വഴികൾ വെട്ടിയുണ്ടാക്കിക്കൊണ്ടാണ് മനുഷ്യപുരോഗതിയുടെ തുടക്കം. മെസപ്പൊട്ടേമിയയിലും ഈജിപ്തിലും ഹാരപ്പയിലുമെല്ലാം കണ്ടെത്തിയ  നാഗരികതയുടെ ആദിപാതകളിലൂടെ പ്രയാണം തുടങ്ങിയ മനുഷ്യവർഗം ആർജിച്ച വിസ്മയകരമായ നേട്ടങ്ങളെല്ലാം വേഗവുമായും യാത്രയുമായും ബന്ധപ്പെട്ടിരിക്കുന്നു. തടസ്സമില്ലാതെ വേഗത്തിൽ കുതിച്ചാലല്ലാതെ അതിജീവിക്കാനാവില്ലെന്ന പരമാർഥമാണ് സമൂഹവും ഭരണകൂടങ്ങളും അഭിമുഖീകരിക്കുന്നത്. എന്തിനാണിത്രയും വികസനം എന്ന ചോദ്യങ്ങൾ അങ്ങിങ്ങുയരുന്നുണ്ടെങ്കിലും മുന്നോട്ടുപോകാനുള്ള മാർഗം കാലാനുസൃതമാകണമെന്നതിൽ തർക്കസാധ്യതയില്ല. എന്നാൽ, വഴിവെട്ടുകയെന്നത് പണ്ടെന്നപോലെ ഇന്നും എന്നും വെല്ലുവിളി നിറഞ്ഞതാണ്. പല കാരണങ്ങളാൽ ഉണ്ടാകുന്ന എതിർപ്പുകൾ പുതിയ പാതകൾ വെട്ടുന്നതും നിലവിലുള്ള പാതകൾ വികസിപ്പിക്കുന്നതും തടസ്സപ്പെടുന്നതിനോ വൈകുന്നതിനോ ഇടയാക്കുന്നു. ശാസ്ത്രീയവും യുക്തിഭദ്രവും അവശ്യവുമാണ് നിർദേശിക്കപ്പെടുന്ന പുതിയപാതകളും പാതാവികസനവുമെങ്കിൽ അത് വൈകുന്നത് സമൂഹത്തിനാകെ നഷ്ടമുണ്ടാക്കും.

പ്രകൃതിവിഭവങ്ങളും അധ്വാനശേഷിയും യഥേഷ്ടമുണ്ടായിട്ടും കേരളം വികസനരംഗത്ത് പിറകിലായിപ്പോയതിന്റെ ഒരുകാരണം യാത്രാസൗകര്യത്തിന്റെ അപര്യാപ്തതയാണ്. യാത്രാ ആവശ്യത്തിനും വാഹനസാന്ദ്രതയ്ക്കും അനുസൃതമായി നല്ല പാതകളില്ലാത്തത് വികസനത്തെ തടഞ്ഞുനിർത്തുകമാത്രമല്ല, വാഹനാപകടങ്ങളുടെ പെരുപ്പത്തിനുമിടയാക്കുന്നു. ഭാരതമാല പദ്ധതിയുടെ ഭാഗമായി ഒരറ്റംമുതൽ മറ്റേയറ്റംവരെ നീളുന്ന ആറുവരി ദേശീയപാത- എൻ.എച്ച്.-66 യാഥാർഥ്യമാക്കുന്നതിനുള്ള കേന്ദ്ര-സംസ്ഥാന അധികൃതരുടെ ഉറച്ച കാൽവെപ്പ് കേരളജനതയുടെ പൊതുവികാരമാകേണ്ടത് ഈ പശ്ചാത്തലത്തിലാണ്. ‘ദേശീയപാതാ വികസനത്തിന് സ്ഥലമേറ്റെടുക്കുന്നത് ആരാധനാലയങ്ങളെ ബാധിച്ചാൽ ദൈവം പൊറുത്തുകൊള്ളും’ എന്ന് കേരള ഹൈക്കോടതി കഴിഞ്ഞദിവസം വിധിന്യായത്തിൽ വ്യക്തമാക്കിയത് ഈ സാഹചര്യത്തിൽ വളരെ പ്രസക്തമാണ്. ആർക്കെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കിൽ അവരുടെ കണ്ണുതുറപ്പിക്കുന്നതുമാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ പരാമർശം. വിധിവാക്യമാണെങ്കിലും ഉദ്‌ബോധനംകൂടിയാണത്. വിശ്വാസികളെ സംബന്ധിച്ച് ഈശ്വരൻ സർവവ്യാപിയാണ്. ‘മണ്ണിലും വിണ്ണിലും തൂണിലും തരുമ്പിലും ദൈവമിരിക്കുന്നു, അവൻ കരുണാമയനായ് കാവൽവിളക്കായ് കരളിലിരിക്കുന്നു’വെന്ന ശ്രീകുമാരൻ തമ്പിയുടെ സിനിമാപ്പാട്ട് ഉദ്ധരിച്ചുകൊണ്ടുള്ള കോടതിയുടെ ചോദ്യം പ്രകാശമാനമാണ്. ആരാധനാലയങ്ങൾ, ശ്മശാനങ്ങൾ, സെമിത്തേരികൾ, ഖബർസ്ഥാനുകൾ എന്നിവ പരിപാവനമാണ്. അതേസമയം, മാനവപുരോഗതിയുടെ  വഴികൾ അതിലൂടെ വെട്ടേണ്ടിവരുകയാണെങ്കിൽ അക്കാര്യം മനസ്സിലാക്കി സഹകരിക്കാൻ ബന്ധപ്പെട്ടവർ സന്നദ്ധമാകണം എന്നാണ് കോടതി വ്യക്തമാക്കിയത്. കൊല്ലം ഉമയനല്ലൂരിൽനിന്നെത്തിയ പരാതി തീർപ്പാക്കിക്കൊണ്ടാണ് ആവശ്യത്തിന് വീതിയുള്ള നേർരേഖയിലുള്ള പാത അനിവാര്യമാണെന്നും അതിന് തടസ്സമുണ്ടാക്കിക്കൂടെന്നും കോടതി വിധിച്ചത്. ദേശീയപാതാവികസനത്തിന്റെ ഭാഗമായി ക്ഷേത്രസ്ഥലം വിട്ടുകൊടുക്കേണ്ടിവന്നതിനാൽ അക്കാര്യം സന്തോഷപൂർവം അംഗീകരിച്ച് പറ്റിയ മറ്റൊരിടത്ത് ക്ഷേത്രം നിർമിക്കാൻ തുടക്കംകുറിച്ചതായുള്ള വാർത്ത കാസർകോട്‌ ജില്ലയിലെ ചെറുവത്തൂരിൽനിന്നുണ്ട്; മാതൃകാപരമാണത്.

നിവൃത്തിയില്ലെങ്കിൽമാത്രമേ ആരാധനാലയങ്ങൾ സ്ഥലമെടുപ്പിന്റെ ഭാഗമായിക്കൂടൂ എന്ന് ഉറപ്പുവരുത്തുകയും വേണം. ആലപ്പുഴ ചേപ്പാട് ആയിരംവർഷം പഴക്കമുള്ള ഒരു ദേവാലയം പാതവികസനത്തിനായി പൊളിക്കണമെന്ന സ്ഥിതിവന്നപ്പോൾ സർക്കാരും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും ഇടപെട്ട് അലൈൻമെന്റിൽ മാറ്റം നിർദേശിച്ചതുപോലുള്ള അനിവാര്യമായ മാറ്റങ്ങൾ വേണ്ടിവന്നേക്കാമെന്നത് മറ്റൊരു കാര്യം. ആരാധനാലയങ്ങൾ മനുഷ്യന്റെ ആത്മീയപുരോഗതിക്കൊപ്പം ഭൗതികപുരോഗതിയും ലക്ഷ്യമാക്കുന്നുണ്ട്. ഏതുമതത്തിന്റെയും ആരാധനാലയങ്ങൾ അതതുപ്രദേശത്തെ ഭൗതികപുരോഗതിക്കാവശ്യമായ സഹകരണം നൽകുന്നുവെന്നതാണനുഭവം. തുമ്പയിൽനിന്ന് ഇന്ത്യ ആദ്യമായി റോക്കറ്റ് വിക്ഷേപിച്ചപ്പോൾ അതിന്റെ ആസ്ഥാനമായത് അവിടത്തെ മേരി മഗ്ദലന ദേവാലയമാണ്. എത്രയോ ഇടങ്ങളിൽ റോഡുവികസനത്തിനായി സ്ഥലം വിട്ടുകൊടുക്കുന്നതിനായി ആരാധനാസ്ഥലങ്ങൾ മാറ്റിസ്ഥാപിച്ചിട്ടുണ്ട്. മതസംഘടനകൾ നല്ല സമീപനമാണിക്കാര്യത്തിൽ പൊതുവേ കൈക്കൊള്ളാറുള്ളത്. ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ റോഡുവികസനത്തിന് തടസ്സമായ ഒട്ടേറെ ക്ഷേത്രങ്ങളും മറ്റ് ആരാധനാസ്ഥലങ്ങളും മാറ്റുന്നതിന് സ്വീകരിച്ച നടപടി ശ്ലാഘിക്കപ്പെട്ടതാണ്; മാതൃക സൃഷ്ടിച്ചതാണ്.  റോഡുവികസനത്തിന് തടസ്സമായതും അനധികൃതമായി നിർമിച്ച ആരാധനാലയങ്ങൾ മാറ്റുന്നതിന് സുപ്രീംകോടതി സംസ്ഥാനങ്ങൾക്ക് അന്ത്യശാസനം നൽകിയതാണ്. ചില പ്രദേശങ്ങളിലെങ്കിലും സമൂഹത്തിന്റെ പൊതു ആവശ്യത്തിനും പൊതുവികാരത്തിനും നിരക്കുന്നനിലയിലല്ലാതെ, റോഡുവികസനത്തെ തടസ്സപ്പെടുത്തുകയോ പലവിധേന വൈകിക്കുകയോ ചെയ്യുന്ന ഒറ്റപ്പെട്ട അനുഭവങ്ങളുണ്ട്. സമൂഹത്തിന്റെ മൊത്തം പുരോഗതിയെയാണതിലൂടെ തടസ്സപ്പെടുത്തുന്നത്.