പകയാവരുത് പ്രണയം


2 min read
Read later
Print
Share

രോഗാവസ്ഥയിലുള്ള ശരീരത്തിനുള്ള ചികിത്സപോലെ രോഗാവസ്ഥയിലുള്ള മനസ്സിനും ചികിത്സ വേണ്ടതുണ്ടെന്ന്, പരിഷ്കൃതസമൂഹമെന്നു മേനിനടിക്കുന്ന നാം മനസ്സിലാക്കുന്നില്ല

editorial

കേരളത്തെ ഞെട്ടിച്ച കോതമംഗലത്തെ കൊലയും ആത്മഹത്യയും പ്രണയപ്പകയുടെ ഫലമാണ് എന്നാണ് കരുതപ്പെടുന്നത്. പ്രണയനിരാസത്തെ പകയിലേക്കു വളർത്തുന്ന അപകടകരമായ മനോനില ഗൗരവതരമായ ചില ചോദ്യങ്ങൾ സമൂഹത്തിനുമുന്നിൽ ഉയർത്തുന്നുണ്ട്. പ്രണയം എന്ന വൈകാരികാനുഭവത്തെ തെറ്റായി വ്യാഖ്യാനിക്കുന്ന രീതിയിലേക്ക് മലയാളിയും മാറിക്കഴിഞ്ഞു എന്നാണ് അടിക്കടിയുണ്ടാവുന്ന ഇത്തരം സംഭവങ്ങൾ വിരൽചൂണ്ടുന്നത്. പ്രണയത്തിന്റെ അന്തസ്സത്തയായ തുല്യതയും പാരസ്പര്യവുമല്ല, സ്വന്തമാക്കുക എന്ന സ്വാർഥതയും അത് ഭ്രാന്തമായ അവസ്ഥയിലെത്തുമ്പോഴുള്ള പകയും അതിന്റെ ഭാഗമായ പൈശാചികത്വവുമാണ് കോതമംഗലത്ത് വെള്ളിയാഴ്ച കണ്ടത്. മികച്ച റെക്കോഡോടെ പഠിച്ച് ഏതാനും മാസംകഴിഞ്ഞാൽ ഡോക്ടറാകേണ്ട കുട്ടിയാണ് തീൻമേശയിൽവെച്ച് മരണത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടത്. അല്പകാലം സൗഹൃദമുണ്ടായിരുന്ന ചെറുപ്പക്കാരൻ ആ സൗഹൃദം വിവാഹത്തിലെത്തില്ലെന്നു വ്യക്തമായപ്പോൾ ആസൂത്രിതമായി കൊല നടത്തുകയാണ് ചെയ്തത്. തനിക്കില്ലെങ്കിൽ ആർക്കും വേണ്ടാ, താനും വേണ്ടാ എന്ന ഭീതിദമായ മനോനില. രണ്ട് കുടുംബത്തിന്റെ പ്രതീക്ഷയും സ്വപ്നങ്ങളും അതു തകർത്തുകളഞ്ഞു. അപൂർവങ്ങളിൽ അപൂർവമായ കുറ്റകൃത്യം എന്നു പറയാവുന്ന തരത്തിൽ നിഗൂഢമായി ആസൂത്രണംചെയ്ത് നടപ്പാക്കിയ ഇരട്ടക്കൊലയാണ് കോതമംഗലത്തു നടന്നത്. തോക്ക് സംഘടിപ്പിച്ചാണ്‌ കൃത്യം നടത്തിയതെന്നത്‌ അതിൽ ഒരുകാര്യം മാത്രം. തോക്ക് കിട്ടിയില്ലായിരുന്നെങ്കിൽ മറ്റ് ഏതെങ്കിലും ആയുധം ഉപയോഗിച്ച്, അതല്ലെങ്കിൽ ആയുധമില്ലാതെത്തന്നെ കൊല നടത്തുന്ന തരത്തിൽ ഭ്രാന്തമായ അവസ്ഥയിലായിരുന്നു മാനസയുടെ കൊലയാളി എന്നാണ് വാർത്തകളിലൂടെ വ്യക്തമാവുന്നത്.

ബൗദ്ധികമായും മാനസികമായുമുള്ള അടുപ്പത്തിലൂടെയുള്ള പ്രണയബന്ധമല്ല, നവമാധ്യമങ്ങളിലൂടെയുള്ള വലവീശിപ്പിടിത്തമാണ് ഇത്തരം പല സംഭവങ്ങളിലും പലപ്പോഴുമുള്ളത്. നവമാധ്യമങ്ങളിലൂടെ യാദൃച്ഛികമായി പരിചയപ്പെടുക, നിർദോഷമായ ചാറ്റിങ്ങിലൂടെ അതു വളർന്ന് അടുപ്പമാവുക, ആ അടുപ്പം പ്രണയമാണെന്ന് ഇരുവരുമോ ഏതെങ്കിലും ഒരാളോ ഉറപ്പിക്കുക, ഏതെങ്കിലും കാരണത്താൽ അതിൽ പിന്മാറ്റമുണ്ടാകുമ്പോൾ പകയായി മാറുക, അപവാദപ്രചാരണവും അതിക്രമവും ആത്മഹത്യയിലോ കൊലപാതകത്തിലോ രണ്ടിലും കൂടിയോ കലാശിക്കുക- അടുത്തകാലത്തായി ഒട്ടേറെ സംഭവങ്ങളാണ് ഇത്തരത്തിൽ ആവർത്തിക്കുന്നത്.കണ്ണൂർ സ്വദേശിയായ പെൺകുട്ടിയാണ് കോതമംഗലത്ത് കൊല്ലപ്പെട്ടത്. കണ്ണൂർ സ്വദേശിതന്നെയാണ് കൊലപാതകം നടത്തിയശേഷം സ്വന്തം ശിരസ്സിൽ വെടിയുതിർത്ത് മരിച്ച യുവാവും. പെൺകുട്ടി താത്‌പര്യമില്ലെന്നറിയിച്ചിട്ടും യുവാവ് പിന്തുടർന്ന് ശല്യപ്പെടുത്തുന്നതായി പോലീസിൽ പരാതി ലഭിച്ചതാണ്. ഇരു കുടുംബത്തെയും വിളിച്ച് കാര്യങ്ങൾ സംസാരിക്കുകയും ഇനി ആവർത്തിക്കില്ലെന്ന് യുവാവ് ഉറപ്പുനൽകിയിരുന്നതായും വ്യക്തമായിട്ടുണ്ട്. എന്നാൽ, ഇതെല്ലാം നടക്കുമ്പോൾ പകവീട്ടലിന് തോക്ക് സംഘടിപ്പിക്കുകയും പെൺകുട്ടി താമസിക്കുന്ന സ്ഥലത്തിനടുത്ത് വാടകവീടെടുത്ത് കൊല ആസൂത്രണം ചെയ്യുകയുമായിരുന്നു. തോക്ക് എവിടുന്ന് സംഘടിപ്പിച്ചുവെന്നതടക്കമുള്ള കാര്യങ്ങളിൽ പഴുതില്ലാത്ത അന്വേഷണം ആവശ്യമാണ്.
കോതമംഗലം സംഭവത്തിലെ കുറ്റകൃത്യം അന്വേഷിക്കു ക്കുമ്പോൾ തന്നെ സാമൂഹികമായ ബോധവത്‌കരണവും ആവശ്യമാണ്‌.വൈകാരികതയെ മെരുക്കാൻ മലയാളി ഇനിയും പഠിച്ചിട്ടില്ല. അതിരുകടന്ന വൈകാരികത ഒരു മനോരോഗമാണെന്ന് സമ്മതിക്കാൻ നാം തയ്യാറല്ല. രോഗാവസ്ഥയിലുള്ള ശരീരത്തിനുള്ള ചികിത്സപോലെ രോഗാവസ്ഥയിലുള്ള മനസ്സിനും ചികിത്സ വേണ്ടതുണ്ടെന്ന്, അതിനു മടിക്കരുതെന്ന്‌ പരിഷ്കൃതസമൂഹമെന്നു മേനിനടിക്കുന്ന നാം മനസ്സിലാക്കുന്നില്ല.

പെൺകുട്ടികളുടെ കാര്യത്തിലെന്നപോലെ ആൺകുട്ടികളുടെ കാര്യത്തിലും വീട്ടുകാർക്ക് പ്രത്യേകമായ ശ്രദ്ധയും കരുതലുമുണ്ടാകണം. ബന്ധങ്ങളിൽ ഉണ്ടാവേണ്ട പക്വതയും കാഴ്ചപ്പാടുകളിൽ കൈക്കൊള്ളേണ്ട വിശാലതയും മനസ്സിലാക്കാനുള്ള ഒരു സംവിധാനം നാം കുടുംബങ്ങളിൽ നിന്നുതന്നെ സൃഷ്ടിച്ചേ പറ്റൂ. വീട്ടുകാരുമായും നാട്ടുകാരുമായുള്ള പാരസ്പര്യവും സുതാര്യമായ ബന്ധവുമുണ്ടാകാത്തതാണ് പലപ്പോഴും വഴിതെറ്റലിനും ഒറ്റപ്പെട്ട മാനസികാവസ്ഥയ്ക്കും ഇടയാക്കുന്നത്. അതിവികസിതമായ അമേരിക്കയിൽനിന്നും മറ്റും ഇടയ്ക്കിടെ വരുന്ന വാർത്തകൾ ചില ഉന്മാദികൾ നടത്തുന്ന കൂട്ടക്കൊലകളെക്കുറിച്ചാണ്. പുതിയ കാലം സാമൂഹികബന്ധങ്ങളെ കുറയ്ക്കുകയും അവനവനിലേക്ക് ഉൾവലിയിക്കുകയും ചെയ്യുന്നത് മാനസികമായ വരൾച്ചയുണ്ടാക്കുന്നുവെന്നാണ് മനശ്ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടിട്ടുള്ളത്. മനസ്സിലെ വരൾച്ച മാറ്റി ആർദ്രതയുണ്ടാക്കുന്നതിനുള്ള സാമൂഹികപരിശ്രമമാണ് കാലം ആവശ്യപ്പെടുന്നത്. പ്രണയമാണെങ്കിൽ അത് പകയെയല്ല, അതിരില്ലാത്ത സ്നേഹത്തെയാണുത്പാദിപ്പിക്കുക.

മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
editorial

2 min

പാഠ്യപദ്ധതി പരിഷ്‌കരിക്കുമ്പോൾ

Jun 27, 2021


editorial

ദാൽ തടാകത്തിൽ വിടരട്ടെ ജനാധിപത്യത്തിന്റെ പൂക്കൾ

Jun 25, 2021


19podcast

അഞ്ഞൂറു പേർ അധികംതന്നെ

May 18, 2021

Most Commented