കാലദേശാതിർത്തികൾ മായ്ച്ചുകൊണ്ട് തലയുയർത്തി നിൽക്കാൻ ഓരോ കാലത്തും ഓരോ വീരേതിഹാസങ്ങളുണ്ടാകും. ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയുടെ പി.വി. സിന്ധു വെങ്കലമെഡൽ കഴുത്തിലണിയുമ്പോൾ അതൊരു മെഡലിന്റെ മാത്രം കഥയല്ല, തലമുറകൾക്ക് പറഞ്ഞും കേട്ടും അഭിമാനിക്കാനുള്ള ചരിത്രംകൂടിയാണ്.

2016 റിയോ ഒളിമ്പിക്സിലെ വെള്ളിമെഡൽ നേട്ടത്തിൽനിന്ന് സിന്ധു ടോക്യോയിലെ വെങ്കലമെഡലിലേക്ക് എത്തുമ്പോൾ മെഡൽ തൂക്കത്തിൽ ഇടിവുവരുകയല്ല, തിളക്കം കൂടുകയാണ്. ഒളിമ്പിക്സ് ചരിത്രത്തിൽ രണ്ടു മെഡൽ നേടുന്ന ആദ്യ ഇന്ത്യൻവനിതയെന്ന, റെക്കോഡിലേക്കാണ് ഹൈദരാബാദിൽ നിന്നുള്ള പുസർല വെങ്കട്ട സിന്ധു കയറിയത്. ടോക്യോയിലെ വിജയപീഠത്തിൽ കയറിനിൽക്കുമ്പോൾ ഒരു ജനതയ്ക്ക് സിന്ധു ഒരിക്കൽകൂടി വിജയമാതൃകയാവുന്നു. അവസാനിക്കാത്ത പോരാട്ടങ്ങളുടെയും പ്രയത്നിച്ചാൽ കൈവരുന്ന നേട്ടങ്ങളുടെയും പ്രതിരൂപം.

ടോക്യോ ഒളിമ്പിക്സിലെ സെമിഫൈനലിൽ മാത്രമാണ് സിന്ധുവിന് പിഴച്ചത്. തന്നെക്കാൾ ഉയർന്ന റാങ്കിലുള്ള ചൈനീസ് തായ്‌പേയിയുടെ തായ് സു യിങ്ങിനെതിരേ മാത്രം. ബാക്കിയെല്ലാ മത്സരങ്ങളിലും ഇന്ത്യൻതാരം യഥാർഥ ചാമ്പ്യനെപ്പോലെ കളിച്ചു. എതിരാളികൾക്ക് അവസരങ്ങളൊന്നും നൽകാതെ വിജയം വെട്ടിപ്പിടിച്ചു. വെങ്കല പോരാട്ടത്തിൽ ചൈനയുടെ ഹെ ബിങ് ജിയാവോയെ നേരിട്ടുള്ള ഗെയിമുകളിൽ തോൽപ്പിച്ച് മെഡലുയർത്തി. ഈയിനത്തിൽ ഇന്ത്യയുടെ മൂന്നാം ഒളിമ്പിക് മെഡലാണിത്‌. 2012 ലണ്ടൻ ഒളിമ്പിക്സിൽ സൈന നേവാൾ ബാഡ്മിന്റൺ വെങ്കലം നേടിയിരുന്നു.

ചരിത്രത്തിൽ രണ്ട് ഒളിമ്പിക്സിൽ വ്യക്തിഗത മെഡൽ നേടിയ ആദ്യ ഇന്ത്യക്കാരൻ ഗുസ്തിതാരം സുശീൽ കുമാറാണ്. വെള്ളിയും വെങ്കലവും സുശീൽ നേടിയിട്ടുണ്ട്. സുശീൽ ഇപ്പോൾ ​കൊലപാതകക്കേസിൽ ജയിലിലാണെന്നത്‌ മറ്റൊരു കാര്യം. അതിനുശേഷം ഇപ്പോൾ സിന്ധുവും. കോവിഡ് മഹാമാരി ഒളിമ്പിക്സിനു മുകളിൽ ഭീഷണിയായി നിൽക്കുകയും പ്രമുഖ താരങ്ങൾവരെ മാനസിക സമ്മർദത്തിനടിമപ്പെടുകയും ചെയ്യുന്ന കാലത്ത് സിന്ധുവിന്റെ ജയത്തിന് ഏറെ പ്രസക്തിയുണ്ട്. മെഡൽ നേടുമെന്ന നിശ്ചയദാർഢ്യത്തോടെയാണ് ഓരോ കളിയെയും സിന്ധു അഭിമുഖീകരിച്ചത്. 

ഒളിമ്പിക്സിനുമുമ്പ് ചില വിവാദങ്ങൾ സിന്ധുവിനുചുറ്റും ഉയർന്നുവന്നെങ്കിലും അതിനെയെല്ലാം ലഘൂകരിച്ചു കാണാനും തന്റെ ലക്ഷ്യത്തിലേക്ക് ചിട്ടയോടെ നടന്നടുക്കാനും സ്വീകരിച്ച രീതികൾ പുതിയ തലമുറയ്ക്കുള്ള പാഠപുസ്തകം കൂടിയാണ്. പരിശീലകനെ മാറ്റുന്നതിലും കുടുംബവുമായി അകന്നെന്ന തരത്തിലുമൊക്കെ ഉയർന്ന ആരോപണങ്ങൾ ഏതൊരു താരത്തെയും തളർത്തും. അതിനെല്ലാം വെങ്കലമെഡൽകൊണ്ട് സിന്ധു മറുപടി പറയാതെ പറഞ്ഞിരിക്കുന്നു. ആ മറുപടിക്ക് ആയിരം വാക്കുകളെക്കാൾ മൂർച്ചയുമുണ്ട്. കോവിഡിന്റെ മാനസിക സമ്മർദത്തിൽപ്പെട്ട് അമേരിക്കൻ ജിംനാസ്റ്റിക്സ് ഇതിഹാസം സിമോണ ബെയ്ൽസ് പിന്മാറിയതും ജപ്പാന്റെ ടെന്നീസ് സൂപ്പർ താരം നവോമി ഒസാക്ക തോറ്റതുമെല്ലാം വലിയ വാർത്തകളാകുമ്പോഴാണ് സിന്ധു ചരിത്രനേട്ടം സ്വന്തമാക്കുന്നത്. 
1995 ജൂലായ് അഞ്ചിന് വോളിബോൾ താരങ്ങളായ പി.വി. രമണയുടെയും പി. വിജയയുടെയും മകളായി ഹൈദരാബാദിൽ ജനിച്ച സിന്ധുവിന് നേട്ടങ്ങളുടെയും കിരീടവിജയങ്ങളുടെയും വലിയ ശേഖരമുണ്ട്. ഒളിമ്പിക്സ് ബാഡ്മിന്റണിൽ വെള്ളിയും ലോക ചാമ്പ്യൻഷിപ്പിൽ കിരീടവും നേടിയ ആദ്യ ഇന്ത്യക്കാരി. ഏഷ്യൻ ഗെയിംസിൽ വെള്ളിയും കോമൺവെൽത്ത് ഗെയിംസിൽ സ്വർണവും. ലോക ബാഡ്മിന്റണിലെ വമ്പൻതാരങ്ങൾ കളിക്കുന്ന ടൂർണമെന്റുകളിൽനിന്ന് പൊരുതിനേടിയ 15 കിരീടങ്ങൾ. ലോകറാങ്കിങ്ങിൽ രണ്ടാംസ്ഥാനം വരെയെത്തിയ മികവ്. നേട്ടങ്ങളുടെ പട്ടിക നീണ്ടുകൊണ്ടിരിക്കുന്നു.

സിന്ധുവിന്റെ വിജയം ചരിത്രമാകുമ്പോൾ ഖത്തറിന്റെ മുംതാസ് ഈസ ബർഷിമും ഇറ്റലിയുടെ ജിയാൻ മാർക്കോ ടംബേരിയും ടോക്യോയിൽ രചിച്ചത് കായികചരിത്രത്തിൽ എന്നും വാഴ്ത്തപ്പെടുന്ന അധ്യായമാണ്. പുരുഷ ഹൈജമ്പിൽ സ്വർണമെഡൽ പങ്കുവെക്കാനുള്ള ബർഷിമിന്റെ തീരുമാനത്തിന് അധികൃതർ സമ്മതംമൂളിയത് അന്താരാഷ്ട്ര സൗഹൃദദിനത്തിലായത് കാവ്യനീതികൂടിയായി. ഒരേദൂരം പിന്നിട്ട ഇരുവരും സ്വർണമെഡലിനായി ജമ്പ് ഓഫ് ഒഴിവാക്കിയാണ് സ്വർണമെഡൽ പങ്കിട്ടെടുത്തത്. ചെറിയകാര്യങ്ങൾക്കുപോലും കാലുഷ്യമേറുന്ന കാലത്ത് ഇത്തരം പങ്കുവെക്കലുകളാണ് ഒളിമ്പിക്സ് പോലുള്ള മഹാമേളയുടെ യഥാർഥവിജയം. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ മാറ്റിവെച്ച് കളത്തിലിറങ്ങുന്ന സിന്ധുവും ഒറ്റയ്ക്ക് വിജയത്തിലേക്ക് കയറിപ്പോകാതെ പങ്കുവെക്കലിന്റെ മാധുര്യം ലോകത്തിന് സമ്മാനിക്കുന്ന മുംതാസ് ഈസയും മനുഷ്യകുലത്തിന്റെ അതിജീവനത്തിന്റെയും ചേർത്തുപിടിക്കലിന്റെയും സന്ദേശം ഉയർത്തിപ്പിടിക്കുന്നു. ടോക്യോയിൽ ജയത്തിനും മെഡൽനേട്ടത്തിനും കൈയടിക്കുമ്പോൾ അവർ മുന്നോട്ടുവെക്കുന്ന മാതൃക പകർത്താനുള്ള അവസരംകൂടിയാണ് കൈവരുന്നത്.