ഒരേസമയം നായകനും പ്രതിനായകനുമെന്ന പരിവേഷമാണ് സിദ്ധലിംഗപ്പ യെദ്യൂരപ്പയെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ശ്രദ്ധേയനാക്കിയത്. നാലുതവണ മുഖ്യമന്ത്രിയായെന്ന ചരിത്രം സൃഷ്ടിച്ചെങ്കിലും അതിൽ രണ്ടുവട്ടം ഓരോ ആഴ്ചപോലും പൂർത്തിയാക്കാനായില്ലെന്ന പ്രത്യേകതയും കൂടിയുണ്ട്. കർണാടകത്തിലെ സവിശേഷമായ രാഷ്ട്രീയനാടകങ്ങളിലെ ഒരു കളിക്കാരനെന്ന നിലയിൽ യെദ്യൂരപ്പയുടെ ഇപ്പോഴത്തെ പിന്മടക്കം പൂർണവിരാമമല്ല, അർധവിരാമം മാത്രമാകാനാണ് സാധ്യത. വയസ്സ് എഴുപത്തഞ്ച് പിന്നിട്ടെങ്കിലും ഇനിയുമൊരങ്കത്തിന് ബാല്യമുണ്ടെന്ന് തെളിയിച്ച് കളിക്കളത്തിലിറങ്ങിയാലും അദ്ഭുതമല്ലെന്നേ പറയാനാവൂ. അധാർമികമെന്ന് വിശേഷിപ്പിക്കപ്പെട്ടതടക്കമുള്ള പോരുകളിൽ പൂഴിക്കടകൻവരെ പ്രയോഗിച്ച് കൈവരിച്ച അധികാരം ഇടയ്ക്കുവെച്ച് കൈയൊഴിഞ്ഞുപോകേണ്ടിവരുന്ന ദുരന്തം ആവർത്തിച്ചപ്പോൾ പൊതുവേദിയിൽ വിതുമ്പിക്കൊണ്ടാണ് യെദ്യൂരപ്പ തത്‌കാലം രംഗമൊഴിഞ്ഞത്. പൊതുവേദിയിൽ വീഴ്ത്തിയ ആ കണ്ണീർ തന്റെ വർധിച്ച ജനപിന്തുണ ഒന്നുകൂടി ഉറപ്പിക്കാനും തത്‌കാലം മകനിലൂടെ ഉപമുഖ്യമന്ത്രിസ്ഥാനവും പറ്റിയാൽ രണ്ടുവർഷത്തിനുശേഷം മുഖ്യമന്ത്രിസ്ഥാനംതന്നെയും സ്വന്തം വീട്ടിലെത്തിക്കുന്നതിനുള്ള രാസത്വരകമാണെന്ന നിരീക്ഷണവുമുണ്ട്.

ഇന്ത്യൻ ജനാധിപത്യത്തിന്റെ ഒരു പരീക്ഷണശാലയായി കർണാടകം മാറിയിട്ട് ഏറെക്കാലമായി. മന്ത്രിസഭകളെ മറിച്ചിടുന്നതിലും അവരോധിക്കുന്നതിലും ഒരു കർണാടക ശൈലിതന്നെ രൂപപ്പെട്ടിട്ടുണ്ട്. കാലുമാറ്റത്തിലൂടെ അട്ടിമറി, കേന്ദ്ര സർക്കാരിന്റെ ഇടപെടലിലൂടെ സർക്കാർ മാറ്റം എന്നിങ്ങനെയുള്ള നടപ്പുരീതികളെല്ലാം പരീക്ഷിക്കപ്പെട്ടത് ഇപ്പോഴത്തെ കേന്ദ്രസർക്കാരിന്റെ കാലത്തുമാത്രമല്ല, കേന്ദ്ര സർക്കാരിന്റെ നയങ്ങളെയും നിലപാടുകളെയും നഖശിഖാന്തം വിമർശിക്കുന്ന കോൺഗ്രസ് ഭരണകാലത്തേ തുടങ്ങിയതാണ്. ജനതാപാർട്ടിക്കാരനായ മുഖ്യമന്ത്രി എസ്.ആർ. ബൊമ്മെയെ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ അവസരം നൽകാതെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ടുണ്ടായ എസ്.ആർ. ബൊമ്മെ കേസും അതിലെ സുപ്രീംകോടതിവിധിയും 356-ാം വകുപ്പിന്റെ പ്രയോഗം സംബന്ധിച്ച് അടിസ്ഥാനരേഖയായി മാറിയതാണ്.

അഴിമതിക്കേസിൽ ജയിലിൽ കഴിയേണ്ടിവന്നിട്ടും ബി.ജെ.പി.യിൽനിന്ന് ഒരിക്കൽ പുറത്തുപോകേണ്ടിവന്നിട്ടും ജനപിന്തുണ നിലനിർത്താൻ കഴിഞ്ഞ നേതാവാണ് യെദ്യൂരപ്പ. സർക്കാർ സർവീസിൽ ഒരു ക്ലാർക്കായി തുടങ്ങുകയും പിന്നീട് ബി.ജെ.പി.യുടെ പ്രാദേശിക യൂണിറ്റിന്റെ ഭാരവാഹിയായി രാഷ്ട്രീയപ്രവർത്തനത്തിൽ സജീവമാവുകയും ചെയ്ത യെദ്യൂരപ്പയുടെ വിജയത്തിനടിസ്ഥാനം ബഹുജനബന്ധവും ലിംഗായത്ത്‌ സമുദായ പിന്തുണയുമാണ്‌. സ്വന്തം പാർട്ടിയിലെയും മന്ത്രിസഭയിലെയും വലിയവിഭാഗത്തിന്റെ സമ്മർദമുണ്ടായിട്ടും കടുത്ത വർഗീയ നിലപാടെടുക്കാതിരിക്കാൻ യെദ്യൂരപ്പ ശ്രദ്ധിച്ചുവെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കർണാടകത്തിൽ പണ്ടേയെന്നപോലെ യെദ്യൂരപ്പയും സാമുദായികരാഷ്ട്രീയത്തെ തുറുപ്പ് ശീട്ടാക്കിയെന്നത് വസ്തുതയാണ്. ആ തുറുപ്പ് എത്രത്തോളം സ്വാധീനശക്തിയാകുമെന്നതാണ് കർണാടകയിലെ ഭാവി തീരുമാനിക്കുന്നതിലെ ഒരു ഘടകം. ബി.ജെ.പി. യുടെ ദേശീയനേതൃത്വത്തെ സംബന്ധിച്ചിടത്തോളം കർണാടകത്തിൽ അധികാരത്തിൽ തിരിച്ചുവന്നത് പിൻവാതിലിലൂടെയാണെന്ന ആക്ഷേപത്തോട് കണക്കുതീർക്കേണ്ടതുണ്ട്. രണ്ടുവർഷം കഴിഞ്ഞുനടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എണ്ണത്തിൽത്തന്നെ ഭൂരിപക്ഷം നേടാനാവണമെങ്കിൽ ഭരണത്തിലെ ഇപ്പോഴത്തെ നിഷ്‌ക്രിയത്വം അവസാനിപ്പിക്കണം. അഴിമതിയും തമ്മിലടിയും കാരണം വികസനരംഗത്ത് വലിയ പരാജയമായെന്ന പ്രതിച്ഛായ മാറ്റണം, കോവിഡ് പ്രതിരോധത്തിലെ പാളിച്ചയുടെ ഉത്തരവാദിത്വം യെദ്യൂരപ്പ സർക്കാരിന്റേതാണെന്ന തോന്നലുണ്ടാക്കി, പുതിയ തുടക്കമുണ്ടാക്കി ജനപിന്തുണയാർജിക്കണം. നേതൃമാറ്റത്തിലൂടെ അതു സാധിക്കുമോ എന്ന്‌ കണ്ടറിയേണ്ടതാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും തുടർന്നും നടന്ന പ്രഹസനങ്ങൾ ആരും മറന്നിട്ടുണ്ടാവില്ല. ഭൂരിപക്ഷം പിന്നീടുണ്ടാക്കാമെന്ന പ്രതീക്ഷയിൽ മന്ത്രിസഭ രൂപവത്‌കരിച്ചതും രണ്ടുദിവസത്തിനകം പ്രതീക്ഷിച്ചത്ര കൂറുമാറ്റം നടക്കാത്തതിനാൽ രാജിവെക്കേണ്ടിവന്നതും പിന്നീട് അധികാരത്തിൽവന്ന മന്ത്രിസഭയെ വീഴ്ത്താൻ 16 എം.എൽ.എ.മാരെ സ്വാധീനിച്ച് സ്ഥാനം രാജിവെപ്പിച്ചതും അതെല്ലാമായി ബന്ധപ്പെട്ട് വലിയ ആരോപണങ്ങളുയർന്നതും കർണാടകത്തിലെ ജനാധിപത്യത്തിന് അപകീർത്തിയുണ്ടാക്കിയതാണ്.

മുൻ മുഖ്യമന്ത്രി എസ്‌.ആർ.ബൊമ്മെയുടെ മകനും യെദ്യൂരപ്പയുടെ മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയുമായ ബസവരാജ്‌ ബൊമ്മെയാണ്‌ പുതിയ മുഖ്യമന്ത്രി. കേരളത്തിൽനിന്നുള്ള ലക്ഷക്കണക്കിനാളുകൾ ജോലിചെയ്തു ജീവിക്കുന്ന അയൽസംസ്ഥാനമാണ് കർണാടക എന്നതിനാൽ അയൽവീട്ടിലെ കാര്യമെന്നതുപോലെ കേരളീയർക്ക് കർണാടകത്തിലെ സംഭവവികാസങ്ങളിൽ താത്‌പര്യമുണ്ട്. യെദ്യൂരപ്പ സർക്കാർ കേരളീയരോട് സ്നേഹസാഹോദര്യങ്ങളോടെയാണ് പെരുമാറിയത്. അത് തുടരുമെന്ന്‌ കരുതാം.