി രൂപയുടെ ഉത്‌പാദന ബന്ധിത ആനുകൂല്യപദ്ധതിയാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. കോവിഡ്‌കാല പ്രതിസന്ധി അതിജീവിച്ച് ചെറിയ ഉണർവ് ദൃശ്യമായ വാഹന വ്യവസായ-വിപണന മേഖലയിൽ പുതിയ ആനുകൂല്യം നല്ലചലനമുണ്ടാക്കും. അന്തരീക്ഷ മലിനീകരണം കുറയ്ക്കുയെന്ന ലക്ഷ്യത്തോടെ പെട്രോൾ-ഡീസൽ അധിഷ്ഠിത വാഹനങ്ങൾക്കു പകരം വൈദ്യുതിയും ഹൈഡ്രജനും മറ്റും ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങൾ നിർമിക്കുന്നതിനും വിപണനം ചെയ്യുന്നതിനും കൂടുതൽ പ്രോത്സാഹനം നൽകുന്നതിനാണ് പുതിയ പാക്കേജ് ഊന്നുന്നത്. ഇത് ഏഴരലക്ഷത്തോളം പുതിയ തൊഴിലവസരം സൃഷ്ടിക്കുമെന്ന കേന്ദ്ര മന്ത്രി അനുരാജ് ഠാക്കൂറിന്റെ പ്രഖ്യാപനം പ്രതീക്ഷ പകരുന്നതാണ്.

Subscribe on Youtube Subscribe Subscribe on Telegram Subscribe
Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.