പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി പാഠ്യപദ്ധതി പരിഷ്കരണത്തിനുള്ള നടപടികൾ തുടങ്ങിയപ്പോൾത്തന്നെ വിയോജിപ്പുകളും പുറത്തുവന്നിരിക്കുന്നു. നിലവിലുള്ള കേന്ദ്രസർക്കാരിന്റെ പൊതുനയ സമീപനങ്ങളുമായി ബന്ധപ്പെട്ട ആശങ്കയാണ് കേരളത്തിന്റെ വിയോജിപ്പിനും ബംഗാളിന്റെ വിട്ടുനിൽപ്പിനും കാരണം. വിദ്യാഭ്യാസത്തിന്റെ ജനകീയസ്വഭാവം ഇല്ലാതാക്കുമെന്നാണ് കേരളം വാദിച്ചത്.

2020-ലെ ദേശീയ വിദ്യാഭ്യാസനയം ഏറ്റവും താഴെത്തട്ടുവരെ ചർച്ചചെയ്തശേഷം മാത്രമേ പുതിയ പാഠ്യപദ്ധതി ചട്ടക്കൂട് തയ്യാറാക്കുകയുള്ളൂവെന്ന് പ്രഖ്യാപിച്ചതാണ്. നയത്തിൽ വിയോജിപ്പുകൾ രേഖാമൂലം കേരളമടക്കമുള്ള സംസ്ഥാനങ്ങൾ അറിയിച്ചതുമാണ്. എന്നാൽ, പാഠ്യപദ്ധതി രൂപവത്‌കരിക്കുന്നതിനുള്ള ചർച്ച ദേശീയതലത്തിൽ ആരംഭിച്ചപ്പോൾ മനസ്സിലാകുന്നത് വിയോജിപ്പുകളൊന്നും പരിഗണിച്ചില്ല എന്നതാണ്. കരട് നിർദേശങ്ങൾ സംസ്ഥാനങ്ങളിൽനിന്ന് വാങ്ങി ദേശീയതലത്തിൽ ചട്ടക്കൂടുണ്ടാക്കുന്നത്, അത് അന്തിമതീരുമാനമെന്ന നിലയിൽ അടിച്ചേൽപ്പിക്കാനാണെന്നതാണ് വിമർശനം. പുതിയ സമീപനത്തിന്റെ ഗുണദോഷങ്ങൾ ഇപ്പോൾ അവ്യക്തമാണ്. മൂന്നുമുതൽ 18 വയസ്സുവരെ സാർവത്രികവും സൗജന്യവുമായ വിദ്യാഭ്യാസം എന്നതാണ് പുതിയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനമായി പറയുന്നത്. പ്രീപ്രൈമറി വിദ്യാഭ്യാസംകൂടി ഔദ്യോഗികമായി മാറുന്നതിനുപുറമെ മൂന്നുമുതൽ ഏഴുവരെയും എട്ടുമുതൽ 12 വരെയും 13 മുതൽ 18-വയസ്സുവരെയും ഉള്ള മൂന്നു വിഭാഗമായി സ്കൂൾ വിദ്യാഭ്യാസത്തെ മാറ്റുക. അതായത്, ഇപ്പോഴത്തെ 12 വർഷ സ്കൂൾ വിദ്യാഭ്യാസത്തെ 15 വർഷത്തേതാക്കുകയെന്ന അടിസ്ഥാനപരമായ മാറ്റമുണ്ട് പുതിയ നയത്തിൽ. 20 വർഷം മുമ്പ് അമേരിക്കയിൽ നടപ്പാക്കിയ ‘സ്‌ടെം’ (സയൻസ്, ടെക്‌നോളജി, എൻജിനിയറിങ്, മാത്‌സ്) പദ്ധതി മറ്റുപല രാജ്യങ്ങളും നടപ്പാക്കിയതും ഇന്ത്യ താത്ത്വികമായി അംഗീകരിച്ചതുമാണ്. ദേശീയ വിദ്യാഭ്യാസനയത്തിൽ ആ സമീപനമുണ്ട്. പുതിയ കാലത്തെ വികസനം, തൊഴിൽസാധ്യത എന്നിവയുമായി ബന്ധപ്പെട്ടതാണത്. എന്നാൽ, കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട ചിലർ ശാസ്ത്രീയമായ ശാസ്ത്രപഠനത്തിന്റെ വിരുദ്ധപക്ഷത്ത് നിലയുറപ്പിക്കുന്നതായി കാണാറുണ്ട്‌. ചരിത്രപഠനത്തിന്റെ കാര്യത്തിലും കാലാനുസൃതമല്ലാത്ത സമീപനങ്ങളുണ്ടാകുന്നുണ്ടെന്ന വിമർശനവുമുണ്ട്‌. പുതിയ പാഠ്യപദ്ധതിചട്ടക്കൂടിൽ അത്തരം അനഭിലഷണീയ ഉൾച്ചേർക്കലുകളുണ്ടാകുന്നത് തടയാൻ ജാഗ്രത ആവശ്യമാണ്. സംസ്ഥാനത്തുനിന്ന് തയ്യാറാക്കി നൽകുന്ന സമീപനരേഖയിൽ കേന്ദ്രം വെട്ടുംതിരുത്തലും വരുത്തിയേക്കാമെന്നതിലെ ആശങ്ക ഇതുമായി ബന്ധപ്പെട്ടാകാം.

ദേശീയതലത്തിൽ പുതിയ പാഠ്യപദ്ധതിയുടെ ചട്ടക്കൂടുണ്ടാക്കാൻ ചർച്ച തുടങ്ങുമ്പോൾ ഇവിടെ ഏതുവരെയെത്തി എന്ന ചോദ്യവും പ്രസക്തമാണ്. ‘കേരള സ്കൂൾ പാഠ്യപദ്ധതി ചട്ടക്കൂട്-2007’, 2013-ൽ ചെറിയ ഭേദഗതി വരുത്തിയതൊഴിച്ചാൽ അടിസ്ഥാനപരമായ മാറ്റമില്ലാതെ തുടരുകയാണ്. വിവര സാങ്കേതികരംഗത്ത് പിന്നീട് വന്ന മാറ്റങ്ങളെ പ്രതിഫലിപ്പിക്കുന്നതിനുപോലും പര്യാപ്തമല്ല അത്. സ്കൂളുകളിലെ അടിസ്ഥാനസൗകര്യങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലാക്കാനായെന്ന് പ്രൗഢിയോടെ പറയുമ്പോഴും അതിനനുസൃതമായി പാഠ്യപദ്ധതി പുഷ്ടിപ്പെടുത്താൻ നടപടി പുരോഗമിച്ചിട്ടില്ല. ഓൺലൈൻമാത്ര വിദ്യാഭ്യാസത്തിന്റെ രണ്ടാം വർഷത്തേക്ക് പ്രവേശിച്ചിരിക്കുകയാണ് നാം. പുതിയ പാഠ്യപദ്ധതിയെ സ്വാധീനിക്കേണ്ട ഒരു ഘടകമാണത്. എൻ.സി.ഇ.ആർ.ടി. യുടെ പാഠപുസ്തകങ്ങളാണ് കേരളത്തിലെ ഹയർസെക്കൻഡറി സ്കൂളുകളിൽ ഉപയോഗിക്കുന്നത്. അതിൽ താഴെയുള്ള ക്ലാസുകളിലെ പാഠ്യപദ്ധതി ചട്ടക്കൂട് രൂപവത്‌കരിക്കുന്നതിന് മികച്ചതും അനിഷേധ്യവുമായ നിർദേശങ്ങൾ നൽകാൻ കേരളത്തിലെ എസ്.സി.ഇ.ആർ.ടി.ക്ക് കഴിയണം.