വേണ്ടത് പരസ്പരവിശ്വാസവുംസംയമനവും

Published: Sep 15, 2021, 01:01 AM IST
സംയമനവും പക്വതയുമാണ് ഈ സന്ദർഭത്തിലാവശ്യം. തെറ്റിദ്ധാരണകളെ ദൂരീകരിക്കാൻ കഴിയണം. പരസ്പരവിശ്വാസമുണ്ടായാൽ സ്വാഭാവികമായും സൗഹാർദവും സാഹോദര്യവും ഉണ്ടാവും
editorial

നവോത്ഥാനത്തിന്റെ മൂല്യങ്ങളാണ് കേരളീയ സമൂഹത്തിന്റെ ആധാരശില. മറകളില്ലാത്ത സഹവർത്തിത്വത്തിന്റെ കരുത്താണതിനുള്ളത്.  അതിന് കോട്ടംതട്ടുന്ന തീപ്പൊരികൾ  ആളിക്കത്താനുള്ള സാഹചര്യങ്ങളെ നാം തടയേണ്ടതുണ്ട്. അഭിവന്ദ്യനായ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് സഭാ പ്രസംഗത്തിനിടെ നടത്തിയ ലഹരി ജിഹാദിനെക്കുറിച്ചുള്ള പരാമർശം ആശാസ്യമല്ലാത്ത തരത്തിലേക്ക് വിവാദമായി വളർന്നിരിക്കുകയാണ്. ഈ വിവാദം എത്രയുംപെട്ടെന്ന് അവസാനിപ്പിക്കാനുള്ള ശ്രമങ്ങളാണ് വേണ്ടത്. ഒന്നിച്ചിരിക്കാനും സംശയങ്ങൾ ദൂരീകരിക്കാനും ആശങ്കകൾ പരസ്പരം പങ്കുവെക്കാനും അന്തരീക്ഷമുണ്ടാവണം. മത-സാമുദായിക നേതാക്കളും രാഷ്ട്രീയപ്രസ്ഥാനങ്ങളും സർക്കാരും ഇക്കാര്യത്തിൽ മുൻകൈ എടുക്കണം. 
സംയമനവും പക്വതയുമാണ് ഈ സന്ദർഭത്തിലാവശ്യം. പരിധിക്കപ്പുറത്തേക്ക് ഈ വിവാദത്തെ വളരാൻ നാം അനുവദിക്കരുത്.   തെറ്റിദ്ധാരണകളെ ദൂരീകരിക്കാൻ കഴിയണം. പരസ്പരവിശ്വാസമുണ്ടായാൽ സ്വാഭാവികമായും സൗഹാർദവും സാഹോദര്യവും ഉണ്ടാവും  അതിനുള്ള പക്വതയും വിവേകവും ഇവിടത്തെ മത-സാമുദായിക നേതാക്കൾക്കും രാഷ്ട്രീയ കക്ഷികൾക്കും ഉണ്ട് എന്ന്‌ ഞങ്ങൾ ഉറച്ചുവിശ്വസിക്കുന്നു. മഞ്ഞുരുക്കാനുള്ള നടപടികളാണ് ആദ്യം വേണ്ടത്. ഒരു മേശയ്ക്കുചുറ്റുമിരുന്നു തങ്ങളുടെ കാര്യങ്ങൾ പറയുകയും മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്താൽത്തന്നെ കാലുഷ്യങ്ങൾ അകലും. ആശയവിനിമയത്തിന്റെ അഭാവമാണ് മിക്ക തെറ്റിദ്ധാരണകളുടെയും കാരണം. അതിന്  ഒരുമിച്ചിരുന്നു സംസാരിക്കണം. ഈ വിഷയത്തിൽ മുൻകൈയെടുക്കാൻ  ബന്ധപ്പെട്ടവർ തയ്യാറായാൽ അതൊരു വലിയ സന്ദേശമാകും നൽകുക. ഇക്കാര്യത്തിൽ  സമൂഹത്തിലെ പൊതുസമ്മതരായ വ്യക്തികൾക്കും സാംസ്കാരിക നായകർക്കും ഇടപെടാവുന്നതാണ്. ഉത്തരവാദിത്വമുള്ള ജനായത്തഭരണകൂടമെന്ന നിലയ്ക്ക് സർക്കാരിനും ഒരു സമവായശ്രമം നടത്താനാവും. കൂടുതൽ പ്രകോപനപരമായ പ്രസ്താവനകളിൽനിന്നും ചർച്ചകളിൽനിന്നും എല്ലാവരും ഉടൻ പിൻമാറുകയാണാദ്യം വേണ്ടത്. പ്രളയത്തിലും മഹാമാരിയിലും ഒന്നിച്ചുനിന്ന നമ്മൾ ഈ സന്ദർഭത്തിലും മാതൃക കാട്ടണം.

വ്യത്യസ്ത ജാതി-മത വിശ്വാസികൾ സമാധാനപരമായി സഹവർത്തിക്കുന്ന നാടാണ് കേരളം. ജാതി-മതനിരപേക്ഷമായ സാമൂഹിക -രാഷ്ട്രീയ പ്രസ്ഥാനങ്ങളിലാണ് മഹാഭൂരിപക്ഷമാളുകളും അണിനിരന്നിട്ടുള്ളത്. മതവിശ്വാസികളായിരിക്കുമ്പോൾത്തന്നെ  മലയാളികൾ, ഭാരതീയർ, മനുഷ്യർ എന്ന വിശാല സ്വത്വത്തിൽ ഊന്നുന്നവർ. ചിലസ്ഥലങ്ങളിൽ ചിലഘട്ടങ്ങളിൽ തെറ്റായ പ്രചാരണം നടത്തി തെറ്റായ താത്‌‌പര്യങ്ങൾ ഉത്പാദിപ്പിച്ച് പരസ്പര വൈരം വളർത്തുകയും സംഘർഷത്തിലെത്തിക്കുകയും ചെയ്തെന്നത് ശരിയാണ്. എന്നാൽ അതിവേഗം ആ അവസ്ഥയിൽനിന്ന് മാറി സ്നേഹ-സാഹോദര്യബോധത്തോടെ ഒറ്റക്കെട്ടായിനിന്ന ചരിത്രമാണു നമുക്കുള്ളത്.  ഹങ്കറി സന്ദർശനത്തിനിടെ, എല്ലാവരെയും ചേർത്തുപിടിക്കണം എന്ന സാഹോദര്യത്തിന്റെയും കരുതലിന്റെയും സന്ദേശം നൽകിയ ഫ്രാൻസിസ്‌ മാർപ്പാപ്പയുടെ വാക്കുകൾ ഈ സന്ദർഭത്തിൽ നമുക്ക്‌ ഓർക്കാം.

എന്തായാലും ഇപ്പോൾ ഉണ്ടായിട്ടുള്ള കാലുഷ്യത്തെ എത്രയുംപെട്ടെന്ന് അവസാനിപ്പിക്കാൻ എല്ലാ ഭാഗത്തുനിന്നും ശ്രമമുണ്ടാകണം. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചാരണം  കരുതിയിരിക്കണം. അത്തരക്കാരെ  കണ്ടെത്തി നടപടി സ്വീകരിക്കാൻ അധികാരികൾ തയ്യാറാകണം. സമുദായങ്ങൾതമ്മിൽ അസ്വാരസ്യമുണ്ടാകാതിരിക്കാൻ സർക്കാരും രാഷ്ട്രീയ-സാമൂഹികനേതാക്കളും ജാഗ്രതയോടെ പരിശ്രമിക്കണം. ശരിതെറ്റുകളെക്കുറിച്ച്‌ വിവാദങ്ങളിലേർപ്പെടേണ്ട സമയമല്ല ഇത്. കനലുകളെ ആളിക്കാൻ ശ്രമിക്കുന്ന വാക്കുകൾ പ്രചരിപ്പിക്കപ്പെടാതിരിക്കാനുള്ള ജാഗ്രതയാണാവശ്യം. 

Subscribe on Youtube Subscribe Subscribe on Telegram Subscribe
Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.