സഹകരണവകുപ്പ് എന്തുചെയ്യുന്നു


editorial

സഹകരണ പരിശോധനാവിഭാഗത്തെ വിപുലീകരിച്ചും ശക്തിപ്പെടുത്തിയും ടീം ഓഡിറ്റ് നടപ്പാക്കിയും യഥാസമയം ഓഡിറ്റ് നടത്തിയും കാര്യക്ഷമത കാട്ടാൻ സഹകരണ വകുപ്പ് തയ്യാറാകണം. സഹകരണരംഗത്തെ വിജിലൻസ് സംവിധാനത്തെയും ശക്തിപ്പെടുത്തണം

editorial

സഹകരണ മേഖലയിലെ ബാങ്കുകളിൽ മാത്രമല്ല, വാണിജ്യ ബാങ്കുകളിലടക്കം വായ്പത്തട്ടിപ്പും തിരിമറിയും പണം തട്ടലും അപൂർവസംഭവമല്ല. എന്നാൽ, തൃശ്ശൂർ ഇരിങ്ങാലക്കുടയിലെ കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നടന്ന കൂട്ടായ കവർച്ചയ്ക്ക് അതുമായൊന്നും താരതമ്യമില്ല. നൂറുകണക്കിന് സഹകാരികളുടെ പണം കവരാൻ ഔദ്യോഗികമായി ആവരണം തീർത്തുവെന്നതാണ് ഏറ്റവും ഗൗരവമുള്ള കാര്യം. സഹകരണ വകുപ്പിന്റെ ഓഡിറ്റ് റിപ്പോർട്ടുകളും തിരിമറി സംബന്ധിച്ച് പരാതികളുമുണ്ടായിട്ടും ബാങ്കിനകത്തെ ഉദ്യോഗസ്ഥരായ കള്ളന്മാർക്ക് നിർബാധം വിഹരിക്കാൻ എങ്ങനെ സാധിച്ചു എന്നതിന്‌ ഉത്തരമുണ്ടാകേണ്ടതുണ്ട്‌.

സഹകരണ മേഖലയിൽ ഒരു പ്രശ്നമുണ്ടാകുമ്പോൾ ജനങ്ങൾക്കാകെ ഉത്കണ്ഠയുണ്ടാകുന്നത് സ്വാഭാവികമാണ്. കാരണം, കേരളത്തിന്റെ വികസനക്ഷേമപ്രവർത്തനത്തിൽ, സാധാരണക്കാരുടെ ഉന്നമനത്തിൽ പരസ്പരസഹായ സഹകരണസംഘങ്ങൾ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. ചെറിയ ഒരു പ്രദേശത്തെ സഹകരണ സംഘത്തിൽ മുന്നൂറു കോടിയോളം രൂപയുടെ തിരിമറിയും കൊള്ളയും നടന്നുവെന്നു വരുമ്പോൾ ആ സംഘത്തിനു മാത്രമല്ല ആഘാതം, സഹകരണമേഖലയ്ക്കാകെയാണ്.

കരുവന്നൂർ സഹകരണ ബാങ്കിന്റെ കാര്യത്തിൽ രണ്ടു പതിറ്റാണ്ടോളമായി തീവെട്ടിക്കൊള്ള നടന്നിട്ടും തടഞ്ഞില്ല എന്ന ഗുരുതരമായ ആരോപണമാണുയർന്നിരിക്കുന്നത്. ബാങ്കിന്റെ ഭരണസമിതിയെക്കാൾ രാഷ്ട്രീയസ്വാധീനവും വിഭവശേഷിയും പ്രതികളായ ജീവനക്കാർ ആർജിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. 50 ലക്ഷം രൂപവീതം പലരുടെ പേരിൽ വ്യാജവായ്പ വാങ്ങി റിസോർട്ടുകളും സൂപ്പർ മാർക്കറ്റുകളുംവരെ ഉണ്ടാക്കുക, റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിക്ഷേപിക്കുക ഇതൊക്കെയാണ് നടന്നത്. ഇത്തരത്തിൽ പണസമ്പാദനം നടത്തുന്ന കാര്യം നാട്ടിലാകെ ചർച്ചയായിട്ടും രേഖാമൂലം പരാതികൾ ലഭിച്ചിട്ടും ബാങ്ക് ഭരണസമിതി എന്തുകൊണ്ടനങ്ങിയില്ല,

ഭരണസമിതിയെ നയിക്കുന്ന, സംസ്ഥാനഭരണം കൈയാളുന്ന രാഷ്ട്രീയപ്പാർട്ടി എന്തുകൊണ്ട് ഇടപെട്ടില്ല എന്നീ ചോദ്യങ്ങൾ പ്രസക്തമാണ്. ബാങ്കിലെ ഓഡിറ്റ് റിപ്പോർട്ട് കിട്ടിയിട്ടും സഹകരണ വകുപ്പ് പ്രതികരിക്കാഞ്ഞത് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് വിഹിതം ലഭിച്ചതുകൊണ്ടാണോ. കൂട്ടായ കവർച്ചക്കാര്യം പുറത്തുവന്നിട്ടും ഉത്തരവാദികളിലൊരാളായ സെക്രട്ടറിക്കെതിരേ നടപടിയെടുക്കാതെ വിരമിക്കുന്ന തീയതിവരെ സംരക്ഷിച്ചതിന് എന്താണ് ന്യായീകരണം.
ബാങ്ക് ഭരിക്കുന്ന പാർട്ടിയുടെ ഉന്നതനേതൃത്വത്തിന് തിരിമറിയിൽ പങ്കില്ലെങ്കിൽ മറ്റൊരുതരത്തിൽ ഉത്തരവാദിത്വമുണ്ട്. ഇത്തരത്തിലുള്ള ഒരു ധനകാര്യ സ്ഥാപനം നോക്കിനടത്താൻ തീരേ കഴിവില്ലാത്തവരായിരുന്നു അവർ. അവരുടെ നിസ്സംഗതയും കഴിവില്ലായ്മയും ജാഗ്രതക്കുറവും ആ സഹകരണസംഘത്തിനു മാത്രമല്ല, കേരളത്തിലെ സഹകരണമേഖലയ്ക്കാകെ ദോഷം വരുത്തി. കവർച്ചയിൽ അവർക്ക് നേരിട്ട് പങ്കുണ്ടെങ്കിലും ഇല്ലെങ്കിലും അവരുടെ സ്ഥാനവും പ്രതിസ്ഥാനത്താണ്. സഹകരണസംഘങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കാൻ ബന്ധപ്പെട്ട രാഷ്ട്രീയകക്ഷികൾക്ക് ആഭ്യന്തരമായി സംവിധാനമുണ്ട്. ആ സംവിധാനത്തിന് കരുവന്നൂരിൽ എന്തുപറ്റി എന്നതും ചോദ്യചിഹ്നമാണ്. സഹകരണമേഖലയിലെ ഭരണസമിതിയിലേക്ക് നിയോഗിക്കപ്പെടുന്നവർ ആ ചുമതല നിർവഹിക്കാൻ കെൽപ്പുള്ളവരാണോ എന്ന ചെറിയൊരു പരിശോധനയെങ്കിലും ബന്ധപ്പെട്ട പാർട്ടികൾക്കുണ്ടാകണം എന്ന പാഠവും കരുവന്നൂർ മുന്നോട്ടുവെക്കുന്നുണ്ട്. വായ്പാ അപേക്ഷകളോരോന്നും ഭരണസമിതി പരിശോധിച്ച് തെറ്റില്ലെന്ന്‌ ഉറപ്പുവരുത്തണമെന്ന ചട്ടത്തിന് എന്തുപറ്റിയെന്ന അന്വേഷണവും ആവശ്യമാണ്. നൂറു സംഘങ്ങളിൽ നല്ലനിലയിലാണ് കാര്യങ്ങൾ നടക്കുന്നതെങ്കിലും ഒരിടത്ത് പാളുമ്പോൾ ആക്ഷേപം പൊതുവായി വരാനിടയുണ്ടെന്ന കരുതലുണ്ടാവണം.

സഹകരണമേഖലയിലെ ഇത്തരം പ്രശ്നങ്ങൾക്ക് സഹകരണവകുപ്പിന് വലിയ ഉത്തരവാദിത്വമുണ്ട്. കഴിഞ്ഞവർഷത്തെ കണക്കുകളുടെ ഓഡിറ്റ് ഈ വർഷംതന്നെ നടക്കണം. മൂന്നോ നാലോ വർഷം കഴിഞ്ഞാവുന്ന രീതി മാറണം. എത്ര ശാഖകളുള്ള ബാങ്കായാലും ഒരേയൊരു ഓഡിറ്റർ പരിശോധിക്കുന്ന ഇപ്പോഴത്തെ രീതി മാറ്റി ടീം ഓഡിറ്റ് നിർബന്ധമാക്കണം. ഓഡിറ്റിൽ ക്രമക്കേട് കണ്ടാൽ റിപ്പോർട്ട് ജോയന്റ് രജിസ്ട്രാർക്ക് രഹസ്യമായി, പ്രത്യേകമായി നൽകണമെന്ന ചട്ടമുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല, പാലിച്ചാൽത്തന്നെ രാഷ്ട്രീയകാരണങ്ങളാൽ നടപടി ഇല്ലാത്ത സ്ഥിതിയും അപൂർവമല്ല. സഹകരണ പരിശോധനാവിഭാഗത്തെ വിപുലീകരിച്ചും ശക്തിപ്പെടുത്തിയും ടീം ഓഡിറ്റ് നടപ്പാക്കിയും യഥാസമയം ഓഡിറ്റ് നടത്തിയും കാര്യക്ഷമത കാട്ടാൻ സഹകരണ വകുപ്പ് തയ്യാറാകണം. സഹകരണരംഗത്തെ വിജിലൻസ് സംവിധാനത്തെയും ശക്തിപ്പെടുത്തണം.

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


mv govindan

കേരളത്തിലെ കറിപൗഡറുകളെല്ലാം വ്യാജം, വിഷം - മന്ത്രി എം.വി. ഗോവിന്ദന്‍

Aug 11, 2022

Most Commented