ഭാവിരാഷ്ട്രീയ നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിൽ ഉരുത്തിരിഞ്ഞ ധാരണകളുടെ സ്വരമടങ്ങും മുമ്പ് അശാന്തിയുടെ ഒളിവിമാനങ്ങൾ കശ്മീരിൽ അസ്വസ്ഥത വിതയ്ക്കാൻ പറന്നെത്തി. അത് ജനങ്ങളിൽ ഭീതി പടർത്താനും ജമ്മുകശ്മീരിനെ വീണ്ടും അതിന്റെ പരിമിതിയിൽ തളച്ചിടാനുമുള്ള ഗൂഢനീക്കമല്ലാതെ മറ്റൊന്നുമല്ല. പ്രശ്നങ്ങൾ ഒരിക്കലും പരിഹരിക്കപ്പെടരുത് എന്നു കരുതുന്ന ഒരുവിഭാഗം മറുഭാഗത്ത് മാറാതെ നിലയുറപ്പിക്കുന്നുവെന്നതാണ് ഭീകരവാദത്തിന്റെ എക്കാലത്തെയും ദുരന്തം.

ജമ്മുകശ്മീരിലെ നിരന്തരമായ അസ്വസ്ഥതകളുടെ മറുഭാഗത്തും ഇത്തരത്തിൽ ചില ഇരുണ്ടശക്തികൾ ജാഗ്രതയോടെ നിലയുറപ്പിച്ചിട്ടുണ്ട്. കശ്മീർ താഴ്‌വരയിൽ സമാധാനത്തിന്റെ പതാക ഉയരുന്നതോ ജനാധിപത്യത്തിന്റെ ദേവദാരുക്കൾ വളരുന്നതോ ജനങ്ങൾ വികസനത്തിന്റെ വിശാലപാതയിൽ സഞ്ചരിക്കുന്നതോ അവർ ഇഷ്ടപ്പെടുന്നില്ല. നിത്യം നീറുന്ന അഗ്നിപർവതസമാനം കശ്മീർ ഭയാശങ്കകളുടെ തുരുത്തായി തുടരേണ്ടത് ഈ കറുത്തമനസ്സുകളുടെ ആവശ്യമാണ്. ജമ്മുകശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താനുള്ള നീക്കവുമായി ഭരണപ്രതിപക്ഷങ്ങൾ മുന്നോട്ടുപോകാൻ തീരുമാനിക്കുമ്പോഴേക്കും അവർ അസമാധാനത്തിന്റെ ചോരപ്പോര് സൃഷ്ടിക്കാൻ തുടങ്ങിയിരിക്കുന്നു. ഇരുട്ടിൽ കഴിയുന്നവർ വെളിച്ചത്തെ ഭയക്കുന്നതു പോലെയാണ് ഭീകരവാദത്തിൽ മുഴുകി കഴിയുന്നവർ ജനാധിപത്യത്തെ വെറുക്കുന്നത്.

ജമ്മു വിമാനത്താവളത്തിൽ സ്ഫോടനം നടത്താൻ ആളില്ലാ ഒളിപ്പറവകളെ കടത്തിവിട്ടതും പുൽവാമയിലെ സ്പെഷ്യൽ പോലീസ് ഓഫീസർ ഫയാസ് അഹമ്മദിനെയും കുടുംബത്തെയും വീടുകയറി ആക്രമിച്ചതും കൊലപ്പെടുത്തിയതും ഈ ഗൂഢനീക്കങ്ങളുടെ ഭാഗമാണെന്ന് കരുതാതെ വയ്യ. കശ്മീരിലെ അസ്വസ്ഥതകളിലൂടെ ഇന്ത്യയിലേക്ക് കുഴപ്പങ്ങൾ കയറ്റുമതി ചെയ്യണമെന്ന് ആഗ്രഹിക്കുന്ന അയൽപക്കങ്ങൾക്കുള്ള പങ്ക് സംശയാസ്പദം തന്നെ. അതിർത്തിയിൽ മുറിവുണങ്ങാതെയിരിക്കാൻ അവർ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നതിന്റെ ചരിത്രം ഈ സംശയങ്ങൾക്ക് പശ്ചാത്തലമൊരുക്കുന്നു.

ചർച്ചകളും അനുരഞ്ജന ശ്രമങ്ങളുമാണ് ജനാധിപത്യത്തിന്റെ കാതൽ. എതിർഭാഗം കേൾക്കാൻ തയ്യാറായില്ലെങ്കിൽ ജനാധിപത്യത്തിന്റെ വികാസം സാധ്യമല്ലെന്ന മഹാത്മാഗാന്ധിയുടെ വാക്കുകൾ അടിവരയിടുന്നതും ഈ സങ്കല്പത്തിനാണ്. ജനാധിപത്യസംവിധാനത്തിൽ പ്രശ്നപരിഹാരത്തിനുള്ള മാർഗങ്ങൾ ആയുധങ്ങളല്ല, ചർച്ചകളും സംവാദങ്ങളുമാണെന്ന് എഴുപത്തിനാലുവർഷം നീണ്ട ഇന്ത്യയുടെ ഭരണചരിത്രം തെളിവായുണ്ട്. അതുകൊണ്ടാണ് ജമ്മുകശ്മീരിലെ ജനാധിപത്യനടപടികൾ ചർച്ച ചെയ്യാൻ കേന്ദ്രസർക്കാരും 14 പ്രതിപക്ഷ പാർട്ടിനേതാക്കളും ഒരു മേശയ്ക്ക് ചുറ്റുമിരുന്നപ്പോൾ രാജ്യം അതിനെ സ്വാഗതം ചെയ്തത്.

ജനാധിപത്യ സംവിധാനത്തിനുള്ളിൽ നടക്കുന്ന സംവാദങ്ങളെ അട്ടിമറിക്കാനാണ് ഛിദ്രശക്തികൾ എക്കാലത്തും ശ്രമിക്കുക. ഇത് തിരിച്ചറിഞ്ഞ് ജാഗ്രതയോടെയും പ്രതിജ്ഞാബദ്ധതയോടെയും ജനാധിപത്യമൂല്യം ഉയർത്തിപ്പിടിക്കാൻ സർക്കാരും പ്രതിപക്ഷവും കൈകോർത്താൽ ഈ തമോശക്തികൾ പരാജയപ്പെടും. രാജ്യസുരക്ഷ പരിപാലിച്ചു കൊണ്ടുതന്നെ ജമ്മുകശ്മീരിൽ ജനാധിപത്യം വേരോടേണ്ടതും തിരഞ്ഞെടുക്കപ്പെട്ട സർക്കാർ അധികാരമേൽക്കേണ്ടതും പൂർണ സംസ്ഥാന പദവി തിരിച്ചുലഭിക്കേണ്ടതും ജനാവകാശങ്ങൾ പരിപാലിക്കപ്പെടേണ്ടതും അനിവാര്യമാണ്. ഇരുപക്ഷവും അങ്ങനെ ഒരു ചരിത്ര രചനയ്ക്കാണ് മുതിരേണ്ടത്. ഇന്ത്യക്ക് പുതിയ ഭാവി നിർമിക്കുന്നതിനുള്ള മാർഗം തെളിക്കാൻ ജമ്മുകശ്മീർ നേതൃത്വം നൽകട്ടെ. സമാധാനത്തിന്റെയും സുസ്ഥിരതയുടെയും പുരോഗതിയുടെയും മേഖലയായി ഈ പ്രദേശം എങ്ങനെ പരിവർത്തനംചെയ്തു എന്നതിന് ഇന്ത്യക്കും ലോകത്തിനും കശ്മീർ ഒരു ഉദാഹരണം സൃഷ്ടിക്കട്ടേയെന്ന മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ വാക്കുകൾ യാഥാർഥ്യമാകുമെന്ന് പ്രതീക്ഷിക്കാം. ഭാവിതലമുറയ്ക്ക് കൈമാറേണ്ടത് സർവനാശിനികളായ അഗ്നിപർവതങ്ങളല്ല, പ്രതീക്ഷകളുടെ ഹിമവാഹിനികളാണെന്ന് എല്ലാവരും തിരിച്ചറിയണം. നേർചർച്ചയാണ്, ഒളിപ്പോരല്ല ഇന്ത്യൻ ജനാധിപത്യത്തിന്റെ കരുത്തെന്ന് രാജ്യത്തിനപ്പുറത്തേക്കും സന്ദേശമെത്തട്ടെ.