കോവിഡ് കൈകാര്യത്തിൽ വ്യക്തത വേണം


editorial

വാക്സിനേഷൻ പ്രവർത്തനത്തിന് കൂടുതൽ വ്യാപ്തിയും വേഗവുമുണ്ടാക്കാൻ കേന്ദ്രസംഘത്തിന്റെ സന്ദർശനം സഹായകമാകണം. കോവിഡ് പ്രതിരോധത്തിൽ ആദ്യഘട്ടത്തിൽ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ കേരളമോഡലിന് എന്തു സംഭവിച്ചു എന്നും ഈ സാഹചര്യത്തിൽ സ്വയംവിമർശനാത്മകമായി നാം വിലയിരുത്തേണ്ടതുണ്ട്

editorial

സംസ്ഥാനത്ത് കോവിഡ്‌വ്യാപനം കൂടിവരുന്ന ആശങ്കാജനകമായ സാഹചര്യത്തിൽ കേന്ദ്രത്തിൽനിന്നുള്ള വിദഗ്ധസംഘം പരിശോധനയ്ക്കായി ഇന്നെത്തുകയാണ്. രാജ്യത്തെ കോവിഡ് പകർച്ചയുടെ പ്രതിവാരനിരക്കിൽ 37 ശതമാനത്തിലേറെയും ഇപ്പോൾ കേരളത്തിലാണ്. അതുകൊണ്ടാണ് ഇക്കാര്യം അവലോകനം ചെയ്യുന്നതിന് കേന്ദ്രം വിദഗ്ധസംഘത്തെ നിയോഗിച്ചിട്ടുള്ളത്. പരോക്ഷമായി വൈറസ്ബാധയുണ്ടായി പ്രതിരോധശേഷി കൈവരിച്ചവരുടെ എണ്ണത്തിൽ പിറകിലാണെന്നതിനാൽ കേരളത്തിൽ രോഗവ്യാപനത്തിന്റെ തീവ്രത ഇനിയും വർധിച്ചേക്കാനിടയുണ്ടെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ബുധനാഴ്ച പ്രസിദ്ധപ്പെടുത്തിയ കണക്കിൽനിന്ന് വ്യക്തമാകുന്നത്. വാക്സിനേഷൻ പ്രവർത്തനത്തിന് കൂടുതൽ വ്യാപ്തിയും വേഗവുമുണ്ടാക്കാൻ കേന്ദ്രസംഘത്തിന്റെ സന്ദർശനം സഹായകമാകണം. കോവിഡ് പ്രതിരോധത്തിൽ ആദ്യഘട്ടത്തിൽ ലോകത്തിന്റെ ശ്രദ്ധപിടിച്ചുപറ്റിയ കേരളമോഡലിന് എന്തു സംഭവിച്ചു എന്നും ഈ സാഹചര്യത്തിൽ സ്വയംവിമർശനാത്മകമായി നാം വിലയിരുത്തേണ്ടതുണ്ട്.

വാക്സിനേഷന്റെ തോതിൽ രാജ്യത്തിന്റെ ശരാശരിയെക്കാൾ പത്തുശതമാനത്തോളം മുകളിലാണ് സംസ്ഥാനത്തിന്റെ സ്ഥാനം എന്ന് അധികൃതർ അവകാശപ്പെടുന്നുണ്ട്. എന്നാൽ, രോഗബാധയുടെ തോതുമായി തട്ടിച്ചുനോക്കുമ്പോൾ അത്രയും വ്യാപ്തിയും വേഗവും പോരാ. രണ്ട് ഡോസും കിട്ടിയവർ 15 ശതമാനമായിട്ടേയുള്ളൂ. ഒന്നര ലക്ഷംപേർ ചികിത്സയിലുള്ളതിനുപുറമേ സമ്പർക്കമുള്ള നാലര ലക്ഷത്തോളംപേർ നിരീക്ഷണത്തിലുണ്ട്. ടി.പി.ആർ. 12-13 ശതമാനമായി തുടരുകയാണ്. ഈ സാഹചര്യത്തിൽ വാക്സിനേഷൻ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുകയേ നിവർത്തിയുള്ളൂ. ഓരോ പ്രദേശത്തേക്കും നൽകുന്ന വിഹിതത്തിന്റെ കാര്യത്തിലും അതതിടത്തുനിന്ന് വാക്സിൻ നൽകുന്നതിലും സന്തുലിതത്വവും സുതാര്യതയുമുണ്ടാകണം. അങ്ങനെയല്ലെന്ന ചില പരാതികളുയരുന്നുണ്ടെന്നത് ആരോഗ്യവകുപ്പ് മനസ്സിലാക്കി തിരുത്തണം.

സംസ്ഥാനത്തെ കോവിഡ് മരണങ്ങളുടെ കണക്കുകൾ സംബന്ധിച്ച് ആക്ഷേപമുയർന്നപ്പോൾ പരിശോധനനടത്തി തിരുത്താനുണ്ടെങ്കിൽ തിരുത്തുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. മരണനിരക്ക് ഇവിടെ ഗണ്യമായി കുറവാണെന്നതും യാഥാർഥ്യമാണ്. എന്നാൽ, രണ്ടാംതരംഗത്തിന്റെ കാലത്ത് മരണം വൻതോതിൽ കൂടിയിട്ടുണ്ടെന്നത് മറച്ചുവെക്കാനാവില്ല. കോവിഡ് നെഗറ്റീവായ ശേഷമാണ് കൂടുതൽ മരണവും നടക്കുന്നതെന്നതിനാൽ കോവിഡ് കണക്കിൽ അത് പെടുത്തുന്നില്ലെന്ന ആക്ഷേപം നിലനിൽക്കുന്നു. ഐ.സി.എം.എം.ആർ. മാനദണ്ഡമനുസരിച്ചാണ് കോവിഡ് മരണം നിശ്ചയിക്കുന്നതെന്ന് സർക്കാർ പറയുന്നു. ആ വാദത്തിലെല്ലാം കഴമ്പുണ്ടെന്നുവന്നാലും കണക്കിൽ പൊരുത്തക്കേടുകൾ പ്രകടമാണ്. ജൂലായ് 27വരെ കോവിഡ് കാരണം മരിച്ചത് 16,326 പേരാണെന്ന് ആരോഗ്യവകുപ്പ് പറയുമ്പോൾ ഇൻഫർമേഷൻ കേരളാമിഷന്റെ കണക്ക് 23,486 ആണ്.
കോവിഡ് പ്രതിരോധപ്രവർത്തനത്തിന് നേതൃത്വംനൽകുന്ന തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ സോഫ്റ്റ്‌വേർ കൈകാര്യംചെയ്യുന്ന സർക്കാർ ഏജൻസിയാണ് ഐ.കെ.എം. മാത്രമല്ല, പരാതികളുയർന്ന സാഹചര്യത്തിൽ മന്ത്രിയുടെ നിർദേശാനുസരണം ആരോഗ്യവകുപ്പിലെത്തന്നെ വിദഗ്ധസമിതി നടത്തിയ പരിശോധനയിൽ കോവിഡ് കണക്കിൽ വരേണ്ട പതിനായിരത്തിനും പതിമ്മൂവായിരത്തിനും ഇടയിൽ മരണം ഇപ്പോൾ കോവിഡ് പട്ടികയിൽ വന്നിട്ടില്ലെന്ന് കണ്ടെത്തിയതായി അനൗദ്യോഗിക വിവരമുണ്ട്. കണക്കിൽ ഇങ്ങനെ വ്യത്യാസമുണ്ടാവുമ്പോഴുള്ള പ്രശ്നം സുപ്രീംകോടതി വിധിപ്രകാരം ലഭിക്കേണ്ട സഹായധനം പല കുടുംബത്തിനും നഷ്ടപ്പെട്ടേക്കുമോ എന്നതാണ്. ഇക്കാര്യത്തിലും ആശയക്കുഴപ്പം അകറ്റാൻ അടിയന്തര നടപടിയുണ്ടാകണം.

ചില വിശേഷാവസരങ്ങളിൽ സമ്മർദത്തിനുവഴങ്ങി അനിയന്ത്രിതമായി ഇളവുകൾ നൽകിയത് വിനയായെന്ന് സുപ്രീംകോടതി വിമർശനമുന്നയിച്ചത് കഴിഞ്ഞദിവസമാണ്. പോലീസും ദുരന്തനിവാരണ അതോറിറ്റിയും പരമാവധി ശ്രമിച്ചിട്ടും ആളുകൾ കൂട്ടംകൂടുന്നത് തടയാൻ കഴിയുന്നില്ലെന്നതിൽ ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. അങ്ങനെ സംഭവിക്കുന്നു. ഓരോ ആഴ്ചത്തെയും കണക്കനുസരിച്ച് ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിലും കൺടെയ്‌ൻമെന്റ് സോൺ നിശ്ചയിക്കുന്നതിലും അശാസ്ത്രീയതയുണ്ടെന്നാണ് വ്യാപാരികളടക്കം വിവിധ തൊഴിൽമേഖലകളിലുള്ളവരുടെ പരാതി. മൈക്രോ കൺടെയ്‌ൻമെന്റ് സോണിൽമാത്രം സമ്പൂർണ അടച്ചിടൽ പരിമിതപ്പെടുത്തുകയും മറ്റ് സ്ഥലങ്ങളിൽ നിയന്ത്രണങ്ങളോടെ വ്യാപാരസ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കാനാവുമോ എന്നുമുള്ള പരിശോധന ആവശ്യമാണ്.

മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022

Most Commented