ക്രിമിനലുകൾക്ക് തണലൊരുക്കരുത്


കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ, അവർ ഏത് പാർട്ടിയോട് അനുഭാവമുള്ളവരായാലും ഒരുതരത്തിലും പ്രോത്സാഹിപ്പിക്കില്ലെന്ന്, സംരക്ഷിക്കില്ലെന്ന് എല്ലാ രാഷ്ട്രീയപ്പാർട്ടികളും ഉറച്ച തീരുമാനമെടുക്കണം

editorial

മാഫിയാസംഘങ്ങളുടെ അഴിഞ്ഞാട്ടത്തിന് ഏതെങ്കിലും തലത്തിൽ രാഷ്ട്രീയമറയുണ്ടാകുന്നത് ജനാധിപത്യസംവിധാനത്തിനുതന്നെ ഭീഷണിയാണ്. സ്വർണക്കള്ളക്കടത്ത്, ഹവാല ഇടപാട്, അനധികൃതഖനനം എന്നിവ കേരളത്തിൽ സമാന്തരമായി ഒരു സമ്പദ് വ്യവസ്ഥതന്നെ സൃഷ്ടിക്കാൻ ശ്രമിക്കുന്നു. ഏറ്റവും താഴെത്തട്ടുമുതൽ ഈ സമൂഹവിരുദ്ധ ശക്തികളെ ഉച്ചാടനം ചെയ്യാൻ പരിശ്രമിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനും രാഷ്ട്രീയപ്പാർട്ടികൾക്കും മറ്റ് ബഹുജന പ്രസ്ഥാനങ്ങൾക്കും ഉണ്ട്. നിർഭാഗ്യവശാൽ രാഷ്ട്രീയത്തിന്റെ തണലിലാണ് ക്വട്ടേഷൻ സംഘങ്ങൾ പലപ്പോഴും തഴച്ചുവളരുന്നത്.കരിപ്പൂർ വിമാനത്താവളത്തിൽ കള്ളക്കടത്തായി എത്തിച്ച സ്വർണം സുരക്ഷിതമായി കൊണ്ടുപോകാനും തെരുവുയുദ്ധം നടത്തി അത് കവർന്നെടുക്കാനും വെവ്വേറെ ക്വട്ടേഷൻ സംഘങ്ങൾ എത്തിയതുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ ചുരുളുകൾ ഓരോന്നായി അഴിഞ്ഞുകൊണ്ടിരിക്കുന്നു. മാഫിയാ സംഘങ്ങൾക്കെതിരേ നിരന്തരം പ്രചാരണം നടത്തുകയും സമരരംഗത്തിറങ്ങുകയും ചെയ്യുന്നതിൽ മുന്നിലുള്ള യുവജന പ്രസ്ഥാനമായ ഡി.വൈ.എഫ്.ഐ.യുടെ പ്രാദേശികനേതാവായിരുന്ന അർജുൻ ആയങ്കിയാണ് ക്വട്ടേഷൻ സംഘത്തിന്റെ നേതാവെന്നാണ് തെളിഞ്ഞിരിക്കുന്നത്. ഡി.വൈ.എഫ്.ഐ.യുടെ മേഖലാ സെക്രട്ടറിയും സി.പി.എം. അംഗവുമായിരുന്ന സജേഷ് എന്നയാളെ ബിനാമിയാക്കി വാങ്ങിയ കാർ ഉപയോഗിച്ചാണ് ആയങ്കി കവർച്ച-ക്വട്ടേഷൻ പ്രവർത്തനം നടത്തിയതെന്ന വിവരവും തെളിവുസഹിതം പുറത്തുവന്നു. ടി.പി. ചന്ദ്രശേഖരനെ കൊല ചെയ്തതിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കൊടിസുനി, ഷാഫി എന്നിവരും യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ഷുഹൈബിനെ കൊല ചെയ്ത സംഘത്തിലെ പ്രധാനിയായ ആകാശ് തില്ലങ്കേരിയുമടക്കമുള്ളവരാണ് കള്ളക്കടത്ത്-ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതെന്നാണ്‌ പുറത്തുവന്നുകൊണ്ടിരിക്കുന്ന വിവരങ്ങൾ.

ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കൊടിസുനി അവിടെ എല്ലാ സൗകര്യങ്ങളും അനുഭവിച്ച്, പുറത്ത് കള്ളക്കടത്ത്-ഹവാല ക്വട്ടേഷൻ ഏറ്റെടുത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്നുവെന്ന് പലതവണ റിപ്പോർട്ട് പുറത്തുവന്നതാണ്. ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിലും ഇന്റർനെറ്റ് സംവിധാനത്തിലൂടെ സന്ദേശങ്ങളയക്കുന്നതിലും കൊടിസുനിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് പ്രതിബന്ധമുണ്ടാകാറില്ല എന്ന് ആഭ്യന്തര വകുപ്പിന് തുടർച്ചയായി റിപ്പോർട്ട് ലഭിച്ചതാണ്. ജയിലിൽനിന്ന് ക്വട്ടേഷൻ ഏറ്റെടുത്ത് നടപ്പാക്കുന്നതായി കൃത്യമായ വിവരം ലഭിച്ചതിനെത്തുടർന്നാണ് രണ്ടുവർഷം മുമ്പ് ജയിൽ വകുപ്പിൽ സർക്കാർ വലിയ ഇടപെടൽ നടത്തിയത്. പക്ഷേ, ചെറിയ ഇടവേളയ്ക്കുശേഷം ജയിൽ കേന്ദ്രീകരിച്ചുള്ള ക്വട്ടേഷൻ പ്രവർത്തനം വീണ്ടും ശക്തിപ്പെട്ടു. ഇക്കൂട്ടർക്കെല്ലാം സാമൂഹികമാധ്യമങ്ങളിൽ വൻ ആരാധകരാണുള്ളത്‌ എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. ടി.പി. ചന്ദ്രശേഖരനെ കൊലചെയ്ത കൊടി സുനിയും ഷാഫിയുമടക്കമുള്ളവരെ ദിവസങ്ങളോളം സുരക്ഷിതമായി ഒളിപ്പിച്ചത് തില്ലങ്കേരിയിലെ മുടക്കോഴി മലയിലാണ്. ആ പ്രദേശം കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടതാണ്. ജന്മിത്തത്തിനെതിരായി സമരം നടത്തി ജീവത്യാഗം ചെയ്ത രക്തസാക്ഷികളുടെ നാട്. ഈ പേര് ചില ക്വട്ടേഷൻ സംഘക്കാർ ഉപയോഗിക്കുന്നതിലേക്ക് എത്തിയതെന്തുകൊണ്ടെന്നും അത് തടയാനാവാത്തത്‌ എന്തുകൊണ്ടെന്നും പരിശോധിക്കപ്പെടേണ്ടതാണ്.

രാഷ്ട്രീയമായ എതിർപ്പുകൾ തീരാപ്പകയിലേക്കെത്തുകയും പകതീർക്കാൻ അക്രമം നടത്തുകയും അതിൽപ്പെടുന്നവർ ക്രമേണ ക്വട്ടേഷൻ സംഘത്തിലേക്കെത്തിപ്പെടുകയും ചെയ്യുന്നതായാണ് പലപ്പോഴും കാണുന്നത്. ഏതെങ്കിലും ഒരു പാർട്ടിയുമായി ബന്ധപ്പെട്ടതല്ല ഇത്. തിരഞ്ഞെടുപ്പുകാലത്ത് കേരളത്തിലേക്ക് കുഴൽപ്പണം കൊണ്ടുവന്നതും അത് വിതരണം ചെയ്യുന്നതിന് കൊണ്ടുപോകുന്നതിനിടയിൽ ക്വട്ടേഷൻ സംഘം തട്ടിയെടുത്തതും സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ബി.ജെ.പി.ക്കുവേണ്ടിയാണ് കുഴൽപ്പണം എത്തിച്ചതെന്ന് പോലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ബി.ജെ.പി.യുടെ ഒട്ടേറെ നേതാക്കളെ പോലീസ് ചോദ്യം ചെയ്യുകയുമുണ്ടായി.
പാർട്ടികളുടെ ലേബലിൽ കുറ്റകൃത്യങ്ങൾ തുടങ്ങുകയും പിന്നീട് അതൊരു തൊഴിലാക്കിയെടുക്കുകയും പണം കൊടുക്കുന്ന ആർക്കുവേണ്ടിയും കൊള്ളയും കൊലയും നടത്തുകയും ചെയ്യുകയാണ് ഇപ്പോഴത്തെ രീതി. അനധികൃത പണമിടപാടുകളുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാൻ കൊടിസുനിയെപ്പോലുള്ളവരെ ഉപയോഗിക്കുകയാണ്. ഇവർ ജയിലിലാണ് കഴിയുന്നതെങ്കിലും കോടിക്കണക്കിന് രൂപയുടെ ആസ്തികളുണ്ടാക്കുന്നത് പോലീസും അവർ നേരത്തേ പ്രവർത്തിച്ച സംഘടനകളും കണ്ടിട്ടും കാണാത്തപോലെ നടിക്കുകയാണ്. രാഷ്ട്രീയപ്രസ്ഥാനങ്ങളും ക്രമസമാധാന സംവിധാനവും സ്വീകരിക്കുന്ന ഈ നിസ്സംഗസമീപനം ഒരർഥത്തിൽ ക്രിമിനലുകൾക്കുള്ള പ്രോത്സാഹനം കൂടിയാണെന്ന് ഖേദത്തോടെ പൊതുസമൂഹത്തിനു പറയേണ്ടി വരും.

കേരളത്തിൽ ഭരണത്തിന് നേതൃത്വം നൽകുന്ന സി.പി.എം. സാമ്പത്തികത്തട്ടിപ്പ്, ക്വട്ടേഷൻ ഇടപാടടക്കമുള്ള തെറ്റായ കാര്യങ്ങളിൽ ഇടപെടുന്നവരെ സംരക്ഷിക്കില്ലെന്നുമാത്രമല്ല, ശക്തമായ നടപടിയെടുക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ക്വട്ടേഷൻ-മാഫിയാ പ്രവർത്തനത്തിനെതിരേ നിരന്തര പ്രചാരണം നടത്തുന്നുണ്ടെങ്കിലും എന്തുകൊണ്ട് പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിലടക്കം സമൂഹവിരുദ്ധ ശക്തികൾ പുളച്ചുവളരുന്നുവെന്നതാണ് ചോദ്യം. തെളിവുകൾ പുറത്തുവരുകയും വിവാദമാവുകയും ചെയ്യുന്നതുവരെ പരിശോധനകളും നടപടികളും വൈകുന്നതാണ് പ്രശ്നം. തെറ്റു നിരന്തരമായി ചെയ്യുന്നത് കണ്ടില്ലെന്നു നടിക്കുകയും പിടിക്കപ്പെടുമ്പോൾ കൈയൊഴിയുകയും ചെയ്യുന്ന നാടകങ്ങളാണ് അരങ്ങേറുന്നത്. കുറ്റകൃത്യങ്ങളിലേർപ്പെടുന്നവരെ, അവർ ഏതു പാർട്ടിയോട് അനുഭാവമുള്ളവരായാലും ഒരുതരത്തിലും പ്രോത്സാഹിപ്പിക്കില്ലെന്ന്, സംരക്ഷിക്കില്ലെന്ന് എല്ലാ രാഷ്ട്രീയപ്പാർട്ടികളും ഉറച്ച തീരുമാനമെടുക്കണം.

മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented